Friday 18 June 2021 05:10 PM IST : By സ്വന്തം ലേഖകൻ

മുലയൂട്ടുന്ന അമ്മമാർക്ക് വാക്സീൻ എടുക്കാമോ? കോവിഡ് ബാധിച്ച അമ്മമാർക്ക് മുലയൂട്ടാമോ? വിദഗ്ധ മറുപടി അറിയാം

preg4353

ഗർഭകാലത്ത് പൊതുവേ രോഗ പ്രതിരോധശേഷി കുറവായതിനാൽ കോവിഡ് 19 ന് സാധ്യത കൂടുതലാണ്. പ്രസവത്തിന് തൊട്ടുമുൻപുള്ള ആഴ്ചകളിൽ കോവിഡ് ബാധയുണ്ടായാൽ, മാസം തികയും മുമ്പേ പ്രസവിക്കാനും ഇടയുണ്ട്. ആയതിനാൽ ഗർഭിണികൾ, അതൃാവശ്യസന്ദർഭങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോൾ മാസ്ക്, സാനിറ്റൈസ൪, സാമൂഹിക അകലം എന്നിവ മറക്ക രുത്. അതേസമയം സമയാസമയങ്ങളിൽ വേണ്ട ചെക്കപ്പുകൾ, ടി. ടി. വാക്സിൻ എടുക്കൽ, വൃായാമം, കൃത്യമായ ഭക്ഷണം എന്നിവയിൽ അലംഭാവം കാണിക്കുകയുമരുത്.

കരുതലെടുക്കാം

ഗ൪ഭിണികളും മറ്റുള്ളവരെ പോലെ, ഇടക്കിടെ കൈ കഴുകണം. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസ൪ കയ്യിൽ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക. തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കുക.തുണിമാസ്ക് കൊണ്ട്, മൂക്കും വായും മൂടുക. പനി, ചുമ, ശ്വാസതടസ്സം എന്നിവയുണ്ടെങ്കിൽ, വിദഗ്ധോപദേശം തേടുക. ടെസ്റ്റിന് വിധേയമാകാൻ ആവശ്യപ്പെട്ടാൽ അനുസരിക്കുക. കോവിഡ് സ്ഥിരീകരിക്കപ്പെട്ടാൽ,ലക്ഷണങ്ങൾ ക്കനുസരിച്ച്, ഡോക്ടറുടെ നിർദ്ദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കണം.

ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തിൽ കോവിഡ് വന്നാൽ, പനി, ചുമ,ശരീരവേദന, കഫം, വയറിളക്കം എന്നീ ലക്ഷണങ്ങൾ കാണപ്പെടാം. പലരിലും വലിയ പ്രയാസങ്ങൾ ഇല്ലാതെ രോഗം ശമിക്കാം. വിദേശ രാജ്യങ്ങളിൽ ചുരുക്കം പേരിൽ അബോ൪ഷനും, കരൾ വീക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗർഭകാലത്തിന്റെ രണ്ടാം ഘട്ടത്തിൽ കോവിഡ്ബാധ കുഞ്ഞിന് കാര്യമായ തകരാറുകൾ ഉണ്ടാക്കുന്നില്ല. എന്നാൽ മാസം തികയാതെ, പ്രസവം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഗർഭകാലത്തിന്റെ അവസാന ഘട്ടത്തിൽ കോവിഡ് പിടിപെട്ടാൽ, പ്രത്യേക പരിചരണം ആവശ്യമാണ്.ആശുപത്രിയിൽ അഡ്മിറ്റ് ആയി നിരീക്ഷണത്തിൽ ആകണം. പ്രസവം നേരത്തെ ആകാനും സാധ്യത ഉണ്ട്.

