Friday 06 May 2022 12:49 PM IST : By സ്വന്തം ലേഖകൻ

മഞ്ഞനിറം, ദുർഗന്ധം, രക്തം കലർന്ന സ്രവം: യോനീസ്രവത്തിന്റെ നിറവും ഗന്ധവും മാറിയാൽ...

vellae32432

സ്ത്രീകളെ പ്രായഭേദമില്ലാതെ വിഷമിപ്പിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ (Leucorrhoea) ഇതൊരു രോഗമല്ല, ശാരീരിക ലക്ഷണമാണ്. ശരീരത്തിന്റെയോ ലൈംഗികാവയവങ്ങളുടേയോ രോഗങ്ങളെ സൂചിപ്പിക്കുന്ന വെള്ളപോക്ക് ചികിത്സിച്ചു മാറ്റാമെങ്കിലും മറ്റു കാരണങ്ങൾ കൊണ്ട് വീണ്ടും വരാം .

വെള്ളപോക്ക് എന്നാൽ ?

സ്ത്രീകളുടെ യോനിയിൽനിന്ന് വെളുത്ത നിറമുള്ള ഒരു തരം ദ്രാവകം പുറത്തേക്കു വരുന്നതിനെയാണ് വെള്ളപോക്ക് എന്നു പറയുന്നത്. ഈ ദ്രാവകത്തിന്റെ നിറം എല്ലായ്പ്പോഴും വെളുപ്പാകണമെന്നില്ല. ചിലപ്പോൾ മഞ്ഞ നിറമോ, ഇളം പച്ച നിറമോ ആവാം. ഈ ദ്രാവകത്തിനു ചിലപ്പോൾ കട്ടി കൂടിയെന്നു വരാം. ദുർഗ്ഗന്ധവും ഉണ്ടാകാം. ചില സ്ത്രീകളുടെ യോനിയിൽ നിന്ന് സാധാരണയിൽ കവിഞ്ഞ തരത്തിൽ, ദുർഗ്ഗന്ധമോ നിറവ്യത്യാസമോ ഇല്ലാത്തതും ചൊറിച്ചിലുണ്ടാക്കാത്തതുമായ വെളുത്ത ദ്രാവകം പുറത്തേക്കു വരാറുണ്ട്. ഇത് വെള്ളപോക്കാണെന്നു തെറ്റിദ്ധരിപ്പിക്കപ്പെടാറുണ്ടെങ്കിലും വെള്ളപോക്കല്ല.

വെള്ളപോക്കിനോടനുബന്ധിച്ച് ബാഹ്യലൈംഗികാവയവങ്ങളിൽ ചൊറിച്ചിൽ, മൂത്രമൊഴിക്കുമ്പോൾ നീറ്റ ൽ, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ യോനിയിൽ വേദന, നടുവേദന എന്നീ ലക്ഷണങ്ങൾ സാധാരണയാണ്. യോനിയിൽനിന്നു വരുന്ന ദ്രാവകത്തിനു ദുർഗ്ഗന്ധം ഉണ്ടാകുമെന്നു മാത്രമല്ല ചിലപ്പോൾ അതിൽ രക്തവും കണ്ടേക്കാം.

വെള്ളപോക്കിന്റെ കാരണങ്ങൾ

യോനീനാളവും (vagina) ഗർഭാശയമുഖവും (cervix) ബാക്ടീരിയ, പൂപ്പൽ (ഫംഗസ്), പ്രോട്ടോസോവ എന്നീ വിഭാഗം രോഗാണുക്കളുടെ ആക്രമണത്തിനു വിധേയമാകാറുണ്ട്. പ്രധാന കാരണം ശുചിത്വക്കുറവാണ്. കൃത്യമായി കുളിക്കാതിരിക്കുകയോ മുഷിഞ്ഞ അടിവസ്ത്രങ്ങൾ മാറ്റാതിരിക്കുകയോ ചെയ്യുന്ന സ്ത്രീകളിൽ പെട്ടെന്നു രോഗാണുബാധയുണ്ടാകുന്നു.

ട്രൈക്കൊമോണാസ് വജൈനാലിസ് (Trichomonas Vaginalis) എന്ന രോഗാണുക്കൾ യോനീനാളത്തെ ആക്രമിക്കുന്നതാണ് വെള്ളപോക്കിന്റെ പ്രധാന കാരണം. സ്ത്രീകളിൽ യോനീനാളത്തിലും പുരുഷന്മാരിൽ മൂത്രനാളി, പ്രോസ്േറ്ററ്റ് ഗ്രന്ഥി എന്നിവയിലുമാണ് ഈ അണുക്കളെ കാണുന്നത്.

വെള്ളപോക്കിന്റെ മറ്റു പ്രധാന കാരണങ്ങൾ താഴെപ്പറയുന്നു.

∙ഗർഭാശയമുഖത്തുള്ള മുഴകൾ (Cervical Polyps), യോനീനാളത്തിലും മറ്റുമുണ്ടാകുന്ന മുറിവുകൾ, പഴുപ്പുണ്ടാക്കുന്ന രോഗങ്ങൾ.

∙ഗർഭാശയത്തിന്റെ സ്ഥാനഭ്രംശം ശരിയാക്കാനുപയോഗിക്കുന്ന പെസ്സറി പോലുള്ള ഉപകരണങ്ങൾ, യോനിയിൽ നിക്ഷേപിക്കുന്ന ഗർഭനിരോധനോപകരണങ്ങൾ (ഉദാ: ഡയഫ്രം, വജൈനൽ ക്യാപ്), അനധികൃതമായി ഗർഭമലസിപ്പിക്കാനായി യോനീനാളത്തിലൂടെ ഗർഭാശയത്തിലേക്കു കടത്തുന്ന ഉപകരണങ്ങൾ എന്നിവകൊണ്ട് വെള്ളപോക്കുണ്ടാകാം.

∙ക്ഷയം, രക്തക്കുറവ്, പോഷകാഹാരക്കുറവ്, ലൈംഗികരോഗങ്ങൾ, ഗർഭാശയരോഗങ്ങൾ, ലൈംഗികാവയവങ്ങളെ ബാധിക്കുന്ന അർബുദങ്ങൾ.

∙ ട്രൈക്കൊമോണാസ് വർഗ്ഗത്തിൽപ്പെട്ട രോഗാണുക്കൾ മൂലം രോഗമുള്ള പുരുഷന്മാരുമായി ലൈംഗികബന്ധം നടത്തുന്ന സ്ത്രീകൾക്കും ലിംഗവുമായി സാമ്യമുള്ള വസ്തുക്കൾ ഉപയോഗിച്ച് സ്വയംഭോഗം നടത്തുന്ന സ്ത്രീകൾക്കും വെള്ളപോക്കുണ്ടാവാം.

∙ ആർത്തവ സമയത്ത് ഉപയോഗിക്കുന്ന ടാമ്പണുകൾ (Tampons) യോനി യിൽ നിന്ന് മാറ്റാൻ മറന്നാൽ വെള്ളപോക്കും പഴുപ്പും ഉണ്ടാവാം.

∙ ആർത്തവവിരാമശേഷം യോനീ നാളത്തിലെ നേർത്ത പാട പോലുള്ള ആവരണം ക്രമേണ ദ്രവിച്ചില്ലാതാകുന്നതു രോഗാണുബാധയുണ്ടാകാനും വെള്ളപോക്കുണ്ടാവാനുമിടയാക്കാം.

∙അപൂർവമായെങ്കിലും നൂൽവിരയുടെ (Thread Worm) ശല്യംകൊണ്ട് വെള്ളപോക്കുണ്ടാകാം.

∙ രോഗാണുക്കളെ നശിപ്പിക്കാൻ നൽകുന്ന ആന്റിബയോട്ടിക്കുകൾ അനാവശ്യമായി കൂടുതൽ കാലയളവിൽ കഴിക്കുന്നവരിലും പ്രമേഹരോഗികളിലും ഗർഭിണികളിലും മോനീലിയ (Monilia) എന്ന പൂപ്പൽ കൊണ്ടുള്ള അണുബാധ വെള്ളപോക്കുണ്ടാക്കാം. പെൺകുട്ടികളേക്കാൾ മുതിർന്ന സ്ത്രീകളിലാണ് വെള്ളപോക്ക് കൂടുതൽ കണ്ടു വരുന്നത്. വെള്ളപോക്കിന്റെ അളവ് വർധിക്കാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്.

