Saturday 07 May 2022 03:49 PM IST : By സ്വന്തം ലേഖകൻ

കാൻസർ രോഗികൾ ചികിത്സയ്‌ക്കു ശേഷം പാലിക്കേണ്ട ഭക്ഷണക്രമം എന്താണ്? വിശദമായി അറിയാം

cancer-food-and-treatments

കാൻസർ രോഗികൾ ചികിത്സയ്‌ക്കു ശേഷം പാലിക്കേണ്ട ഭക്ഷണക്രമം എന്താണ്? വിശദമായി അറിയാം



∙കാൻസർ ചികിത്സയ്ക്കു ശേഷം ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത്?

ഇക്കാലത്ത് കാൻസർ രോഗികളുടെ എണ്ണത്തിലെ വൻവർധനവ് എല്ലാവരിലും വലിയ ആശങ്ക ഉളവാക്കുന്നുണ്ട്. അതേ സമയത്ത് ഈ രോഗത്തെ അതിജീവിക്കുന്നവരുടെ എണ്ണവും കൂടുന്നു എന്നത് ആശ്വാസകരമാണ്. ചികിത്സ പൂർത്തിയാക്കുമ്പോൾ അവരുടെ മനസ്സിൽ സ്വാഭാവികമായും പല ചോദ്യങ്ങളും ഉയരും. അതിൽ ഒന്നാണ് ഇനി എന്തു കഴിക്കാം അല്ലെങ്കിൽ എന്തു കഴിക്കരുത് എന്നത്. ഒട്ടേറെ അഭിപ്രായങ്ങൾ കേട്ട് അവർ ആശയക്കുഴപ്പത്തിലാകുന്നതും പതിവു കാഴ്ചയാണ്.



∙കാൻസർ രോഗികൾ ചികിത്സയ്‌ക്കു ശേഷം പാലിക്കേണ്ട ഭക്ഷണക്രമം എന്താണ് ?

‌നാം കഴിക്കുന്ന ആഹാരവും ചെയ്യുന്ന വ്യായാമവും ശരീരഭാരം നിർണയിക്കുന്നതിൽ പ്രധാനമാണ്. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ എന്നു തന്നെ പറയാം. അമിതവണ്ണം ഉള്ള കാൻസർ രോഗികളുടെ സൗഖ്യസാധ്യത മറ്റു രോഗികളെ അപേക്ഷിച്ചു താരതമ്യേന കുറവാണ്. അതുകൊണ്ടു തന്നെ കാൻസർ ചികിത്സ പൂർത്തിയാക്കിയ ആളുകൾക്ക് ആഹാര വ്യായാമകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.

കാൻസർ ചികിത്സാസമയത്ത് ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ടു പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. ഇവയിൽ മിക്കതും കാലക്രമേണ കുറയുന്നതായാണു പൊതുവെ കാണുന്നത്. ചിലരിൽ രുചി വ്യത്യാസങ്ങളും ശരീരഭാരക്കുറവും കുറച്ചു കാലത്തേക്കു നീണ്ടു നിന്നേക്കാം. വായിലും െതാണ്ടയിലും റേഡിയേഷൻ ചികിത്സ നടത്തിയവർക്കും ആമാശയ കാൻസർ സർജറി നടത്തിയവർക്കും ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കാനിടയുണ്ട്.

ഒരു കാര്യം എടുത്തു പറയട്ടെ. ചികിത്സയ്ക്കുശേഷം കഴിക്കുന്ന ആഹാരവും രോഗം വീണ്ടും വരുന്നതുമായി യാതൊരു ബന്ധവും ഇല്ല. ഇത്തരം കുപ്രചരണങ്ങൾ വിശ്വസിക്കരുത്.

