Tuesday 17 August 2021 02:22 PM IST : By സ്വന്തം ലേഖകൻ

ഇന്‍സുലിന്‍ ആണോ ഗുളികയാണോ പ്രമേഹചികിത്സയ്ക്ക് നല്ലത്?: മരുന്നു സംശയങ്ങൾ അകറ്റാം

insulin

പ്രമേഹ ചികിത്സ തുടരുന്ന രോഗികൾക്ക് ഏറ്റവുമധികം സംശയമുള്ളത് മരുന്നുകളെക്കുറിച്ചാണ്. വളരെ സാധാരണമായി ചോദിക്കുന്ന സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടികളിതാ...

Qപ്രമേഹമുണ്ടെന്ന് അറിഞ്ഞാല്‍ ഉടനെ മരുന്നുകള്‍ തുടങ്ങണോ?

രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുതലാണെന്ന് ആദ്യമായി കണ്ടാല്‍ ഉടന്‍ തന്നെ മരുന്നു തുടങ്ങണമെന്ന് നിര്‍ബന്ധമില്ല. ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് പ്രമേഹം നിയന്ത്രണത്തിലാക്കാന്‍ സാധിക്കും. വ്യായാമവും കൃത്യമായുള്ള ഭക്ഷണക്രമവും കൊണ്ടു രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാം. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ തുടക്കത്തില്‍ തന്നെ മരുന്നു വേണ്ടിവരാം.

ശരീരം െമലിയല്‍, കടുത്തക്ഷീണം പോലുള്ള പ്രമേഹലക്ഷണങ്ങള്‍ കണ്ടാല്‍ ചില രോഗികളില്‍ തുടക്കത്തില്‍ തന്നെ മരുന്നുകള്‍ നല്‍കാറുണ്ട്. ഇതു ഡോക്ടറുടെ തീരുമാനമാണ്. ചില രോഗികള്‍ക്ക് ജീവിത െെശലീ മാറ്റങ്ങള്‍ ആവാം, മറ്റു ചിലര്‍ക്ക് ഗുളികകള്‍ ആവാം, ചുരുക്കം ചിലര്‍ക്ക് ഇന്‍സുലിനും വേണ്ടിവരാം.

Qമരുന്നു തുടങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടി വരില്ലേ?

മിക്ക രോഗികളുടെ കാര്യത്തിലും ഇതു സത്യമാണ്. എന്നാല്‍ അതു പ്രമേഹം ഏതു തരമാണ് എന്നതിനെ അനുസരിച്ച് ഇരിക്കും. െെടപ്പ് 1 പ്രമേഹമാണ് എങ്കില്‍ ശരീരത്തില്‍ ഇന്‍സുലിന്റെ അഭാവമാണ്. അവര്‍ക്ക് ഇന്‍സുലിന്‍ ജീവിതകാലം എടുക്കേണ്ടതായിവരും. െെടപ്പ് 2 പ്രമേഹം, MODY (Maturity Onset Diabetes in Young) പോലുള്ള തരങ്ങളില്‍ ഗുളിക കഴിക്കേണ്ടതായും, ചില പ്പോൾ ഇന്‍സുലിന്‍ എടുക്കേണ്ടിയും വരും.

ഗര്‍ഭകാലപ്രമേഹരോഗികളിൽ മരുന്നുകള്‍ നിര്‍ത്താന്‍ പറ്റുമെങ്കിലും മിക്കവാറും ഭാവിയില്‍ െെടപ്പ് 2 പ്രമേഹമായി മാറാം. അമിതവണ്ണമുള്ള െെടപ്പ് 2 പ്രമേഹക്കാരില്‍ ഇപ്പോള്‍ ചില പ്രത്യേക ചികിത്സാരീതികള്‍ ഉപയോഗിച്ച് (Low calorie diet, Bariatric surgery etc.) ശരീരഭാരം കുറച്ചാല്‍ മരുന്നുകള്‍ നിര്‍ത്താനായേക്കും. എന്നാല്‍ ഇവ ഒരു ഡോക്ടറുടെ മേല്‍നോട്ടത്തിലേ പാടുള്ളൂ. ചിലരിൽ ആദ്യമേ ഇന്‍സുലിന്‍ ചികിത്സാരീതി വഴി കുറെക്കാലം മരുന്നുകള്‍ നിര്‍ത്താന്‍ സാധിക്കാറുണ്ട്. മരുന്നു നിർത്താനായവരും കൃത്യമായ ഇടവേളകളില്‍ ടെസ്റ്റ് ചെയ്യുകയും ഫോളോ–അപ്പ് നടത്തുകയും വേണം.

