Monday 16 August 2021 05:41 PM IST : By ഡോ. പോൾ വാഴപ്പള്ളി

മുറിവുണ്ടായാൽ ഉടൻ ടിടി എടുക്കണോ? ടിടി കുത്തിവയ്പിനോട് അലർജി വരുമോ?

ttinjection67

കയ്യോ കാലോ അൽപം കൂടുതൽ മുറിഞ്ഞാൽ ‘പോയി ഒരു ടിടി എടുക്കാൻ’ പറയുന്നത് സാധാരണ കാര്യമാണ്. കാരണം ടിടി ഇന്‍ജക്‌ഷന്‍ എടുക്കുന്നതു മുറിവു പഴുക്കാതിരിക്കാന്‍ വേണ്ടിയാണെന്നുള്ള തെറ്റായ ഒരു ധാരണയുണ്ട്. മാത്രമല്ല എന്തു മുറിവു പറ്റിയാലും ഉടന്‍ ടിടി എടുക്കുന്ന ഒരു പ്രവണതയുമുണ്ട്. എന്നാൽ ഏതു മുറിവിനും ടിടി കുത്തിവയ്പ് എടുക്കേണ്ട ആവശ്യമില്ല എന്നതാണ് യാഥാർഥ്യം.

എപ്പോഴൊക്കെ വേണം?

കുഞ്ഞു ജനിച്ചുകഴിഞ്ഞാല്‍ ഒന്നര മാസം, രണ്ടര മാസം, മൂന്നര മാസങ്ങളില്‍ പെന്റാവാക് ഇന്‍ജക്‌ഷന്‍ കൊടുക്കുന്നു. പെന്റാവാക്കില്‍ താഴെപ്പറയുന്ന രോഗങ്ങള്‍ക്കെതിരായുള്ള പ്രതിരോധവാക്സിനുകളുണ്ട്.

എന്തൊക്കെയാണ് പെന്റാവാക്കില്‍ അടങ്ങിയിരിക്കുന്നത് എന്നു നോക്കാം: (1) ഡിഫ്ത്തീരിയ (D). (2) വില്ലന്‍ ചുമ (P-Pertusis), (3) ടെറ്റനസ് (4) ഹെപ്പറ്റെറ്റിസ് ബി (5) ഹിമോഫിലസ് ഇന്‍ഫ്ലുവന്‍സ എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനാണ് പെന്റാവാക്. ഇതില്‍ ടെറ്റനസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനും അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലായല്ലോ?

ഇതു കഴിഞ്ഞ് ഒന്നര വയസ്സിലും അഞ്ചു വയസ്സിലും ബൂസ്റ്റര്‍ ഡോസായി ഡിപിറ്റി ഇന്‍ജക്‌ഷന്‍ കൊടുക്കുന്നു. ഇതില്‍ ടി എന്നു പറയുന്നത് ടെറ്റനസ് പ്രതിരോധവാക്സിനാണ്. അഞ്ചു വയസ്സില്‍ എടുത്താല്‍ പിന്നെ പത്തു വയസ്സിലും പതിനഞ്ചു വയസ്സിലും വീണ്ടും ടി.ടി. മാത്രം എടുക്കുന്നു.

ഇങ്ങനെ ഫുള്‍ കോഴ്സ് ടി.ടി. . പ്രതിരോധ കുത്തിവയ്പെടുത്താല്‍ പിന്നെ അഞ്ചു വര്‍ഷത്തേക്ക് എടുക്കേണ്ട ആവശ്യമില്ല. അഞ്ചു വര്‍ഷത്തേക്ക് ഈ രോഗത്തെ പ്രതിരോധിക്കാന്‍ ഈ ഇന്‍ജക്‌ഷന്‍ മതിയാകും. അഞ്ചു വര്‍ഷം കഴിഞ്ഞ്; എന്നാല്‍ 10 വയസ്സ് തികഞ്ഞിട്ടുമില്ലെങ്കില്‍ ഒരു ടി.ടി. . ഇന്‍ജക്‌ഷന്‍ കൂടി എടുക്കണം.

അധികം വൃത്തിഹീനമായ വലിയ മുറിവുകളാണെങ്കില്‍ ടി.ടി. ഇന്‍ജക്‌ഷന്റെ കൂടെ ടെറ്റനസ് ഇമ്മ്യുണോഗ്ലോബുലിന്‍ എന്ന ഒരു ഇന്‍ജക്‌ഷന്‍ കൂടി കൊടുക്കേണ്ടിവരും. ഇങ്ങനെയുള്ള ഇന്‍ജക്‌ഷന്‍ ഒന്നും എടുക്കാത്ത ഒരാളാണെങ്കില്‍ മുറിവു പറ്റിയാല്‍ ഉടന്‍ ഒരു ടി.ടി. ഇന്‍ജക്‌ഷന്‍ എടുക്കുക. രണ്ടു മാസം കഴിഞ്ഞാല്‍ വീണ്ടും ഒരു ടി.ടി. എടുക്കുക. ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും ഒരു ബൂസ്റ്റര്‍ ഡോസ് എടുക്കുക. അങ്ങനെ മൂന്ന് ഇന്‍ജക്‌ഷന്‍ എടുത്താല്‍ അതിന്റെ പ്രതിരോധശക്തി അഞ്ചു മുതല്‍ പത്തു വര്‍ഷം വരെ ശരീരത്തിനുണ്ടാകും.

ഗർഭിണികളിൽ

ഗര്‍ഭിണികള്‍ക്കു കൊടുക്കുന്നത് നവജാതശിശുക്കളെ ബാധിക്കുന്ന നിയോനേറ്റൽ ടെറ്റനസ്സിനെ പ്രതിരോധിക്കാനാണ്. രണ്ടു ഡോസായിട്ടാണു കൊടുക്കുന്നത്. ഒരു ഡോസ് എടുത്തു നാല് ആഴ്ച കഴിഞ്ഞു രണ്ടാമത്തെ ഇന്‍ജക്‌ഷന്‍ കൊടുക്കാം. ഗര്‍ഭധാരണകാലം 16 ആഴ്ചയ്ക്കും 20 ആഴ്ചയ്ക്കും ഇടയ്ക്കു കൊടുക്കുന്നതാണു നല്ലത്. അനാവശ്യമായി ഇടയ്ക്കിടയ്ക്ക് ടി.ടി. എടുക്കുകയാണെങ്കില്‍ ഈ ഇന്‍ജക്‌ഷന്റെ രോഗപ്രതിരോധശക്തി, എടുക്കുന്നയാളില്‍ കുറഞ്ഞുവരികയും ചിലപ്പോള്‍ അലര്‍ജിക് റിയാക്‌ഷനു തന്നെ വഴിവയ്ക്കുകയും ചെയ്യുന്നു.

ഡോ. പോൾ വാഴപ്പള്ളി

കണ്ണൂർ

Tags:
  • Daily Life
  • Manorama Arogyam
  • Health Tips