Thursday 23 June 2022 03:46 PM IST : By സ്വന്തം ലേഖകൻ

പേസ്ട്രിയും എണ്ണപ്പലഹാരങ്ങളും നിങ്ങളെ ഹൃദ്രോഗിയാക്കും; ഹൃദയസംരക്ഷണത്തിന് വേണ്ടത് ഈ ഡയറ്റ്

heart

ഒരുകാലത്ത് ഏറ്റവും കൂടുതൽ ഹൃദ്രോഗമരണംനടന്നിരുന്നത് അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലുമായിരുന്നു. എന്നാൽ, കഴിഞ്ഞ ഇരുപതു വർഷമായി അവിടെ ഹൃദ്രോഗം കുറഞ്ഞുവരുന്നു. പ്രതിരോധ പ്രവർത്തനത്തിന്റെ വിജയമാണിത്. പക്ഷേ, ഇന്ത്യയിൽ പ്രത്യേകിച്ചു കേരളത്തിൽ ഇപ്പോൾ ഹൃദ്രോഗം കൂടിവരുന്നതായി റിപ്പോർട്ടുകളുണ്ട്.

ഹൃദ്രോഗചികിത്സ എന്നത് ഇന്നു ഹൃദയസ്തംഭനത്തിനെതിരായ ചികിത്സ എന്നു മാറിയിരിക്കുന്നു. പലതരം രോഗങ്ങൾ ഹൃദയത്തെ ബാധിക്കുമെങ്കിലും പെട്ടെന്നു ഹൃദയസ്തംഭനം ഉണ്ടാക്കുന്ന കൊറോണറി ഹൃദ്രോഗങ്ങളാണ് ഏറ്റവും പ്രധാനവും കൂടുതൽ ആളുകളെ അപകടപ്പെടുത്തുന്നതും. ഇത്തരം രോഗങ്ങൾ എന്തെല്ലാം കാരണങ്ങളിലാണ് ഹൃദയത്തെ ബാധിക്കുന്നത് എന്നു പരിശോധിക്കാം.

പുകവലി എന്ന ആദ്യ വില്ലൻ

പുകയില ഏതു രൂപത്തിൽ ഉപയോഗിച്ചാലും ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു. പുകവലിയാണ് ഏറ്റവും അപകടകരമായ ശീലം. ഇതിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ, കാർബൺ അടങ്ങിയ മറ്റു രാസപദാർഥങ്ങൾ എന്നിവ രക്തക്കുഴലുകളുടെ ഉൾഭാഗത്ത് ഉള്ള നേരിയ എൻഡോതീലിയം (Endothelium) എന്ന ചർമത്തെ ബാധിക്കുകയും തന്മൂലം രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തസഞ്ചാരം തടസ്സപ്പെടുകയും െചയ്യുന്നു. ഇതിന് ഒരേ ഒരു പോംവഴി പുകവലി പാടേ ഒഴിവാക്കുക എന്നതാണ്. പുകവലി നിർത്തിയാൽ രണ്ടു വർഷത്തിനുശേഷം രക്തക്കുഴൽ വീണ്ടും പൂർവസ്ഥിതി പ്രാപിക്കും.

