Saturday 11 June 2022 05:56 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

മുഖത്ത് കോടൽ; ചെവിയിൽ വേദനയും ചുവന്നപാടും: ജസ്റ്റിൻ ബീബറിനെ ബാധിച്ച റാംസെ ഹണ്ട് സിൻഡ്രത്തെക്കുറിച്ചറിയാം

dwedew22

ജസ്റ്റിൻ ബീബറിന് റാം സേ ഹണ്ട് സിൻഡ്രം ആണെന്നും അതുകൊണ്ട് പൊതുപരിപാടികൾ താൽക്കാലികമായി ഒഴിവാക്കുകയാണെന്നുമുള്ള വാർത്ത നാം കണ്ടു കഴിഞ്ഞു. എന്താണ് റാംസേ ഹണ്ട് സിൻഡ്രം ?

റാംസെ ഹണ്ട് സിൻഡ്രം അപൂർവമായി മാത്രം ആളുകളെ ബാധിക്കുന്ന ഒരു നാഡീരോഗമാണ്. മുഖത്തെ നാഡികൾക്ക് തളർച്ച (Facial Palsy) ബാധിക്കുകയും ചെവിയിലോ വായിലോ ആയി ചുവന്നു തിണർത്ത പാടുകൾ അഥവാ റാഷ് വരികയും ചെയ്യുന്നതാണ് ഈ രോഗത്തിന്റെ സവിശേഷത. ചെവിയിൽ മണിയടിക്കുക (ടിനിറ്റസ്), കേൾവി നഷ്ടമാവുക എന്നിങ്ങനെ ചെവിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും വരാം. ചിക്കൻപോക്സിനു കാരണമാകുന്ന വാരിസെല്ല സോസ്റ്റർ വൈറസാണ് ഈ അപൂർവരോഗത്തിനും കാരണമാകുന്നത്. മുൻപ് നിർജീവമായി ശരീരത്തിൽ കിടന്ന വാരിസെല്ല സോസ്റ്റർ വൈറസ് വീണ്ടും സജീവമാക്കപ്പെട്ട് മുഖത്തെ നാഡിയെ ബാധിക്കുന്നതാകാം.

1907 ൽ ജയിംസ് റാംസെ ഹണ്ട് എന്ന ഫിസിഷനാണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി പറയുന്നത്. അങ്ങനെയാണ് റാംസെ ഹണ്ട് രോഗം എന്നു പേരു വരുന്നത്. ചെവിയിലെ തിണർപ്പിനെ മുൻനിർത്തി ഹെർപിസ് സോസ്റ്റർ ഒട്ടൈകസ് എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

ലക്ഷണങ്ങൾ

മിക്കവാറും പേരിലും മുഖത്തിന്റെ ഏതെങ്കിലും ഒരു വശത്തെ നാഡിക്കാണ് തളർച്ചവരിക. മുഖപേശികൾക്ക് പിടുത്തം വരികയോ ദുർബലമാവുകയോ ചെയ്യുന്നതിനാൽ ചിരിക്കാനോ നെറ്റിചുളിക്കാനോ തളർച്ച വന്ന ഭാഗത്തെ കണ്ണ് അടയ്ക്കാനോ സാധിക്കാതെ വരും. ചിലരിൽ സംഭാഷണവും അവ്യക്തമാകാം.

ചെവിക്കുടന്നയേയും ശ്രവണനാളത്തെയും ബാധിക്കുന്ന ചുവന്നനിറത്തിലുള്ള, വേദനാപൂർണമായ കുമിളകൾ പോലുള്ള തിണർപ്പുകൾ കാണപ്പെടും. ചിലരിൽ വായിലും അണ്ണാക്കിലും വായുടെ മേൽത്തട്ടിലും വേദനാജനകമായ കുമിളകൾ കാണാം. കടുത്ത ചെവിവേദനയും ചെവിയിൽ മണിനാദവും ഉണ്ടാകാം.

അമേരിക്കയിൽ ലക്ഷം പേരിൽ അഞ്ചു പേർക്ക് ഒാരോ വർഷവും റാംസെ ഹണ്ട് സിൻഡ്രം വരുന്നു എന്നു കണക്കുകൾ പറയുന്നു. മിക്കവാറും മുതിർന്നവരെ, പ്രത്യേകിച്ച് 60 വയസ്സിനു മുകളിലുള്ളവരെയാണ് ഈ രോഗം ബാധിക്കുന്നത്. കുട്ടികളെ വളരെ അപൂർവമായേ ബാധിക്കുന്നുള്ളു.

ചികിത്സ എങ്ങനെ?

ആന്റി വൈറൽ മരുന്നുകൾ, കോർട്ടിക്കോസ്റ്റിറോയ്ഡുകൾ എന്നിവ ചേർന്നതാണ് പ്രധാന ചികിത്സ. ഒാരോരുത്തരിലുമുള്ള ലക്ഷണങ്ങൾക്കനുസരിച്ച് വേദനയ്ക്കുള്ള മരുന്നുകളോ വെർട്ടിഗോയ്ക്കുള്ള മരുന്നുകളോ ഒക്കെ നൽകേണ്ടിവരും.

രോഗം ആരംഭിച്ച് മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗനിർണയം നടത്തി മരുന്നു നൽകാനായാൽ ചികിത്സയുടെ ഫലപ്രാപ്തി മികച്ചതാകും. മിക്കവാറും പേരിലും മുഖത്തെ കോടലും കേൾവിപ്രശ്നങ്ങളും തെറപ്പികൾ കൊണ്ട് പൂർണമായി പരിഹരിക്കാനാകും.

Tags:
  • Manorama Arogyam
  • Health Tips