Friday 24 September 2021 04:38 PM IST : By സ്വന്തം ലേഖകൻ

മാസ്ക് വയ്ക്കുന്നതിനു മുൻപും പിൻപും മോയിസ്ചറൈസർ പുരട്ടാം, മുഖം ഇടയ്ക്കിടെ കഴുകാം: മാസ്ക് ഉപയോഗം മുഖക്കുരുവും അലർജിയും വരുത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

maskall34324

കൊറോണ രോഗപ്രതിരോധനത്തിൽ ഫേസ് മാസ്ക്കുകൾക്കുള്ള പ്രാധാന്യം നമുക്കറിയാം; അതു തുണികൊണ്ടുള്ള മാസ്ക്കായിക്കോട്ടെ, N95 മാസ്ക്കായിക്കോട്ടെ, Covid -19 പടരുന്നതിനെ ഗണ്യമായി കുറയ്ക്കുന്നു. എന്നാൽ ഈ മാസ്ക്കുകൾ പലപ്പോഴും ചർമ്മത്തെ സാരമായി ബാധിക്കാറുണ്ട്. ചെറിയ ചോറിച്ചിൽ, മുഖക്കുരു, ചർമ്മം വരണ്ടുണങ്ങുക തുടങ്ങി ത്വക്ക് അടർന്നു പോകുന്ന അവസ്ഥ വരെ ഇത് എത്താറുണ്ട്. അമേരിക്കൻ അക്കാദമി പോലുള്ള സംഘടനകൾ ഈ പ്രശ്നങ്ങൾക്കു പരിഹാരമായി ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

മുഖം ദിവസേന വൃത്തിയായി കഴുകിയതിനു ശേഷം ചർമ്മത്തിനു മാർദ്ദവം നൽകുന്ന മോയിസ്ചറൈസർ പുരട്ടുക. ഇതിനായ് സെറാമൈഡ്സ്, ഹയലൂറോണിക് ആസിഡ് എന്നിവ അടങ്ങിയവ ഉപയോഗിക്കാം. നമ്മുടെ ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ചുള്ള മോയിസ്ചറൈസർ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മാസ്ക് ഉപയോഗിക്കുന്നതിനു മുമ്പും പിമ്പും മോയിസ്ചറൈസർ ഉപയോഗം ശീലമാക്കുക. മാസ് ഉപയോഗം കാരണം ചർമ്മം വരണ്ടുണങ്ങുന്നതും ചൊറിച്ചിലും ഒരു പരിധിവരെ ഇങ്ങനെ കുറയ്ക്കാവുന്നതാണ്. ചുണ്ടുകളെ സംരക്ഷിക്കുന്നതിനായി പെട്രോളിയം ജെല്ലി ഉപയോഗിക്കുക.

മുഖക്കുരു കൂടുമോ?

മിക്ക ആളുകളുടെയും പരാതിയാണ് മാസ്ക് ഉപയോഗം കാരണം മുഖക്കുരു കൂടുന്നു എന്നത്. Mask Acne അഥവാ ‘Maskne’ എന്ന ചുരുക്കപ്പേരിൽ ഇവ അറിയപ്പെടുന്നു. ദിവസേന മുഖവും വൃത്തിയായി കഴുകുക. ഒരു ത്വക്ക് രോഗവിദഗ്ധന്റെ നിർദ്ദേശപ്രകാരം മുഖക്കുരുവിനുള്ള ചികിത്സ ചെയ്യേണ്ടതാണ്. മാസ്ക് ഉപയോഗം കാരണം ചർമം കൂടുതൽ സെൻസിറ്റീവ് ആകാന്‍ സാധ്യത ഉള്ളതിനാൽ സ്വയം ചികിത്സയും പരീക്ഷണങ്ങളും നല്ലതല്ല.

മാസ്ക്  നിർബന്ധമാണെങ്കിൽ Non- comedogenic എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഉപയോഗിക്കാം.

മുകളിൽ സൂചിപ്പിച്ചതു പോലെ ചർമ്മം സെൻസിറ്റീവ് ആകാൻ സാധ്യത ഉള്ള ഈ സമയത്ത് സാലിസിലിക് ആസിഡ്, റെട്ടിനോയിഡ‍്സ് എന്തിന്, ആഫ്റ്റർ ഷേവ് ലോഷൻ തുടങ്ങിയവയുടെ ഉപയോഗം മിതമായ രീതിയിൽ മതി.

മാസ്ക് ഉപയോഗിക്കുന്ന ഭാഗത്ത് അമിത വിയർപ്പ്, ഫംഗസ് ബാധ എന്നിവ ഉണ്ടായാൽ ഒരു ചർമ്മരോഗവിദഗ്ധനെ കണ്ട് ചികിത്സിക്കേണ്ടതാണ്.

തുണി മാസ്ക് ഉപയോഗത്തിൽ ശ്രദ്ധിക്കാൻ

തുണികൊണ്ടുള്ള മാസ്ക് ഉപയോഗിക്കുമ്പോൾ കോട്ടൺ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കൃത്രിമ തുണികളായ പോളിയെസ്റ്റർ, റയോൺ എന്നിവ ചർമ്മത്തിന് ഹാനികരമാകാം.

മുഖത്തോടു ചേർന്നിരിക്കുന്ന, എന്നാൽ നമുക്ക് അസ്വസ്ഥത ഉണ്ടാകാത്ത രീതിയിലുള്ള മാസ്ക്കുകൾ ഉപയോഗിക്കുക.

ചുരുക്കത്തിൽ ഫേയ്സ് മാസ്ക്കുകൾ കാരണം ചർമ്മത്തിൽ പല മാറ്റങ്ങളും സംഭവിക്കാമെങ്കിലും ഇവയിൽ പലതും കൃത്യമായ ചർമ്മ സംരക്ഷണം വഴി നമുക്കു മാറ്റാവുന്നതാണ്. ശരിയായ രീതിയിലുള്ള മാസ്ക് ഉപയോഗം, കൊറോണയെ പ്രതിരോധിക്കും എന്ന കാര്യത്തിൽ സംശയമില്ലാത്തതിനാൽ അവ നമ്മുടെ ജീവന്റെയും ജീവിതത്തിന്റെയും അവിഭാജ്യഘടകമായ് തീർന്നിരിക്കുകയാണ് ഇപ്പോൾ.

ഡോ. വിധുശ്രീ എസ്. നായർ

ഡെർമറ്റോളജിസ്റ്റ്, 

ഗവ. ജനറൽ ഹോസ്പിറ്റൽ, നെയ്യാറ്റിൻകര, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips