കൊഴുപ്പും മധുരവും ഉപ്പും അധികമായി കഴിച്ചതിന്റെ ആഘാതത്തിൽ തകർന്ന ഹൃദയത്തിന് ഇനി വേണ്ടതു സൗമ്യമായ രുചിക്കൂട്ടുകളാണ്. ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ ഹൃദ്രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ഒരു പരിധി വരെ നിയന്ത്രിക്കുവാനും സങ്കീർണതകൾ കുറയ്ക്കുവാനും സാധിക്കുന്നു. ഇതാ ഹൃദയത്തിന് ഏറെ ആരോഗ്യകരമായ രണ്ട് സാലഡുകൾ ...
1. പ്രോട്ടീൻ വെജിറ്റബിൾ സാലഡ്
ചേരുവകൾ:
വൻപയർ (വേവിച്ചത്) – മുക്കാൽ കപ്പ്
രാജ്മ പയർ (കുതിർത്തു വേവിച്ചത്) – മുക്കാൽ കപ്പ്
പനീർ (ചതുരത്തിൽ മുറിച്ചത്)– കാൽ കപ്പ്
സ്വീറ്റ് കോൺ (ആവി കയറ്റിയത്)– മുക്കാൽ കപ്പ്
തക്കാളി (ചതുരത്തിൽ മുറിച്ചത്)–മുക്കാൽ കപ്പ്
ഉള്ളിത്തണ്ട് – അര കപ്പ്
മല്ലിയില കൊത്തി അരിഞ്ഞത് – 2 ടീസ്പൂൺ
സാലഡ് ഡ്രസിങ്ങ്
ഒലിവ് എണ്ണ – 2 ടേബിൾസ്പൂൺ
നാരങ്ങനീര് – 1 ടീസ്പൂൺ
വറ്റൽ മുളക് (ചതച്ചത്) – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഡ്രസിങ്ങിന്റെ ചേരുവകൾ നന്നായി യോജിപ്പിച്ചു മാറ്റി വയ്ക്കുക. ഒരു വലിയ ബൗളിൽ ഒന്നാം ചേരുവകളായ വേവിച്ച പയറുകൾ, പനീർ, തക്കാളി, സ്വീറ്റ് കോൺ, ഉള്ളിത്തണ്ട് ഇവ യോജിപ്പിക്കുക. ഇതു വിളമ്പുന്നതിനു മുൻപായി മല്ലിയില, രണ്ടാം ചേരുവകൾ ഇവ ചേർത്തു നന്നായി യോജിപ്പിച്ചു വിളമ്പുക.ആഹാരത്തിനു മുൻപു സാലഡ് ശീലമാക്കുക. പ്രമേഹനിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കുന്നതിനും സാലഡ് ഉത്തമമാണ്.
2. അവക്കാഡോ ബേബി ടൊമാറ്റോ സാലഡ്
ചേരുവകൾ
അവക്കാഡോ ചതുരത്തിൽ മുറിച്ചത് – ഒന്ന് വലുത്
സാലഡ് കുക്കുംബർ ചതുരത്തിൽ മുറിച്ചത് – ഒരു കപ്പ്
ബേബി ടൊമാറ്റോ ചതുരത്തിൽമുറിച്ചത് – ഒരു കപ്പ്
ഉള്ളി – കാൽ കപ്പ്
ഒലിവ് എണ്ണ – ഒരു ടേബിൾ സ്പൂൺ്
കോൺ (ആവിയിൽ വേവിച്ചത്) – കാൽ കപ്പ്
ലൈം ജ്യൂസ് – രണ്ടു ടേബിൾ സ്പൂൺ
ഉപ്പ്/കുരുമുളകുപൊടി –ആവശ്യത്തിന്
തയാറാക്കുന്ന വിധം:
1. ഒരു വലിയ ബൗളിൽ ചതുരത്തിൽ മുറിച്ച ചേരുവകൾ നന്നായി ചേർത്ത് ഇളക്കുക.
2. നാരങ്ങാനീരും പാകത്തിന് ഉപ്പും ചേർത്ത് ഫ്രിജിൽ വയ്ക്കുക. കഴിക്കാൻ നേരത്തു ഫ്രഷായി വിളമ്പുക. അവക്കാഡോയിൽ അടങ്ങിയ ബീറ്റാസിറ്റോസ്‌റ്റെറോൾ, ചീത്ത കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നതു കുറച്ച് നല്ല കൊളസ്ട്രോൾ ഉയർത്തുവാൻ സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിനു സഹായകമായ കൂടുതൽ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ മനോരമ ആരോഗ്യം 2024 ഒക്ടോബർ ലക്കത്തിൽ വായിക്കാം.
തയാറാക്കിയത്
ഡോ. ലക്ഷ്മി ശങ്കർ
സീനിയർ ഡയറ്റീഷൻ
മെട്രോമെഡ് ഇന്റർനാഷനൽ കാർഡിയാക് സെന്റർ,
കോഴിക്കോട്