Qഇന്‍സുലിന്‍ ആണോ ഗുളികയാണോ പ്രമേഹചികിത്സയ്ക്ക് നല്ലത്?

പ്രമേഹ സ്വഭാവം അനുസരിച്ച് ഗുളികയാണോ, ഇന്‍സുലിന്‍ ആണോ വേണ്ടത് എന്നു ഡോക്ടറാണ് തീരുമാനിക്കുന്നത്. െെടപ്പ് 2 പ്രമേഹത്തിന് സാധാരണ തുടക്കത്തില്‍ ഗുളിക കൊണ്ടു മാത്രം നിയന്ത്രിക്കാനായേക്കും. പിന്നീട് ആവശ്യമെങ്കില്‍ ഇന്‍സുലിന്‍ ചികിത്സ നല്‍കിയാൽ മതി. ശരീരത്തിലെ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തകരാറിലാകുകയോ ഇന്‍സുലിന്റെ ശരീരത്തിലെ ഉല്‍പാദനത്തിനു ഗണ്യമായ കുറവു വരികയോ ചെയ്യുമ്പോഴാണ് ഇൻസുലിൻ വേണ്ടിവരുക.

പ്രമേഹസങ്കീര്‍ണതകള്‍ സാരമായി ബാധിച്ചാലും ഇന്‍സുലിന്‍ വേണ്ടിവരും. ഇന്‍സുലിനായാലും ഗുളികയായാലും പ്രമേഹം പൂര്‍ണമായി നിയന്ത്രണത്തിലാണെങ്കില്‍, ഭയം വേണ്ട.

Q ഇന്‍സുലിന്‍ തുടങ്ങിയാല്‍ പാന്‍ക്രിയാസ് ഗ്രന്ഥി ജോലി ചെയ്യാതെ നശിച്ചുപോവില്ലേ?

ഇല്ല! ഇന്‍സുലിന്‍ പുറമേ നിന്നു കുത്തിവെയ്പായി കൊടുത്തെന്നു കരുതി പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം നിലച്ചുപോവില്ല. രോഗിക്ക് പുറമേ നിന്ന് ഒരു സഹായം എന്ന നിലയ്ക്കാണ് ഇതു കാണേണ്ടത്. പ്രമേഹരോഗിയുെട ശരീരത്തില്‍ പാന്‍ക്രിയാസില്‍ നിന്നുള്ള ഇന്‍സുലിന്‍ ഉത്പാദനം കുറവായിരിക്കും. അതിനെ മറികടക്കാന്‍ ഗുളികകള്‍ വഴി ശരീരത്തിലെ ഇന്‍സുലിനോടുള്ള പ്രതിരോധം കുറയ്ക്കുക, കരള്‍ വഴി ഉല്‍പാദിപ്പിക്കുന്ന ശരീരത്തിലെ പഞ്ചസാരയുടെ അളവു ക്രമപ്പെടുത്തുക മുതലായവയോ, അല്ലെങ്കില്‍ ആവശ്യമെന്നു കണ്ടാല്‍ പുറമേ നിന്നു ഇന്‍സുലിന്‍ കൊടുക്കുകയോ വേണം. പ്രമേഹമെന്ന രോഗാവസ്ഥ കാരണം ക്രമേണ പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളില്‍ കുറവു വരികയോ, ഇല്ലാതാവുകയോ ചെയ്യാം. കൃത്യമായ രോഗനിര്‍ണയവും ചികിത്സയും വഴി ഇതു തടയാനും ഒരുപരിധി വരെ സാധിക്കും.

