Tuesday 25 June 2024 05:21 PM IST : By സ്വന്തം ലേഖകൻ

തൂവലോ ബഡ്സോ കൊണ്ടുണ്ടാകുന്ന മുറിവുകള്‍ ബാക്ടീരിയൽ അണുബാധയ്ക്കിടയാക്കാം, ചെവിപഴുപ്പു വരാം

earpain44543

ചെവിയിൽ നിന്നുള്ള ഒലിപ്പ് പല വിധത്തിലുണ്ട്. അവയിൽ സാധാരണമായിട്ടുള്ളതു പഴുപ്പു രൂപത്തിലുള്ളവയാണ്. ബാഹ്യകർണത്തിലോ മധ്യകർണത്തിലോ ഉള്ള ഏതെങ്കിലും തരത്തിലുള്ള അണുബാധ പഴുപ്പ് ഒലിച്ചു വരാൻ കാര ണമാകാം. ചെവി പഴുപ്പ് എന്നു പറയുന്നതു തന്നെ പലവിധമുണ്ട്. വെള്ളം പോലുള്ളത്, ശ്ലേഷ്മം കൂടുതലായുള്ള കൊഴുത്ത പഴുപ്പ്, കൂടുതൽ കട്ടിയുള്ള പഴുപ്പ്, വെള്ള നിറത്തിൽ തൈരുപോലെ കട്ടിയുള്ള പഴുപ്പ്, രക്തം കലർന്ന പഴുപ്പ് എന്നിങ്ങനെ. ഇവയെല്ലാം ഏതെങ്കിലും തരത്തിലുള്ള അണുബാധകൊണ്ടുണ്ടാകുന്നവ തന്നെയാണ്. കൂടുതലും ബാക്ടീരിയയോ പൂപ്പൽബാധ അഥവാ ഫംഗസ് ബാധയോ കാരണമാണു ചെവിപഴുപ്പ് ഉണ്ടാകുന്നത്.

ബാഹ്യകർണത്തിലെ പഴുപ്പ്

ആദ്യം ബാഹ്യകർണത്തെ ബാധിക്കുന്ന അണുബാധയെ കുറിച്ചു പറയാം. എക്സ്േറ്റനൽ ഒട്ടൈറ്റിസ് (External Otitis) എന്നാണിതിനെ വിളിക്കുന്നത്. ബാഹ്യകർണത്തിൽ വെള്ളമോ പൊടിയോ കടക്കുന്നതും തൂവൽ. ബഡ്സ്, ഈർക്കിൽ, തീപ്പെട്ടിക്കൊള്ളി ഇത്തരത്തിലുള്ള ബാഹ്യവസ്തുക്കൾ കൊണ്ടുണ്ടാകുന്ന മുറിവുകളും ബാക്ടീരിയൽ അണുബാധയ്ക്കിടയാക്കും. കട്ടികൂടിയ രക്തം കലർന്നതോ അല്ലാത്തതോ ആയ പഴുപ്പാണിതിന്. നീന്താൻ പോകുന്നവരിൽ സാധാരണയായി ഉണ്ടാകുന്ന സ്വിമ്മേഴ്സ് ഇയർ എന്ന പൂപ്പൽബാധയും ബാഹ്യകർണത്തെ ബാധിക്കുന്ന ഒന്നാണ്. വെളുത്ത തൈരു പോലുള്ള പഴുപ്പും അസഹ്യമായ ചൊറിച്ചിലും ഇതിന്റെ ലക്ഷണമാണ്. സ്ഥിരമായി ഏറെക്കാലം നീണ്ടുനിൽക്കുന്ന എക്സ്
േറ്റനൽ ഒട്ടൈറ്റിസിനു വെള്ളം പോലെയുള്ള ചെവിയൊലിപ്പായിട്ടും കാണും.

∙ പ്രതിരോധ മാർഗങ്ങൾ-

ബാഹ്യകർണത്തിൽ ഒരു വസ്തുവും കയറ്റരുത്. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. പലപ്പോഴും അലർജിയുടെ ഭാഗമായോ ജലദോഷത്തിന്റെ ഭാഗമായോ ചെവി ചൊറിച്ചിൽ അനുഭവപ്പെടുമ്പോഴാണു കുട്ടികളും മുതിർന്നവരും പലവിധ സാധനങ്ങൾ ചെവിക്കുള്ളിൽ കടത്തി ചൊറിയാൻ ഇടയാക്കുന്നത്.

തലമുടിയിലും ചെവിക്കുള്ളിലും ഈർപ്പം തങ്ങിനിൽക്കാതെ ശ്രദ്ധിക്കണം. വെയിലാറിയതിനുശേഷം തല കുളിക്കുന്നത് ഒഴിവാക്കുക.

വിയർപ്പാണെങ്കിലും തലയിൽ തങ്ങുന്നത് ഒഴിവാക്കണം. ഒപ്പം ചെവിക്കുള്ളിലേക്കു നനവു കടക്കാതിരിക്കാൻ നീന്തുമ്പോഴും കുളിക്കുമ്പോഴും ഇയർ പ്ലഗ്സ് വയ്ക്കുന്നതു നല്ലതാണ്.

