Thursday 03 February 2022 04:30 PM IST : By ഡോ. മുരളീധരൻ പിള്ള

കോവിഡ് സുഖമായ ശേഷവും പേശീവേദനയും വിശപ്പില്ലായ്മയും ക്ഷീണവും അലട്ടുന്നുണ്ടോ? ആയുർവേദത്തിലുണ്ട് ഉറപ്പായ പരിഹാരങ്ങൾ...

covidayur34

കോവിഡ് മുക്തരായവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കോവിഡ് സുഖമായ ശേഷവും മാറാതെ നിൽക്കുന്ന ചില ആരോഗ്യപ്രശ്നങ്ങളാണ്. കോവി‍ഡ് ബാധ സുഖപ്പെട്ട ശേഷം ശരീരത്തിന് തളർച്ചയും ആലസ്യവും പേശികളിലും സന്ധികളിലും വേദന, മസിലുകൾ ഉരുണ്ടുകയറുക, തലചുറ്റൽ തലവേദന, വിശപ്പില്ലായ്മ, വായ്ക്കു രുചിയില്ലായ്മ, മണമറിയാതെ വരിക, കടുത്ത ക്ഷീണം എന്നിവ എന്നിവയൊക്കെ പൊതുവേ ബാധിച്ചു കാണാറുണ്ട്. കോവിഡ് ബാധിച്ച ശേഷമുള്ള ഈ അസ്വസ്ഥതകൾ പരിഹരിക്കാൻ ആയുർവേദത്തിൽ വളരെ ഫലപ്രദമായ ഔഷധങ്ങൾ ഉണ്ട്. 

വേദനകൾക്ക്

ദശമൂലഹരീതകി ലേഹ്യവും അശ്വഗന്ധാദി ലേഹ്യവും ഉപയോഗപ്പെടുത്തുന്നതും അമൃതാരിഷ്ടം, പഞ്ചകോലാസകം, ഹിംഗുവചാദി ഗുളിക എന്നിവയും ഈ ഘട്ടത്തിൽ ഉപയോഗപ്പെടുത്താം. ഇവ ഉള്ളിൽ പനി അവശേഷിക്കുന്നുണ്ടെങ്കിൽ മാറാനും സന്ധിവേദന, ക്ഷീണം എന്നിവയ്ക്ക് ആശ്വാസം ലഭിക്കാനും ഉത്തമമാണ്. വിശപ്പില്ലായ്മ മാറാൻ ഹിംഗുവചാദി ചൂർണം നല്ലത്.

കർപ്പൂരാദിയും കൊട്ടംചുക്കാദിയും തൈലങ്ങൾ തുല്യ അളവിൽ ചേർത്ത് ചൂടാക്കി നന്നായി ദേഹത്ത് തലോടി പുരട്ടുന്നതും കല്ലുപ്പും പഴുത്ത പ്ലാവില ചെറുതായി കീറിയിട്ടതും തിളപ്പിച്ച വെള്ളം പാകത്തിനു തണുപ്പിച്ച് ഉപയോഗപ്പെടുത്തുന്നതും ദേഹവേദനയ്ക്കും പേശികൾ ഉരുണ്ടുകയറുന്നതിനും ആശ്വാസം നൽകും.

കല്ലുപ്പ് പൊടിച്ചിട്ടതും കരിനൊച്ചിയിലയും ചേർത്ത് വെന്ത വെള്ളവും ചിരട്ട ചെറുതായി പൊട്ടിച്ചിട്ട് തിളപ്പിച്ച വെള്ളവും ചെറുചൂടോടെ കുളിക്കാൻ ഉപയോഗപ്പെടുത്താം.

രുചിയും മണവും വീണ്ടെടുക്കാൻ

ഇഞ്ചിയും ചെറിയ അളവിൽ ശർക്കരയും ചേർത്ത് യോജിപ്പിച്ച് നാക്കിലിട്ട് പലവട്ടം അലിയിച്ചിറക്കാം. സിതാവടകം പലതവണയായി കഴിക്കുന്നത് രുചി വീണ്ടെടുക്കാൻ സഹായിക്കും. മല്ലിയിട്ട് വെന്ത വെള്ളത്തിൽ ഇഞ്ചിനീരും നാരങ്ങാനീരും ചേർത്ത് പകൽ സമയത്ത് പലവട്ടമായി കുടിക്കുന്നതും നല്ലത്. ആഹാരത്തിൽ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണം.

പ്രതിരോധത്തിൽ ശ്രദ്ധിക്കാം

കോവിഡ് 19 എന്ന രോഗം നമുക്കിടയിൽ നിലനിൽക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടു കഴിഞ്ഞു. ഇപ്പോൾ അതിന്റെ രണ്ടാംഘട്ടത്തിൽ എത്തിനിൽക്കുന്നു. ഇനി ഒരുപക്ഷേ, കാലങ്ങളോളം നമുക്ക് ഈ രോഗാണുവിനൊപ്പം ജീവിക്കേണ്ടി വന്നേക്കാം. അതുകൊണ്ട് ചില കാര്യങ്ങളിൽ പ്രത്യേകശ്രദ്ധ വേണം.

കോവിഡ് വൈറസ് നമ്മുടെ ഉള്ളിൽ എത്തിയാൽ ഏതാനും ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. തലവേദന, ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, മണവും രുചിയും അറിയാൻ കഴിയാഴ്ക, തൊണ്ടയ്ക്ക് കിരുരിരുപ്പ്, തൊണ്ടകുത്തിയുള്ള ചുമയും ശ്വാസതടസ്സവും കടുത്ത ക്ഷീണം, പതിവ് ജോലികളിൽ പോലും ഏർപ്പെടാൻ താൽപര്യം കുറവ് എന്നിവയാണ് ചില ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളിൽ പലതും സാധാരണ നീർവീഴ്ചയിൽ പ്രത്യക്ഷമാകുന്നത് തന്നെയാണ്. ചില അലർജികളിലും മൂക്കടപ്പ് ഉണ്ടാകാം. മൂക്കടപ്പ് ഉണ്ടായാൽ നാക്കിന്റെ രസാസ്വാദന ശേഷിക്ക് സ്വാഭാവികമായും കുറവുണ്ടാകാം. മൂക്കടച്ച് പിടിച്ചാൽ നാക്കിന് മധുരം ആസ്വദിക്കാൻ കഴിയില്ല. കോവിഡ് അനുകൂല സാഹചര്യത്തിൽ ജീവിക്കുന്നവർ ഈ ലക്ഷണങ്ങളെ പ്രത്യേക ശ്രദ്ധയൊടെ വീക്ഷിക്കണം. രോഗാണു നമ്മിലേക്കെത്താതിരിക്കാൻ പരമാവധി അകലം പാലിച്ച് സംസാരിക്കാനും ആഹാരം കഴിക്കാനും ശ്രദ്ധിക്കുക. ഡബിൾ മാസ്ക് നിർബന്ധമായും ധരിക്കുക.

ഇന്ദുകാന്തം കഷായവും ഗുളികയും വില്വാദി ഗുളികയും ദൂഷി വിഷാരി ഗുളികയും നിത്യേന രണ്ടുനേരം ഉപയോഗപ്പെടുത്തി കൊണ്ടിരുന്നാൽ കോവിഡ് ബാധയെ പ്രതിരോധിക്കാൻ കഴിയും. നല്ല ശരീരബലവും പ്രതിരോധശേഷിയും ലഭിക്കുകയും ചെയ്യും.  ഈ ആയുർവേദ ഔഷധങ്ങളെല്ലാം ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം വാങ്ങിച്ചു കഴിക്കാൻ ശ്രദ്ധിക്കണം. 

ഡോ. മുരളീധരൻ പിള്ള,

മുൻ പ്രിൻസിപ്പൽ, വൈദ്യരത്നം, വിഷ്ണു ആയുർവേദ കോളജ്

മുൻ  ഡയറക്ടർ, വൈദ്യരത്നം ഗവേഷണ ഫൗണ്ടേഷൻ

Tags:
  • Manorama Arogyam
  • Health Tips