Saturday 26 February 2022 03:21 PM IST : By ഡോ. ബിജിൻ ജോസഫ്

സോഡിയം കുറഞ്ഞാൽ ആശയക്കുഴപ്പവും ക്ഷീണവും; പൊട്ടാസ്യം കുറഞ്ഞാൽ നെഞ്ചിടിപ്പ് കൂടാം; ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ കൂടലും കുറവും പ്രശ്നമാകുമ്പോൾ

soder3r34

കോവിഡ് കാലത്ത് പലർക്കും പൊട്ടാസ്യം കുറഞ്ഞതായുള്ള വാർത്തകൾ നാം കണ്ടിരുന്നു. പ്രായമായവരിൽ സോഡിയം കുറഞ്ഞ് തലചുറ്റലും സ്ഥലകാല വിഭ്രാന്തിയും ഉണ്ടാകുന്ന അവസ്ഥയും പൊതുവേ കാണാറുണ്ട്. എന്താണ് ഈ സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും ശരീരത്തിലുള്ള പ്രാധാന്യം? എന്തുകൊണ്ടാണ് ഇവയുടെ നിരക്ക് പെട്ടെന്നു കുറയുന്നത്? വിശദമായി അറിയാം.

സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം ക്ലോറൈഡ്, ഫോസ്ഫേറ്റ്, ബൈകാർബണേറ്റ് എന്നിവ മനുഷ്യ ശരീരത്തിലെ പ്രധാന ഇലക്ട്രോലൈറ്റുകളാണ്. ശരീരത്തിലെ ഇലക്ട്രിക് ചാർജുള്ള ധാതുക്കളെയാണ് ഇലക്ട്രോലൈറ്റുകളെന്ന് പറയുന്നത്.

സോഡിയത്തിന്റെ പ്രാധാന്യം

നമ്മുടെ ശരീരത്തിലെ പ്രധാന ഇലക്ട്രോലൈറ്റുകളിലൊന്നാണ് സോഡിയം. ശരീരത്തിലെ ജലാംശത്തിന്റെ അളവ്, പിഎച്ച് നിരക്ക് എന്നിവയുടെ സന്തുലിതാവസ്ഥ നിലനിർത്തുക, രക്തസമ്മർദം നിയന്ത്രിച്ച് നിർത്തുക, പോഷക പദാർത്ഥങ്ങളെ ശരീരകോശങ്ങൾക്കുള്ളിലേക്കും മാലിന്യത്തെ പുറത്തേക്കും കൊണ്ടുപോവുക എന്നിവയിലൊക്കെ സോഡിയം പ്രധാന പങ്കുവഹിക്കുന്നു. നാഡികൾ, പേശികൾ, ഹൃദയം, തലച്ചോറ് എന്നിങ്ങനെ ശരീരത്തിന്റെ വിവിധങ്ങളായ അവയവ വ്യവസ്ഥകളുടെ ശരിയായ പ്രവർത്തനത്തിനും സോഡിയം ആവശ്യമാണ്. രക്തത്തിലെ സോഡിയത്തിന്റെ സാധാരണനില 135 മുതൽ 145 വരെ mEq/L ആണ്. ഈ പരിധിയിൽ നിന്നുള്ള വ്യതിയാനങ്ങൾ പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു.

ഉപ്പ് കൂടുതൽ കഴിക്കണോ?

