Wednesday 08 September 2021 04:56 PM IST : By സ്വന്തം ലേഖകൻ

കൊളസ്ട്രോൾ അളവു കുറയ്ക്കും ചാമ്പയ്ക്ക; വൈറ്റമിൻ എ നിറഞ്ഞ ചക്ക: ഗുണമേന്മയിൽ മുൻപിലാണ് ഈ നാടൻപഴങ്ങൾ

nadanfruits2w2e23

ആരോഗ്യം സംരക്ഷിക്കാനും യൗവനം നിലനിറുത്താനും ചർമം സുന്ദരമാക്കാനും പഴങ്ങൾ ധാരാളം കഴിക്കണമെന്നത് നിത്യസത്യമാണ്. എന്നാൽ വിപണിയിൽ നിന്നു വാങ്ങുന്ന പഴങ്ങൾ സംശുദ്ധമാണോ? ഈ സാഹചര്യത്തിൽ നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും വിളഞ്ഞു പാകമാകുന്ന പഴ വർഗങ്ങളിലേക്കൊന്നു മടങ്ങിപ്പോയാലോ. വേനലും മഴയും മാറി വരുന്ന ഈ കാലത്ത് മിക്ക വീടുകളിലും മാമ്പഴമുണ്ട്, ചക്കപ്പഴമുണ്ട്, ചാമ്പയ്ക്കയും പേരയ്ക്കയുമുണ്ട്. മടിക്കേണ്ട, ധൈര്യമായി കഴിച്ചോളൂ.

ഇത് മാമ്പഴക്കാലം

വേനൽക്കാല പഴവർഗങ്ങളിൽ പ്രധാനമാണ് മാമ്പഴം. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാങ്ങ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. നാട്ടുമാവുകൾ അപ്രത്യക്ഷമാണെങ്കിലും ഫൈബ്രിഡ് ഇനത്തിൽപ്പെട്ട മാവ് ആണെങ്കിലും മുറ്റത്തൊരു മാവ് നമ്മുടെയൊക്കെ മോഹമാണ്. ചന്തക്കാരൻ, കിളിച്ചുണ്ടൻ, മൂവാണ്ടൻ, വരിക്ക, നീലം, വെള്ളരി, പാണ്ടി, കർപ്പൂര മാങ്ങ, ചക്കരമാങ്ങ, പുളിശ്ശേരി മാങ്ങ തുടങ്ങി ഒട്ടേറെ വകഭേദങ്ങളാണ് കേരളത്തിലുള്ളത്. മാങ്ങ കരോട്ടിൻ സമൃദ്ധമാണ്. 100 ഗ്രാം മാമ്പഴം രോഗ പ്രതിരോധശക്തി നൽകുന്ന വൈറ്റമിൻ സിയാൽ സമൃദ്ധമാണ്. നാരുകൾ പച്ചമാങ്ങയിലാണ് കൂടുതലെങ്കിലും പഴുത്ത മാങ്ങയിൽ പൊട്ടാസ്യം കൂടുതലാണ്. പഴുത്ത മാങ്ങയിലെ ഊർജ്ജം 100 ഗ്രാം മുതൽ 74 കലോറിയാണ്. മധുരം കൂടുന്നതനുസരിച്ച് ഊർജ്ജത്തിന്റെ അളവും വ്യത്യാസം വരും.

മാമ്പഴത്തിൽ ധാരാളം പോളിഫിനോളുകളും ആന്റി ഓക്സിഡന്റും അടങ്ങിയിരിക്കുന്നതിനാൽ അത് ത്വക്കിലെയും വന്‍കുടലിലെയും കാൻസറിനെ പ്രതിരോധിക്കുന്നു. ക്വാർസെറ്റിൻ, ഐസോക്വാർസെറ്റിൻ ഗാലിക് ആസിഡ് എന്നിങ്ങനെ ധാരാളം ആന്റി ഓക്സിഡന്റുകൾ ഇതിലുണ്ട്. ഏകദേശം ഇരുപതോളം വൈറ്റമിനുകളും ധാതുക്കളും മാങ്ങയിലുണ്ട്. ഉഷ്ണാഘാതം തടഞ്ഞ് ശരീരം തണുപ്പിക്കാനും ഉന്മേഷം നൽകാനും ഇവയ്ക്കു കഴിയും. നിറം മാത്രം നോക്കി മാങ്ങ തിരഞ്ഞെടുക്കരുത്. നന്നായി വിളഞ്ഞു പഴുത്ത മാങ്ങകൾക്കായിരിക്കും മധുരം കൂടുതലുള്ളത്. ചെറുതായി അമർത്തിയാൽ പാകമായ മാങ്ങ തിരഞ്ഞെടുക്കാം. പ്രമേഹരോഗികൾ വളരെ നിയന്ത്രിതമായി മാത്രം മാമ്പഴം കഴിക്കുക.