∙ലൈംഗികോത്തേജനമുണ്ടാവുമ്പോൾ യോനിയിലെ ഗ്രന്ഥികളിൽ നിന്ന് (Bartholin glands) കൂടുതൽ സ്രവം ഉൽപാദിപ്പിക്കപ്പെടുന്നു.

∙ആർത്തവത്തിനു രണ്ടോ മൂന്നോ ദിവസങ്ങൾക്കു മുമ്പ് യോനീസ്രവം കൂടുതലാകുന്നു.
∙അണ്ഡോൽപ്പാദന സമയത്ത് ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അളവ് രക്തത്തിൽ കൂടുന്നതുകൊണ്ട് ഗർഭാശയമുഖത്തുള്ള ഗ്രന്ഥികൾ (endocervical glands) കൂടുതൽ സ്രവം ഉണ്ടാക്കുന്നു.

∙ഗർഭിണികളിൽ അടിവയറിൽ പെൽവിക് കൺജെഷ ൻ (pelvic congestion) ഉണ്ടാകുന്നതുകൊണ്ടും യോനിയിൽ നിന്ന് കൂടുതൽ സ്രവം ഉൽപാദിപ്പിക്കപ്പെടുന്നതുകൊണ്ടും വെള്ളപോക്ക് വർധിക്കാം.

∙ പലപ്പോഴും ചൊറിച്ചിലോ ദുർഗ്ഗന്ധമോ രക്തമോ ഇല്ലാത്ത തരം വെളുത്ത ദ്രാവകം യോനിയിൽ നിന്ന് ആർത്തവാരംഭത്തിനു തൊട്ടു ശേഷമോ അതോടൊപ്പമോ കഞ്ചെനിറ്റൽ സെർവിക്കൽ ഇറോഷൻ (congenital cervical erosion) കൊണ്ട് ഉണ്ടാവാറുണ്ട്.

∙ഗർഭവതിയായിരിക്കുമ്പോഴോ പ്രസവശേഷമോ സ്ത്രീകളിൽ സെർവിക്കൽ ഇറോഷൻ (cervical erosion) കൊണ്ട് യോനീസ്രവം വർദ്ധിക്കാറുണ്ട്.

പലതരം ; പലനിറം

രോഗാണുബാധ കൊണ്ടല്ലാതെ ഉ ണ്ടാകുന്ന വെള്ളപോക്ക് പ്രധാനമായി രണ്ടു തരമുണ്ട് Ðഗർഭാശയമുഖ സംബന്ധമായതും (cervical) യോനീ സംബന്ധമായതും (vaginal)

വലിയ അളവിലുള്ളതും, കട്ടി കുറഞ്ഞതും, മഞ്ഞയോ ഇളംപച്ചയോ നിറമുള്ളതും, പതയുള്ളതും, ചൊറിച്ചിലുണ്ടാക്കുന്നതുമായ വെള്ളപോക്കുണ്ടാവുന്നത് ട്രൈക്കോമോണിയാസിസ് ആണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുകയും മൂത്രമൊഴിക്കുമ്പോൾ വേദനയുണ്ടാവുകയും ചെയ്യും. യോനീനാളത്തിന്റെ ഭിത്തിയിൽ തൊടുമ്പോഴും വേദനയുണ്ടാകാം. ട്രൈക്കോമോണാസ് രോഗാണുക്കൾക്കു പുറമേ പഴുപ്പുണ്ടാക്കുന്ന മറ്റു രോഗാണുക്കൾ കൂടി ബാധിച്ചാൽ പതയുള്ള യോനീസ്രവത്തിനു പകരം പഴുപ്പുള്ള യോനീസ്രവമുണ്ടാവാം.