രക്തത്തിലെ കൊഴുപ്പുകളെ സൂക്ഷിക്കണം

രക്തത്തിൽ കൊളസ്ട്രോൾ, െെട്രഗ്ലിസറൈഡ് മുതലായ കൊഴുപ്പുകൾ വർധിക്കുമ്പോൾ രക്തസഞ്ചാരം തടസ്സപ്പെടുന്നു. ഹൃദയത്തിലേക്കു രക്തം എത്തിക്കുന്ന കൊറോണറി ധമനികൾ പെട്ടെന്ന് അടഞ്ഞുപോകുന്നതുകൊണ്ടു (Block) ഹൃദയാഘാതം (Myocardial infarction) ഉണ്ടാകുന്നു. ഇവരുടെ ധമനികളിൽ തടസ്സമുണ്ടാക്കിയ രക്തക്കട്ട (thrombus) പരിശോധിച്ചാൽ െകാളസ്ട്രോൾ അടങ്ങിയ ഒരു കട്ടി (Plaque) ഉണ്ടായതായി കാണാം. അപ്പോൾ കൊളസ്ട്രോൾ ഒരു പ്രധാന രോഗകാരണമല്ല എന്നു ചിലർ വാദിക്കുന്നതു വാസ്തവം അറിയാത്തതുകൊണ്ടുതന്നെയാണ്. െകാളസ്ട്രോൾ കൂടുന്നത് രണ്ടു കാരണങ്ങളാലാണ്. രക്തത്തിൽ സഞ്ചരിക്കുന്ന ഇതിന്റെ മൂന്നിൽ രണ്ടുഭാഗം കരളിൽ ഉൽപാദിക്കപ്പെടുന്നതാണ്. ഇതു നിയന്ത്രിക്കുന്നത് റിസപ്റ്റർ എന്നറിയപ്പെടുന്ന പ്രോട്ടീൻ ഘടകങ്ങളും നമ്മുടെ ജീനുകളുടെ പ്രവർത്തനവുമാണ്. മൂന്നിലൊരു ഭാഗം കൊളസ്ട്രോൾ ഭക്ഷണത്തിൽകൂടിയാണു വർധിക്കുന്നത്. സമീകൃത ആഹാരം വഴിയും ജീവിത െെശലികൊണ്ടും ഇതു കുറെയൊക്കെ നിയന്ത്രിക്കാനാകും. എന്നാൽ വളരെ ഉയർന്ന നിലയിൽ കൊളസ്ട്രോൾ ഉള്ളവർ മരുന്നുകൾ കഴിക്കേണ്ടിവരും.

heart-2

ഭക്ഷണം എങ്ങനെ നിയന്ത്രിക്കാം?

ആഹാരത്തിൽ കൊഴുപ്പ് 20% ആയി നിയന്ത്രിക്കുക. പൂരിതമായവയും (Saturated fats) ട്രാൻസ്ഫാറ്റ് എന്ന പേരിലറിയപ്പെടുന്ന കൊഴുപ്പും കഴിയുന്നതും അഞ്ചു ശതമാനത്തിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണം. പൂരിത കൊഴുപ്പ് പാം ഒായിൽ, വെണ്ണ, നെയ്യ്, ആട്ടിറച്ചി, മാട്ടിറച്ചി, കോഴിയുടെ തൊലി തുടങ്ങിയവയിൽ കൂടുതലായി കാണുന്നു. ഒലീവ് ഒായിൽ, സസ്യഎണ്ണകൾ എന്നിവയിലെ അപൂരിത കൊഴുപ്പ് (Unsaturated fatty acids) ഹൃദയത്തിനു കൂടുതൽ ഗുണകരമാണ്. എന്നാൽ ഇവയെ െെഹഡ്രോജെനേഷൻ വഴി കട്ടിയുള്ള കൊഴുപ്പായി മാറ്റിയാൽ (ഡാൽഡ തുടങ്ങിയവ) അത് ട്രാൻസ്ഫാറ്റ് ആയി മാറുന്നു. കേക്കുകൾ, ക്രീം,

പേസ്ട്രി, എണ്ണയിൽ വറുത്ത പലഹാരങ്ങൾ, ഭക്ഷണസാധനങ്ങൾ ഇവയിലും ട്രാൻസ്ഫാറ്റ് കൂടുതലായി കാണുന്നു. ഇവ ഹൃദയത്തിനു വളരെ ഹാനികരമാണ്. പൂരിതകൊഴുപ്പുകൾ കരളിൽ കൊളസ്ട്രോളായി മാറ്റപ്പെടുന്നതാണ് കാരണം.