സാധാരണ കഴിക്കുന്ന ഏതാണ്ടെല്ലാ ഭക്ഷണ പദാർത്ഥങ്ങളിലും സോഡിയം അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മത്സ്യ മാംസാദികൾ എന്നിങ്ങനെ എല്ലാത്തിലും സോഡിയമുണ്ട്. കാരറ്റ്, ബീറ്റ്റൂട്ട്, മുള്ളങ്കി, മധുരക്കിഴങ്ങ്, ചീര, ബീൻസ് തുടങ്ങിയവയിലെല്ലാം സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്. കറിയുപ്പ്, സോസ്, അച്ചാറുകൾ, സൂപ്പുകൾ, ടിന്നിലച്ച ഭക്ഷണ പദാർത്ഥങ്ങൾ, പപ്പടം, ഫാസ്റ്റ് ഫൂഡ് മുതലായവയിൽ കൂടിയ അളവിൽ സോഡിയമുണ്ട്. സാധാരണ രീതിയിൽ ഭക്ഷണം കഴിക്കുന്ന ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് സോഡിയത്തിന്റെ കുറവ് ഉണ്ടാകാറില്ല. അതുകൊണ്ട് സോഡിയം കൂടുതൽ കിട്ടാൻ കറിയുപ്പ് അധികം ഉപയോഗിക്കേണ്ടതില്ല. കൂടിയ അളവിൽ ഉപ്പ് ഉപയോഗിച്ചാൽ അമിതമായ രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനും കാരണമാകും.

കുറയുന്നതെന്തുകൊണ്ട്?

അമിതമായ ചൂടിലോ വെയിലിലോ കൂടുതൽ സമയം വിയർത്ത് ജോലി ചെയ്യുക, ഛർദി, അതിസാരം എന്നിവ പോലെയുള്ള അവസ്ഥകളിൽ ശരീരത്തിൽ നിന്ന് അമിതമായ അളവിൽ ജലാംശവും സോഡിയവും നഷ്ടപ്പെടുക എന്നിവ വഴി സോഡിയം കുറഞ്ഞു പോകാം.‌

സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്ന വൃക്കകൾ, അഡ്രിനൽ ഗ്രന്ഥി, കരൾ, ഹൃദയം, പീയൂഷ ഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി എന്നിവയിലുണ്ടാകുന്ന രോഗാവസ്ഥയും സോഡിയം കുറയാനുള്ള കാരണമാണ്. തലച്ചോറിനുണ്ടാകുന്ന ക്ഷതവും മുഴകളും ചിലയാളുകളിൽ സോഡിയം കുറയാൻ കാരണമാകും. ശ്വാസകോശത്തിലുണ്ടാകുന്ന ടിബി (Tuberculosis), ന്യുമോണിയ, ചിലയിനം അർബുദങ്ങൾ എന്നിവ കാരണവും സോഡിയം കുറയാം.

രക്തസമ്മർദത്തിനും മറ്റുമുള്ള ചികിത്സക്കായി ഉപയോഗിക്കുന്ന, മൂത്രം അധികമായി പോകാൻ സഹായിക്കുന്ന ഡൈയൂററ്റിക് വിഭാഗത്തിൽ പെട്ട ക്ലോർത്താലിഡോൺ (Chlorthalidone), ക്ലോർത്തയാസൈഡ് (Chlorthiazide) മുതലായ മരുന്നുകളും ചിലയാളുകളിൽ സോഡിയം കുറഞ്ഞു പോകാൻ കാരണമാകുന്നു.

അമിതമായി വെള്ളം കുടിക്കുന്നതു കാരണവും രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയാം (Dilutional hyponatremia). രക്തത്തിൽ ഉയർന്ന അളവിൽ ഷുഗർ, കൊളസ്ട്രോൾ എന്നിവയുണ്ടെങ്കിലും സോഡിയം അളവ് രക്തപരിശോധനയിൽ കുറഞ്ഞ് കാണുന്നു. ഇതിനെ യഥാർത്ഥമല്ലാത്ത സോഡിയം കുറവ്( Pseudohyponatremia) എന്ന് പറയുന്നു. ഇത്തരം ആളുകളിൽ പ്രമേഹത്തിന്റെയും കൊളസ്ട്രോളിന്റെയും ചികിത്സയാണ് ആവശ്യമായി വരുക. പ്രായാധിക്യമുളളവരിൽ വൃക്കകളുടെയും മറ്റും പ്രവർത്തനത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ മൂലം പെട്ടെന്ന് സോഡിയം കുറയാം.