കാൻഡിഡ ആൽബിക്കൻസ് എ ന്നുപേരുള്ള പൂപ്പൽബാധ കൊണ്ട് ഉണ്ടാവുന്ന മൊനീലിയാസിസ് ഗർഭിണികളിലും പ്രമേഹരോഗികളായ സ്ത്രീകളിലും കൂടുതലായി കണ്ടുവരുന്നു.ആന്റിബയോട്ടിക്കുകൾ ദീർഘകാലം അനാവശ്യമായി ഉപയോഗിക്കുന്നതുകൊണ്ടും ഇതുണ്ടാവാം. അ ത്യധികമായ യോനീസ്രവം, കടുത്ത ചൊറിച്ചിൽ, യോനീനാളത്തിൽ വേദന, തടിപ്പ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

ദീർഘകാലമായി ഗർഭാശയമുഖത്തുണ്ടാവുന്ന രോഗബാധ, മുഴകൾ, മുറിവുകൾ എന്നിവ ഗർഭാശയമുഖ സംബന്ധമായ വെള്ളപോക്ക് ഉണ്ടാകാനിടയാക്കുന്നു. പ്രസവസമയത്ത് ഗർഭാശയമുഖത്തുണ്ടാവുന്ന മുറിവുകൾ ഉണങ്ങുമ്പോൾ ഗർഭാശയമുഖം പുറത്തേക്കു വിടരുകയും ഗ്രന്ഥികൾ പുറത്തേക്കു തള്ളി നിൽക്കുകയും ചെയ്യുന്നതുകൊണ്ട് വെള്ളപോക്ക് വർധിക്കാറുണ്ട്. ഗർഭിണികളിൽ യോനീസംബന്ധമായ വെള്ളപോക്ക് അധികമായി കാണുന്നു. അണ്ഡാശയ രോഗങ്ങൾ, മലബന്ധം, യോനീനാള രോഗങ്ങൾ എന്നിവ യോനീ സംബന്ധമായ വെള്ളപോക്ക് വർധിപ്പിക്കും.

യോനീസ്രവങ്ങൾ മാറുന്നു

വെള്ളപോക്കിനു കാരണമായ യോനീസ്രവം പലതരത്തിൽ പ്രകടമാകാം.

1. ദുർഗന്ധമുള്ള യോനീസ്രവം

ട്രൈക്കൊമോണാസ് രോഗാണുബാധയുള്ളപ്പോഴും ഗർഭാശയാർബുദം, പഴുപ്പു ബാധിച്ച ഗർഭാശയ മുഴകൾ എന്നിങ്ങനെ ലൈംഗികാവയവങ്ങളെ ദ്രവിപ്പിക്കുന്ന രോഗങ്ങളുണ്ടാവുമ്പോഴും, യോനിയിൽ അന്യ വസ്തുക്കളോ ടാമ്പണുകളോ മറന്നുവയ്ക്കുമ്പോഴും ദുർഗ്ഗന്ധമുള്ള യോനീസ്രവം ഉണ്ടാവാനിടയുണ്ട്.

2. വെള്ളം പോലുള്ള യോനീസ്രവം

ഇത് വളരെ അപൂർവ്വമാണ്. ഗർഭപാത്രത്തിന്റെ ഉള്ളിൽ ഗർഭസ്ഥ ശിശുവിനെ പൊതിഞ്ഞിരിക്കുന്ന ആവരണം പൊട്ടി അതിനുള്ളിലെ അമ്നിയോട്ടിക് ദ്രവം പുറത്തേക്കൊഴുകുമ്പോഴും, മൂത്രനാളികൾ യോനിയുമായി ബന്ധപ്പെടാനിടയാകുന്ന യൂറിനറി ഫിസ്റ്റുല (Urinary fistula) വഴി മൂത്രം യോനിയിലൂടെ ഒഴുകുമ്പോഴും മറ്റും വെള്ളം പോലുള്ള സ്രവമുണ്ടാകാം.