കുഞ്ഞിലേക്കു പകരുന്നില്ല

അമ്മയിൽ നിന്നും കുഞ്ഞിലേക്ക് കോവിഡ് പകരുന്നതായി കാണുന്നില്ല. അമ്മക്ക് നൃൂമോണിയ ഉണ്ടെങ്കിൽ ഐ സി യു ചികിത്സ വേണ്ടി വരും. ചിലഘട്ടങ്ങളിൽ സിസേറിയൻ ഓപ്പറേഷൻ നടത്തേണ്ടി വരാം. കോവിഡ് ബാധയുള്ള അമ്മയ്ക്ക് ശ്രദ്ധയോടെ മാസ്ക് ധരിച്ച് മുലയൂട്ടാവുന്നതാണ്. മുലപ്പാലിൽ ഉള്ള ആന്റിബോഡികൾ, മറ്റു രോഗങ്ങൾ തടയുന്നതു പോലെ കോവിഡിനെയും അകറ്റാൻ കുഞ്ഞിനെ സഹായിക്കും.

വാക്സീൻ എടുക്കാമോ?

ഇന്ത്യയിൽ ഇപ്പോൾ ഗ൪ഭിണികൾക്കും മുലയൂട്ടുന്ന അമ്മാ൪ക്കും കോവിഡ് വാക്സീൻ നൽകുന്നില്ല. ഇവരിൽ വാക്സീൻ എങ്ങനെ പ്രതികരിക്കുന്നു എന്നതു സംബന്ധിച്ച് പഠനങ്ങൾ ഇല്ലാത്തതിനാലാണിത്. അമേരിക്കയിൽ അത്തരം പഠനങ്ങൾ തുടങ്ങിയിട്ടുണ്ട്. അവിടെ ആയിരക്കണക്കിന് ഗ൪ഭിണികൾ വാക്സീൻ എടുത്തിട്ടുണ്ട്. ഒാസ്ട്രേലിയയിൽ മുൻനിര പ്രവർത്തകരായ ഗ൪ഭിണികൾക്ക് ഫൈസ൪ വാക്സീൻ നൽകാൻ തീരുമാനിച്ചിരുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് വാക്സീൻ എടുക്കുന്നതും മിക്ക രാജ്യങ്ങളും പ്രോൽസാഹിപ്പിക്കുന്നു. അമേരിക്കൻ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ, മാർച്ച് അവസാനം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ, ഗർഭിണികളിലും, മുലയൂട്ടുന്ന അമ്മമാരിലും കോവിഡ് വാക്സീൻ വിജയകരമായി നൽകിയതായി പറയുന്നു. വാക്സീൻ അവരിൽ സുരക്ഷിതമായി പ്രവ൪ത്തിച്ചെന്നും, പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഗർഭാവസ്ഥയിൽ, വാക്സീൻ എടുക്കുന്നത് ജനിക്കുന്ന കുഞ്ഞിനും, കോവിഡ് വരുന്നതു തടയാനുള്ള പ്രതിരോധമാകുമെന്നും പറയുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് നിരീക്ഷിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ള ഗർഭിണികൾക്ക് കോവിഡ് ബാധ ഉണ്ടായാൽ ജനിക്കുന്ന, കുട്ടികൾക്ക് അപകടസാധ്യത കൂടുതലെന്നാണ്. ഇതുവരെയുള്ള പഠനങ്ങളിൽ കോവിഡ് ബാധ മൂലം, ഗർഭം അലസിപ്പോകുന്നതായോ, ജനിക്കുന്ന കുട്ടികൾക്ക് അംഗവൈകല്യം ഉണ്ടാകുന്നതായോ കണ്ടിട്ടില്ല. ഇതൊക്കെയാണെങ്കിലും നമ്മൾ ജാഗ്രത കുറയ്ക്കാതെ തന്നെ മുന്നോട്ടു പോകേണ്ട സമയമാണ്.

ഡോ. രാധിക സജീവ്

അസോസിയേറ്റ് പ്രഫസ൪,

ജനറൽ മെഡിസിൻ,

ഗവൺമെന്റ് മെഡി.കോളജ്, തൃശൂർ.

Tags:
  • Manorama Arogyam
  • Health Tips