മെഡിറ്ററേനിയൻ ഡയറ്റ് മാതൃക

മധ്യധരണ്യാഴിയുടെ തീരദേശവാസികളുടെ ഭക്ഷണം െമഡിറ്ററേനിയൻ ഡയറ്റ് എന്ന് അറിയപ്പെടുന്നു. ഇതാണ് ഹൃദയത്തിന് ഏറ്റവും ആരോഗ്യകരമെന്നു പഠനങ്ങൾ തെളിയിക്കുന്നു. ഇതു പ്രധാനമായും പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവ അടങ്ങിയതാണ്. സാലഡിൽ ഒലിവെണ്ണ ചേർക്കുന്നതല്ലാതെ ഒന്നും വറുത്തു കഴിക്കുന്നില്ല ഇവർ.

കേരളീയർ പൊതുവേ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരാണ്. ഇതു മിതമായ രീതിയിൽ ആകുന്നതുകൊണ്ടു കുഴപ്പമില്ല. എങ്കിലും എണ്ണയിൽ വറുത്ത ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. പഞ്ചസാരയുടെ ഉപയോഗവും കഴിയുന്നത്ര കുറയ്ക്കണം. കൃത്രിമമായ മധുരം ചേർത്ത പാനീയങ്ങൾ കർശനമായി നിയന്ത്രിക്കേണ്ടതാണ്. ശരീരഭാരം വർധിക്കുക, പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവ മൂലം രക്തക്കുഴലുകളുടെ ആരോഗ്യം പെട്ടെന്നു നശിക്കും. തവിടു കളയാത്ത അരി, നാരുകളുള്ള പഴം പച്ചക്കറി എന്നിവ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തിനെ മെച്ചപ്പെടുത്തുന്നു.

heart-3

സസ്യഭക്ഷണം സുരക്ഷിതമോ?

സമ്പൂർണ സസ്യഭുക്കാകുന്നത് ഹൃദയാരോഗ്യത്തിനു ഗുണകരമാണെന്നു പലരും പറഞ്ഞുകേൾക്കാറുണ്ട്. എന്നാൽ ശുദ്ധ സസ്യാഹാരം മാത്രം കഴിക്കുന്നവരാണെങ്കിലും എണ്ണ, വെണ്ണ, നെയ്യ് എന്നിവയൊക്കെ അമിതമായി ഉപയോഗിച്ചാൽ അതു ഹൃദയത്തിന് ദോഷം തന്നെ. കാർബോഹൈഡ്രേറ്റ് കുറച്ച് കൊഴുപ്പു കൂട്ടിയുള്ള ഭക്ഷണക്രമം തൂക്കം കുറയാൻ സഹായിക്കുമെങ്കിലും രക്തക്കുഴലുകളുടെ ആരോഗ്യത്തിനു ഗുണമൊന്നും ചെയ്യില്ല. കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാനും സഹായിക്കില്ല.

അണ്ടിപ്പരിപ്പുകളിലേത് ഹൃദയത്തിനു ഗുണകരമായ കൊഴുപ്പാണ്. മുതിർന്ന ഒരാൾക്ക് ദിവസം 30 ഗ്രാം വരെ നട്സ് കഴിക്കാം. അവയിലെ അപൂരിത ഫാറ്റി അമ്ലങ്ങൾ ഹൃദയത്തിനു സുരക്ഷിതമാണ്. ബദാം, വാൽനട്ട്, പിസ്ത, നിലക്കടല എന്നീ അണ്ടിപ്പരിപ്പുകളാണ് കൂടുതൽ ആരോഗ്യകരം. കശുവണ്ടിപ്പരിപ്പ് ആരോഗ്യകരമാണെങ്കിലും ചിലപ്പോൾ ശരീരഭാരം വർധിക്കാൻ കാരണമാകാം.

മുട്ട കഴിക്കാമോ?