3. മഞ്ഞ നിറമുള്ള യോനീസ്രവം

ഗർഭാശയത്തിലോ ഗർഭാശയമുഖത്തോ പഴുപ്പുണ്ടാക്കുന്ന ഏതു രോഗവും യോനിയിലൂടെ മഞ്ഞ നിറമുള്ള ദ്രാവകം ഒഴുകി വരാനിടയാക്കുന്നു. യോനിയിൽ ബാക്ടീരിയാ അണുബാധ മൂലമുണ്ടാവുന്ന രോഗങ്ങൾ, പഴുപ്പു നിറഞ്ഞ ഗർഭാശയമുഖ മുഴകൾ എന്നിവ ഉദാഹരണങ്ങളാണ്. ലൈംഗിക ബന്ധം വഴി പകരുന്ന രോഗമായ ഗോണോറിയയിൽ (Gonorrhoea) മഞ്ഞയോ ഇളംപച്ചയോ നിറമുള്ള ദ്രാവകം ഒഴുകി വരുന്നതിനു പുറമേ യോനിയിൽ നീറ്റലും വേദനയും ഉണ്ടാവാം. ഗർഭഛിദ്രശേഷമോ പ്രസവശേഷമോ ഗർഭാശയത്തിൽ പഴുപ്പു ബാധിച്ചാൽ മഞ്ഞനിറത്തിൽ പഴുപ്പു കലർന്ന യോനീസ്രവമുണ്ടാവാം.

4. രക്തം കലർന്ന യോനീസ്രവം

ഗർഭാശയത്തിലും ഗർഭാശയമുഖത്തും ഉണ്ടാകാറുള്ള അർബുദം, ഗർഭാശയ മുഴകൾ (Fibroids), ഗർഭാശയമുഖത്തുണ്ടാകുന്ന മുഴകൾ എന്നിവ കൊണ്ട് രക്തം കലർന്ന യോനീസ്രവമുണ്ടാവാം. ലൈംഗികാവയവങ്ങളിൽ പഴുപ്പു കൊണ്ടോ അർബുദം കൊണ്ടോ ഉണ്ടാവുന്ന വ്രണങ്ങൾ കൊണ്ടും രക്തം കലർന്ന യോനീസ്രവം വരാം. പ്രായമുള്ള സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ അഭാവംകൊണ്ട് ആർത്തവ വിരാമശേഷം രക്തസ്രാവമോ രക്തം കലർന്ന യോനീ സ്രവമോ അപൂർവ്വമായി കാണാറുണ്ട്. ആർത്തവ വിരാമത്തിനു മുൻപ് സ്ത്രീകളിൽ രക്തം കലർന്ന യോനീസ്രവമുണ്ടായാൽ ഗർഭമുണ്ടോ എന്നു പരിശോധിക്കണം.

5. മലം കലർന്ന യോനീസ്രവം

മലദ്വാരത്തിനടുത്തുള്ള മലാശയം (Rectum) യോനിയുമായി ഫിസ്റ്റുല (Fistula) വഴി ബന്ധപ്പെടുമ്പോൾ അപൂർവമായാണെങ്കിലും മലം കലർന്ന യോനീസ്രവം ഉണ്ടാവാം.

ചികിത്സ പ്രധാനമാണ്

വെള്ളപോക്കുള്ള മിക്ക സ്ത്രീകളും ലജ്ജ കാരണം ഒളിച്ചു വയ്ക്കാൻ ശ്രമിക്കാറുണ്ട്. അത് കൂടുതൽ കുഴപ്പങ്ങളിലേക്കു വഴി തെളിക്കാം. മറ്റു ചിലർ വീര്യം കൂടിയ അണുനാശിനികൾ ഉ പയോഗിച്ച് യോനി ഇടയ്ക്കിടെ കഴുകി വൃത്തിയാക്കാം. അത് യോനിയിൽ അലർജി വരുത്താം .