Qഇന്‍സുലിന്‍ പെന്‍ ആണോ സാധാരണ ഇന്‍ജക്‌ഷന്‍ ആണോ നല്ലത്?

ഇന്‍സുലിന്‍ പെന്‍ സൂചിയുടെ വലുപ്പം 4mm മാത്രമാണ്. ഇതിനാല്‍ വേദന കുറവാണ്. പെന്‍ ആണെങ്കില്‍ ഫ്രിജില്‍ സൂക്ഷിക്കണമെന്ന് നിര്‍ബന്ധവുമില്ല. കൊണ്ടു നടക്കാനും യാത്രാവേളകളിലും പെന്‍ ആണ് സൗകര്യപ്രദം. സാധാരണ ഇന്‍സുലിന്‍ ഇന്‍ജക്‌ഷൻ സൂചിയുടെ വലുപ്പം 8mm ആണ്. ഇവ വേദന ഉണ്ടാക്കാം. മാത്രമല്ല ഫ്രിജിലോ അല്ലെങ്കില്‍ തണുപ്പിച്ചോ സൂക്ഷിക്കണം. എന്നാല്‍ വിലയിൽ ഗണ്യമായ കുറവുണ്ട്.

Q ഇന്‍സുലിന്‍ ഡോസ് സ്വയം കുറയ്ക്കാനും കൂട്ടാനും സാധ്യമാണോ?

രണ്ട് യൂണിറ്റ് അല്ലെങ്കില്‍ പരമാവധി 4 യൂണിറ്റ് വരെ ഇന്‍സുലിന്‍ ഡോസ് കൂട്ടാനോ കുറയ്ക്കാനോ രോഗിക്ക് അധികാരമുണ്ട്. ഇതില്‍ കൂടുതല്‍ മാറ്റം വരുത്തേണ്ട അവസ്ഥ ആണെങ്കില്‍ ഡോക്ടറെ ബന്ധപ്പെടുന്നതാണ് നല്ലത്. ഇന്‍സുലിന്‍ സ്വയം നിര്‍ത്താതിരിക്കുക.

ഇൻസുലിൻ ശരീരത്തിലെവിടെയും കുത്തിവയ്ക്കാമോ?

പറ്റില്ല. സ്വയം കുത്തിവയ്ക്കുന്നവരാണെങ്കില്‍ തുടയുടെ പുറംഭാഗങ്ങളിലോ, വയറിൽ–പൊക്കിളിനു ചുറ്റും 4 സെ.മീ. ഒഴിച്ചുള്ള ഭാഗങ്ങളിലോ ഇന്‍സുലിന്‍ ഇന്‍ജക്‌ഷന്‍ എടുക്കുക. മറ്റുള്ളവരാണ് ഇന്‍ജക്‌ഷന്‍ എടുത്തു തരുന്നതെങ്കില്‍ െെകയില്‍ തോളെല്ലിന് താഴെ പുറകുഭാഗത്തായിട്ടും കുത്തിവയ്ക്കാന്‍ സാധിക്കും. കുത്തിവയ്പ് എടുക്കുന്നവര്‍ കുത്തുന്ന സ്ഥലം ഒാേരാ തവണയും മാറ്റി എടുക്കാന്‍ ശ്രദ്ധിക്കണം. ഒരേ സ്ഥലത്ത് ഒരുപാടു തവണ തുടര്‍ച്ചയായി കുത്തിയാല്‍ തൊലിക്കടിയില്‍ മാറ്റങ്ങള്‍ വരാം, ഇത് ഇന്‍സുലിന്റെ ആഗിരണത്തെ ബാധിക്കുകയും ചെയ്യാം.

