Wednesday 25 August 2021 04:30 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

30 മിനിറ്റ് കാക്കാം, അതിനുശേഷം ഉടൻ ആശുപത്രിയിലേക്ക്: ആസ്പിരിൻ പോലെ രക്തം കട്ടപിടിക്കുന്നതു തടയാനുള്ള മരുന്നു കഴിക്കുന്നവർ അറിയേണ്ടത്

wnd45435

ആസ്പിരിനോ വാർഫറിനോ പോലുള്ള രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നവർ നേരിടേണ്ടിവരുന്ന ഒരു പ്രശ്നമാണ്, ചെറിയ മുറിവുകളിൽ നിന്നു പോലുമുള്ള അനിയന്ത്രിതമായ രക്തപ്രവാഹം.... ഷേവ് ചെയ്യുമ്പോൾ റേസർ തട്ടി പോറിയതാകാം, നഖം വെട്ടിയപ്പോഴുള്ള ചെറിയ മുറിവാകാം, രക്തമൊഴുക്ക് നിലയ്ക്കാതെ നേരേ ആശുപത്രിയിലേക്ക് ഒാടേണ്ടിവരുന്ന അവസ്ഥ... രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നു കഴിക്കുന്നവരിൽ രക്തമൊഴുക്ക് നിലയ്ക്കാൻ ദീർഘനേരം എടുക്കും.

പ്രധാനമായും ബ്ലഡ് തിന്നേഴ്സ് അഥവാ രക്തത്തിന്റെ കട്ടി കുറയ്ക്കുന്ന തരം മരുന്നു കഴിക്കുന്നവരിലാണ് മുറിവുകളിൽ നിന്നിുള്ള നിലയ്ക്കാത്ത രക്തപ്രവാഹം ഉണ്ടാവുന്നത്. രണ്ടുതരം ബ്ലഡ് തിന്നേഴ്സ് ആണുള്ളത്. ആന്റി പ്ലേറ്റ്‌ലെറ്റ്സും ആന്റി കോയാഗുലന്റ്സും. ആസ്പിരിൻ, ക്ലോപ്പിഡോഗ്രൽ പോലുള്ള മരുന്നുകൾ‌ ആന്റി പ്ലേറ്റ്‌ലെറ്റ് വിഭാഗത്തിൽ പെടുന്നു. ഹെപ്പാരിൻ, വാർഫറിൻ പോലുള്ളവ ആന്റി കൊയാഗുലന്റുകളാണ്.

മുറിവുണ്ടാകുമ്പോൾ പ്ലേറ്റ്‌ലെറ്റുകൾ എന്ന ചെറു രക്തകോശങ്ങൾ തമ്മിൽ ഒട്ടിപ്പിടിക്കുന്നതും

പ്ലേറ്റ്‌ലെറ്റുകൾ എന്ന ചെറു രക്തകോശങ്ങൾ തമ്മിൽ ഒട്ടിപ്പിടിക്കുന്നതും രക്തക്കുഴലുകളുടെ ഭിത്തിയിൽ ഒട്ടിപ്പിടിക്കുന്നതും തടയുകയാണ് ആന്റി പ്ലേറ്റ്ലറ്റുകളുടെ ദൗത്യം. ആന്റി കൊയാഗുലന്റുകളാകട്ടെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രാസപ്രവർത്തനങ്ങളെ തടയുന്നു.

ഈ മരുന്നുകളുടെ പ്രവർത്തനം മൂലം മുറിവുകളുണ്ടായാലും അവിടെ രക്തം കട്ടപിടിക്കാതെ വരുന്നു. ഫലമോ ചെറിയ മുറിവിൽ നിന്നു പോലും രക്തം പ്രവഹിച്ചുകൊണ്ടേയിരിക്കും.

എന്തു ചെയ്യാം?

