Friday 06 January 2023 02:35 PM IST : By സ്വന്തം ലേഖകൻ

അലക്കിക്കഴിഞ്ഞ സോപ്പുവെള്ളം നേരെ കാലിലേക്ക് ഒഴിക്കുന്ന ‘കലാപരിപാടി’ നന്നല്ല; കാല്‍പാദം കാത്തു സൂക്ഷിക്കാന്‍ ടിപ്സ്

soap996544cjj

‘കാല്‍പാദം കണ്ടാലറിയാം സ്വഭാവം’ എന്നൊരു ചൊല്ലുണ്ട്. അതിന്റെ വിശാലമായ അര്‍ഥത്തിലേക്കു പോയില്ലെങ്കിലും വൃത്തിയുള്ള പാദങ്ങൾ കാത്തു സൂക്ഷിക്കുന്നവരെക്കുറിച്ചു മതിപ്പു കൂടുക തന്നെ ചെയ്യും.

വരൾച്ച, വിണ്ടു കീറൽ തുടങ്ങിയവയാണ് പൊതുവെ കാലുകളെ അലട്ടുന്ന പ്രശ്നങ്ങൾ. പാദസംരക്ഷണം ശീലമാക്കണം. ദിവസവും പത്തു മിനിറ്റെങ്കിലും കാലുകൾ ഇളംചൂടുവെള്ളത്തിൽ മുക്കി വയ്ക്കണം. എന്നിട്ട് ചെറുതായി സ്ക്രബ് ചെയ്യുക. മൃതകോശങ്ങൾ ഇളകിപ്പോകാൻ ഇവ സഹായിക്കും. പിന്നീട് നല്ലവണ്ണം മോയസ്ച്വറൈസർ പുരട്ടുക. സോറിയാസിസ് പോലുള്ള രോഗങ്ങളുള്ളവർ ഇത് ഒഴിവാക്കുക.

കാലിലെ മുറിവുകളും ചതവുകളും നിസ്സാരമായിട്ടെടുക്കരുത്. അഴുക്കും മറ്റും കയറി ചർമത്തിനും നഖത്തിനും അണുബാധയുണ്ടാകും. അഴുക്കുള്ള സ്ഥലങ്ങളിൽ ചെരുപ്പിടാതെ നടക്കരുത്. വെളളം കെട്ടിക്കിടക്കുന്നിടത്തു കൂടി നടക്കേണ്ടി വന്നാൽ ഉടനെ കാലു കഴുകണം. ഒപ്പം തുടച്ചു വൃത്തിയാക്കുകയും വേണം. നനഞ്ഞ കാലിലും നഖങ്ങളിലും എളുപ്പത്തിൽ പൂപ്പൽ ബാധ വരും. വീട്ടമ്മമാർ സ്ഥിരം ചെയ്യുന്നൊരു ‘കലാപരിപാടി’യാണ് അലക്കിക്കഴിഞ്ഞ സോപ്പുവെള്ളം നേരെ കാലിലേക്ക് ഒഴിക്കുന്നത്. ഇത് ഒരിക്കലും ചെയ്യരുത്. ചർമത്തിലെ എണ്ണമയം മുഴുവൻ ഊറ്റിക്കള‍ഞ്ഞ് ചർമത്തെ വരണ്ടതാക്കി മാറ്റാനേ സോപ്പുവെള്ളം ഉപകരിക്കൂ. തുണിയലക്കിക്കഴിഞ്ഞ്. ഉപ്പിട്ട ഇളം ചൂടുവെള്ളത്തിൽ കാലുകൾ കഴുകണം.

