Friday 16 July 2021 02:41 PM IST : By സ്വന്തം ലേഖകൻ

അടിവയറ്റില്‍ ഭാരം, മൂത്രത്തില്‍ രക്തം: വൃക്കയിലെ കാന്‍സര്‍ പിടികൂടുന്നത് ഏത് പ്രായക്കാരം: അറിയേണ്ടതെല്ലാം

maitra32433

ആയിരം പുരുഷന്മാരില്‍ 2 പേര്‍ക്കും ആയിരം സ്ത്രീകളില്‍ ഒരാള്‍ക്കും എന്ന നിലയിലാണ് വൃക്കയിലെ കാന്‍സര്‍ കാണപ്പെടുന്നത്. ഓരോ വര്‍ഷവും ലോകത്താകമാനം 431000 പേര്‍ക്ക് കിഡ്‌നി കാന്‍സര്‍ സ്ഥിരീകരിക്കപ്പെടുന്നു. അത്ര തന്നെയോ ഒരു പക്ഷെ അതിലേറെയോ ആളുകള്‍ ഒരു പക്ഷെ രോഗം തിരിച്ചറിയാതെ ജീവിക്കുന്നുമുണ്ടാകും. ഏറ്റവും കൂടുതല്‍ പേരില്‍ കാണപ്പെടുന്ന കാന്‍സര്‍ രോഗത്തിന്റെ വകഭേദങ്ങളില്‍ 12ാം സ്ഥാനമാണ് വൃക്കയിലെ കാന്‍സറിനുള്ളത്.

എന്താണ് വൃക്കയിലെ കാന്‍സര്‍

മനുഷ്യശരീരത്തിലെ ഉദരത്തിന്റെ പിന്‍ഭാഗത്ത് നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായി കാണപ്പെടുന്ന ഒരു ജോടി അവയവങ്ങളാണ് വൃക്കകള്‍. ഒരു വ്യക്തിയുടെ ചുരുട്ടിയ മുഷ്ടിയുടെ വലുപ്പമാണ് ഒരു വൃക്കയ്ക്കുണ്ടാവുക. ശരീരത്തിലെ മാലിന്യങ്ങളെ വേര്‍തിരിച്ച് പുറം തള്ളുക എന്ന ഏറെ നിര്‍ണ്ണായകമായ ദൗത്യം നിര്‍വ്വഹിക്കുന്നത് വൃക്കകളാണ്. ഇതിന് പുറമെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിലും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ സ്വാധീനിക്കുന്നതിലും വൃക്കകള്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്.

വൃക്കയിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് വിഭജിച്ച് മുഴകള്‍, വളര്‍ച്ചകള്‍, പാടുകള്‍ മുതലായവയായി രൂപാന്തരപ്പെടുന്നതാണ് വൃക്കയിലെ കാന്‍സര്‍. വിവിധ തരത്തിലുള്ള കാന്‍സറുകള്‍ വൃക്കയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇതില്‍ റീനല്‍ സെല്‍ കാര്‍സിനോമ (Renal cell Carcinoma) യാണ് ഏറ്റവും സാധാരണയായി കാണപ്പെടുന്ന കാന്‍സര്‍ വിഭാഗം. റീനല്‍ അഡിനോ കാര്‍സിനോമ (Renal Adeno Carcinoma), ഹൈപ്പര്‍ നെഫ്രോമ (Hyper Nephroma) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. വൃക്കയിലെ റീനല്‍ പെല്‍വിസില്‍ കാണപ്പെടുന്ന മറ്റൊരു തരം കാന്‍സറാണ് ട്രാന്‍സിഷിനല്‍ സെല്‍ കാര്‍സിനോമ (Transitional Cell Carcinoma). ഇത് മൂത്രാശയ കാന്‍സറുമായി സാദൃശ്യമുള്ളതാണ്. കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്നതാണ് വില്‍മ്‌സ് ട്യൂമര്‍ (Wilms Tumour). ഇത് പ്രായമായവരില്‍ കാണപ്പെടുന്ന കാന്‍സറില്‍ നിന്ന് വ്യത്യാസമുള്ളാണ്.

രോഗസാധ്യത കൂടുതല്‍ ആര്‍ക്കൊക്കെയാണ്?

പൊതുവെ നാല്‍പ്പത് വയസ്സിന് മുകളിലുള്ളവരിലാണ് കൂടുതലായും വൃക്കയിലെ കാന്‍സര്‍ കാണപ്പെടുന്നത്. എന്നാല്‍ നാല്‍പ്പത് വയസ്സിന് താഴെ പ്രായമുള്ളവര്‍ പൂര്‍ണ്ണമായും സുരക്ഷിതരാണെന്ന് കരുതുകയും ചെയ്യരുത്. വൃക്കയിലെ കാന്‍സറിന് ഏതെങ്കിലും ഒരു പ്രത്യേക കാരണം മാത്രമായി ചൂണ്ടിക്കാണിക്കല്‍ പ്രായോഗികമല്ല. എങ്കിലും പുകവലി, അമിതവണ്ണം, രക്താതിസമ്മര്‍ദ്ദം എന്നിവയുള്ളവരില്‍ രോഗസാധ്യത കൂടുതലായി കാണപ്പെടുന്നുണ്ട്. പുകവലിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് മടങ്ങ് രോഗബാധിതനാകുവാനുള്ള സാധ്യത നിലനില്‍ക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘകാല ഡയാലിസിസ് നടത്തുന്നവരിലും വൃക്കയിലെ കാന്‍സര്‍ ചിലപ്പോള്‍ കാണപ്പെടാറുണ്ട്.