അലർജിയും മറ്റും ഉള്ളവർ അതിനുള്ള പ്രതിവിധി മരുന്നുകളും പ്രതിരോധ മാർഗങ്ങളും അവലംബിക്കണം. പ്രമേഹം നിയന്ത്രിച്ചു നിർത്തണം. ചെവിക്കായം അലിഞ്ഞ് ഒലിക്കുന്നതല്ലാതെ ഏതു തരത്തിലുള്ള ചെവിയൊലിപ്പും മറ്റെന്തെങ്കിലും ലക്ഷണങ്ങളും (വേദന, പനി, ചെവിക്കുള്ളിൽ നീര്, ചുവപ്പ്, േകൾവിക്കുറവ്) ഉണ്ടെങ്കിൽ വൈകാതെ തന്നെ ചികിത്സ േതടുക.

മധ്യകർണത്തിലെ പ്രശ്നങ്ങൾ

മധ്യകർണത്തിലെ പഴുപ്പ് നവജാതശിശുക്കളിലാണു സാധാരണയായി കാണുന്നത്, അമ്മ കിടന്നുകൊണ്ടു മുലയൂട്ടൽ നടത്തുന്ന അവസ്ഥയിൽ മുലപ്പാൽ കുഞ്ഞിന്റെ യൂസ്േറ്റഷ്യൻ നാളിയിലൂടെ മധ്യകർണ്ണത്തിലേക്കു കടക്കാനിടയുള്ളതുകൊണ്ടാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് മധ്യകർണത്തിൽ അണുബാധയുണ്ടാക്കുകയും അവിടെ പഴുപ്പും നീർക്കെട്ടും വർധിച്ച് ഒടുവിൽ ടിംപാനിക് സ്തരത്തിൽ സുഷിരമുണ്ടായി പഴുപ്പു പുറത്തേക്കൊഴുകുകയും ചെയ്യും. മധ്യകർണത്തിൽ തിങ്ങിനിന്നു പഴുപ്പു മുഴുവൻ ഒലിച്ചു പോയിക്കഴിഞ്ഞാൽ ഉണ്ടായ സുഷിരം ഉണങ്ങി അടഞ്ഞു കിട്ടാൻ കുറെ നാൾ കൂടി മൂക്കിനുള്ളിലെ തുള്ളിമരുന്നു തുടരേണ്ടിവരും. ഒപ്പം മുലയൂട്ടൽ സമയത്തു കുഞ്ഞിന്റെ തല ഉയർത്തി പിടിക്കാൻ ശ്രദ്ധിക്കുകയും വേണം. ചെവിക്കുള്ളിൽ വെള്ളമോ ബഡ്സോ തൂവലോ ഒന്നും തന്നെ കടത്തരുത്.

വലിയ കുട്ടികളിലും മുതിർന്നവരിലും ജലദോഷത്തിന്റെ അനന്തരഫലമായി യൂസ്േറ്റഷ്യൻ നാളിയിലൂടെ പഴുപ്പും അണുബാധയും മധ്യകർണത്തിലേക്കു കടന്ന് ഇത്തരത്തിൽ സ്തരത്തിൽ സുഷിരമുണ്ടായി പഴുപ്പു പുറത്തേക്ക് ഒഴുകി വരും. മധ്യകർണത്തിന്റെ ചുറ്റുമുള്ള മാസ്റ്റോയിഡ് അസ്ഥിയിലും പഴുപ്പു കെട്ടിനിൽക്കാൻ ഇടയുണ്ട്. അതും ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടതായി വരാം. മധ്യകർണത്തിലെ പഴുപ്പ് ഒന്നോ രണ്ടോ ആഴ്ചകൾ നീണ്ടുനിന്നാൽ അതിനെ അക്യൂട്ട് സപ്പറേറ്റീവ് ഒട്ടൈറ്റിസ് മീഡിയ എന്നും മാസങ്ങൾ നീണ്ടു നിൽക്കുന്നതിനെ ക്രോണിക് സപ്പറേറ്റീവ് ഒട്ടൈറ്റിസ് മീഡിയ എന്നുമാണു പറയുന്നത്.

ക്ഷയരോഗം കാരണം

ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗം മധ്യകർണത്തെയും ബാധിക്കാം. ടിംപാനിക് സ്തരത്തിൽ ഒന്നിൽ കൂടുതൽ സുഷിരങ്ങളും അവയിൽ നിന്നു പഴുപ്പു വരുന്നതും ഇതിന്റെ ലക്ഷണമാണ്. ഹെർപിസ് പോലുള്ള വൈറസ് ബാധയും കർണ്ണത്തെ ബാധിക്കാം. ടിംപാനിക് സ്തരത്തെ ബാധിക്കുകയും ചെവിയൊലിപ്പിനു കാരണമാകുകയും ചെയ്യാം. ശരീരത്തിലുള്ള മറ്റു ഭാഗങ്ങളെ പോലെ കാൻസർ ചെവിയേയും ടെംപറൽ അസ്ഥിയേയും ബാധിക്കാം. രക്തം കലർന്ന പഴുപ്പാണ് ഇതിൽ കാണുന്നത്.

മറ്റുലക്ഷണങ്ങളൊന്നും ഇല്ലാത്ത ചെവിയൊലിപ്പ് അഞ്ചു ദിവസത്തിൽ കൂടുതൽ നീണ്ടാൽ ചികിത്സ തേടേണ്ടതുണ്ട്.എന്നാൽ അനുബന്ധലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ ഡോക്ടറെ കാണുക.

ഡോ. ബി. സുമാദേവി

ഇഎൻടി സർജൻ

ഇഎസ്ഐസി സൂപ്പർ സ്പെഷാലിറ്റി 

ഹോസ്പിറ്റൽ,  ആശ്രാമം

കൊല്ലം

Tags:
  • Manorama Arogyam