Tuesday 15 June 2021 12:37 PM IST : By സ്വന്തം ലേഖകൻ

ദിവസവും പാൽ കുടിക്കാമോ? പാൽ കാൻസർ വരുത്തുമോ? : പാലിനേക്കുറിച്ചുള്ള ശരിതെറ്റുകൾ അറിയാം

milkdrinkr435

പാൽ ഏവരുടേയും പ്രിയ ഭക്ഷണമാണെങ്കിലും ഏറെ തെറ്റിധരിക്കപ്പെട്ട ഭക്ഷണം കൂടിയാണ്. ശരീരത്തിനു വേണ്ടുന്ന ഒട്ടുമിക്കവാറും പോഷകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്. ഏതു മൃഗത്തിന്റേത് എന്നനുസരിച്ച് പോഷകനിലവാരത്തിൽ വ്യത്യാസമുണ്ടെന്നു മാത്രം. കൂടുതൽ പേർ ഉപയോഗിക്കുന്നത് പശുവിൻ പാലാണ്. 100 മി.ലീ പശുവിൻ പാലിൽ ഏകദേശം 67 കാലറിയും 3.9 ഗ്രാം കൊഴുപ്പും 3.2 ഗ്രാം പ്രോട്ടീനും 120 മി.ഗ്രാം കാത്സ്യവും അടങ്ങിയിട്ടുണ്ട്.

അന്നജം ലാക്ടോസിന്റെ രൂപത്തിലാണ് കാണുക. എല്ലാത്തരം അമിനോ ആസിഡുകളും പാലിൽ അടങ്ങിയിട്ടുണ്ട് വൈറ്റമിൻ ഡി എല്ലുകൾക്ക് ശക്തി നൽകുന്നു. മാത്രമല്ല കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കാനും സഹായിക്കുന്നു. ഈ ഗുണങ്ങളെല്ലാം മനുഷ്യന്റെ ആരോഗ്യത്തിനു സഹായകമാണ്.

ആട്ടിൻപാൽ കൂടുതൽ മികച്ചതായി കണക്കാക്കാറുണ്ട്. പശുവിൻപാലിലുള്ള ഘടകങ്ങൾ തന്നെയാണ് ആട്ടിൻപാലിലും ഉള്ളതെങ്കിലും അവയുടെ അളവുകളിൽ മാറ്റമുണ്ട്. ലാക്ടോസ് അളവു കുറവ്, അലർജി സാധ്യത കുറവ്, ദഹിക്കാൻ എളുപ്പം, വൈറ്റമിൻ എ കൂടുതൽ തുടങ്ങിയ വ്യത്യാസങ്ങളുമുണ്ട്.

ഉറക്കത്തിനും നന്ന്

പാലിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡായ ട്രിപ്റ്റോഫൻ ഉറക്കത്തിന്റെ ഗതി നിർണയിക്കുന്ന ന്യൂറോട്രാൻസ്മിറ്ററുകളായ സെറടോണിനും മെലടോണിനും കൂടുതൽ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു. അതിനാൽ ഉറക്കമില്ലായ്മ ചെറുക്കാൻ രാത്രി പാൽ കുടിക്കുന്നതു ഗുണകരമാണ്. സെറടോണിൻ ഉറക്കം, വിശപ്പ്, മാനസികനില എന്നിവയെ സ്വാധീനിക്കുന്ന ഘടകമാണ്.

സസ്യാഹാരികൾക്ക് ഉത്തമം

മത്സ്യത്തിലും മാംസത്തിലുമുള്ള കാത്സ്യവും പ്രോട്ടീനും ഉൾപ്പെടെയുള്ള ഘടകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. മാംസത്തിലൂടെ ഇവ ലഭിക്കാത്ത സസ്യാഹാരികൾ പാലോ പാൽ ഇഉൽപന്നങ്ങളോ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വെജിറ്റേറിയൻ ഭക്ഷണപ്രിയർക്ക് പാൽ സമ്പൂർണ ആഹാരം മാത്രമല്ല ഒരു ഹെൽത് ഡ്രിങ്ക് കൂടി ആകുന്നത് അതുകൊണ്ടാണ്.

ഒാർമയ്ക്കും ബുദ്ധിക്കും

താങ്ങാവുന്ന വിലയിൽ ആവശ്യത്തിനു പോഷണം എന്നതാണ് പാലിന്റെ പ്രത്യേകത. സ്ഥിരമായി പാൽ കുടിക്കുന്നവരിൽ ഒാർമശക്തി, ഗ്രഹണശേഷി എന്നിവ വർധിച്ചിരിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. പലവിധത്തിലുള്ള മസ്തിഷ്ക പരീക്ഷകളിലും ഏറ്റവും കൂടുതൽ സ്കോർ നേടിയത് പാലും പാൽ ഉൽപന്നങ്ങളും ഉപയോഗിക്കുന്നവരാണെന്നു തെളിഞ്ഞു. പാലിൽ അടങ്ങിയ പല പോഷകങ്ങളും തലച്ചോറിന്റെ നല്ല പ്രവർത്തനത്തെ നേരിട്ടു സ്വാധീനിക്കുന്നവയാണ്.

