Tuesday 15 June 2021 12:36 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

രക്തമെടുക്കേണ്ട, മൂക്കിൽ കിള്ളേണ്ട; കോവിഡ് മണത്തു കണ്ടുപിടിക്കാൻ നായകളെ ഇറക്കി തായ്‌ലൻഡ് സർക്കാർ....

dog435

ജനിതക പരിവർത്തനം വന്ന കൊറോണ വൈറസുകളുടെ വ്യാപനം ഭയന്ന് തായ്‌ലൻഡിലെ ആരോഗ്യ വിദഗ്ധർ ഒരു നായ സ്ക്വാഡിനെ തന്നെ രോഗനിർണയത്തിനായി കളത്തിലിറക്കിയിരിക്കുന്നു. കോവിഡ് 19 രോഗികളിൽ നിന്നുള്ള പ്രത്യേക വിയർപ്പു ഗന്ധം മണത്തറിയാൻ ആറ് ലാബ്രഡോർ നായകൾ അടങ്ങിയ ഒരു സ്ക്വാഡിനെയാണ് പ്രത്യേക പരിശീലനം നൽകി ഉപയോഗിക്കുന്നത്. മേയ് 10 തുടങ്ങി ആയിരക്കണക്കിന് സാംപിളുകളാണ് നായകൾ മണത്ത് പരിശോധിച്ചത്. ഇതുവരെ ഏകദേശം 95 ശതമാനം പരിശോധനാഫലങ്ങളും കൃത്യമാണെന്നു ഗവേഷകർ പറയുന്നു.

മണത്തുനോക്കി നിമിഷങ്ങൾക്കുള്ളിൽ കൊറോണ അണുബാധയുണ്ടോ എന്നറിയാൻ പ്രത്യേക പരിശീലനം ലഭിച്ച ലാബ്രഡോർ നായകൾക്ക് കഴിയുമെന്നു ഗവേഷകർ പറയുന്നു. ഇതിനായി ഒരു ലോഹക്കൂടിനുള്ളിൽ രോഗനിർണയം വേണ്ടവരുടെ വിയർപ്പു സാംപിളുകൾ സുരക്ഷിതമായി വയ്ക്കുന്നു. നായ സാംപിൾ മണക്കാതെ പോയാൽ അയാൾക്ക് കോവിഡില്ല എന്നും സാംപിൾ വച്ച ലോഹക്കൂടിനു മുൻപിൽ ഇരിക്കുകയാണെങ്കിൽ കോവിഡ് ഉണ്ടെന്നും അനുമാനിക്കാം. നായയുടെ മൂക്ക് വിയർപ്പ് സാംപിളിനെ സ്പർശിക്കാതിരിക്കാനാണ് ലോഹക്കൂടിനുള്ളിൽ വയ്ക്കുന്നത്.

പരിശോധനയ്ക്കായി വീട് വിട്ടു വരാൻ സാധിക്കാത്തവർക്ക് ഈ പരിശോധന വളരെ പ്രയോജനകരമാണ്. കക്ഷത്തിൽ നിന്നും പഞ്ഞി ഉപയോഗിച്ചാണ് പരിശോധനാ സാംപിൾ എടുക്കുന്നത്. പരിശോധനാഫലം കൃത്യമാണെന്നു കണ്ടെത്തിയതോടെ കോവിഡ് ഹോട്ട്സ്േപാട്ടുകളിലേക്ക് നായ ടീമിനെ വിടാൻ തയാറെടുക്കുകയാണ് അധികൃതർ.

Tags:
  • Manorama Arogyam
  • Health Tips