Thursday 12 August 2021 05:21 PM IST : By സ്വന്തം ലേഖകൻ

യാത്രകളിലെ ചെവിയടപ്പ് തടയാൻ ച്യൂയിങ് ഗം ചവയ്ക്കാം; മൂക്കടപ്പിന് ഉപ്പുവെള്ളം ഇറ്റിക്കാം: ചെവിയുടെയും മൂക്കിന്റെയും പ്രശ്നങ്ങളെ ഉടൻ പരിഹരിക്കാൻ ടിപ്സ്

ent3123

ചെവി, മൂക്ക്, തൊണ്ട എന്നീ ഭാഗങ്ങളിലുള്ള വിവിധ രോഗങ്ങളും പ്രശ്നങ്ങളുമാണ് ഇഎൻടി (Ears, Nose &Throat) വിഭാഗം കൈകാര്യം ചെയ്യുന്നത്. ചെവിയും മൂക്കും തൊണ്ടയും വ്യത്യസ്ത ശരീരഭാഗങ്ങളാണെങ്കിലും ഇവയുെട പരസ്പര ബന്ധത്തിന്റെ അടിസഥാനത്തിലാണ് ഒറ്റ വിഭാഗമായി കാണുന്നത്. ഈ ഓരോ ഭാഗത്തേയും ബാധിക്കുന്ന പ്രശ്നങ്ങളെ തടയാനുള്ള വഴികൾ അറിയാം.

ചെവിരോഗങ്ങൾ തടയാം

പനിയും ജലദോഷവും നീണ്ടാൽ മൂക്കും ചെവിയുമായി ബന്ധിപ്പിക്കുന്ന നാളി (Eustachian Tube) വഴി അണുബാധ മധ്യകർണത്തിലേക്കു വ്യാപിക്കാം. ഇതു തടയാൻ പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സ തേടണം. ചെവിയിൽ വെള്ളം കയറാതിരിക്കാനും മുങ്ങിക്കുളി ഒഴിവാക്കാനും ശ്രദ്ധിക്കണം. ചെവിയിൽനിന്നും പഴുപ്പു വരാൻ തുടങ്ങിക്കഴിഞ്ഞാൽ ചെവിയിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം.

∙മുലയൂട്ടുന്ന അമ്മ കുഞ്ഞുങ്ങളെ കിടത്തി പാൽ കൊടുക്കുന്നതിനു പകരം ഇരുന്ന് കുഞ്ഞിന്റെ തല ഉയർന്നിരിക്കുന്ന വിധം വേണം പാൽ കൊടുക്കാൻ. ഇത് കുഞ്ഞിന്റെ ചെവിയിൽ അണുബാധ വരാതിരിക്കാൻ സഹായിക്കും. ∙ തുള്ളി മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഒഴിക്കാവൂ.

∙ ചെവി വൃത്തിയാക്കാനായി ഇയർ ബഡ്സ് മാത്രമല്ല ഒരു വസ്തുവും ചെവിക്കുള്ളിൽ ഇടുന്നത് നല്ലതല്ല. അണുബാധ പടരാൻ ഇടയാക്കും.

∙ വൃത്തിഹീനമായ വസ്തുക്കൾ കൊണ്ട് ചെവി വൃത്തിയാക്കുന്നവരിലാണ് ബാഹ്യകർണത്തിലെ പൂപ്പൽ ബാധ കൂടുതലും കാണുന്നത്. ∙ ചെവിക്കായ നീക്കം ചെയ്യാനാണ് ബഡ്സ് ഇടുന്നതെങ്കിലും വാക്സ് അമർന്നു പോകുന്നതായാണ് കാണാറ്. മാത്രമല്ല ബ‍ഡ്സ് കൂടുതൽ അകത്തേയ്ക്കു കടന്നാൽ കർണപടലത്തിന് കേടുണ്ടാക്കിയെന്നും വരാം. ബഡ്സിന്റെ അഗ്രത്തുള്ള പഞ്ഞി ചെവിക്കുള്ളിൽ കുടുങ്ങി പിന്നീട് പ്രശ്നങ്ങളുണ്ടാവാം. സ്വയം വൃത്തിയാക്കാനുള്ള സംവിധാനം ചെവിക്കു തന്നെയുണ്ട്.