വോണ്‍ ഹിപ്പെല്‍ ലിന്‍ഡോ സിന്‍ഡ്രോം (Von Hippel-Leindau Syndrome) ഉള്ളവരില്‍ വൃക്കയിലെ കാന്‍സറിന് സാധ്യത കൂടുതലാണ്. കൂടാതെ ആസ്ബറ്റോസ്, കാഡ്മിയം മുതലായ വസ്തുക്കളുമായും ചില പ്രത്യേകം രാസപദാര്‍ത്ഥങ്ങളുമായും അടുത്തിടപഴകുന്നവര്‍ക്കും ഇരുമ്പ് വ്യവസായ ശാലകളിലും ചൂളകളിലും മറ്റും ജോലിചെയ്യുന്നവര്‍ക്കും വൃക്കയിലെ കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

രോഗലക്ഷണങ്ങള്‍

മൂത്രത്തില്‍ രക്തം, വൃക്കയുടെ വശങ്ങളില്‍ വിട്ടുമാറാത്ത വേദന

വൃക്കയുടെ വശത്തോ, അടിവയറ്റിലോ കട്ടിയുള്ളതായി അനുഭവപ്പെടുക

അകാരണമായ ഭാരക്കുറവ്

തുടര്‍ച്ചയായ പനി

വിട്ടുമാറാത്ത ക്ഷീണം

ആരോഗ്യം ക്ഷയിക്കുക

പെട്ടെന്നുള്ള അമിത രക്തസമ്മര്‍ദ്ദം

നടുവേദന

ശരീരഭാരം കുറയുക

മുതലായ വൃക്കയിലെ കാന്‍സറിന്റെ പൊതുവായ ലക്ഷണങ്ങളാണ്. എന്നാല്‍ വൃക്കയിലെ അണുബാധ, നിരുപദ്രവകാരികളായ മുഴകള്‍ മുതലയാവയ ഉള്‍പ്പെടെ പല രോഗങ്ങള്‍ക്കും ഇതേ ലക്ഷണങ്ങള്‍ കാണപ്പെടാം. അതിനാല്‍ അമിതമായ ഉത്കണ്ഠ ആവശ്യമില്ല. എങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാന്‍ പെട്ടെന്ന് തന്നെ യൂറോളജിസ്റ്റിനെ സന്ദര്‍ശിച്ച് കാന്‍സര്‍ ബാധിതനല്ല എന്ന് ഉറപ്പ് വരുത്തണം.

രോഗനിര്‍ണ്ണയം

മറ്റ് പല രോഗങ്ങള്‍ക്കുമുള്ള കാരണങ്ങള്‍ അന്വേഷിക്കുമ്പോഴാണ് പ്രധാനമായും വൃക്കയിലെ കാന്‍സര്‍ തിരിച്ചറിയപ്പെടാറുള്ളത്. ഇത് രോഗത്തിന്റെ തീക്ഷ്ണത വര്‍ദ്ധിച്ച ശേഷമായിരിക്കും മിക്കപ്പോഴും സാധ്യമാകുന്നത്. നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിന് ചികിത്സയില്‍ വലിയ പ്രാധാന്യമുണ്ട് എന്ന് എപ്പോഴും ഓര്‍മ്മിക്കുക. അതിനാല്‍ രോഗത്തിന്റെ ചെറിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സന്ദര്‍ശിച്ച് രോഗനിര്‍ണ്ണയം നടത്തണം. ഇനി പറയുന്ന രീതികളാണ് രോഗനിര്‍ണ്ണയത്തിന് പ്രധാനമായും സ്വീകരിക്കുന്നത്.

അല്‍ട്രാ സൗണ്ട്

എം ആര്‍ ഐ/സിടി സ്‌കാന്‍

ചെസ്റ്റ് എക്‌സ്-റെ

യൂറിന്‍ ടെസ്റ്റ് (യൂറിന്‍ അനാലിസിസ്)

രക്തപരിശോധനകള്‍

ബോണ്‍ സ്‌കാന്‍.

