Friday 27 August 2021 04:29 PM IST : By സ്വന്തം ലേഖകൻ

പതുങ്ങിയിരിക്കും നിശ്ശബ്ദ കൊലയാളി: കൊളസ്ട്രോളിനേക്കുറിച്ച് അറിയേണ്ട 5 കാര്യങ്ങൾ

xasqwdeq

കൊളസ്ട്രോൾ അളവുകൾ എത്രയായിരിക്കുന്നതാണ് നല്ലത്? രോഗസാഹചര്യമനുസരിച്ച് ഈ അളവുകൾ മാറുമോ?

∙ ചീത്ത കൊഴുപ്പായ എൽഡിഎൽ കൊളസ്ട്രോൾ സാധാരണ ഒരു വ്യക്തിയിൽ 130 മില്ലി ഗ്രാമിൽ താഴെ ആയിരിക്കുന്നത് ആണ് ഏറ്റവും നല്ലത്. എന്നാൽ ഹൃദ്രോഗബാധിതരിലും പ്രമേഹം, രക്താതിസമ്മർദം, പുകവലി, പാരമ്പര്യമായി ഹാർട്ട് അറ്റാക്കിന് സാധ്യത ഉള്ളവർ എന്നിവരിലും ഇതിന്റെ അളവ് 100 മില്ലി ഗ്രാമില്‍ താഴെ ആയിരിക്കണം.

∙ രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോളിന്റെ (Total Cholesterol)) അളവ് 200 മില്ലി ഗ്രാമിൽ താഴെ വരുന്നതാണ് അഭികാമ്യം.

∙ നല്ല കൊഴുപ്പായ HDL കൊളസ്ട്രോളിന്റെ അളവ് സ്ത്രീകളിൽ 50 മില്ലി ഗ്രാമിന് മുകളിലും പുരുഷന്മാരിൽ 40 മില്ലി ഗ്രാമിന് മുകളിലും ആയിരിക്കുന്നതാണ് അഭികാമ്യം.

∙മറ്റൊരു കൊഴുപ്പായ ട്രൈഗ്ലിസറൈഡ് അളവ് 150 മില്ലി ഗ്രാമിന്റെ താഴെനിർത്തുകയാണ് വേണ്ടത്

കൊളസ്ട്രോൾ അപകടകാരിയാകുന്നത് എങ്ങനെയാണ്? എങ്ങനെയാണ് അമിതമാകുന്ന കൊഴുപ്പ് രോഗം വരുത്തുന്നത്?

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് തുടർച്ചയായി ഉയർന്ന നിലയിൽ ആയാൽ അതിറോസ്ക്ലീറോസിസ് സംഭവിക്കുന്നു. രക്തക്കുഴലുകളിൽ കൊഴുപ്പ് ഘടകങ്ങൾ അടിഞ്ഞുകൂടുന്നതാണ് ഇത് എന്നു ലളിതമായി പറയാം. എന്നാൽ അത്ര ലളിതമായ പ്രക്രിയയല്ലിത്.

രക്തക്കുഴലുകളുടെ ഏറ്റവും ഉള്ളിലെ ആവരണപാളിയാണ് എൻഡോതീലിയം. രക്തത്തിൽ ഉയർന്ന അളവിൽ എൽഡിഎൽ ഉണ്ടെങ്കിൽ ഈ പാളിയിലെ കോശങ്ങളുടെ ഇടയിലൂടെ കടന്നു രക്തധമനികളുടെ ഭിത്തിയിലേക്ക് നിക്ഷേപിക്കപ്പെടുന്നു. രക്തധമനികളുടെ ഭിത്തിയിൽ പ്രവേശിച്ച കൊളസ്ട്രോൾ ഓക്സിഡേഷനു വിധേയമാകും. തൽഫലമായി ഉണ്ടാകുന്ന ഫ്രീ റാഡിക്കൽ രക്തധമനികൾക്ക് ഹാനികരമാണ്.

ഇതിനെതിരെ ശരീരം പ്രതികരിക്കുന്നു. മാക്രോഫേജ് എന്ന വെളുത്ത രക്താണു ധമനി ഭിത്തിയിൽ പ്രവേശിച്ച ഈ കൊളസ്ട്രോളിനെ ആഗിരണം ചെയ്യുന്നു. ഒരു പരിധി കഴിഞ്ഞാൽ മാക്രോഫേജിന്റെ കോശഭിത്തി പൊട്ടുകയും കൊളസ്ട്രോൾ വീണ്ടും ധമനി ഭിത്തിയിൽ എത്തുകയും ചെയ്യുന്നു. ഇതിനു പുറമേ ധമനി ഭിത്തിയിൽ ഉള്ള മൃദുപേശീ കോശങ്ങൾ പെരുകുകയും ധമനി ഭിത്തിയിൽ തടസ്സങ്ങൾ വലുതാകുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകുന്ന തടസ്സങ്ങളെ ‘അതീറോമ ’എന്നും ഈ പ്രതിഭാസത്തെ അതിറോസ്ക്ലീറോസിസ് എന്നും വിളിക്കുന്നു. ഈ അതീറോമകൾ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നത് ഹൃദയാത്തിലാണെങ്കിൽ ഹാർട്ട് അറ്റാക്ക്, തലച്ചോറിലാണെങ്കില്‍ പക്ഷാഘാതം (stroke)എന്നിവ വരുത്തും.