∙ ചെവിയ്ക്കുള്ളിൽ പ്രാണികളോ അന്യവസ്തുക്കളോ പോയാൽ അവയെ പുറത്തെടുക്കാന്‍ ചൂടുള്ള എണ്ണയും മറ്റും ചെവിയിൽ ഒഴിക്കരുത്. ഡോക്ടറെ സമീപിച്ച് നീക്കം ചെയ്യണം.

∙ ചെവിക്കുള്ളിലേക്കു തിരുകിവയ്ക്കുന്ന ഇയർ ഫോണുകൾ ദീർഘസമയം ഉപയോഗിക്കരുത്. ഇയർഫോണായാലും ഓവർഹെഡ്ഫോണുകളായാലും ഉയർന്ന ശബ്ദത്തിൽ‌ പതിവായി ഉപയോഗിക്കുന്നത് കേൾവിക്കുറവ് വരുത്താം.

∙ ഹൈറേഞ്ച് യാത്രകളിലും വിമാനയാത്രകളിലും ചെവി അടപ്പ് ഉണ്ടാകാം. ഈ സമയം യൂസ്റ്റേഷ്യൻ ട്യൂബ് തുറക്കാനായി ഇടയ്ക്കിടെ ഉമിനീർ വിഴുങ്ങുകയോ ചൂയിങ് ഗം ചവയ്ക്കുകയോ ചെയ്താൽ മാതി. ഈ സാഹചര്യങ്ങളിൽ ഉറങ്ങരുത്.

മൂക്കിനു പ്രശ്നം വരുമ്പോൾ

∙ മൂക്കിനെ ഏറ്റവും സാധാരണമായി ബാധിക്കുന്ന പ്രശ്നം ജലദോഷമാണ്. അടിക്കടി ജലദോഷം, സൈനസ് അണുബാധ തുടങ്ങിയവ ഉണ്ടാകുന്നവർ പതിവായി മാസ്ക് ഉപയോഗിക്കുന്നതാണ് അഭികാമ്യം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നതും നല്ലതാണ്. രോഗിയുെട പാത്രങ്ങൾ, വസ്ത്രം മുതലായവ മറ്റുള്ളവർ ഉപയോഗിക്കരുത്.

∙ വീട്ടിലെ പൊടിപടലങ്ങൾ അലർജിയുടെ പ്രധാന കാരണമായതിനാൽ കർട്ടൻ, സോഫ, തലയിണക്കവറുകൾ, ബെഡ്ഷീറ്റുകൾ ഇവ അടിക്കടി മാറ്റുകയോ വൃത്തിയാക്കുകയോ ചെയ്യണം. പൊടി തുടച്ചു മാറ്റുന്നതാണ് ഉത്തമം.

∙ പീനസം എന്ന വിളിക്കുന്ന മൂക്കിലെ പൂപ്പൽ ബാധാസാധ്യതയുള്ളവർ കെട്ടിക്കിടക്കുന്ന വെള്ളത്തിലുള്ള മുങ്ങിക്കുളി ഒഴിവാക്കുക.

∙ സൈനസൈറ്റിസുള്ളവർ ആവി കൊള്ളുന്നത് ലക്ഷണങ്ങൾക്ക് ആശ്വാസമേകും. ∙ ഫംഗൽ സൈനസൈറ്റിസ് പ്രമേഹരോഗികളിൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. പ്രമേഹം കർശനമായി നിയന്ത്രിച്ചു നിർത്തണം.

∙ മൂക്കിൽ നിന്നും രക്തസ്രാവമുണ്ടായാൽ മൂക്കിന്റെ വശങ്ങളെ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച് പാലത്തിനോട് ചേർത്ത് ഒന്നു രണ്ട് മിനിറ്റ് അമർത്തിപ്പിടിച്ചാൽ രക്തസ്രാവം നിൽക്കും. തുണിയിൽ പൊതിഞ്ഞ ഐസ് കട്ട ഉപയോഗിച്ചും അമർത്തിപ്പിടിക്കാം. രക്തസ്രാവം തുടരുകയോ വായി ലൂെട രക്തം വരുകയോ ചെയ്താൽ വൈദ്യസഹായം തേടുക.