ചെരിപ്പും സൂക്ഷിക്കണം

കാലിനുണ്ടാകുന്ന മറ്റ് പ്രധാന ആരോഗ്യപ്രശ്നങ്ങളാണ് അലർജിയും ഷൂ ബൈറ്റും ആണിയും. ഇടുന്ന ചെരുപ്പ് കൃത്യമായ അളവിലുള്ളതല്ലെങ്കിൽ വരുന്ന പ്രശ്നമാണ് ഷൂ ബൈറ്റ്. കാലിന്റെ ഏതെങ്കിലും ഒരു സ്ഥലത്തു മാത്രം മർദം കൂടുന്നതു കാരണം അവിടെ ചർമം കട്ടിയാകും. ഡോക്ടറുടെ നിർദേശാനുസരണം മരുന്ന് പുരട്ടി ഇതു പരിഹരിക്കാവുന്നതേയുള്ളൂ. വീണ്ടും അതേ ചെരുപ്പു തന്നെ ഇടാതിരിക്കാൻ ശ്രദ്ധിക്കാം. പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കണം. നന്നായി വെള്ളം കുടിക്കുകയും ചെയ്യണം. ഭക്ഷണത്തോടൊപ്പം വൈറ്റമിൻ ഡി സപ്ലിമെന്റ് കഴിക്കുന്നതിൽ തെറ്റില്ല.

ചെരുപ്പുമൂലമുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് അലർജി. കാലു ചൊറിഞ്ഞു പൊട്ടുക, തടിപ്പ്, വെള്ളമൊലിപ്പ്, പാടുകൾ തുടങ്ങി പല രൂപത്തിൽ ഇതു വരാം.ചെരുപ്പിനു നിറം കൊടുക്കുന്ന വസ്തുക്കൾ, ചെരുപ്പുണ്ടാക്കിയ വസ്തു, തുകലിനു കട്ടി കൂട്ടാനും കുറയ്ക്കാനും ഉപയോഗിക്കുന്ന സാധനങ്ങൾ തുടങ്ങി പലതും അലർജിക്കു കാരണമാകാം. ചിലർക്ക് ഷൂസിലെയും ചെരുപ്പിലെയും ബക്കിളും മറ്റും കാലിലുരസി വെള്ളപ്പാണ്ടു പോലെയുള്ള അലർജി വരാറുണ്ട്. എന്താണ് അലർജിയുടെ യഥാർത്ഥ കാരണം എന്നു പരിശോധനകളിലൂടെ കണ്ടെത്തി അതൊഴിവാക്കുക മാത്രമാണ് പോംവഴി. നനഞ്ഞ ചെരിപ്പിൽ ഉണ്ടാകുന്ന ഫംഗസ് ചർമത്തിൽ അലർജിയുണ്ടാക്കും. നനഞ്ഞ ചെരിപ്പുകൾ (പ്രത്യേകിച്ച് തുകൽ) ഇടരുത്. നല്ല വെയിലത്ത് ഉണക്കിയ ശേഷം മാത്രം ഇടുക.

ആണി എന്ന പൊല്ലാപ്പ്

കാലിന്റെ ചുവട്ടിലെ മൃദുവായ ടിഷ്യുവിലാണ് ആണി രോഗം വരുന്നത്. ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങുന്നത് കാലിനടിയിലുള്ള സോൾ ആണ്. നടത്തിത്തിലുള്ള അപാകതകൾ, പരന്ന കാൽപ്പാദം തുടങ്ങി പല കാരണങ്ങൾ കൊണ്ട് ആണി വരാം. ഭാരം കൃത്യമായി വ്യാപിക്കാതെ ഒരിടത്തു കൂടുതലായി കേന്ദ്രീകരിക്കുമ്പോൾ അവിടുത്തെ ഫൈബറസായ ടിഷ്യൂസിനു കട്ടി വയ്ക്കും. ഇതാണ് ആണി. നടപ്പ് ശരിയാക്കുക, സംരക്ഷണം നൽകുന്ന പാദരക്ഷകർ വാങ്ങുക, ചെരുപ്പിനുള്ളിൽ വയ്ക്കാവുന്ന സിലിക്കോൺ ജെൽ ഫൂട്ട് പാഡുകൾ ഉപയോഗിക്കുക തുടങ്ങിയവ ആണിരോഗം തടയാൻ നല്ലതാണ്.

Tags:
  • Glam Up
  • Beauty Tips