Friday 30 July 2021 12:39 PM IST : By സ്വന്തം ലേഖകൻ

മാറാത്ത മുഖക്കുരു, കണ്ണിനു ചുറ്റും കറുപ്പുനിറം, അമിതരോമവളർച്ച: സൗന്ദര്യപ്രശ്നങ്ങൾക്ക് ഹോമിയോയിൽ ഉറപ്പുള്ള ചികിത്സ

beauthom

ഒരാളുടെ ആരോഗ്യത്തിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമാണു സൗന്ദര്യം. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നവരിൽ അതിന്റെ പ്രതിഫലനം ചര്‍മത്തിലും കാണാം. മുഖം മനസ്സിന്റെ കണ്ണാടി എന്നാണു പഴമൊഴി. മനസ്സിലെ വിഷമം, ദേഷ്യം തുടങ്ങി എല്ലാ വികാരങ്ങളും കൃത്യമായി മുഖത്തു പ്രതിഫലിക്കും.

മുഖം സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും കണ്ണാടിയാണ്. മുഖക്കുരു സ്ത്രീകളില്‍ മുഖവുമായി ബന്ധപ്പെട്ട പ്രധാന സൗന്ദര്യപ്രശ്നം മുഖക്കുരു തന്നെയാണ്. പെണ്‍കുട്ടികളില്‍ മാത്രമല്ല ആണ്‍കുട്ടികളിലും കൗമാരപ്രായമാകുന്നതോടെ മുഖക്കുരു പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ കാലഘട്ടത്തെ പ്യുബര്‍ട്ടി എന്നു പറയും. പെണ്‍കുട്ടികളിലാണ് മുഖക്കുരു കൂടുതൽ കാണുന്നത്. ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥി കൂടുതലായി സേബം ഉല്‍പാദിപ്പിക്കുകയും ചര്‍മത്തിലെ സുഷിരങ്ങള്‍ മുള്ളുപോലുള്ള അടപ്പ് കൊണ്ട് അടയ്ക്കപ്പെടുകയും ചെയ്യുന്നതാണ് മുഖക്കുരുവിന് അടിസ്ഥാന കാരണം.

ഇത്തരത്തില്‍ സുഷിരങ്ങള്‍ അടയുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സേബം പുറത്തുപോകാനാകാതെ അടിഞ്ഞുകൂടി അണുബാധ ഉണ്ടാകുന്നു. മുഖക്കുരു പലതരമുണ്ട്. കോമിഡോണ്‍ (Black & White heads) , ചെറിയ കുരുക്കള്‍ അഥവാ പാപ്യൂൾസ്, കുറച്ചുകൂടി വലുതായ പസ്ട്യൂൾസ് (Pustules) എന്നിങ്ങനെ മുഖക്കുരു കാണപ്പെടുന്നു. എണ്ണമയമുള്ള ചര്‍മമുള്ളവരിൽ മുഖക്കുരു കൂടുതലായി കാണുന്നു. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും മുഖക്കുരുവിനു കാരണമാകുന്നുണ്ട്.

സ്ത്രീകളില്‍ ആര്‍ത്തവത്തിനു മുന്‍പു മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. തലയില്‍ താരന്‍ ഉണ്ടെങ്കിലും മുഖക്കുരുവിനു സാധ്യത കൂടുതലാണ്. അങ്ങനെയുള്ളവര്‍ താരന്‍ ചികിത്സിച്ചു സുഖപ്പെടുത്തണം. ചിലര്‍ക്ക് മുട്ട, എണ്ണമയമുള്ള ഭക്ഷണം എന്നിവ കഴിച്ചാല്‍ മുഖക്കുരു കൂടാറുണ്ട്.

മുഖക്കുരു പൊട്ടിക്കരുത് ∙എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ഇടയ്ക്കിടെ ശുദ്ധമായ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. സോപ്പിനെക്കാള്‍ കടലമാവോ പയറുപൊടിയോ ആണു കൂടുതല്‍ ഉചിതം. ∙ അമിതമായി സ്ക്രബ് ചെയ്യരുത്. ∙ മുഖക്കുരു നഖം കൊണ്ടു ഞെക്കി പൊട്ടിക്കരുത്. അത് കറുത്ത പാട് വരുത്തും. ∙ ആര്‍ത്തവത്തകരാറുള്ളവര്‍ അതിനു ചികിത്സ തേടണം. ∙ ധാരാളം വെള്ളം കുടിക്കുക. ∙ പച്ചക്കറിയും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ∙ സാധാരണയിലധികം മുഖക്കുരു ഉണ്ടെങ്കില്‍ ചികിത്സ തേടുക.