മത്സ്യത്തിലെ ഒമേഗ–3 ഫാറ്റി കൊഴുപ്പുകൾ ഹൃദയത്തിനു ഗുണകരമാണെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മത്തി, അയല പോലുള്ള ചെറുമത്സ്യങ്ങളും മീനെണ്ണയും ഹൃദയത്തിനു സുരക്ഷിതമാണ്. എന്നാൽ കക്ക, ഞണ്ട് പോലുള്ള തോടുള്ള മീനുകൾ മിതമായി മാത്രം കഴിക്കുക.

മുട്ടയിൽ ഏകദേശം 300 മി.ഗ്രാം കൊളസ്ട്രോളുണ്ട്. മുതിർന്ന ഒരാൾക്ക് ദിവസം 300 മി.ഗ്രാം വരെ പരമാവധി കൊളസ്ട്രോൾ കഴിക്കാമെന്നാണ്. പൊതുവേ ആരോഗ്യകരമായി ആഹാരം കഴിക്കുന്ന, ഹൃ

ദ്രോഗം ബാധിക്കാത്ത ഒരാൾ ദിവസം ഒരു മുട്ട കഴിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ, ഹൃദ്രോഗികൾ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുന്നതാണ് ഗുണകരം.

heart-1

മദ്യം തൊടരുത്

പുതിയ പഠനങ്ങൾ മദ്യപാനം ഹൃദയാരോഗ്യത്തിനു ഹാനികരമാണെന്നു തെളിയിക്കുന്നു. രക്തസമ്മർദം വർധിപ്പിക്കുക, ഹൃദയ മാംസപേശിക്കു ബലക്ഷയമുണ്ടാക്കി പ്രത്യേകതരം കാർഡിയോ മയോപ്പതി എന്ന രോഗം, ഹൃദയത്തിന്റെ താളക്രമം തെറ്റി അതുവഴി പക്ഷാഘാതം ഇതെല്ലാമാണ് മദ്യപാനം വഴി ഉണ്ടാകാവുന്ന പ്രശ്നങ്ങൾ. ചുവന്ന വൈനിന്റെ മിതമായ ഉപയോഗം ഹൃദയത്തിനു നല്ലതാണെന്നു പറയുമെങ്കിലും അതിനായി മദ്യപാനം തുടങ്ങാത്തതാണ് നല്ലത്.

ഉയർന്ന രക്തസമ്മർദവും പ്രമേഹവും

ഉയർന്ന രക്തസമ്മർദവും പ്രമേഹവുമാണ് സമൂഹത്തിൽ ക്രമാതീതമായി വർധിച്ചുവരുന്ന ജീവിത െെശലീരോഗങ്ങൾ. തെറ്റായ ഭക്ഷണരീതി, അമിതവണ്ണം, വ്യായാമക്കുറവ്, മാനസിക സമ്മർദം ഇവയൊക്കെ ഈ രോഗങ്ങൾക്ക് കാരണമാകുന്നു. കൂടാതെ പലരിലും പാരമ്പര്യമായ ജനിതക കാരണങ്ങളാലും ഈ രണ്ടു രോഗങ്ങളും കാണുന്നുണ്ട്. എന്നാൽ നല്ല ജീവിതരീതി കൊണ്ട് ഒരു പരിധിവരെ ഇവയെ പ്രതിരോധിക്കാം. ഈ രണ്ടു രോഗങ്ങളുള്ളവർ ഒരു ഡോക്ടറുെട പരിശോധനയ്ക്ക് വിധേയരാവുകയും ശരിയായ നിർദേശാനുസരണം തുടർച്ചയായി മരുന്നുകഴിക്കുകയും വേണം.

