Saturday 11 September 2021 04:06 PM IST : By സ്വന്തം ലേഖകൻ

നിപ്പ വന്നെങ്കിലും കൊറോണയെ മറക്കരുത്; വാക്സിനേഷൻ ദ്രുതഗതിയിൽ ആകണം: ഡോക്ടർ പറയുന്നു

asdsacd34535

'ഇന്ത്യയില്‍ ദിനംപ്രതി ഉണ്ടാകുന്ന കൊറോണ രോഗികളില്‍ 65% കേരളത്തിലാണ്. 2021 ജൂലൈയില്‍ ഐ സി എം ആര്‍ പുറത്തിറക്കിയ കണക്കില്‍ കേരളത്തിലെ 42% പേരിലെ കോവിഡ് ആന്റി ബോഡീസ് ഉള്ള ഇന്ത്യയില്‍ മൊത്തം 67% ആണ്.'

കേരള ഗവണ്മെന്റ് നല്‍കിയ വിവരം അനുസരിച്ച് കേരളത്തിലെ 275 ലക്ഷം പ്രായപൂര്‍ത്തിയായവരില്‍ 177 ലക്ഷം പേര്‍ക്ക് ഒരു പ്രാവശ്യവും (61%) 67ലക്ഷം പേര്‍ക്ക് രണ്ടു പ്രാവശ്യവും (23%) വാക്‌സിനേഷന്‍ കൊടുത്തുകഴിഞ്ഞു. എന്നിട്ടും ശരാശരി 20,000 - 25,000 നിരക്കില്‍ ദിനംപ്രതി കോവിഡ് രോഗികളും മരണം 150 - 200ല്‍ തുടരുകയും ചെയ്യുന്നു. ഇപ്പോഴും വടക്കന്‍ ജില്ലകളില്‍ വാക്‌സിനേഷന്‍ വിമുഖത നിലനില്‍ക്കുന്നുണ്ടെന്നാണറിവ്.

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, കാപ്പ, ലാംഡ ലോകമൊട്ടാകെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ കഴിയുംതോറും ജനിതക മ്യൂട്ടേഷന്‍ വൈറസുകള്‍ക്കുണ്ടാകുന്നത് സ്വാഭാവികമാണ്. പുതിയതരം വകഭേദങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ ഇപ്പോള്‍ കൊടുക്കുന്ന വാക്‌സിന്റെ ഫലം പ്രവചനാതീതമായിരിയ്ക്കും. ഐസിഎംആര്‍ ന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ വൈറസു വകഭേദങ്ങളില്‍ 60 ശതമാനവും 'ഡെല്‍റ്റ' യോടു അനുബന്ധപ്പെട്ട തരമാണ്.