സോഡിയം കുറയുന്നതിന്റെ ക്ഷണങ്ങൾ

സോഡിയം എത്രമാത്രം കുറയുന്നുഎന്നതിനനുസരിച്ച് ചെറിയ ക്ഷീണം മുതൽ അപസ്മാരം വരെയുളള ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ഓക്കാനം, ചർദി, ആശയക്കുഴപ്പം, ക്ഷീണം, സ്ഥലകാലബോധമില്ലായ്മ തുടങ്ങിയവയാണ് സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ. രക്തത്തിലെ സോഡിയത്തിന്റെ അളവ് വളരെയേറെ കുറയുമ്പോൾ അപസ്മാരം, ബോധക്ഷയം, മരണം എന്നിവ പോലും ഉണ്ടാകാൻ സാധ്യതയുണ്ട്.

ചിലയാളുകളിൽ ലക്ഷണമൊന്നുമില്ലാതെയും സോഡിയം കുറയാം. മറ്റെന്തെങ്കിലും ആവശ്യത്തിനുവേണ്ടി രക്തപരിശോധന നടത്തു മ്പോൾ മാത്രമായിരിക്കും ഇത്തരക്കാരിൽ സോഡിയത്തിന്റെ കുറവ് കണ്ടെത്തുന്നത്.

ചികിത്സ ഇങ്ങനെ

സോഡിയം കുറവിന്റെ തീവ്രതയും ലക്ഷണങ്ങളും അനുസരിച്ച് ചികിത്സയിൽ വ്യത്യാസമുണ്ട്. സോഡിയത്തിന്റെ കുറവ് ഉടനെ സംഭവിച്ചതാണോ കുറെ കാലമായുള്ളതാണോ എന്നതും ചികിത്സ നിർണയിക്കുന്നതിൽ പ്രധാന ഘടകമാണ്. അമിതമായി വിയർക്കുക, ഛർദി, അതിസാരം തുടങ്ങിയ അവസ്ഥകളിൽ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാ വെള്ളം എന്നിവയെല്ലാം ഉത്തമമാണ്. വളരെയേറെ നിർജലീകരണവും സോഡിയം നഷ്ടവുമുണ്ടായിട്ടുള്ള അവസ്ഥയിൽ സലൈൻ സിരകളിലൂടെ (intravenous) കൊടുക്കേണ്ടി വരും. ഇതുപക്ഷേ, ശ്രദ്ധിച്ചുവേണം. എന്നാൽ കുറഞ്ഞുപോയ സോഡിയത്തിന്റെ അളവ് വളരെ പെട്ടെന്ന് ഉയർത്തുന്നത് ദോഷം ചെയ്യും.

സോഡിയം കൂടിയാൽ

സോഡിയത്തിന്റെ അളവ് 145 mEq/L നേക്കാൾ കൂടുതലാകുന്നതിനെയാണ് സോഡിയം കൂടുക (Hypernatremia) എന്ന് പറയുന്നത്. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞിരിക്കുക, ശരീരത്തിൽ നിന്ന് ഏതെങ്കിലും കാരണത്താൽ അമിതമായി ജലാംശം നഷ്ടപ്പെടുക, അമിതമായി ഉപ്പ് കഴിക്കുക എന്നിവയാണ് സോഡിയം കൂടാനുള്ള പ്രധാന കാരണങ്ങൾ. വെള്ളവും മറ്റ് പാനീയങ്ങളും വളരെ കുറച്ച് കഴിക്കുന്ന കിടപ്പുരോഗികളിലാണ് സാധാരണയായി സോഡിയം കൂടി കാണാറുള്ളത്. സോഡിയം കൂടിയതിന്റെ ഏറ്റവും സാധാരണ ലക്ഷണം അമിതമായ ദാഹമാണ്. "ഉപ്പ് തിന്നവൻ വെള്ളം കുടിക്കും" എന്ന് പറയുന്നത് അതുകൊണ്ടാണ്. ക്ഷീണം, ആശയക്കുഴപ്പം എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. സോഡിയത്തിന്റെ അളവ് വളരെയേറെ കൂടിയ സാഹചര്യത്തിൽ മസിലുകൾക്ക് തുടിപ്പ്, മസിൽ കയറുക, അപസ്മാരം, ബോധക്ഷയം എന്നിവയൊക്കെ ഉണ്ടാകാം.