∙ മൂക്ക് അടഞ്ഞിരിക്കുമ്പോൾ ഏറിയാൽ രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് മൂക്ക് തുറക്കാനുള്ള ഡീകൺജസ്റ്റന്റ് തുള്ളി മരുന്ന് ഉപയോഗിക്കാം. ഒരു കാരണവശാലും ഈ രീതി ശീലമാക്കരുത്. ആവശ്യമെങ്കിൽ ഉപ്പുവെള്ളം ഇറ്റിക്കാം.

∙ ജലദോഷവും മൂക്കടപ്പും വരുമ്പോൾ ശക്തിയായി മൂക്കു ചീറ്റരുത്. സൈനസ് അണുബാധ കൂടാൻ ഇതു കാരണമാകും. നാവും തൊണ്ടയും ∙ തൊണ്ടയിലെ ടോൺസിൽ ഗ്രന്ഥി വീക്കം ചിലപ്പോൾ ഗുരുതരമായ അണുബാധയിലേക്കു നയിക്കാം. കടുത്ത വേദന, ആഹാരം കഴിക്കാൻ ബുദ്ധിമുട്ട് എന്നിവ കണ്ടാൽ ഡോക്ടറെ കണ്ട് ആന്റിബയോട്ടിക് ചികിത്സ എടുക്കുക

∙ നാവിലും തൊണ്ടയിലും കൂടുതലായി പൂപ്പൽ ബാധ കാണുന്നത് രോഗപ്രതിരോധശേഷിക്കുറവിന്റെ സൂചനയാണ്. കാരണം കണ്ടെത്തി ചികിത്സ ചെയ്യണം.

∙ പെയിന്റുപറ്റിയ പോലെ നാവിൽ വിട്ടുവിട്ടു കാണുന്ന ചുവന്ന പാട് കാൻസറിനു മുന്നോടിയായ സൂചനയാകാം. ഉടൻ ചികിത്സ തേടുക. ∙ ടോൺസിലൈറ്റിസ് പോലെയുള്ള കാരണങ്ങളാൽ തൊണ്ടവേദനയുള്ളപ്പോൾ പുകവലി, മദ്യപാനം, ശീതളപാനീയങ്ങൾ, തണുത്ത അന്തരീക്ഷം, അടച്ചിട്ടതും ഈർപ്പം കൂടുതലുള്ളതുമായ മുറി എന്നിവ ഒഴിവാക്കുക .

∙ സ്വനപേടകവുമായി (Larynx) ബന്ധപ്പെട്ട അസുഖങ്ങളുള്ളവർപുകവലി, മദ്യപാനം ഒഴിവാക്കുക, കാപ്പി, ചായ, എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ, ജങ്ക്ഫൂഡുകൾ എന്നിവ പരമാവധി നിയന്ത്രിക്കുക

∙ നാവു വടിക്കുമ്പോൾ ടങ്‌ക്ലീനർ ഉപയോഗിച്ച് ശക്തമായി അമർത്തി വൃത്തിയാക്കുന്നത് രുചി മുകുളങ്ങളെ കേടുവരുത്തും. അതിനാൽ ബ്രഷ് കൊണ്ടു തന്നെ നാവു വൃത്തിയാക്കിയാൽ മതി. ∙ നെഞ്ചെരിച്ചിൽ, പുളിച്ചു തിട്ടൽ അസിഡിറ്റി പരിഹരിക്കുക. അവ തൊണ്ടയേയും സ്വനപേടകത്തേയും ബാധിക്കാം.

ഡോ. ഷിബു ജോർജ്

പ്രഫസർ & എച്ച് ഒ ഡി ഇഎൻടി വിഭാഗം,

മെഡിക്കൽ കോളജ്, കോട്ടയം

 

തയാറാക്കിയത്

ഡോ. മീനു ഇന്ദുചൂഡൻ

സീനിയർ റസിഡന്റ്, ഇഎൻടി വിഭാഗം,

മെഡിക്കൽ കോളജ്, കോട്ടയം

Tags:
  • Manorama Arogyam
  • Health Tips