Monday 07 March 2022 03:05 PM IST : By സ്വന്തം ലേഖകൻ

അമിതമായ മുഖക്കുരു, മുഖത്തും വയറ്റിലും അധികമായ രോമം... ഈ ലക്ഷണങ്ങൾ പിസിഒഡിയുടേതോ?

pcod-and-body-changes

Q മകൾക്ക് 14 വയസ്സുണ്ട്. മുഖക്കുരു കൂടുതലായി കാണുന്നു. ഒരു വർഷമായി കണ്ടുതുടങ്ങിയിട്ട്. തുടക്കത്തിൽ അവൾ അത് പൊട്ടിക്കാൻ ശ്രമിക്കുമായിരുന്നു. ഇപ്പോൾ പൊട്ടിച്ച പാടുകൾ കറുത്ത് കിടക്കുന്നു. ഈ പാടുകൾ മായാനും മുഖക്കുരു കുറയ്ക്കാനും ഫലപ്രദമായ ചികിത്സയുണ്ടോ?

ഫാത്തിമ, എറണാകുളം

A നിങ്ങളുടെ മകള്‍ക്ക് മുഖക്കുരു വരുന്നത്, ചിലപ്പോള്‍ പ്രായമാകുന്ന സമയത്തു പെണ്‍കുട്ടികളില്‍ ഉണ്ടാകുന്ന ഹോര്‍മോണുകളുെട വ്യതിചലനങ്ങള്‍ മൂലമായിരിക്കാം. അതു കാലക്രമേണ മാറുകയും ചെയ്യും. ചിലപ്പോള്‍ മുഖക്കുരുക്കള്‍ മകളുടെ ഹോര്‍മോണ്‍ പ്രശ്നങ്ങളുടെ ബാഹ്യലക്ഷണമായിരിക്കും.

ആദ്യമായി, ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യണമെങ്കില്‍, മകളുടെ മെഡിക്കല്‍ ഹിസ്റ്ററി കൂടുതല്‍ അറിയണം. മകള്‍ എത്ര വയസ്സില്‍ പ്രായപൂര്‍ത്തിയായി, മകളുടെ മാസമുറ അഥവാ മെന്‍സസ് എല്ലാ മാസവും കൃത്യമായി വരുന്നുണ്ടോ? മകളുടെ തൂക്കവും െപാക്കവും എത്രയുണ്ട്? മകളുടെ മുഖത്ത് അസാധാരണമായ രോമവളര്‍ച്ചയുണ്ടോ? മകളുടെ കഴുത്തിന്റെ പുറകിലത്തെ മടക്കുകളിലും കക്ഷഭാഗത്തും ബ്രൗണ്‍ നിറത്തിലുള്ള നിറമാറ്റം ഉണ്ടോ?– ഇവയെല്ലാം കണ്ടുപിടിച്ചാല്‍ നിങ്ങളുടെ മകളുടെ അമിതമായ മുഖക്കുരുവിനെപ്പറ്റി ആധികാരികമായ മറുപടി തരാന്‍ സാധിക്കും.

ഏതായാലും ഈ പ്രായത്തില്‍ വരുന്ന മുഖക്കുരുക്കള്‍ കൂടുതലായി കാണുന്ന രോഗാവസ്ഥ, PCOD, അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് ആണ്. ഇങ്ങനെയുള്ള പെണ്‍കുട്ടികള്‍ക്ക്, വണ്ണം മിക്കവാറും കൂടിയിരിക്കും. പക്ഷേ, വണ്ണം കൂടാത്ത PCOD രോഗവുമുണ്ട്. ഇങ്ങനെയുള്ള പെണ്‍കുട്ടികള്‍ക്ക് മുഖത്തും വയറ്റിലും അധികമായ രോമം കാണാന്‍ സാധ്യതയുണ്ട്. ചില PCOD രോഗികള്‍ക്കു കഴുത്തിലും കക്ഷത്തും ‘Acanthosis’ എന്ന നിറവ്യത്യാസവും കാണും. കൂടാതെ മിക്ക PCOD പെണ്‍കുട്ടികള്‍ക്കും മാസമുറ താളംതെറ്റിയിരിക്കും. ഇങ്ങനെ PCOD ഉള്ള പെണ്‍കുട്ടികള്‍ക്ക് മുഖക്കുരു മാറ്റാനും രോഗം നിയന്ത്രിക്കാനും മരുന്നുകള്‍ കഴിക്കേണ്ടിവരും.

അതേസമയം നിങ്ങളുടെ 14 വയസ്സുള്ള മകള്‍ക്ക്, പ്രായമാകുന്ന സമയത്ത് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിചലനം കൊണ്ടുള്ള മുഖക്കുരു മാത്രമായിരിക്കാനാണ് സാധ്യത. ഇങ്ങനെയുള്ള മുഖക്കുരുവിനു കാര്യമായി ചികിത്സ ആവശ്യമില്ല. ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് അവര്‍ പറയുന്ന വിധം

മുഖത്തിനു പരിചരണം കൊടുത്താല്‍ എല്ലാം മാറുമെന്നാണ് എനിക്കു തോന്നുന്നത്. അവസാനമായി, മക്കളുടെ മുഖക്കുരു കൂടുതലാണെന്ന്, എല്ലാ മാതാപിതാക്കള്‍ക്കും തോന്നുന്നത് സാധാരണമാണ്. പക്ഷേ, േപടിക്കേണ്ട കാര്യമില്ല.

കടപ്പാട്:

ഡോ. ആർ.വി ജയകുമാർ

സീനിയർ കൺസൽറ്റന്റ്                                എൻഡോക്രൈനോളജിസ്‌റ്റ്
ആസ്‌റ്റർ മെഡ്‌സിറ്റി,
കൊച്ചി.
rvjkumar46 @gmail.com