കൊതിപ്പിക്കും ചക്കപ്പഴം

പുറമെ കണ്ടാൽ പരുക്കനെന്നു തോന്നുന്ന മൾബറി കുടുംബത്തിൽപ്പെട്ട ഫലമാണ് ചക്ക. വലിയ വില കൊടുത്തു വാങ്ങുന്ന പഴവർഗങ്ങളെക്കാൾ ഒരു പടി മുന്നിലാണ് ചക്കയുടെ സ്ഥാനം. രോഗ പ്രതിരോധശക്തിയും ഔഷധഗുണവും നൽകുന്ന ഭക്ഷ്യ വസ്തുക്കളെ ഫങ്ഷനൽ ഫൂഡ് എന്ന ഗണത്തിൽപ്പെടുത്തുന്നു. ആ ഗണത്തിൽപ്പെട്ട ഒരു ഫല
വർഗമാണ് ചക്ക.

രണ്ടുതരം ചക്കകളാണ് കേരളത്തിൽ പ്രധാനമായും കാണുന്നത്. വരിക്കയും, കൂഴയും. വിപണി മൂല്യം കുറവാണെങ്കിലും നാരുകൾ കൂടുതലുള്ളത് കൂഴയിലാണ്. ബികോംപ്ലക്സ് വൈറ്റമിനുകൾ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ ചക്കയിൽ കൊഴുപ്പു തീരെയില്ല. പ്രോട്ടീൻ 8 ഗ്രാമോളമുണ്ട്, വ്യത്യസ്തയിനം ചക്കകളിൽ ധാതുലവണങ്ങളുടെ അളവും വ്യത്യസ്തമാണ്. ഒരാൾക്ക് ഒരു ദിവസം വേണ്ടതിന്റെ അമ്പതു ശതമാനത്തിലേറെ ജീവകം എ ചക്ക നൽകുന്നു. പ്രമേഹരോഗികൾക്ക് ഏതാനും ചുള ചക്കപ്പഴം കഴിക്കാം.

രുചിയുള്ള പേരയ്ക്ക

നമ്മുടെ പറമ്പിൽ ധാരാളം കണ്ടുവരുന്ന പേരയ്ക്കയും പോഷണ ഗുണങ്ങളാൽ സമ്പന്നമാണ്. ഇതിന്റെ മാംസള ഭാഗത്ത് ഭക്ഷ്യയോഗ്യമായ ചെറിയ വിത്തുകളുണ്ട്. മാംസളഭാഗം ഇളം മഞ്ഞ നിറമോ കടുത്ത ചുവപ്പ് നിറമോ ആയിരിക്കും. സൂപ്പർ പഴങ്ങളിൽ ഒന്നാണ് പേരയ്ക്ക. വൈറ്റമിൻ സിയും ചുവന്നനിറത്തിൽ കാണുന്ന ലൈകോപ്പീൻ എന്ന ആന്റി ഓക്സിഡന്റും ധാതുക്കളും ഈ പഴത്തിൽ സമൃദ്ധമാണ്. 80% ത്തോളം ജലാംശമുള്ള പേരയ്ക്കയിലെ ക്വൊർസെറ്റിന്‍, പോളി ഫിനോളുകള്‍ എന്നിവ ഫ്രീ റാഡിക്കലുകളെ നീർവീര്യമാക്കാൻ സഹായിക്കുന്നു. പ്രമേഹരോഗികൾക്ക് പേരയ്ക്ക കഴിക്കാം.

ചാമ്പയ്ക്ക നല്ലതാണ്

നമ്മുടെ തൊടിയിലുള്ളതാണ് ചാമ്പയ്ക്ക. ചാമ്പയ്ക്കയിൽ വൈറ്റമിനുകളായ എ, സി, ഇ എന്നിവയുണ്ട്. ഇവയിലടങ്ങിയ നാരുകളും പോഷകങ്ങളും പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലും ഒരു പങ്ക് വഹിക്കുന്നു. വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഉത്തമ പ്രതിവിധിയാണ് ചാമ്പയ്ക്ക. ഇതിൽ 93% വെള്ളമാണ്. ശരീരത്തെ തണുപ്പിക്കാനും വൈറ്റമിൻ അടങ്ങിയിരിക്കുന്നതിനാൽ കണ്ണുകളുടെ ആരോഗ്യത്തിനും സഹായിക്കും. പ്രമേഹരോഗികൾക്ക് ഉപയോഗിക്കാവുന്ന ഫല വർഗങ്ങളിൽ ഒന്നാണിത്.പഞ്ചസാരയുടെ അളവു കുറയ്ക്കാനുള്ള കഴിവും ചാമ്പയ്ക്കക്കുണ്ട്. ബാക്ടീരിയ ഫംഗസ് അണുബാധ ചെറുക്കാനും ഇവ സഹായിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനിതാ മോഹൻ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Diet Tips