Tuesday 16 November 2021 05:01 PM IST : By മനോരമ ആരോഗ്യം ആർകൈവ്

കുഴപ്പിക്കുന്ന പൊതുലക്ഷണങ്ങൾ; ആസ്മയും സിഒപിഡിയും വേർതിരിച്ചറിയുന്നത് എങ്ങനെ?

Untitlelungwewqeed

നവംബർ 17–ലോക സിഒപിഡി ദിനം

ആസ്മ, ന്യൂമോണിയ, ക്ഷയം തുടങ്ങിയ ശ്വാസകോശരോഗങ്ങളെക്കുറിച്ചു കേള്‍ക്കാത്തവരുണ്ടാകില്ല. എന്നാല്‍ സിഒപിഡിയുടെ കാര്യമതല്ല. മരണനിരക്കില്‍ ലോകത്ത് മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന രോഗമാണെങ്കില്‍ പോലും സിഒപിഡി അഥവാ ക്രോ ണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് അഥവാ ദീര്‍ഘകാല ശ്വാസതടസ്സരോഗങ്ങള്‍ ഇന്നും സാമാന്യജനത്തിന് വലിയ പരിചയമില്ല.

ശ്വാസനാളികള്‍ ചുരുങ്ങുകയും പല ഭാഗങ്ങളും അടയുകയും ചെയ്തു ചുമയും ശ്വാസംമുട്ടലും ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത്. നമ്മുടെ നാട്ടിൽ പ്രായമേറിയവരിൽ ഏതാണ്ട് പത്തു ശതമാന ത്തോളം പേർ ഈ രോഗവുമായി കഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല വിദേശരാജ്യങ്ങളെ അപേക്ഷിച്ച് അസുഖം പത്തുവര്‍ഷം നേരത്തെ ഏകദേശം 40 വയസ്സു മുതല്‍ തന്നെ നമ്മുടെ നാട്ടിൽ കണ്ടുവരുന്നുണ്ട്. ശ്വാസകോശങ്ങളുടെ വലുപ്പക്കുറവ്, പോഷകഹാരപ്രശ്നങ്ങള്‍, ചെറുപ്പത്തിലുണ്ടാകുന്ന അണുബാധകള്‍, ക്ഷയരോഗത്തിന്റെ ബാഹുല്യം തുടങ്ങിവയയൊക്കെ ഇതിനു കാരണങ്ങളായി കരുതപ്പെടുന്നു.

മുഖ്യമായും രണ്ടു തരത്തിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നത്. ചുമയും കഫക്കെട്ടുമായി പ്രത്യക്ഷപ്പെടുന്ന ക്രോണിക് ബ്രോങ്കൈറ്റിസും (Chronic Bronchitis), ശ്വാസംമുട്ടല്‍ പ്രധാന ലക്ഷണമായ എംഫിസീമയും (Emphysema). സിഒപിഡിയില്‍ പലപ്പോഴും ക്രോണിക് ബ്രോങ്കൈറ്റിസും എംഫിസീമയും കൂട്ടായി കാണപ്പെടുകയാണു പതിവ്. ഏതു ഘടകമാണ് കൂടുതലായി കണ്ടുവരുന്നത് എന്ന കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാമെന്നു മാത്രം.

പുകവലി പ്രധാന കാരണം

സിഒപിഡിയുടെ മുഖ്യകാരണം പുകവലി തന്നെ. 80Ð85% േകസുകള്‍ക്കു പിന്നിലും പുകവലി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാരണമാകുന്നു. പുകവലിക്കുന്നവര്‍ പുറത്തേക്കു വിടുന്ന പുക ശ്വസിക്കുന്നവര്‍ക്കും അസുഖം ഉണ്ടാകുന്നു. വായുമലിനീകരണവും അടുക്കള പുകയും കാരണം സ്ത്രീകളിലും ഈ രോഗം സാധാരണമായിരിക്കുന്നു. തൊഴില്‍മേഖലകളിലെ പൊടി, രാസവസ്തുക്കളുടെ അമിതോപയോഗം, കുട്ടിക്കാലത്തുണ്ടാകുന്ന ശ്വാസകോശ അണുബാധകള്‍, തുടങ്ങിവയൊക്കെ ഈ രോഗാവസ്ഥയ്ക്കു ചെറുതല്ലാത്ത കാരണമാകുന്നു. ജനിതകമായ തകരാറുകള്‍ കൊണ്ടും രോഗം അപൂര്‍വമായി ഉണ്ടാകാം.