കാൻസർ വരാനുള്ള സാഹചര്യത്തെ നിങ്ങളുടെ ജീവിതരീ‌തികളുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെടുത്താൻ കഴിയുമോ എന്ന് ആലോചിക്കുക. ഉദാ. ചിലർ മുൻപ് പഴവർഗങ്ങളും പച്ചക്കറികളും ഒട്ടും കഴിക്കാത്തവർ ആയിരുന്നുവെങ്കിൽ തീർച്ചയായും ഇനി അവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. ചിലർ ദിവസേന മാംസം കഴിക്കുന്നവരാകും. പ്രത്യേകിച്ച് ചുവന്ന മാംസം. അത്തരക്കാർ മാംസം ഉപയോഗിക്കുന്നതു പരിമിതപ്പെടുത്തണം. ഉപയോഗിക്കുകയേ അരുത് എന്നല്ല, പരിമിതപ്പെടുത്തണം എന്നേ പറയുന്നുള്ളൂ.

ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും ശ്രദ്ധിക്കണം. ഉദാ. മാംസം ഉപേക്ഷിച്ചു, എങ്കിലും പുകവലി ശീലം വിട്ടിട്ടില്ല. പഴങ്ങൾ ദിവസവും കഴിക്കാൻ തുടങ്ങിയെങ്കിലും അമിതവണ്ണം കുറയ്ക്കാൻ വ്യായാമത്തിൽ ശ്രദ്ധ കൊടുത്തില്ല. ഈ രീതികൾ പാടില്ല.



∙ സ്‌തനാർബുദ രോഗികൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ?

സ്തനാർബുദം വന്നിട്ടുള്ളവർ ചികിത്സാനന്തരം വണ്ണം കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരത്തി ൽ കൊഴുപ്പ് ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തണം.സ്തനാർബുദം വന്നവർ പാൽ ഉപയോഗിക്കരുത്, മാംസം ഒഴിവാക്കണം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിൽ അതു തെറ്റാണ്. അങ്ങനെ ചെയ്യണമെന്ന് ഒരു ശാസ്ത്രീയ പഠനത്തിലും തെളിഞ്ഞിട്ടില്ല. ആഹാരക്രമത്തിലെ മാറ്റങ്ങൾ‌ കൊണ്ടു മാത്രം സ്തനാർബുദ ചികിത്സയുടെ വിജയസാധ്യത കൂട്ടാൻ കഴിയുമെന്നും പറയാൻ കഴിയില്ല.

ആർത്തവവിരാമശേഷം സ്ത്രീകളുടെ ഹോർമോൺ ആയ ഈസ്ട്രജൻ ഉൽപാദിപ്പിക്കപ്പെടുന്നത് ശരീരത്തിലെ കൊഴുപ്പിൽ നിന്നാണ്. അമിതവണ്ണം ഉള്ള സ്ത്രീകൾക്കു സ്വാഭാവികമായും ഹോർമോൺ അളവ് സാധാരണ ഒരാളേക്കാളും കൂടുതൽ ആ യിരിക്കും. ഹോർമോൺ പൊസിറ്റീവ് ആയ സ്തനാർബുദ രോഗികൾ അതിനാൽ വണ്ണം കുറയ്ക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.



∙ വൻകുടൽ കാൻസർ രോഗികൾ അറിയേണ്ടത്?

കഴിക്കുന്ന ആഹാരവുമായി നേരിട്ടു ബന്ധപ്പെടുന്ന അവയവമെന്ന നിലയിൽ കുടൽ കാൻസർ രോഗികൾക്ക് കഴിക്കേണ്ട ആഹാരത്തെക്കുറിച്ച് കൂടുതൽ ആശങ്ക സ്വാഭാവികമാണ്.

പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുന്നവരിൽ രോഗം വന്നാലും മാംസാഹാരം ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് രോഗം തിരികെ വരാനുള്ള സാധ്യത കുറവായിരിക്കും.