പൊട്ടാസ്യത്തിന്റെ പ്രാധാന്യം

പേശികൾ, നാഡികൾ (nerves), ഹൃദയം തുടങ്ങിയവയുടെ ശരിയായ പ്രവർത്തനത്തിന് പൊട്ടാസ്യം അത്യാവശ്യമാണ്. 3.5-5.0 mEq/L ആണ് രക്തത്തിലെ പൊട്ടാസ്യത്തിന്റെ സാധാരണ നില. വാഴപ്പഴം, കരിക്കിൻ വെള്ളം,ചീര, തണ്ണിമത്തൻ, ഉരുക്കിഴങ്ങ്, മധുരക്കിഴങ്ങ്, തക്കാളി, ബീൻസ്, അണ്ടിപ്പരിപ്പ്, മാതളം, ഓറഞ്ച് എന്നിവയിലെല്ലാം പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

ഛർദി, വയറിളക്കം, കിഡ്നി രോഗങ്ങൾ, അഡിസൺസ് ഡിസീസ്, മൂത്രം അധികമായി പോകാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ (Diuretics), വിരേചനൗഷധങ്ങൾ (laxatives),അമിതമായ മദ്യപാനം, ചില ആന്റിബയോട്ടിക്കുകളുടെ ഉപയോഗം, അനിയന്ത്രിതമായ പ്രമേഹം മൂലമുണ്ടാകുന്ന ഡയബറ്റിക് കീറ്റോ അസിഡോസിസ് (Diabetic Keto Acidosis). ശരീരത്തിന് ആവശ്യമായ മറ്റൊരു ധാതുവായ മഗ്നീഷ്യത്തിന്റെ കുറവും പൊട്ടാസ്യം കൂടുതലായി ശരീരത്തിൽ നിന്ന് നഷ്ടപ്പെടാൻ കാരണമാകുന്നു.

കോവിഡും പൊട്ടാസ്യവും

കോവിഡ് രോഗികളിൽ, പ്രത്യേകിച്ച് സ്ത്രീകളിലും മൂത്രം അധികം പോകുന്ന മരുന്നുകൾ (Diuretics) കഴിക്കുന്നവർക്കും പൊട്ടാസ്യം കുറയാൻ സാധ്യതയുണ്ടെന്ന് ലോകമെമ്പാടുമുള്ള പഠനങ്ങൾ തെളിയിക്കുന്നു. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതിൽ റെനിൻ ആൻജിയോടെൻസിൻ സിസ്റ്റം(RAS-Renin Angiotensin System) സുപ്രധാന പങ്കുവഹിക്കുന്നു. കോവിഡിന് കാരണമായ SARS CoV 2 വൈറസുകൾ റെനിൻ ആൻജിയോടെൻസിൻ സിസ്റ്റത്തിലെ ACE2(Angiotensin Converting Enzyme 2 ) റിസപ്റ്ററുകളിൽ പറ്റിച്ചേർന്ന് അതിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതുമൂലമാണ് പൊട്ടാസ്യത്തിന്റെ അളവ് കോവിഡ് രോഗികളിൽ കുറയുന്നത്. തളർച്ച, പേശികൾക്ക് ബലക്കുറവ്,പേശികൾക്ക് തുടിപ്പും ഉരുണ്ടു കയറ്റവും, ഹൃദയമിടിപ്പ് താളം തെറ്റുക, മലബന്ധം എന്നിവയാണ് ലക്ഷണങ്ങൾ.