ചുമയും ശ്വാസം മുട്ടും

വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസംമുട്ടല്‍, ചെറുതായി ആയാസപ്പെടുമ്പോള്‍തന്നെ കിതപ്പ് തുടങ്ങിവയാണ് പ്രധാന ലക്ഷണങ്ങള്‍. നഖങ്ങളിലും നാക്കിലും നീലനിറം വരുന്നതും കാലിലും മുഖത്തും നീരുവരുന്നതും രോഗമൂര്‍ച്ഛയുടെ ലക്ഷണമാണ്.

ശരീരത്തെയും മനസ്സിനെയും

ശ്വാസനാളീ തടസ്സത്തിനപ്പുറം ശരീരത്തെ ആകമാനം സിഒപിഡി ബാധിക്കുന്നതായാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. വായുപ്രവാഹത്തിലുണ്ടാകുന്ന തടസ്സങ്ങള്‍ മൂലം രക്തക്കുഴലുകളില്‍ വ്യാപകമായി നീര്‍ക്കെട്ടുണ്ടാകുകയും കോശകലകളുടെ കേടുപാടു പരിഹരിക്കുന്ന സംവിധാനം തകരാറിലാകുകയും ചെയ്യുന്നതു വഴി വിവിധ അവസരങ്ങളില്‍ കുഴപ്പമുണ്ടാകുന്നു. ഹൃദയാഘാതം, പേശീക്ഷയം, എല്ലുകളുടെ ബലക്ഷയം, പ്രമേഹം, ശ്വാസകോശ അര്‍ബുദം, വിഷാദരോഗങ്ങള്‍, ഉല്‍ക്കണ്ഠ, ശരീരത്തിന്റെ ഭാരം അമിതമായി കുറയല്‍, വിളര്‍ച്ച, ശ്വാസകോശധമനികളിലെ രക്തസമ്മര്‍ദം, ഉറക്കത്തിലെ ശ്വാസകോശപ്രശ്നങ്ങള്‍ തുടങ്ങിവയയൊക്കെ ഇതിന്റെ ഫലമായി ഉണ്ടാകാനിടയുണ്ട്.

സിഒപിഡി രോഗികളില്‍ പകുതിയോളം പേരില്‍ വിഷാദരോഗങ്ങളും ഉല്‍ക്കണ്ഠയും കണ്ടുവരുന്നതായി ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശ്വാസകോശവിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അവഗണന മാറ്റാം

അറിവില്ലായ്മകൊണ്ട് അവഗണിക്കപ്പെട്ട രോഗാവസ്ഥയാണ് സിഒപിഡി എന്നു പറയാം. രോഗി പുകവലിച്ച് സ്വയം വരുത്തിവച്ചതല്ലേ ഈ അസുഖമെന്ന ചിന്താഗതി, വരുമാനം കാര്യമായി ഇല്ലാത്ത പ്രായമായവരിലാണ് അസുഖം കൂടുതലായി കണ്ടുവരുന്നത് എന്ന വസ്തുത, രോഗം പൂര്‍ണമായും ഭേദമാകാന്‍ സാധ്യതയില്ല എന്നീ കാര്യങ്ങളൊക്കെ ഈ അവഗണനയ്ക്കു പിന്നിലുണ്ട്. എന്നാലിത് ശരിയല്ല. രോഗത്തെക്കുറിച്ചു പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. കേരളത്തില്‍ ആദ്യമായി സിഒപിഡിയെക്കുറിച്ച് ഒരു ലേഖനം മലയാളത്തില്‍ വന്നത് മനോരമ ആരോഗ്യം 2009 ജനുവരി ലക്കത്തില്‍ ‘ശ്വാസകോശങ്ങളെ രക്ഷിക്കാം’ എന്ന പേരിലാണ്.

ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്താനും ശരിയായ ചികിത്സ നല്‍കാനും കഴിഞ്ഞാല്‍ ഒട്ടുമിക്ക സിഒപിഡി രോഗികള്‍ക്കും സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാനാകും. എന്നാല്‍ മിക്കപ്പോഴും രോഗം വളരെ െെവകിയ ഘട്ടങ്ങളിലേ കണ്ടുപിടിക്കപ്പെടാറുള്ളൂ. രോഗലക്ഷണങ്ങളെ പ്രായമാകുന്നതിന്റെ സ്വാഭാവിക മാറ്റങ്ങളായി തെറ്റിദ്ധരിക്കുന്നതാണു പ്രധാന കാരണം.

ആസ്മ വേർതിരിച്ചറിയാം

ആസ്മയും സിഒപിഡിയും തമ്മില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന സ്െെപറോമെട്രി പരിശോധന രോഗനിര്‍ണയത്തിനു പുറമേ രോഗ തീവ്രത അറിയാനും സഹായിക്കും. ശ്വാസനാളികളുടെ സങ്കോചവികാസശേഷി ആദ്യം പരിശോധിച്ചശേഷം ശ്വാസനാളീവികാസത്തിനുള്ള മരുന്നുകള്‍ നല്‍കി വീണ്ടും ഒന്നുകൂടി പരിശോധന ആവര്‍ത്തിക്കണം. രണ്ടു പരിശോധനകളുടെയും വികാസശേഷി അളവുകളില്‍ സിഒപിഡിയില്‍ കാര്യമായ വ്യത്യാസം കാണാറില്ല.

ആസ്മയിലാകട്ടെ ഈ അളവുകളില്‍ കൂടിയ വ്യത്യാസം കാണും. പുകവലിക്കാരിലെയും പുകനിറഞ്ഞ അടുക്കളയില്‍ ജോലി ചെയ്യുന്നവരിലെയും ഇടയ്ക്കിടെയുള്ള ചുമ, ശ്വാസംമുട്ടല്‍, തൊഴിലിടങ്ങളിലെ ചുമ, കഫക്കെട്ട് എന്നീ സാഹചര്യങ്ങളില്‍ സ്െെപറോമെട്രി പരിശോധന നടത്തി സിഒപിഡി ആദ്യഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കാം.

ഇൻഹേലർ ഉത്തമം

സിഒപിഡി ഉണ്ടാകാനിടയാക്കിയ പുകവലി പോലുള്ള സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കുക എന്നത് ചികിത്സയിൽ പരമപ്രധാനമാണ്. ഇന്‍ഹേലറുകള്‍ വഴി മരുന്നുകള്‍ ശ്വാസനാളികളിലെത്തിക്കുന്ന ചികിത്സാരീതിയാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവും. ഏറെനേരം ശ്വാസനാളികളെ വികസിപ്പിച്ചു നിറുത്തുന്ന സാല്‍മീറ്ററോള്‍ (Salmeterol), ഫോര്‍മോറ്റെറോള്‍ (Formoterol), ഇന്‍ഡക്കാറ്റെറോള്‍ (Indacaterol), റ്റയോട്രോപ്പിയം (Tiotropium), െെഗ്ലക്കോെെപറോനിയം (Glyccopyrronium) തുടങ്ങിയ മരുന്നുകളാണ് പ്രധാനമായും ഇന്‍ഹേലര്‍ രൂപത്തില്‍ ഉപയോഗിക്കുന്നത്.

ഇടയ്ക്കിടെ അസുഖം വര്‍ധിക്കാന്‍ പ്രവണത കൂടുതലായി കാണിക്കുന്നവര്‍ക്കും തീവ്ര സിഒപിഡി ഘട്ടത്തിലുള്ളവര്‍ക്കും സ്റ്റിറോയിഡുകള്‍ അടങ്ങിയ ഇന്‍ഹേലറുകളും നല്‍കേണ്ടതുണ്ട്. ഇത്തരം മരുന്നുകള്‍ ഉചിതമായ അളവില്‍ കൂട്ടിച്ചേര്‍ത്ത ഇന്‍ഹേലറുകളാണ് ചികിത്സയില്‍ ഉപയോഗിക്കുന്നത്.