കാപ്പിയുടെ ഉപയോഗം വൻകുടൽ കാൻസർ തിരികെ വരാനുള്ള സാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങളിൽ കണ്ടിട്ടുണ്ട്. അതുപോലെ വൻകുടൽ കാൻസർ രോഗനിർണയത്തിനു ശേഷം നാരുകൾ കൂടുതലുള്ള ആഹാരം ഉപയോഗിക്കുന്നതു കാൻസർ വീണ്ടും വരാനുള്ള സാധ്യത പല മടങ്ങു കുറയ്ക്കുന്നതായും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

∙ പ്രോസ്േറ്ററ്റ് കാൻസർ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

കൊഴുപ്പിന്റെ ഉയർന്ന ഉപഭോഗം പ്രോസ്േറ്ററ്റ് കാൻസർ ചികിത്സയുടെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കുന്നു എന്നു ചില പഠനങ്ങൾ കാണിക്കുന്നുണ്ട്. പൂരിത കൊഴുപ്പിന്റെ ഉപയോഗമാണ് എടുത്തു പറയാനുള്ളത്. പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കുന്നവരിൽ

പിഎസ്എയുടെ വർധന ഒരു പരിധിവരെ തടയാൻ കഴിയുന്നു.

∙ കാൻസർ ചികിത്സയ്ക്കു ശേഷം പൊതുവായി ആഹാരത്തിൽ ശ്രദ്ധിക്കേണ്ട ചില ടിപ്സ്

1. എല്ലാത്തരം ആഹാരങ്ങളും മാറിമാറി കഴിക്കുക. ആവശ്യമുള്ള എല്ലാ

പോഷക ഘടകങ്ങളും ഒറ്റയ്ക്കു നൽകുന്ന ഒരു ആഹാരവും ഇല്ല.

2. നിയന്ത്രണം വേണ്ട ആഹാരങ്ങൾ – കൊഴുപ്പ്, മധുരം, ഉപ്പ്, ആൽക്കഹോൾ, സ്മോക്ഡ് ഫൂഡ്സ് (ഉദാ: ബാർബിക്യൂ), പ്രോസസ്‌ഡ് മീറ്റ് (ഉ ദാ: സോസേജ്)

3. ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക. ആവശ്യമായ വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ ഇവയിൽ നിന്നും ലഭ്യമാകും.

4. തവിടു കളയാത്ത ധാന്യങ്ങൾ കൂടുതലായി ഉപയോഗിക്കുക. മൈദ ക ലർന്ന ആഹാരത്തിന്റെ ഉപയോഗം കുറയ്ക്കുക.

5. കഴിവതും കൊഴുപ്പു നീക്കിയ പാൽ ഉപയോഗിക്കുക.

6. ‌ആൽക്കഹോൾ ഉപയോഗം നിർദ്ദിഷ്ട അളവിൽ കൂടുതൽ പാടില്ല. കഴിവതും ഒഴിവാക്കുന്നതാണ് ഉചിതം.

7. ചുവന്ന മാംസത്തിന്റെ ഉപയോഗം കുറയ്ക്കണം. കഴിവതും തൊലി നീക്കം ചെയ്തതും മൃഗക്കൊഴുപ്പ് ഇല്ലാത്തതുമായ മാംസം ഉപയോഗിക്കുക.

8. പഞ്ചസാര കലർന്ന പാനീയങ്ങൾ കഴിവതും ഒഴിവാക്കുക.

9. ആഹാരം കൊണ്ടു മാത്രം കാൻസറിനെ നിയന്ത്രിക്കാമെന്ന് ചിന്തിക്കരുത്. ശാസ്ത്രീയചികിത്സയ്ക്കു പകരം വയ്ക്കാൻ ഒന്നും തന്നെ ഇല്ല.

10. ഓർമിക്കുക, കാൻസർ വീണ്ടും വരാതിരിക്കാൻ ഒരു ഡയറ്റ് എന്നൊന്നില്ല.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സഞ്ജു സിറിയക്ക് പണ്ടാരക്കുളം