Qഇന്‍സുലിന്‍ എടുത്ത് തുടങ്ങിയാല്‍ നിര്‍ത്താന്‍ പറ്റുമോ?

മിക്കവാറും ആള്‍ക്കാരില്‍ ഇന്‍സുലിന്‍ എടുത്തു തുടങ്ങിയാലും നിര്‍ത്താന്‍ സാധിക്കാറുണ്ട്. ഇതു രണ്ടു കാര്യത്തെ ആശ്രയിച്ചിരിക്കും. (1) നിങ്ങള്‍ക്ക് ഇന്‍സുലിന്‍ തുടങ്ങാനിടയായ സാഹചര്യം. (2) നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനത്തിന്റെ അളവ്. ഇന്‍സുലിന്‍ തുടങ്ങാനും നിര്‍ത്താനുമുള്ള തീരുമാനം ഡോക്ടര്‍ക്കു വിടുക.

Qപ്രമേഹരോഗി മധുരം കഴിക്കുന്നത് പാന്‍ക്രിയാസിനു നല്ലതാണോ?

പൂര്‍ണമായും തെറ്റായ ചിന്താഗതിയാണിത്. പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ച് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാന്‍ മധുരം കഴിക്കാമെന്നത് അപകടകരമായ അബദ്ധമാണ്. സാധാരണ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഘടകങ്ങള്‍ തന്നെ ഇതു ചെയ്യുന്നുണ്ട്. നിങ്ങള്‍ ഏതു ഭക്ഷണം കഴിച്ചാലും പാന്‍ക്രിയാസ് പ്രവര്‍ത്തിക്കും. ഇതിനായി പഞ്ചസാര അടങ്ങുന്ന ഭക്ഷണമോ, ലഡ്ഡുവോ കഴിക്കേണ്ടതില്ല. പ്രമേഹമുള്ളവര്‍ പഞ്ചസാര ചേര്‍ത്തുള്ള ഭക്ഷണം കഴിക്കുമ്പോൾ പാന്‍ക്രിയാസിനു ഏല്‍പിക്കുന്നത് ആഘാതമാണ്.

‘െെവറ്റ് പോയിസണ്‍’ എന്നാണു പഞ്ചസാരയുടെ മറ്റൊരു വിളിപ്പേര്. മധുരം കഴിച്ച് ഇത്തരത്തില്‍ രക്തത്തിലെ പഞ്ചസാര കൂട്ടിയാല്‍ ‘ഗ്ലൂക്കോ ടോക്സിറ്റി’ (Gluco toxcity) എന്ന പ്രക്രിയ കാരണം നിങ്ങളുടെ പാന്‍ക്രിയാസിലെ ബീറ്റാസെല്‍ കോശങ്ങള്‍ കാലക്രമേണ നശിച്ചുപോവുകയും പ്രമേഹം തീവ്രതയിലേക്ക് എത്തുകയും ചെയ്യും.

insulin-1

Q പലതരം പ്രമേഹ ഗുളികകള്‍ എന്തിനാണ്? ഒാേരാന്നും ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

പ്രധാനമായും ആറ് വിഭാഗങ്ങളില്‍പ്പെട്ട ഗുളികകളാണ് െെടപ്പ്–2 പ്രമേഹരോഗിക്ക് നൽകുന്നത്. ഇവ വളരെ വ്യത്യസ്തമായ തരത്തിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചിലര്‍ കഴിക്കുന്നത് ഇത്തരത്തിലുള്ള മരുന്നുകളുടെ കോമ്പിനേഷനുകളായിരിക്കാം. അതു മനസ്സിലാക്കാന്‍ നിങ്ങളുടെ ഗുളികയില്‍ അടങ്ങിയിരിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ മതിയാകും.

