Friday 18 June 2021 05:10 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

തുണിയിലെ കരിമ്പൻ ബ്ലാക്ക് ഫംഗസ് രോഗം വരുത്തുമോ? പ്രചരണങ്ങൾക്കു പിന്നിലെ സത്യമറിയാം

karimban787

ബ്ലാക്ക് ഫംഗസ് രോഗബാധയുള്ളവരുടെ എണ്ണം കൂടി വരുന്ന ഈ സമയത്ത് ഒരുപാട് തെറ്റായ വാർത്തകളും പ്രചരിക്കുന്നുണ്ട്. അതിൽ ഏറെ വ്യാപകമായി പ്രചരിച്ച ഒന്നാണ് നനഞ്ഞ വസ്ത്രങ്ങളിൽ കാണുന്ന കരിമ്പൻ ബ്ലാക് ഫംഗസ് രോഗമുണ്ടാക്കും എന്നത്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം.

ബ്ലാക്ക് ഫംഗസ് രോഗം ഉണ്ടാക്കുന്നത് മുക്കോർ മൈസറ്റ്സ് എന്ന പൂപ്പലാണ്. എന്നാൽ, വസ്ത്രങ്ങളിൽ കരിമ്പൻ ഉണ്ടാക്കുന്നത് ആസ്‌പർജില്ലസ് വിഭാഗത്തിൽ ഉള്ള ഒരിനം പൂപ്പലുകളാണ്. വസ്ത്രങ്ങളിൽ പ്രത്യേകിച്ച് കോട്ടൺ വസ്ത്രങ്ങളിൽ ദീർഘനേരം നനവ് നിന്നാൽ ഇവ പെട്ടെന്ന് വളരുന്നു.  സാധാരണഗതിയിൽ ഇത്തരം പൂപ്പൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. പക്ഷേ, ആസ്മ, ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമനറി ഡിസോഡർ, സിസ്റ്റിക് ഫൈബ്രോസിസ് പോലുള്ള രോഗമുള്ളവരിലും രോഗപ്രതിരോധസംവിധാനം ദുർബലമായിരിക്കുന്നവരിലും അപൂർവമായി ചില സങ്കീർണതകൾക്ക് ഇടയാക്കിയേക്കാം. 

കറുപ്പു നിറവും ബ്ലാക്ക് ഫംഗസും

തുണിയിലെ കരിമ്പന്റെ കറുപ്പ് നിറം കണ്ടാണ് പലരും ഇത് ബ്ലാക്ക് ഫംഗസ് രോഗമുണ്ടാക്കുമെന്നു ഭയപ്പെടുന്നതെന്നു പറയുന്നു. പക്ഷേ, കാഴ്ചയിൽ കറുപ്പ് നിറമാണ് ഉള്ളതെങ്കിലും മൈക്രോസ്കോപ്പിൽ കൂടി നിരീക്ഷിച്ചാൽ കരിമ്പന് ഇരുണ്ട പച്ചനിറമാണെന്ന് കാണാം. 

തന്നെയുമല്ല, മ്യൂക്കർ മൈക്കോസിസ് രോഗത്തെ ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കാൻ കാരണം അവയ്ക്ക് കറുപ്പ് നിറമായതു കൊണ്ടല്ല, ബ്ലാക്ക് ഫംഗസ് രോഗം ബാധിക്കുന്ന കോശങ്ങളിലേക്കുള്ള രക്തയോട്ടം കുറയുകയും തുടർന്നു കോശങ്ങൾ നശിക്കുകയും ചെയ്യുന്നതു കാരണം ചർമം കറുപ്പ് നിറമായി മാറുന്നത് കൊണ്ടാണ്.

Tags:
  • Manorama Arogyam
  • Health Tips