2021 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ (യു. എസ്.) ഫൈസര്‍ വാക്‌സിനും അസ്ട്രസെനികയുടെ കോവിഷീല്‍ഡിനും പുതിയ വകഭേദങ്ങളില്‍ ഫലം ഏതാണ്ട് സമമാണ്. രണ്ടു ഡോസ് എടുത്ത, ആല്‍ഫ കൊറോണ വൈറസ് രോഗികളില്‍ 93% പേരിലും ഡെല്‍റ്റ വൈറസ് രോഗികളില്‍ 88% പേരിലും ഫലപ്രദമായിരുന്നു. എന്നാല്‍ ഒരു ഡോസ് എടുത്തവര്‍ക്ക് ഫലം യഥാക്രമം 74ശതമാനവും 67ശതമാനവും ഉണ്ടായിരുന്നുള്ളു. മൂന്ന് ഡോസ് കൊടുക്കുന്നതിനെപ്പറ്റിയും കുട്ടികള്‍ക്കു കൊടുക്കുന്നതിനെപ്പറ്റിയും ആലോചിച്ച് സമയം പാഴാക്കാതെ 18 വയസ്സിനു മുകളിലുള്ള 275 ലക്ഷം കേരളീയര്‍ക്കും വാക്‌സിന്‍ കൊടുക്കുക എന്നതായിരിക്കണം നമ്മുടെ പ്രധാന ദൗത്യം. കൈ കഴുകുകയും സാനിറ്റൈസര്‍ ഉപയോഗവും സാമൂഹിക അകലവും അത്ര ഫലപ്രദമാണെന്ന് നമ്മുടെ അനുഭവത്തില്‍ നിന്ന് ആരും പറയുകയില്ലല്ലോ.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഒരു ദിവസം വാക്‌സിനേഷന്‍ 2.7ലക്ഷം പേര്‍ക്ക് കൊടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. നൂറു ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ഉണ്ടെങ്കില്‍ കേരളത്തിലെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും 2021 ഡിസംബറിനു മുമ്പ് ശ്രമിച്ചാല്‍ വാക്‌സിന്‍ കൊടുക്കുവാന്‍ സാധിക്കും. എഞ്ചിനീയറിംഗ് കോളേജുകളും മെഡിക്കല്‍ കോളേജുകളും തുറക്കുവാന്‍ പോകുകയാണ്. ആദ്യത്തെ വര്‍ഷം വിദ്യാര്‍ത്ഥികളില്‍ നല്ല ഒരു ഭാഗം 18 വയസ്സില്‍ താഴെയുള്ളവരായിരിക്കും. ആ സ്ഥാപനങ്ങളില്‍ തന്നെ വാക്‌സിനേഷന്‍ കൊടുക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. വേണമെങ്കില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും വാക്‌സിന്റെ വില ഈടാക്കാവുന്നതാണ്. അതുകൂടാതെ, വലിയ ആശുപത്രികള്‍ കൂടാതെ കേരളത്തിലെ 940ല്‍ പരം പ്രൈമറി ഹെല്‍ത്ത് / ഫാമിലി പ്ലാനിംഗ് സെന്ററുകളിലും കൂടി വാക്‌സിന്‍ ലഭ്യമാക്കിയാല്‍, രോഗബാധിതരാകാന്‍ സാധ്യതയുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ കൊടുക്കുവാന്‍ സാധിക്കും. 18 വയസ്സില്‍ താഴെ കേരളത്തില്‍ കൊറോണ കൊണ്ട് മരണപ്പെട്ടവര്‍ ഒരു ശതമാനത്തില്‍ താഴെയായതുകൊണ്ട് കുട്ടികളില്‍ വാക്‌സിനേഷന്‍ ആരംഭിക്കുന്നത് കുറച്ചു താമസിച്ചാലും വിഷമമില്ല.

നിപ്പ രോഗം ഭീതിപരത്തിയെങ്കിലും മരണപ്പെട്ട പന്ത്രണ്ടുകാരനൊഴിച്ച് ആരിലും നിപ്പ രോഗം ഉണ്ടായതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും നമ്മുടെ സംസ്ഥാനത്തുള്ള രണ്ടു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും വിപുലീകരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. തിരുവനന്തപുരം തോന്നക്കലില്‍ 2019 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥാപനത്തിന്റെ സ്ഥിതി ശോചനീയമാണ്. യുഎസ്, റഷ്യ, ചൈന, ജര്‍മനി, അയര്‍ലന്‍ഡ്, ഫ്രാന്‍സ് മുതലായ 22 രാജ്യങ്ങളിലുള്ള 40 ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്കുമായി ഈ സ്ഥാപനത്തെ ബന്ധപ്പെടുത്തുമെന്ന് അന്ന് പറഞ്ഞതാണ്. ഇന്നും പൂനെ വൈറോളജി സ്ഥാപനത്തെ പരിശോധനയ്ക്കു വേണ്ടി ആശ്രയിക്കേണ്ടി വരുന്നത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 'ആരോഗ്യ സൂചികയില്‍' ഒന്നാം സ്ഥാനത്തു നല്‍കുന്ന കേരളത്തിന് അപമാനമാണ്. 2018ല്‍ 17 പേരുടെ ജീവനെടുത്ത നിപ്പ രോഗപ്രതിരോധത്തിനു വേണ്ടി കേരളം സന്ദര്‍ശിച്ച കേന്ദ്ര ഗവണ്മെന്റിന്റെ സംഘം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പലതും നടപ്പിലാക്കിയിട്ടില്ല എന്നും ആരോപണമുണ്ട്.

ഡോ. കെ. പി. പൗലോസ്

പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് ജനറല്‍ മെഡിസിന്‍

എസ് യു ടി ഹോസ്പിറ്റല്‍, പട്ടം

 

 

 

 

Tags:
  • Manorama Arogyam
  • Health Tips