ഉടൻ ചെയ്യേണ്ടതും ചികിത്സയും

ചെറിയ തോതിലുള്ള പൊട്ടാസ്യം കുറവിന് പൊട്ടാസ്യം ക്ലോറൈഡ് സിറപ്പ് പോലെയുള്ള ഔഷധങ്ങൾ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം കഴിക്കാം. പൊട്ടാസ്യം വളരെയേറെ കുറഞ്ഞ് ഹൃദയമിടിപ്പ് താളം തെറ്റുകയും ഇസിജി വ്യതിയാനം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സിരകളിലൂടെ (intravenous infusion) പൊട്ടാസ്യം നൽകേണ്ടി വരും. പൊട്ടാസ്യം കുറയാൻ കാരണമായ മരുന്നുകൾ ഒഴിവാക്കുക, പൊട്ടാസ്യം കുറയുന്നതിന് കാരണമായ രോഗത്തിന്റെ ചികിത്സ എന്നിവയും പ്രധാനമാണ്. മഗ്നീഷ്യം കുറഞ്ഞതുകാരണം പൊട്ടാസ്യം കുറയുന്നതിന് മഗ്നീഷ്യത്തിന്റെ അളവ് ശരിയാക്കാനുള്ള ചികിത്സ വേണ്ടി വരും.

ലക്ഷണങ്ങളില്ലാത്തതും ഇസിജി വ്യതിയാനങ്ങൾ ഇല്ലാത്തതുമായ ചെറിയ തോതിലുള്ള പൊട്ടാസ്യം കുറവ് കരിക്കിൻ വെള്ളം, മാതളം, ഓറഞ്ച് മുതലായവ കഴിക്കുന്നതിലൂടെ ഒരു പരിധിവരെ ശരിയാക്കിയെടുക്കാം.

പൊട്ടാസ്യം കൂടിയാൽ

വൃക്കസ്തംഭനം (Chronic Kidney Dise ase), അഡിസൺസ് ഡിസീസ്, ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളിൽ തീപ്പൊള്ളലേറ്റ അവസ്ഥ, ഹൃദയത്തിന്റെ പ്രവർത്തനത്തിന് സ്തംഭനമുണ്ടാവുക, അമിതമായ പ്രമേഹം, അ മിതമായ മദ്യപാനം, ചില മരുന്നുകൾ എന്നിവയെല്ലാം രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടാൻ (Hyperkalemia) കാരണമാകുന്നു.

പൊട്ടാസ്യം കൂടിയാൽ ഒാക്കാനം, ചർദി, വയറുവേദന, വയറിളക്കം, ഹൃദയമിടിപ്പ് കൂടിയതായി അനുഭവപ്പെടുക, ഹൃദയമിടിപ്പ് താളം തെറ്റുക, പേശികൾ ബലക്കുറവ് അനുഭവപ്പെടുക, കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ കാണാം.

പൊട്ടാസ്യത്തിന്റെ അളവിലുള്ള ഗണ്യമായ ഏറ്റക്കുറച്ചിലുകൾ ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ച് മരണം പോലും സംഭവിക്കാൻ കാരണമായേക്കാം.

പൊട്ടാസ്യം കൂടിയ അളവിലുള്ള പഴങ്ങൾ, ഉണങ്ങിയ പഴങ്ങൾ, ചീര പോലെയുള്ള ഇലക്കറികൾ, കരിക്കിൻ വെള്ളം എന്നിവയെല്ലാം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒഴിവാക്കണം. പൊട്ടാസ്യം കൂടാനുള്ള കാരണമായ രോഗത്തിനുള്ള ചികിത്സയും ആവശ്യമായി വരും.

നമ്മുടെ ശരീരത്തിനാവശ്യമായ എല്ലാ ധാതുക്കളും ശരിയായ അളവിൽ ലഭിക്കുവാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം സമീകൃതമായ ആഹാരം (Balanced diet) ശീലിക്കുകയെന്ന
താണ്.

ഡോ. ബിജിൻ ജോസഫ്

കൺസൽറ്റന്റ് ഫാമിലി ഫിസിഷൻ

റിവർഷോർ ഹോസ്പിറ്റൽ

കോഴിക്കോട്

Tags:
  • Daily Life
  • Manorama Arogyam