അസുഖം വര്‍ധിക്കുന്ന ഘട്ടങ്ങളില്‍ സാല്‍ബൂട്ടമോള്‍ (Salbutamol), തിയോഫിലിനുകള്‍ (Theophyllines) തുടങ്ങിയവ ഗുളികകളായും കുത്തിവയ്പായും നല്‍കേണ്ടിവരാം. അത്തരം സാഹചര്യങ്ങളില്‍ അണുബാധകള്‍ക്കെതിരേയുള്ള ആന്റിബയോട്ടിക്കുകളും വേണ്ടിവരും ചില പ്രത്യേകാവസ്ഥകളിൽ ശ്വസനം സുഗമമാക്കാനുള്ള ശസ്ത്രക്രിയകളുമുണ്ട്.

ചെറിയ വിഭാഗം സിഒപിഡി രോഗികള്‍ക്ക് വീട്ടില്‍ ദീര്‍ഘനാള്‍ ഒാക്സിജന്‍ കൊടുക്കേണ്ടതായി വരും. അസുഖം തീവ്രഘട്ടത്തിലാകുന്ന ഘട്ടത്തിലാണിത്.

വാക്സിനേഷനുകള്‍

സിഒപിഡി രോഗികളുടെ പ്രതിരോധശേഷി താരതമ്യേന കുറവായിരിക്കും. ഇടയ്ക്കിടെ ഉണ്ടാകുന്ന അണുബാധകള്‍ ശ്വാസകോശത്തിന്റെ ശേഷി കുറച്ചു രോഗം സങ്കീര്‍ണാവസ്ഥയിലേക്ക് എത്തിക്കും. അണുബാധകള്‍ തടയാന്‍ ഇന്‍ഫ്ലുവന്‍സ (Influenza), ന്യുമോകോക്കി (Pneumococci) തുടങ്ങിയ അണുക്കള്‍ക്കെതിരെ എല്ലാ സിഒപിഡി ബാധിതരും പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതുണ്ട്.

രോഗി കഫം കൂടുതലായി ചുമച്ചുതുപ്പുന്നത് പ്രോട്ടീനുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. ഇതു പരിഹരിക്കാന്‍ ആഹാരത്തില്‍ പ്രോട്ടീനുകള്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ശ്വസനവ്യായാമങ്ങള്‍, പ്രഭാതസവാരിപോലുള്ള ലഘുവ്യായാമങ്ങള്‍ എന്നിവ ശ്വാസകോശശേഷി നിലനിർത്താൻ സഹായിക്കും

ഇതോെടാപ്പം മാനസിക സമ്മര്‍ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും അടിപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഈ കാര്യങ്ങളിലെല്ലാം രോഗിയെ സഹായിക്കാന്‍ ശ്വാസകോശ പുനരധിവാസ ചികിത്സ (പള്‍മണറി റിഹാബിലിറ്റേഷന്‍ÐPulmonary Rehabilitation) എന്നൊരു സമഗ്രചികിത്സാപദ്ധതി ഇന്നു നിലവിലുണ്ട്.

സിഒപിഡി പൂര്‍ണമായും സുഖപ്പെടുത്താന്‍ നമുക്കാവില്ല. ശ്വാസകോശങ്ങള്‍ക്ക് സ്ഥായിയായ കേടുപാടുകള്‍ സംഭവിച്ചു കഴിഞ്ഞതിനുശേഷമാണ് രോഗം നിര്‍ണയിക്കപ്പെടുന്നത് എന്നാണിതിനു കാരണം. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും പെട്ടെന്നുള്ള മരണങ്ങള്‍ക്കും സിഒപിഡി വഴിവയ്ക്കും എന്ന വസ്തുത മറക്കേണ്ട. അതു
കൊണ്ടു പ്രതിരോധം തന്നെയാണ് പ്രധാനം.

ഡോ. പി. എസ്. ഷാജഹാൻ

അഡീ. പ്രഫസർ,

പൾമണറി മെഡിസിൻ, ഗവ. മെഡി.കോളജ്

ആലപ്പുഴ

Tags:
  • Manorama Arogyam
  • Health Tips