Tuesday 30 November 2021 05:28 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

ഒമൈക്രോൺ ഡെൽറ്റയേക്കാൾ ഭീകരമോ? വാക്സീൻ തടുക്കുമോ? വിദഗ്ധ അഭിപ്രായം അറിയാം

omic42223

സൗത്ത് ആഫ്രിക്കയിൽ തിരിച്ചറിഞ്ഞ പുതിയ കോവിഡ് വകഭേദമാണ് ഒമൈക്രോൺ (B.1.1.529). പ്രാഥമികമായ നിഗമനത്തിൽ ഇത് ഡെൽറ്റയേക്കാൾ വേഗം വ്യാപിക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു. ഒമൈക്രോൺ മൂലമുള്ള കോവിഡ് രോഗലക്ഷണങ്ങൾ നിലവിലുള്ളതു പോലെ തന്നെയാണ്.

ദക്ഷിണാഫ്രിക്കയിലെ വോട്ടെങ് പ്രവിശ്യയിൽ ചിലയിടങ്ങളിൽ കൂടുതലായി രോഗികളെ കണ്ടെത്തിയതിനെ തുടർന്നു നടത്തിയ പഠനത്തിലാണ് ഒമിക്രോൺ വകഭേദം തിരിച്ചറിയുന്നത്. നിലവിൽ ഇസ്രായേൽ, ഹോങ്കോങ്ങ്, ബെൽജിയം, ബോട്‌സ്വാന എന്നിവിടങ്ങളിൽ ഈ വകഭേദം എത്തിയതായാണ് റിപ്പോർട്ടുകൾ.

മൂന്നു വിഭാഗങ്ങളായാണ് കൊറോണ വകഭേദങ്ങളെ തിരിക്കുന്നത്. വേരിയന്റ് ബിയിങ് മോണിറ്റേഡ്, വേരിയന്റ് ഒഫ് ഇന്ററസ്റ്റ്, വേരിയന്റ് ഒാഫ് കൺസേൺ. ഡെൽറ്റയെ പോലെ തന്നെ ഒമിക്രോണിനെയും ‘വേരിയന്റ് ഒഫ് കൺസേൺ’ ആയാണ് ലോകാരോഗ്യസംഘട കണക്കാക്കിയിരിക്കുന്നത്.

‘‘ഒമൈക്രോൺ ഡെൽറ്റയേക്കാൾ വേഗത്തിൽ വ്യാപിക്കുന്ന വകഭേദമാണ്, പക്ഷേ, തീവ്രതയുടെ കാര്യത്തിൽ ഡെൽറ്റയെ വെല്ലുന്ന ഒന്നല്ല’’. പ്രമുഖ വൈറോളജിസ്റ്റ് ഡോ. ജേക്കബ് ടി ജോൺ (വെല്ലൂർ) പറയുന്നു.

വാക്സീൻ തടുക്കുമോ?

 ‘‘ എല്ലാ വാക്സീനും കൊറോണ വകഭേദങ്ങൾക്കെതിരെ കുറച്ചൊക്കെ സംരക്ഷണം നൽകാറുണ്ട്. ഒമൈക്രോണിന്റെ കാര്യത്തിൽ രണ്ട് ഡോസ് വാക്സീൻ മതിയായ സംരക്ഷണം നൽകുമെന്നു കരുതാനാകില്ല. ഒമൈക്രോണിനെതിരെ കൂടുതൽ ശക്തവും മികച്ചതുമായ സംരക്ഷണം ലഭിക്കണമെങ്കിൽ ബൂസ്റ്റർ ഡോസ് കൂടി എടുക്കണം.

കേരളത്തിൽ ഭൂരിഭാഗം ആളുകൾക്കും വാക്സീനേഷൻ വഴിയും അസുഖം വന്നുപോയതിനെ തുടർന്നും നല്ല രോഗപ്രതിരോധശേഷിയുണ്ട്. അതുകൊണ്ട് ഒമൈക്രോണിന്റെ വരവ് അത്ര വലിയ പ്രശ്നമാകില്ലെന്നു കരുതാം.

അപ്പോഴും കോവിഡ് പ്രതിരോധനടപടികളിൽ അൽപം പോലും അശ്രദ്ധ പാടില്ല. പ്രത്യേകിച്ച് മാസ്ക് ധരിക്കുന്നതിൽ. മുഖത്തോട് കൃത്യമായി ചേർന്നിരിക്കുന്ന മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം. ഇത് സൂക്‌ഷ്മ സ്രവകണങ്ങളുടെ (എയറസോൾ ) വ്യാപനം തടയും. തുണി മാസ്ക് ആണെങ്കിൽ ഒറ്റപാളി കൊണ്ട് സംരക്ഷണം ലഭിക്കില്ല. സിന്തറ്റിക് മെറ്റീരിയൽ കൊണ്ടുള്ള 3–4 പാളികളുള്ള എൻ95 മാസ്ക് സാധാരണ സർജിക്കൽ മാസ്കിനേക്കാൾ നല്ലതാണ്. ‌‌’’ ഡോ. ജേക്കബ് ജോൺ പറയുന്നു.

പേരു വന്ന വഴി

ഏറെ വ്യാപകമായ കോവിഡ് വകഭേദങ്ങളെക്കുറിച്ച് സൂചിപ്പിക്കാൻ ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങളാണ് ലോകാരോഗ്യസംഘടന ഉപയോഗിക്കുന്നത്. ഇതേവരെ 12 അക്ഷരങ്ങൾ ഉപയോഗിച്ചു കഴിഞ്ഞു. മു വകഭേദമാണ് 12–ാമത്തേത്. പുതുതായി തിരിച്ചറിഞ്ഞ വകഭേദത്തിന് ഗ്രീക്ക് അക്ഷരമാലയിലെ 15–ാമത്തെ അക്ഷരമായ ഒമിക്രോൺ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. 13–ാമത്തെ അക്ഷരമായ നു (Nu) പുതിയത് എന്ന് അർഥം വരുന്ന ന്യൂ ആയി തെറ്റിധരിക്കപ്പെടാമെന്നതും 14–ാമത്തെ അക്ഷരമായ സി (Xi) എന്നത് സാധാരണ ഉപയോഗിക്കുന്ന സർനെയിം ആണെന്നതുമാണ് ഒഴിവാക്കാൻ കാരണം.

Tags:
  • Manorama Arogyam
  • Health Tips