വെള്ളപോക്കുണ്ടെങ്കിൽ സ്ത്രീകൾ ഉടൻ ഒരു ഡോക്ടറെ സമീപിച്ച് വിദഗ്ധ ചികിത്സ തുടങ്ങണം. വിവാഹിതയായ സ്ത്രീ സ്വന്തം ഭർത്താവിേനയും വൈദ്യപരിശോധനയ്ക്കു വിധേയനാക്കണം. കാരണം ലൈംഗികബന്ധം വഴി പല അണുബാധയും ഭാര്യാഭർത്താക്കന്മാർക്ക് പകരാം. വെള്ളപോക്കുള്ള സ്ത്രീകളുടെ ലൈംഗികാവയവങ്ങൾ പരിശോധിച്ചാൽ ലൈംഗിക രോഗങ്ങൾ, പഴുപ്പ്, മുഴകൾ, വ്രണങ്ങൾ എന്നിവയുണ്ടോ എന്ന് ഡോക്ടർക്ക് അറിയാം. യോനിയിൽ പഴുപ്പു കണ്ടാൽ യോനീനാളത്തിൽനിന്നും ഗർഭാശയമുഖത്തുനിന്നും സ്വാബ് (swab) പരിശോധന നടത്തുന്നു. മൂത്രദ്വാരത്തിൽ നിന്നു സ്വാബ് എടുത്തു പരിശോധിച്ചാൽ ഗൊണോറിയ ആണോ എന്നറിയാം.

യോനിയിൽ സ്െപക്കുലം എന്ന ഉപകരണം പ്രവേശിപ്പിച്ചു പരിശോധിച്ചാൽ യോനീസ്രവം ഗർഭാശയമുഖത്തു നിന്നാണോ യോനീ നാളത്തിൽ നിന്നാണോ എന്നും അറിയാം. യോനീസ്രവം ഒരു സ്ലൈഡിൽ എടുത്ത് മൈക്രോസ്‌കോപ്പിലൂടെ പരിശോധിച്ചാൽ രോഗാണുക്കളേതെന്നു മനസ്സിലാക്കാം. യോനീസ്രവത്തിന്റെ കൾച്ചർ പരിശോധന നടത്തിയാൽ രോഗാണുക്കളെ വളർത്തിയെടുക്കാനും അവ ഏതു മരുന്നുകൊണ്ട് ചികിത്സിച്ചു മാറ്റാമെന്നു മനസ്സിലാക്കാം.

യോനീനാളത്തിൽ അന്യവസ്തുക്കൾ കാരണം വെള്ളപോക്കുണ്ടാകുന്ന സ്ത്രീകളുടെ യോനീനാളം പരിശോധിച്ച് ഡോക്ടർ അവയെടുത്തു മാറ്റുന്നു. അണുനാശകമായ ഔഷധലായനി ഉപയോഗിച്ചു കഴുകിയ ശേഷം കഴിക്കാനുള്ള മരുന്നുകൾ നൽകുന്നു.

ഏതു രോഗാണുബാധ കൊണ്ടാണ് വെള്ളപോക്ക് എന്നതനുസരിച്ചായിരിക്കും ചികിത്സ തീരുമാനിക്കുന്നത്. ട്രൈക്കോമോണാസ് രോഗാണുക്കൾ കൊണ്ട് ഉണ്ടാകുന്ന വെള്ളപോക്കിന് ഗുളികകൾ കഴിക്കുകയും യോനിക്കുള്ളിൽ മരുന്നു ഗുളികകൾ വയ്ക്കുകയും വേണ്ടി വരും. രോഗി വിവാഹിതയാണെങ്കിൽ ഭർത്താവിനും കഴിക്കാനുള്ള ഗുളികകൾ നൽകണം. രോഗാണുബാധ പൂർണ്ണമായി മാറണമെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ തുടരണം. ചികിത്സാ സമയത്ത് ലൈംഗിക ബന്ധത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതാണ് നല്ലത്. ശരീരവും ലൈംഗികാവയവങ്ങളും വൃത്തിയായി സൂക്ഷിച്ചു കഴിഞ്ഞാൽ വെള്ളപോക്ക് ഒരു പരിധിവരെ തടയാം.

ഡോ.മേജർ നളിനി ജനാർദ്ദന

ഫാമിലി മെഡിസിൻ

സ്പെഷലിസ്‌റ്റ്

ഹദപ്സർ, പുണെ

മഹാരാഷ്ട്ര

Tags:
  • Manorama Arogyam
  • Health Tips