കണ്ണിനു ചുറ്റും കറുപ്പുനിറം

മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും കട്ടികുറഞ്ഞ ചര്‍മമാണ് കണ്ണിനു ചുറ്റുമുള്ളത്. ഈ ഭാഗത്തെ രക്തക്കുഴലുകള്‍ ചര്‍മത്തിലൂടെ കാണുന്നതാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറത്തിനു കാരണം. പല കാരണങ്ങളാല്‍ ഇത് ഉണ്ടാകാം. ∙പാരമ്പര്യം: പാരമ്പര്യമായി കട്ടികുറഞ്ഞ ചര്‍മം ഉള്ളവരുടെ രക്തക്കുഴലുകള്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നു.

∙ അലര്‍ജി, ആസ്മ, എക്സിമ: കണ്ണിനു ചൊറിച്ചില്‍ ഉണ്ടാക്കുന്ന അലര്‍ജി, ആസ്മ, എക്സിമ തുടങ്ങിയവയും ചില ഭക്ഷണപദാര്‍ഥങ്ങളുടെ അലര്‍ജികളും ഇതിനു കാരണമാകുന്നു.

∙മരുന്നുകള്‍: ചില മരുന്നുകള്‍ രക്തക്കുഴലുകള്‍ വികസിക്കുന്നതിനു കാരണമാകും. കറുത്തനിറം കൂടുതലായി കാണും.

∙ അനീമിയ: രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് അനീമിയ വരുത്തുന്നത്. അയണിന്റെ കുറവ് കറുപ്പുനിറത്തിനു കാരണമാകുന്നു. ആവശ്യത്തിന് ഒാക്സിജന്‍ ലഭിക്കാത്തതും കറുപ്പുനിറത്തിനു കാരണമാകുന്നു.

∙ ഉറക്കക്കുറവ് മൂലമുള്ള ക്ഷീണം: ശരീരത്തിന് ആവശ്യമായ സമയം ഉറക്കം ലഭിക്കാത്തത് കണ്ണിനുചുറ്റും കറുപ്പുനിറം വരുത്തും.

∙ കരള്‍ സംബന്ധ രോഗങ്ങള്‍: കരള്‍ സംബന്ധമായ രോഗങ്ങള്‍ വരുമ്പോഴും കണ്ണിനു ചുറ്റും കറുപ്പുനിറം വരാറുണ്ട്. ∙ പ്രായം: പ്രായം കൂടുംതോറും ചര്‍മത്തിലെ കൊളാജന്‍ നഷ്ടപ്പെട്ട് ചര്‍മം കൂടുതല്‍ കട്ടികുറയും. െഎസ് പായ്ക്ക് വയ്ക്കാം ∙ ധാരാളം വെള്ളം കുടിക്കുക. എത്രത്തോളം വെള്ളം കുടിക്കുന്നുവോ ചർമം അത്രയും സുന്ദരമായിരിക്കും. ∙ ഏഴു മുതല്‍ എട്ടു മണിക്കൂര്‍ സുഖമായി ഉറങ്ങുക.

∙അടിസ്ഥാന രോഗങ്ങള്‍ ചികിത്സിച്ചു സുഖപ്പെടുത്തുക.

∙രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ആറുമാസം ഇടവിട്ടെങ്കിലും പരിശോധിക്കുക. ∙കണ്ണില്‍ െഎസ് പായ്ക്ക് വയ്ക്കുന്നതു താല്‍ക്കാലിക ശാന്തിയേകും. ∙ പഞ്ചസാര, കഫീന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ∙പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക. ഹോമിയോ ചികിത്സ അടിസ്ഥാന രോഗങ്ങളായ അലര്‍ജി, ആസ്മ, അനീമിയ, കരള്‍ സംബന്ധ പ്രശ്നങ്ങള്‍ എന്നിവ ചികിത്സിച്ചു മാറ്റുകയാണു പ്രധാനം.

ആഴ്സ് ആല്‍ബ് (Arse alb), നാട്രം കാര്‍ബ് (Natrum Carb), നക്സ് വോമിക്ക (Nux Vomica), െെചന (China),െെലക്കോപോടിയം (Lycopodium) തുടങ്ങിയ മരുന്നുകള്‍ ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കാം.