ഇനി പാലിന്റെ ദോഷങ്ങളെ കുറിച്ചു ചിന്തിക്കാം.

കാൻസർ വരുത്തുമോ?

ഹാർവഡ് ഗവേഷകർ പല രാജ്യങ്ങളിലും നടത്തിയ പഠനത്തിൽ പാലിനും ചീസിനും കാൻസറുമായി ബന്ധമുള്ളതായി കണ്ടെത്തി. ഹോർമോണുകളുമായി ബന്ധപ്പെട്ട അർബുദങ്ങളിലാണ് ഈ ബന്ധം കണ്ടത്. പ്രോസ്േറ്ററ്റ് കാൻസർ, ടെസ്റ്റിക്കുലർ കാൻസർ, സ്തനാർബുദം എന്നിവയായിരുന്നു ഇങ്ങനെ ബന്ധം കണ്ട പ്രധാനപ്പെട്ട അർബുദങ്ങൾ. പാലിലെ ഈസ്ട്രജൻ ഹോർമോൺ അളവു കൂടുതലാണെന്നതാണ് കാരണം.

പശു ഗർഭിണിയായിരിക്കുന്ന കറക്കുന്ന പാലിൽ ഈസ്ട്രജൻ ഇരട്ടിയിലധികം കാണാം. ്ങ്ങനെയുള്ള പാൽ കാൻസർ സാധ്യത വർധിപ്പിക്കാം. പഠനങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പാൽ ഉപയോഗം കുട്ടികളിലും മറ്റും കുറയ്ക്കേണ്ടതില്ല.

അലർജിയുണ്ട്, സത്യമാണ്

70 ശതമാനം ആളുകൾക്കും പ്രായമാകുമ്പോൾ പാലിനോട് അലർജിയുള്ളവരാണ്. ചെറിയ പ്രശ്നമായതുകൊണ്ട് തിരിച്ചറിയാതെ പോകുന്നുവെന്നേയുള്ളൂ. ചുണ്ട്, നാവ് എന്നിവ വീർക്കുന്നതും ചൊറിഞ്ഞു തടിച്ച് ആസ്മ ഉണ്ടാകാനും ഇടയുണ്ട്. എന്നാൽ പാൽ ദഹിപ്പിക്കാൻ കഴിയാതെ വന്ന് അതുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതകളാണ് ലാക്ടോസ് ഇൻടോളറൻസ്. വയറിളക്കം, വയറുവേദന തുടങ്ങി പാൽ കുടിച്ച് ഒരു മണഇക്കൂറിനുള്ളിൽ അസ്വസ്ഥത ഉണ്ടാകുന്നത് ലാക്ടോസ് ഇൻടോളറൻസിന്റെ സൂചനയാണ്. അലർജിയുള്ളവരും ലാക്ടോസ് ഇൻടോളറൻസ് ഉള്ളവരും തീർച്ചയായും പാൽ ഉപേക്ഷിക്കണം.

നിയന്ത്രിച്ച് ഉപയോഗിക്കാം

ശുദ്ധമായ പാൽ പലവിധങ്ങളായ ആരോഗ്യഗുണങ്ങളെ പ്രദാനം ചെയ്യുന്ന പോഷകപാനീയമാണെന്നതിൽ തർക്കമില്ല. പ്രായപൂർത്തിയായ ഒരാൾക്ക് ദിവസം കുറഞ്ഞത് 150 മി.ലീ പാൽ ഉപയോഗിക്കാം. കുട്ടികൾക്കും ഗർഭിണികൾക്കും കുറഞ്ഞത് 250 മി.ലീ പാൽ കുടിക്കാം. പാൽ നല്ലതാണെങ്കിലും അധികമായാൽ അമൃതം വിഷം എന്നതുപോലെ ചില നിയന്ത്രണങ്ങൾ വയ്ക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കുട്ടികൾക്ക് ദിവസം രണ്ട് കപ്പ് (400 മി.ലീ) പാൽ നൽകിയാൽ മതിയാകും. കുട്ടികൾ അമിതമായി പാവൽ കുടിച്ചാൽ വിശപ്പു കുറയും, ഭക്ഷണം കഴിക്കാനുള്ള താൽപര്യം ഇല്ലാതാകും.

ഹൃദ്രോഗം, പ്രമേഹം, അലർജി, വൃക്ക സംബന്ധമായ രോഗം എന്നിവയുള്ളവർ പാൽ നിയന്ത്രിച്ചു മാത്രം ഉപയോഗിക്കുക. പാലിലെ കൊഴുപ്പും അന്നജവും ഊർജവും പ്രമേഹരോഗികൾക്ക് ഉചിതമല്ല. കൊഴുപ്പ് നീക്കം ചെയ്ത സ്കിമ്ഡ് മിൽക് നൽകാം. അതും അമിതമാകരുത്.

ഡോ. അനിതാ മോഹൻ, പോഷകാഹാര വിദഗ്ധ, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Diet Tips