Friday 31 May 2024 02:41 PM IST

വേവിക്കുന്ന മാംസത്തിൽ നിന്നു പക്ഷിപ്പനി പകരില്ല; പക്ഷേ, മയണീസ് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കണം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

birdf535

മനുഷ്യചരിത്രത്തിൽ ഏറ്റവുമധികം മഹാമാരികൾക്കു കാരണമായ വൈറസ് ഇൻഫ്ലുവൻസാ വൈറസാണ്. ഉദാ.1918 ലെ സ്‌പാനിഷ് ഫ്ലൂ. ആ ശ്രേണിയിലുള്ളതാണ് എച്ച് 5എൻ 1 എന്ന പക്ഷിപ്പനി.പക്ഷികളിൽ മാത്രം ഒതുങ്ങി നിന്ന ഈ രോഗം മറ്റു സസ്തനികളെയും ബാധിക്കാം. വൈറസാകട്ടെ വായുവിലൂടെ പകരാനുള്ള ശേഷി നേടാനും സാധ്യതയുണ്ട്. ലോകമാകെ ഇരുപതോളം സസ്തനിവർഗങ്ങൾ രോഗബാധിതരായിട്ടുണ്ട് എന്നു കണക്കുകൾ പറയുന്നു. മനുഷ്യനും സസ്തനിയാണല്ലോ. രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്ന ഒട്ടേറെ പേർക്കു രോഗം വന്ന ചരിത്രമുണ്ട്. ഇന്ത്യയിൽ ഈ രോഗം മനുഷ്യരിലേക്കു കടന്നതായും റിപ്പോർട്ടുകളുണ്ട്.

മുൻകരുതലുകൾ പ്രധാനം

കേരളത്തിൽ എല്ലാഭാഗത്തും അതീവപ്രഹരശേഷിയുള്ള പക്ഷിപ്പനി സമീപകാലത്ത് റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പക്ഷികളെ കൈകാര്യം ചെയ്യുന്നവർ പ്രത്യേകം മുൻകരുതലുകളെടുക്കണം.അവർ നിർബന്ധമായും മാസ്ക് ഉപയോഗിക്കണം. പക്ഷിപ്പനി തിരിച്ചറിഞ്ഞ പക്ഷികളെ കൈകാര്യം ചെയ്യുന്നവർ പി പി ഇ കിറ്റ് ഉപയോഗിച്ചു ശരീരം സുരക്ഷിതമാക്കണം. പക്ഷിപ്പനി ബാധിച്ചാൽ പനിയായിരിക്കും ആദ്യ ലക്ഷണം. തലവേദനയോ ന്യുമോണിയയുടെ ലക്ഷണമോ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. എന്നാൽ പക്ഷിപ്പനി മുട്ടയിലൂടെയോ മാംസത്തിലൂടെയോ പകരാൻ സാധ്യത വളരെ കുറവാണ്. ഏതൊരു ഇൻഫ്ളുവൻസാ വൈറസും 60 ഡിഗ്രി സെൽഷ്യസിനു മുകളിൽ നിലനിൽക്കില്ല. അതുകൊണ്ടു തന്നെ വേവിക്കുന്ന മാംസത്തിൽ നിന്നു പക്ഷിപ്പനി പകരില്ല.ചിക്കൻ ഫ്രൈ ചെയ്തോ കറിയാക്കിയോ കഴിക്കുന്നതു സുരക്ഷിതമാണ്. മുട്ട ഒാംലെറ്റ് ആയോ,  പുഴുങ്ങിയോ കഴിക്കാം. എന്നാൽ ബുൾസൈ പോലുള്ളവ തയാറാക്കുമ്പോൾ രണ്ടു വശവും നന്നായി വേവിച്ചു തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. മുട്ട ഉപയോഗിച്ചു മയണീസ് തയാറാക്കുന്നവർ മുട്ട തിളച്ച വെള്ളത്തിൽ പാസ്ചറൈസ് ചെയ്ത് ഉപയോഗിക്കാനും ശ്രദ്ധിക്കണം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. അനീഷ് ടി. എസ്.

അഡീഷനൽ പ്രഫസർ ,

കമ്യൂണിറ്റി മെഡിസിൻ വിഭാഗം

ഗവ. മെഡിക്കൽ കോളജ്, മഞ്ചേരി

Tags:
  • Manorama Arogyam