കൊളാസ്മ (െമലാസ്മ)

വളരെ സാധാരണമായി സ്ത്രീകളുടെ മുഖത്തു കണ്ടുവരുന്ന നിറവ്യത്യാസം ആണ് കൊളാസ്മ അഥവാ മെലാസ്മ. ഇതിനെ കരിമാംഗല്യം എന്നു പറയുന്നു. ചുറ്റുമുള്ള ചര്‍മത്തെക്കാള്‍ കൂടുതല്‍ ബ്രൗണ്‍ നിറത്തിലുള്ള അടയാളം (Patches) ആണിത്. ഇതു നെറ്റിയിലും കവിളിലും ചുണ്ടിന്റെ മുകള്‍ ഭാഗങ്ങളിലുമാണ് കാണുന്നത്. മിക്കവാറും രണ്ടു വശത്തും ഒരുപോലെയാണു കാണാറ്. ഹോര്‍മോണ്‍ വ്യതിയാനം ഉള്ളപ്പോഴാണ് ഇത് ഉണ്ടാകുന്നത്. ആര്‍ത്തവവിരാമത്തില്‍ എത്തിയ സ്ത്രീകളിലാണ് ഇതു കൂടുതലായി കാണുന്നത്. ഗര്‍ഭിണികളിലും കാണാറുണ്ട്. ഇതു പ്രസവത്തോടെ അപ്രത്യക്ഷമാകും.

ഹോര്‍മോണ്‍ ചികിത്സ നടത്തുമ്പോഴും ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുമ്പോഴും സൂര്യപ്രകാശമേല്‍ക്കുന്നതു മൂലവും ഇതു കൂടുതലായി ഉണ്ടാകുന്നു. ചില സൗന്ദര്യവര്‍ധക വസ്തുക്കളും, അണ്ഡാശയ, െെതറോയ്ഡ് രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളും ഇതിനെ ബാധിക്കാറുണ്ട്. അഡിസണ്‍സ് ഡിസീസിലും മെലാസ്മ കാണാറുണ്ട്. പ്രസവശേഷം മാറും ഗര്‍ഭിണികളില്‍ പ്രസവശേഷം കുറച്ചു മാസങ്ങള്‍ കൊണ്ട് ഇത് അപ്രത്യക്ഷമാകും. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍ അവ നിര്‍ത്തിക്കഴിഞ്ഞാല്‍ ഇതു തനിയെ മാറും. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. ആഴ്സ് ആല്‍ബ് (Arse alb), സെപ്പിയ (Sepia), സള്‍ഫര്‍ (Sulphur), കോളോ െെഫലം (Caulo Phyllum), െെലക്കോപോഡിയം (Lycopodium) തുടങ്ങിയ മരുന്നുകള്‍ ലക്ഷണങ്ങള്‍ക്കും രോഗിയുടെ പ്രത്യേകതകള്‍ക്കും അനുസരിച്ച് ഉപയോഗിക്കാം.

അമിത രോമ വളര്‍ച്ച

പുരുഷഹോര്‍മോണായ ആന്‍ഡ്രോജന്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് സ്ത്രീകളുടെ മുഖത്ത് അമിത രോമവളര്‍ച്ച ഉണ്ടാകുന്നത്. ഇതിനെ ഹിർസുറ്റിസം (Hirsuitism) എന്നുപറയും. മുഖത്തു ചുണ്ടിനു മുകളിലും താടിയിലും രോമവളര്‍ച്ച ഉണ്ടാകും. കൂടാതെ നെഞ്ചിലും പുറത്തും രോമം വരാം. കട്ടികൂടിയതും കറുത്തതുമായ രോമങ്ങളാണ് ഉണ്ടാകുന്നത്. ഈ സ്ത്രീകളില്‍ മുഖക്കുരുവും ആര്‍ത്തവ തകരാറും കാണാറുണ്ട്. പുരുഷന്റേതുപോലെയുള്ള ശബ്ദവും മസിലുകളും മറ്റൊരു പ്രത്യേകതയാണ്.

അമിത ശരീരഭാരവും ഇതിനോടു ബന്ധപ്പെട്ടു കാണാറുണ്ട്. പോളിസിസ്റ്റിക് ഒാവറി സിന്‍ഡ്രോം (PCOD), കുഷിങ് സിന്‍ഡ്രോം (Cushing Syndrome), ഒാവറി, അഡ്രീനല്‍, പിറ്റ്യൂട്ടറി എന്നിവിടങ്ങളിലെ മുഴകള്‍, െെതറോയ്ഡ് ഗ്രന്ഥിയിലെ അസുഖങ്ങള്‍ തുടങ്ങിയവ അമിത രോമവളര്‍ച്ചയ്ക്കു കാരണമാകാറുണ്ട്. അമിത രോമവളര്‍ച്ച ഉള്ളവര്‍ ഹോര്‍മോണ്‍ അളവുകള്‍ പരിശോധിക്കണം. പോളിസിസ്റ്റിക് ഒാവറി, മറ്റു മുഴകള്‍ എന്നിവ ഉണ്ടോയെന്നു നിർണയിച്ചു ചികിത്സിക്കണം.

േഡാ. വി.കെ. പ്രിയദർശിനി

ജില്ലാ മെഡിക്കൽ ഒാഫിസർ (ഹോമിയോ), കോട്ടയം

Tags:
  • Manorama Arogyam
  • Beauty Tips