Wednesday 07 December 2022 12:58 PM IST : By മനോരമ ആരോഗ്യം ആർകൈവ്

രോമവളർച്ചയുടെ ദിശയിൽ റേസർ ചലിപ്പിക്കാം; തണുത്ത വെള്ളത്തിൽ മുഖം കഴുകാം: ശാസ്ത്രീയമായ ഷേവിങ് ഇങ്ങനെ...

shavee43243

സോപ്പു പത പുതഞ്ഞ രോമ കൂപങ്ങൾക്കു മുകളിൽ റേസർ ബ്ലേഡിന്റെ മൂർച്ചതെല്ലൊരു തണുപ്പോടെ നീങ്ങിത്തുടങ്ങുമ്പോൾ സുഖകരമായ ഒരു ഷേവിങ് ആരംഭിക്കുകയായി. ഒടുവിൽ രോഗങ്ങൾ നീങ്ങി മിനുസമായ മുഖത്ത് ആഫ്റ്റർ ഷേവ് ലോഷന്റെ എരിവും തണുപ്പും സുഗന്ധവും പകരുന്ന സുഖകരമായ ഉന്മേഷത്തോടെ പുരുഷന്മാരുടെ ദിവസം ആരംഭിക്കുന്നു.

എന്നാൽ ഈ പറയും പോലെ അത്ര സുഖകരമല്ല പലരുടേയും ഷേവിങ്. ഷേവിങ്ങിനിടയിലെ മുറിവുകള്‍ മുതൽ, ഷേവിങ്ങിനു ശേഷമുണ്ടാകുന്ന അലർജി വരെ വില്ലന്മാരായി കടന്നു വരും. പക്ഷേ, ഷേവിങ് എങ്ങനെ ചെയ്യണെമെന്നു മനസ്സിലാക്കിയാൽ ഇത്തരം പ്രശ്നങ്ങളിൽ ഒട്ടു മുക്കാലും പരിഹാരിക്കാവുന്നതേയുള്ളൂ.

ഷേവിങ്ങിനു തയാറാകാം

ആരോഗ്യകരവും സുഖകരവുമായ ഷേവിങ്ങിന് ആദ്യം വേണ്ടത് തയാറെടുപ്പാണ്. കട്ടികൂടിയ താടിരോമങ്ങളുള്ളവർ, വരണ്ട ചർമമുള്ളവർ, സെൻസിറ്റീവായ ചർമമുള്ളവർ എന്നിവർ ഈ തയാറെടിപ്പിനു പ്രത്യേകം ശ്രദ്ധിക്കണം. ബ്ലെയ്ഡിനോട് അലർജിയുള്ളവർ, ചർത്തിൽ പൊള്ളൽ, ചൊറിച്ചിൽ, ചുവന്നു തടിപ്പ് തുടങ്ങിയവ ഉണ്ടാകുന്നവർ ഇവർ റേസറും ബ്ലെയ്ഡും ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണം. ഒരിക്കൽ അലർജിയുണ്ടാക്കിയ ബ്ലെയ്ഡ് പിന്നീട് ഉപയോഗിക്കരുത്. ബ്ലെയ്ഡ് മാറി ഉപയോഗിച്ചിട്ടും അലർജി മാറുന്നില്ലെങ്കിൽ ഇലക്ട്രിക് ട്രിമ്മറുകളോ മറ്റോ ഉപയോഗിക്കുന്നതാവും നല്ലത്. അതിനു കഴിയാത്തവർ പതിവു ഷേവിങ് ഒഴിവാക്കുകയോ ഡോക്ടറുടെ ഉപദേശം തേടുകയോ ചെയ്യണം. ഷേവ് ചെയ്യാനുള്ള റേസറും ബ്ലെയ്ഡും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിലും അലർജി പ്രശ്നങ്ങൾ വരാം. ഒരാഴ്ചയിൽ കൂടുതൽ ഒരു ബ്ലെയ്ഡോ റെഡിമേഡ് റോസറോ ഉപയോഗിക്കരുത്.

ഷേവു ചെയ്യാനൊരുങ്ങുമ്പോൾ ആദ്യം ചെയ്യേണ്ടത് ചർമത്തേയും മുഖരോമങ്ങളേയും ഈർപ്പം നൽകി മാർദവമുള്ളതാക്കുക എന്നതാണ്. അതിനായി ചൂടുവെള്ളത്തിൽ ഷേവു ചെയ്യേണ്ട ഭാഗം കഴുകുക. ചൂട് അസഹ്യമാണെന്നു തോന്നിയാൽ ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ ടവൽ കൊണ്ട് ഷേവു ചെയ്യുന്ന ഭാഗം അൽപനേരത്തേയ്ക്ക് (രണ്ടു മൂന്നു മിനിറ്റ്) അമർത്തിപ്പിടിക്കുക. കൂടുതൽ വളർന്ന രോമങ്ങളിൽ ഇതാണ് നല്ല മാർഗം.

സോപ്പുവേണ്ട ക്രീം മതി

രോമവും ചർമവും വേണ്ടത്ര ഈർപ്പമുള്ളതും മൃദുലവും ആയിക്കഴിഞ്ഞാൽ ഷേവിങ് ക്രീം തേയ്ക്കാം. ഷെവിങ് ക്രീമിനു പകരം സോപ്പുപയോഗിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ സോപ്പിലേയും ഷേവിങ്ങ് ക്രീമിലേയും ഘടകങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്.