വ്യായാമം വേണം

പതിവായുള്ള വ്യായാമം ഹൃദയാരോഗ്യത്തിനു വളരെ ഗുണകരമാണ്. ഹൃദ്രോഗപ്രതിരോധത്തിനു മാത്രമല്ല പ്രമേഹം, അമിതരക്തസമ്മർദം എന്നിവ അകറ്റി നിർത്താനും വ്യായാമം ഉപകരിക്കുന്നു. വ്യായാമം 20 മുതൽ 30 വയസ്സിനിടയിൽ തുടങ്ങുന്നതും ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും മുടങ്ങാതെ തുടരുന്നതും വളരെ നല്ലതാണ്. ഒരു മണിക്കൂർ നടക്കുക, മുപ്പതു മിനിറ്റ് മുതൽ നാൽപതു മിനിറ്റ് വരെ ഒാടുക, നീന്തുക, ബാഡ്മിന്റൺ, ടെന്നീസ്, ഫുട്ബോൾ തുടങ്ങിയ കായിക വിനോദങ്ങളിൽ പങ്കെടുക്കുക എന്നിവയും വളരെ ഫലപ്രദമാണ്.

നാൽപതു വയസ്സുവരെ സ്ഥിരമായി വ്യായാമം ചെയ്യാത്തവർ, ഇതു തുടങ്ങുന്നതിനു മുൻപ് ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് വേണ്ട പരിശോധനകൾക്കു ശേഷമേ തുടങ്ങാവൂ. ഒരു ഹൃദ്രോഗബാധയ്ക്കുശേഷം വ്യായാമം തുടങ്ങുവാനും വിദഗ്ധോപദേശം തേടേണ്ടതാണ്. പതുക്കെ തുടങ്ങി ക്രമേണ വർധിപ്പിച്ച് ഒരു Graded exercise programme ആണ് ഏറ്റവും നല്ലത്. എന്നാൽ വ്യായാമം ചെയ്തുകൊണ്ടിരിക്കുമ്പോൾ നെഞ്ചിന്റെ മധ്യഭാഗത്ത് അസ്വാസ്ഥ്യം നേരിടുകയാണെങ്കിൽ ഉടനെ ഡോക്ടറെ അറിയിച്ച് ഉപദേശം തേടണം.

പാരമ്പര്യസാധ്യതകളെ തള്ളിക്കളയേണ്ട

ചില കുടുംബങ്ങളിൽ ഹൃദ്രോഗം പാരമ്പര്യമായി കാണുന്നുണ്ടെങ്കിൽ അതിനർഥം അതിലേക്കു നയിക്കുന്ന അപകടഘടകങ്ങളും പാരമ്പര്യമായി കൂടുന്നുണ്ട് എന്നാണ്. ബിപി, കൊളസ്ട്രോൾ, പ്രമേഹം എന്നിവ ഉദാഹരണം. ഇതൊന്നുമില്ലാതെ പാരമ്പര്യമായി ഹൃദ്രോഗം വരുന്നത് അപൂർവമാണ്.

അടുത്ത രക്തബന്ധമുള്ളവരിൽ ഹൃദ്രോഗികൾ ഉണ്ടെങ്കിൽ പാരമ്പര്യഘടകം ശക്തമാണെന്നുറപ്പിക്കാം. പാരമ്പര്യം മാറ്റാനാവാത്തതുകൊണ്ട് അപകടഘടകങ്ങൾ കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കണം. ജീവിതശൈലി ആരോഗ്യകരമാക്കിയാൽ തന്നെ പാരമ്പര്യസാധ്യതയുള്ളവരിൽ ഹൃദ്രോഗം വരുന്നത് താമസിപ്പിക്കാൻ കഴിയും. അതായത് 40 ൽ വരാവുന്ന ഹൃദ്രോഗത്തെ 60 കളിലേക്കോ 80 കളിലേക്കോ ആക്കാം. പാരമ്പര്യ സാധ്യത ശക്തമായുള്ളവർക്ക് രക്തത്തിലെ കൊളസ്ട്രോൾ നിരക്ക് 150നു താഴെയായി നിലനിർത്താനായാൽ ഏറെ നല്ലത്. പാരമ്പര്യമായി ഉയർന്ന കൊളസ്ട്രോൾ സാധ്യത ഉള്ളവരിൽ വളരെ ചെറുപ്പത്തിലേ ഹൃദ്രോഗം വരാം. ഇവർ വളരെ കർശനമായി കൊളസ്ട്രോൾ നിയന്ത്രിച്ചു നിർത്തണം.