മേല്‍ പറഞ്ഞിരിക്കുന്ന പരിശോധനകളിലൂടെ പ്രധാനമായും വൃക്കയിലുണ്ടാകുന്ന മുഴ അല്ലെങ്കില്‍ തടിപ്പ് തിരിച്ചറിയാന്‍ സാധിക്കുന്നു. എന്നാല്‍ ഇത് കാന്‍സര്‍ ആണോ എന്ന് പലപ്പോഴും കൃത്യമായി നിര്‍ണ്ണയിക്കാന്‍ സാധിച്ചു എന്ന വരില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ വൃക്കയിലുണ്ടാകുന്ന കാ൯സറിന് രോഗനിര്‍ണ്ണയത്തിനായി ബയോപ്സി നി൪ദ്ദേശിക്കാറില്ല.

ചികിത്സ എങ്ങനെ?

വിവിധങ്ങളായ ചികിത്സാ രീതികള്‍ വൃക്കയിലെ കാന്‍സറിന് അനുവര്‍ത്തിക്കാറുണ്ട്. രോഗത്തിന്റെ സ്‌റ്റേജ്, മുഴയുടെ വലുപ്പം, രോഗിയുടെ ആരോഗ്യം തുടങ്ങിയവ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ പരിഗണിച്ച ശേഷം വിദഗ്ദ്ധനായ ഡോക്ടറുടെ മേല്‍നോട്ടത്തിലാണ് ചികിത്സ തീരുമാനിക്കുക.

ശസ്ത്രക്രിയ

പ്രധാന ചികിത്സാ രീതികളിലൊന്ന് ശസ്ത്രക്രിയ തന്നെയാണ് രോഗബാധിതമായ വൃക്ക/വൃക്കയുടെ ഭാഗം നീക്കം ചെയ്യുന്ന രീതി(Nephrectomy)യാണിത്. വൃക്കയിലെ മുഴയുള്ള ഭാഗം മാത്രം നീക്കം ചെയ്യുന്ന പാര്‍ഷല്‍ നെഫ്രക്ടമി (Partial Nephrectomy), വൃക്ക, അഡിനല്‍ ഗ്രന്ഥി, ചുറ്റുമുള്ള കലകള്‍ എന്നിവ നീക്കം ചെയ്യേണ്ടി വരുന്ന റാഡിക്കല്‍ നെഫ്രക്ടമി (Radical Nephrectomy) എന്നിങ്ങനെ രണ്ട് രീതിയിലുള്ള ശസ്ത്രക്രിയകളുണ്ട്.

ടാര്‍ജറ്റഡ് തെറാപ്പി

വൃക്കയിലെ കാന്‍സറിന് സ്വീകരിക്കപ്പെടുന്ന പ്രധാനപ്പെട്ടതും അതിനൂതനമായതുമായ ചികിത്സാ രീതിയാണ് ടാര്‍ജറ്റഡ് തെറാപ്പി. ഉള്ളില്‍ കഴിക്കാവുന്ന മരുന്ന് (പ്രധാനമായും ഗുളിക) ഉപയോഗിച്ച് മുഴയിലെ രക്തക്കുഴലുകളുടെ വള൪ച്ച തടയുന്നു.

ആര്‍ട്ടീരിയല്‍ എംബോളൈസേഷന്‍

വൃക്കയിലേക്ക് രക്തം പ്രദാനം ചെയ്യുന്ന രക്തധമനിയില്‍ കാലിലൂടെ ഒരു കത്തീറ്റര്‍ സന്നിവേശിപ്പിച്ച് പ്രത്യേക വസ്തു കുത്തിവെക്കുകയും രക്തപ്രവാഹം തടസ്സപ്പെടുത്തി മുഴയുടെ വളര്‍ച്ച തടയുകയുമാണ് ചെയ്യുന്നത്.

സാധാരണഗതിയില്‍ റേഡിയേഷന്‍ തെറാപ്പിയോ കീമോതെറാപ്പിയോ വൃക്കയിലെ കാന്‍സറിന് അനുയോജ്യമല്ല.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ചികിത്സാ രംഗത്തുണ്ടായ പുരോഗതിയും നൂതനമായ ചികിത്സാരീതികളുടെ ആവിര്‍ഭാവവും വൃക്കയിലെ കാന്‍സറിനെ പ്രതിരോധിക്കുന്നതിലും ചികിത്സിച്ച് ഭേദമാക്കുന്നതിലും വലിയ സഹായകരമായി മാറുന്നുണ്ട്. രോഗത്തെ നേരത്തെ തിരിച്ചറിയുക, ഉചിതമായ ചികിത്സ കൃത്യസമയത്ത് ആരംഭിക്കുക, ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമുള്ള ചികിത്സ പൂര്‍ണ്ണമായും നിര്‍വ്വഹിക്കുക എന്നീ കാര്യങ്ങളില്‍ ഒരു കാരണവശാലും വിട്ടുവീഴ്ചകള്‍ പാടില്ല.

ഡോ. ജോ൪ജ് സി ജോസഫ് & ഡോ. മണികണ്ഠ൯

ഡിപ്പാ൪ട്ട്മെന്റ് ഓഫ് യൂറോളജി

മേയ്ത്ര ഹോസ്പിറ്റല്‍

കോഴിക്കോട്

Tags:
  • Manorama Arogyam
  • Health Tips