കൈകാലുകളിലെ രക്തധമനികളിലെ തടസ്സം പെരിഫെറൽ വാസ്കുലാർ രോഗങ്ങളും ഉണ്ടാക്കുന്നു. രക്തധമനിയിലെ ഇത്തരം തടസ്സങ്ങൾ ശരീരത്തിന്റെ ഏതു ഭാഗത്തും അതുപോലെ ഒട്ടു മിക്ക അവയവങങളിലും പ്രശ്നങ്ങൾ ഉണ്ടാക്കാം.

കൊളസ്ട്രോൾ പാരമ്പര്യമായി വരുമോ? ഭക്ഷണമാണോ കാരണം?

രണ്ടു തരത്തിലാണ് ശരീരത്തിൽ കൊളസ്ട്രോൾ രൂപപ്പെടുന്നത്. ശരീരപ്രവർത്തനങ്ങൾക്ക് ആവശ്യമായ കൊളസ്ട്രോൾ ലഭിക്കുന്നത് പ്രധാനമായും ഭക്ഷണത്തിലൂടെയാണ്. ഇതു കൂടാതെ കൊളസ്ട്രോൾ കരളിലും ഉത്പാദിപ്പിക്കും.

ഏകദേശം 500Ðല്‍ ഒരാൾക്ക് പാരമ്പര്യമായി കൊളസ്ട്രോൾ കൂടുതൽ കാണാറുണ്ടെന്നതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ ഉള്ളവരിൽ കുട്ടിക്കാലം മുതൽ കൊളസ്ട്രോൾ ഉയർന്ന നിലയിലായിരിക്കും. രക്തധമനീ രോഗങ്ങൾക്കു സാധ്യത കൂടുതൽ ഉള്ള ഇവരിൽ ചെറുപ്പത്തിൽ തന്നെ മരുന്നു ചികിത്സ വേണ്ടി വരും.

 കൊളസ്ട്രോൾ ലക്ഷണങ്ങളിലൂെട എങ്ങനെ തിരിച്ചറിയാം?

ഉയർന്ന കൊളസ്ട്രോൾ സാധാരണനിലയിൽ ഒരു ലക്ഷണവും ഉണ്ടാക്കാറില്ല. അതു കൊണ്ടു തന്നെയാണ് ഇതിനെ നിശ്ശബ്ദ കൊലയാളി എന്നു വിളിക്കുന്നത്. ഹൃദയാഘാതമോ സ്ട്രോക്കോ ആയിരിക്കും പല രോഗികളിലും ഉയർന്ന കൊളസ്ട്രോളിന്റെ ആദ്യ സൂചനതന്നെ. അതിനാലാണ് അപായസാധ്യത കൂടിയവരെല്ലാം തന്നെ വർഷത്തിലൊരിക്കലെങ്കിലും കൊളസ്ട്രോൾ നില അറിയാനുള്ള രക്തപരിശോധന നടത്താമെന്നു പറയുന്നത്.

എന്നാല്‍ ചിലരിൽ ഉയർന്ന കൊളസ്ട്രോൾ ചില ലക്ഷണങ്ങൾ കാണിക്കാം. സന്ധികൾക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടി മുഴകൾ ഉണ്ടാകാം. കണ്ണിന് താഴെയായും കൺപോളകളിലും കൊഴുപ്പടിഞ്ഞു കൂടിയുണ്ടാകുന്ന മഞ്ഞപ്പാടുകളും ചിലരിൽ ലക്ഷണമായി കാണാറുണ്ട്.

കൊളസ്ട്രോൾ ചികിത്സ എപ്പോൾ തുടങ്ങണം?

രക്തത്തിലെ അമിതമായ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് പ്രധാനമായും മൂന്ന് മാർഗങ്ങളാണ് ഉള്ളത്.

1. ചിട്ടയായ വ്യായാമം

2. ആഹാരക്രമീകരണം

3. മരുന്നുകൾ.

വ്യായാമവും ആഹാരക്രമീകരണവും എല്ലാവരും അവലംബിക്കേണ്ടതാണ്.

എന്നാല്‍ ചിലരോഗികളിൽ മരുന്നു ചികിത്സ അത്യാവശ്യമാണ്.

1. രക്തധമനി രോഗങ്ങളായ ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവയുള്ള രോഗികൾക്ക് മരുന്നു ചികിത്സ കൂടിയോ തീരൂ

2. ജനിതക വൈകല്യം മൂലം കൊളസ്ട്രോളിന്റെ അളവ് വളരെയധികം ഉയർന്ന നിലയിലുള്ളവർക്കും മരുന്നുനിർബന്ധം.

3. ഉയർന്ന കൊളസ്ട്രോൾ അളവുള്ള പ്രമേഹരോഗികൾ, രക്തധമനി രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കൂടിയവർ എന്നിവർക്കും മരുന്നു ചികിത്സയാണ് അഭികാമ്യം.

ഈ വിഭാഗങ്ങളിൽ വരാത്തവർക്ക്, കൊളസ്ട്രോൾ വളരെ ഉയർന്ന അളവിലേക്ക് എത്തിയിട്ടില്ലെങ്കിൽ മരുന്നില്ലാതെ തന്നെ നിയന്ത്രിച്ചു
നിർത്താം.

Tags:
  • Manorama Arogyam
  • Health Tips