∙ ചെറിയ മുറിവുകളാണെങ്കിൽ ആദ്യം വെള്ളമൊഴിച്ചു മുറിവു കഴുകി വൃത്തിയാക്കുക. തുടർന്ന് മുറിവേറ്റ ഭാഗത്ത് ഐസ് വയ്ക്കാം. ഇനി കോട്ടൺ ബാൻഡേജോ ഗോസോ ഉപയോഗിച്ച് മുറിവിൽ നല്ല വണ്ണം അമർത്തി പിടിക്കാം. വൃത്തിയുള്ള കോട്ടൺ തുണിയാണെങ്കിലും മതി. മുറിവേറ്റ ഭാഗം അൽപം ഉയർത്തിപിടിക്കുന്നത് രക്തമൊഴുക്ക് കുറയാൻ സഹായിക്കും. 15 മിനിറ്റ് കഴിഞ്ഞിട്ട് അമർത്തിപിടിച്ചിരിക്കുന്ന തുണി മാറ്റുക. വീണ്ടും രക്തം വരുന്നുവെങ്കിൽ മെഡിക്കൽ സ്േറ്റാറുകളിൽ ലഭ്യമായിട്ടുള്ള ആന്റി ബ്ലീഡിങ് പൗഡർ ഇടാം. ഇത് രക്തമൊഴുക്കു നിലയ്ക്കാൻ സഹായിക്കും. ഇതുകൊണ്ടൊന്നും രക്തംവരവ് നിലയ്ക്കുന്നില്ലെങ്കിൽ നേരേ ആശുപത്രിയിൽ എത്തിക്കുക.

∙ വലുതോ ആഴമേറിയ മുറിവുകളോ ആണെങ്കിലോ മുകളിൽ പറഞ്ഞിരിക്കുന്ന പ്രഥമശുശ്രൂഷകൾ ചെയ്ത് 30 മിനിറ്റ് കഴിഞ്ഞിട്ടും രക്തമൊഴുക്ക് നിലയ്ക്കുന്നില്ലെങ്കിലോ ഉടനടി ആശുപത്രിയിലെത്തിക്കുക.

∙ തലയിടിച്ചു വീണവരോ തലയ്ക്ക് പരിക്കേറ്റവരോ പുറമേ രക്തം വരവോ മുറിവോ ഇല്ലെങ്കിലും നേരേ ആശുപത്രിയിലെത്തിച്ച് ആന്തരിക രക്തസ്രാവം ഇല്ലെന്ന് ഉറപ്പാക്കണം.

എന്തൊക്കെ ശ്രദ്ധിക്കണം?

രക്തം കട്ടപിടിക്കാതെ ഇരിക്കാനുള്ള മരുന്ന് കഴിക്കുന്നവർ മുറിവുകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഷേവ് ചെയ്യുമ്പോഴും നഖം വെട്ടുമ്പോഴും പല്ലു തേയ്ക്കുമ്പോൾ പോലും പരിക്കുകളുണ്ടാകാതെ പ്രത്യേകം കരുതലെടുക്കണം.

∙ ഇവർ യാത്രകളിൽ ഹെൽ‌മറ്റ് പോലുള്ള സുരക്ഷാസംവിധാനങ്ങൾ നിശ്ചയമായും ഉപയോഗിക്കണം.

∙ പറമ്പിലിറങ്ങി പണിയെടുക്കുന്നവരും പൂന്തോട്ട നിർമാണത്തിലേർപ്പെടുന്നവരുമൊക്കെ കാൽ മുഴുവൻ മൂടുന്ന ഷൂസ് ധരിക്കുക. കത്തി പോലുള്ള പണി ആയുധങ്ങൾ ഉപയോഗിക്കുന്നവർ കൈ മൂടുന്ന ഗ്ലൗവ്സ് ധരിക്കുക.

∙ മൃദുവായ ടൂത്ത് ബ്രഷുകൾ ഉപയോഗിക്കുക.

ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കുക

ഇത്തരം മരുന്നു കഴിക്കുന്നവരിൽ പുറമേയുള്ള മുറിവുകളിൽ നിന്നല്ലാതെ ആന്തരിക രക്തസ്രാവം ഉണ്ടാവാം. അതുകൊണ്ട് താഴെ പറയുന്ന ലക്ഷണങ്ങളെ പ്രത്യേകം ശ്രദ്ധിക്കുക.

∙ വർധിച്ച തോതിലുള്ള ആർത്തവരക്തപ്രവാഹം

∙ മൂത്രത്തിലോ മലത്തിലോ രക്തത്തിന്റെ അംശം കാണുക.

∙ മൂക്കിൽ നിന്നോ മോണയിൽ നിന്നോ രക്തം വരിക.

∙ രക്തം ചുമച്ച് തുപ്പുക.

∙ തലകറക്കം, ക്ഷീണം, വയറുവേദന

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ടി. എസ്. ഫ്രാൻസിസ്

ആലപ്പുഴ

Tags:
  • Daily Life
  • Manorama Arogyam
  • Health Tips