പാരമ്പര്യസാധ്യതയുള്ളവർ 40 വയസ്സു മുതലേ വർഷം തോറും ഹൃദ്രോഗ പരിശോധനകൾ നടത്തണം. വ്യായാമം മുടക്കരുത്. പുകവലി, മദ്യപാനം പോലുള്ള ചീത്ത ശീലങ്ങൾ പാടില്ല.

സ്ത്രീകളിലെ ഹൃദ്രോഗം തടയാൻ

പലരും ഹൃദ്രോഗവിദഗ്ധരോട് ഈയിടെയായി ചോദിക്കാറുള്ള ഒരു സംശയം–സ്ത്രീകൾക്ക് ഹൃദ്രോഗം വരുവാനുള്ള സാധ്യതയുണ്ടോ എന്നതാണ്. നിശ്ചയമായും സ്ത്രീകളിലും ഹൃദ്രോഗം ഉണ്ടാവുന്നതായി കണ്ടുവരുന്നു. നാൽപതു വയസ്സിൽ താഴെയുള്ളവരിൽ സാധാരണ ഹൃദയവാൽവിന്റെ രോഗമാണ് കാണുക. നാൽപതു വയസ്സിനു മുകളിലുള്ളവരിൽ അതായത് ആർത്തവം നിലച്ചശേഷം പുരുഷന്മാരുടെയത്രതന്നെ കൊറോണറി ഹൃദ്രോഗം വരാവുന്നതാണ്. ഈസ്ട്രജൻ എന്ന സ്ത്രീഹോർമോൺ ഒരു പരിധിവരെ ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നു. എന്നാൽ പ്രമേഹരോഗം നേരത്തേ വന്നവരിൽ ഈസ്ട്രജൻ ഉണ്ടെങ്കിൽ പോലും ഹൃദ്രോഗസാധ്യത വളരെ കൂടുതലാണ്.

ഉയർന്ന രക്തസമ്മർദവും കൊളസ്ട്രോളിന്റെ വർധിച്ച അളവും രോഗസാധ്യത കൂടുതലാക്കുന്നു. കൂടാതെ കാർഡിയോ മയോപ്പതി എന്ന ഹൃദയമാംസപേശിയുടെ ബലക്ഷയം, ജന്മനാ ഉണ്ടാകുന്ന ചില സുഷിരങ്ങൾ എന്നിവയും പുരുഷന്മാരിലെന്നപോലെ സ്ത്രീകളിലും കണ്ടുവരുന്നു.

ഹൃദ്രോഗലക്ഷണങ്ങളും സ്ത്രീകൾക്ക് പുരുഷന്മാരിൽ നിന്നും വ്യത്യാസമൊന്നുമില്ലാതെയാണ് കാണുന്നത്.

ഹൃദ്രോഗത്തെ പ്രതിരോധിക്കുവാൻ ഏറ്റവും ഫലപ്രദമായ മാർഗം ശരിയായ ജീവിത െെശലിയാണ് എന്ന് ഊന്നിപറയേണ്ടതാണ്. ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്ന മുകളിൽ പ്രതിപാദിച്ച അപകട ഘടകങ്ങൾ വരാതെ നോക്കുകയും അവ ശ്രദ്ധയിൽ പെട്ടാൽ ഉടനെ പ്രതിവിധി തേടി നിയന്ത്രിക്കുകയും ചെയ്താൽ ഹൃദ്രോഗം ഒരു വലിയ പരിധിവരെ തടയാനാകും.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. സി. അശോകൻ നമ്പ്യാർ
സീനിയർ കൺസൽറ്റന്റ്
ഹൃദ്രോഗവിഭാഗം
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്
hrdya84@gmail.com