A. മെറ്റ്ഫോര്‍മിന്‍ (Metformin)

60 വര്‍ഷത്തിലധികമായി പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഗുളികകയാണു മെറ്റ്ഫോര്‍മിന്‍. പ്രമേഹചികിത്സ കൂടാതെ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം പോലുള്ള അസുഖങ്ങള്‍ക്കും നല്‍കിവരുന്ന ഈ ഗുളികകയ്ക്ക് കാന്‍സറിനെ പ്രതിരോധിക്കാനുള്ള േശഷിയുണ്ടെന്നും ചില പഠനങ്ങള്‍ പറയുന്നു. പ്രമേഹമുള്ളവരുടെ ശരീരത്തിലെ ഇന്‍സുലിനെതിരായുള്ള പ്രതിരോധം കുറയ്ക്കാന്‍ െമറ്റ്ഫോര്‍മിന്‍ സഹായിക്കുന്നു. ഇതു കൂടാതെ കരളില്‍ നിന്നുള്ള പഞ്ചസാരയുടെ ഉല്‍പാദനം കുറയ്ക്കുകയും, പേശിയിലേക്കും കരളിലെ കോശങ്ങളിലേക്കുമുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കൂട്ടുകയും വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ്, പ്രധാനമായും ഫാസ്റ്റിങ് ഷുഗര്‍ കുറയ്ക്കാന്‍ ഇവ വഴിവയ്ക്കുന്നു.

B. സള്‍ഫണില്‍ യൂറിയ മരുന്നുകള്‍

ഇവയുടെ പ്രധാന ധര്‍മം പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ചു കൂടുതല്‍ ഇന്‍സുലിന്‍ പുറന്തള്ളാന്‍ സഹായിക്കുക എന്നതാണ്. ഗുളികകളുടെ കൂട്ടത്തില്‍ ഏറ്റവും ശക്തിയേറിയവയില്‍ പെടുന്നതാണ് ഈ കാറ്റഗറി മരുന്നുകള്‍. ഇത്തരം മരുന്നുകള്‍ ഭക്ഷണം കഴിക്കുന്നതിനു മുന്‍പേ കഴിക്കേണ്ടതാണ്.

C. DPP4-ഇന്‍ഹിബിറ്ററുകള്‍

ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും ഭക്ഷണശേഷമുള്ള ഇന്‍സുലിന്റെ പുറന്തള്ളലിന് സഹായിക്കാനും ഇത്തരം ടാബ് ലറ്റുകള്‍ സഹായിക്കും. ഭക്ഷണത്തിനു മുന്‍പേ കഴിക്കുന്നത് അത്യുത്തമം, ഭക്ഷണശേഷം കഴിച്ചാലും പ്രശ്നങ്ങളില്ല. മെറ്റ്ഫോര്‍മിന്‍ പോലെ തന്നെ, ഇത്തരം ഗുളികകള്‍ ബ്ലഡ് ഷുഗര്‍ ഒരുപാടു കുറച്ചുകളയുന്നില്ല. അതു കാരണം ലോ ഷുഗറിനുള്ള സാധ്യതകള്‍ കുറവാണ്.

D. SGLT-2 ഇന്‍ഹിബിറ്ററുകള്‍

പ്രമേഹചികിത്സയിലെ നൂതനമായ ഗുളികകളില്‍ ഒന്നാണിത്. അമിതമായി വരുന്ന ഷുഗറിനെ മൂത്രം വഴി കളയാന്‍ സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ നീര് കുറക്കാനും ഇവ സഹായിക്കുന്നു. ഈ വിഭാഗത്തിലെ മിക്ക മരുന്നുകളും ഹൃദയം, വൃക്ക മുതലായ അവയവങ്ങളുടെ സംരക്ഷണത്തിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും രക്തസമ്മര്‍ദം താഴ്ത്താനും ഈ ഗുളികകള്‍ക്ക് സാധിക്കും. ഇതിന്റെ വില അല്പം കൂടുതലാണെന്നതിനാല്‍ ആവശ്യമുള്ള രോഗികള്‍ക്ക് മാത്രമാണ് ഇത്തരം ഗുളികകള്‍ കൊടുക്കാറുള്ളത്.