ഷേവിങ് ക്രീമിലെ ആറോ ഏഴോ ഘടകങ്ങളിൽ ഒന്നു മാത്രമാണു സോപ്പ്. ഷേവിങ് സമയത്ത് ചർമത്തിനും ബ്ലേഡിനും ഇടയിൽ ഒരു സംരക്ഷണ പാളിയായി പ്രവർത്തിക്കാനും ബ്ലേഡ് അനായാസമായി നീങ്ങാനും സോപ്പിനേക്കാൾ ഉചിതം ഷേവിങ് ക്രീം തന്നെയാണ്. താടി രോമം കൂടുതലുള്ളവർ ക്രീം തേച്ച് അൽപമൊന്ന് മസ്സാജ് ചെയ്ത ശേഷം ബ്രഷ് ഉപയോഗിച്ചു പതപ്പിച്ചാൽ മതി. ഷേവിങ് ക്രീം ഉപയോഗിച്ച് പതപ്പിക്കുമ്പോൾ മുഖത്തെ രോമങ്ങൾ നന്നായി എഴുന്നു നിൽക്കുന്നതിനാൽ ‘ക്ലീൻഷേള്’ ചെയ്യാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.

ഷേവു ചെയ്യുമ്പോൾ ‌

ഷേവു ചെയ്യുമ്പോൾ റേസർ ചർമത്തോട് അമിതമായി അമർത്തരുത്. ഷേവിങ് കഴിഞ്ഞ് അടുത്ത ദിവസം കുരുക്കൾ (റേസർ ബംബ്) ഉണ്ടാകുന്നവർ പ്രത്യേകിച്ചും. കൂടുതൽ അമർത്തി ഷേവു ചെയ്യുമ്പോൾ രോമം ചർമത്തിനുള്ളിൽ വച്ച് മുറിയുകയും വീണ്ടും വളരുമ്പോൾ മൂടിപ്പോയ ചർമം തുളയ്ക്കാനുള്ള ശ്രമം നടത്തുമ്പോഴാണ് കുരുക്കളും ചൊറിച്ചിലും ഉണ്ടാകുന്നത്. ചിലരിൽ രോമങ്ങൾ ചർമ്മത്തിനടിയിലേക്കു തന്നെ (ഇൻഗ്രോയിങ് ഹെയർ) വളർന്ന് കടുത്ത അസ്വസ്ഥത ഉണ്ടാക്കും.

ഷേവിങ്ങിനായി റേസർ ചലിപ്പിക്കേണ്ടതു മുഖത്തെ രോമവളർച്ചാ ദിശയിലേക്കു തന്നെയാകണം. രോമകൂപങ്ങൾ മുറിയാനുള്ള സാധ്യത ഇതു കുറയ്ക്കും. ഷേവിങ്ങിനിടയില്‍ റേസർ കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കണം. രോമം റേസർ ബ്ലെയ്ഡിൽ കുടങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ബ്ലെയ്ഡ് മാറാൻ സമയമായി എന്നു മനസ്സിലാക്കാം. ഷേവിങ് കഴിഞ്ഞ് മുഖം കഴുകാൻ തണുത്ത വെള്ളമാണ് നല്ലത്. തണുത്തവെള്ളം ഉപയോഗിച്ചാൽ മുറിവിൽ നിന്നു രക്തസ്രാവ സാധ്യതയും കുറയും.

ആഫ്റ്റർ ഷേവ്

മുഖം കഴുകിക്കഴിഞ്ഞാൽ മതിയായ അളവിൽ ആഫ്റ്റർ ഷേവ് ലോഷനോ ക്രീമോ ഉപയോഗിക്കണം. ഷേവിങ്ങിനു ശേഷമുള്ള ചർമ വരൾച്ചയുൾപ്പെടെ പല പ്രശ്നങ്ങൾകര്കും ഇതൊരു പരിഹാരമാണ്. ഷെവിങ് ലോഷൻ നല്ല ബ്രാൻഡ് മാത്രം ഉപയോഗിക്കുക. കാലപ്പഴക്കം വന്നവ ഉപയോഗിക്കരുത്. ലോഷൻ ഉപയഗിച്ച് അഞ്ചുപത്തുമിനിറ്റ് കഴിഞ്ഞു മുഖം തണുത്തവെള്ളത്തിൽ കഴുകണം.

ഷേവിങ്: നാലു മേഖലകൾ

സുരക്ഷിതമായ ഷേവിങ്ങിനള്ള പുതിയ മാർഗമാണ് ഷേവു ചെയ്യാനുള്ള ഭാഗത്തെ മേഖലകളായി തിരിച്ചുള്ള ഷേവിങ് രീതി. മൂക്കിനും ചുണ്ടിനും താഴെ വരുന്ന ഭാഗമാണ് ഒന്നാമത്തെ മേഖലയായ ക്വാഡ്രന്റ് ഒന്ന് (Q1). ഇവിടെയാണ് ആദ്യം ഷേവു ചെയ്യേണ്ടത്. ഇവിടെ ഈർപ്പമുള്ള ചർമവും താരതമ്യേന മൃദുലമായ രോമങ്ങളുമാണ്. ഈ സമയത്ത് കവിളുകളിലെ രോമവും ചർമവും കടുത്ത ഈർപ്പം നേടി പാകമായിക്കഴിഞ്ഞിരിക്കും. രണ്ടാമത് ഈ ഭാഗം (Q2) ഷേവു ചെയ്യാം. അതു കഴിഞ്ഞ് താടിയുടെ അടിവശവും കഴുത്തിന്റെ തുടക്കവും (Q3) ശേഷം താഴേക്കു (Q4) ഷേവു ചെയ്യാം.

Tags:
  • Daily Life
  • Manorama Arogyam