അരിഭക്ഷണം ധാരാളം കഴിക്കുന്നവരില്‍ ഭക്ഷണശേഷമുള്ള ഷുഗര്‍ കൂടുന്നതു തടയുന്ന ആല്‍ഫാ–ഗ്ലൂക്കോസിഡേസ് ഇന്‍ഹിബിറ്ററുകള്‍, ശരീരത്തിലെ ഇന്‍സുലിനെതിരായ പ്രതിരോധം കുറയ്ക്കുന്ന തയാസോലിഡിന്‍ഡയോണുകള്‍ എന്നിവയും പ്രമേഹ രോഗികൾക്ക് നൽകാറുണ്ട്.

insulin-2

Q പ്രമേഹമരുന്നു കൂടാതെ മറ്റു പല മരുന്നുകളും ഡോക്ടര്‍ കുറിച്ചു കൊടുക്കുന്നു. ഇത് ആവശ്യമാണോ?

തീര്‍ച്ചയായും ആവശ്യമാണ്. ഒരു പ്രമേഹരോഗിയില്‍ പ്രമേഹം നിയന്ത്രിച്ചതുകൊണ്ടു മാത്രം സങ്കീര്‍ണതകളില്‍ നിന്നു രക്ഷപ്പെടണമെന്നില്ല. നിങ്ങളുടെ രക്തസമ്മര്‍ദം നിലയ്ക്കു നിര്‍ത്താന്‍ ഗുളിക ആവശ്യമാണെങ്കില്‍ അതും കഴിക്കണം. ചീത്ത കൊളസ്ട്രോള്‍ ആയ LDL 100 mg/dlനു മുകളില്‍ ആണെങ്കില്‍ അതിനും ഒരുപക്ഷേ, ഗുളികകള്‍ തന്നെന്നുവരാം. മൂത്രത്തില്‍ പത, അല്ലെങ്കില്‍ പ്രോട്ടീന്‍ ലീക്ക് ഉള്ള രോഗിക്ക് അതു ചികിത്സിക്കാനുള്ള മരുന്നു കൊടുത്തെന്നും വരാം. ഇതൊന്നും കൂടാതെ ചില രോഗികള്‍ വൈറ്റമിന്‍ ബി–കോംപ്ലക്സ്, വൈറ്റമിന്‍ ഡി പോലുള്ള ഗുളികകള്‍ ആവശ്യമാണെന്ന് കണ്ടാല്‍ ടെസ്റ്റ് ചെയ്തു കൊടുക്കാറുണ്ട്.

പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ വന്നിട്ടുള്ളവര്‍ക്ക് അതിന്റെ ചികിത്സയും ഉള്‍പ്പെടുത്താറുണ്ട്. ഇങ്ങനെ പ്രമേഹമുള്ള ഒരാള്‍ക്ക് അത്യാവശ്യം എന്നു കണ്ടാല്‍ മാത്രം ചില മരുന്നുകള്‍ അധികമായി കൊടുക്കാറുണ്ട്. അവ ഒാരോന്നിനും വ്യക്തമായ കാരണങ്ങളുമുണ്ട്. ഇത്തരം മരുന്നുകളെക്കുറിച്ച് ഡോക്ടറോടു ചോദിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുക. ഒരു കാരണവാശാലും ഈ മരുന്നുകളും ഡോക്ടറുടെ നിർദേശമില്ലാതെ നിർത്തരുത്

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. വി. മോഹൻ

ചെയർമാൻ & ചീഫ്
ഡയബറ്റോളജിസ്റ്റ്,
ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷൽറ്റി സെന്റർ,
ചെന്നൈ
ഡോ. അശ്വിൻ മുകുന്ദൻ

കൺസൽറ്റന്റ്
ഡയബറ്റോളജിസ്റ്റ്,
ഡോ. മോഹൻസ് ഡയബറ്റിസ്
സ്പെഷൽറ്റി സെന്റർ,
കോഴിക്കോട്