Monday 12 December 2022 01:45 PM IST

ഇന്ത്യ വെൽനസ്സിന്റെ ലോക തലസ്ഥാനമാകും: നരേന്ദ്ര മോദി

Anil Mangalath

modi5435 ലോക ആയുർവേദ കോൺഗ്രസ്സിന്റെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തപ്പോൾ

ആയുർവേദത്തിന്റെയും പാരമ്പര്യ വൈദ്യത്തിന്റെയും മുന്നേറ്റത്തോടെ വെൽനസ്സിന്റെയും സൗഖ്യ ചികിത്സയുടെയും ലോക തലസ്ഥാനമായി ഭാരതം മാറുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോവയിലെ ആയുർവേദ കോൺഗ്രസ്സ് വേദിയിൽ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

ലോകോത്തര ഗവേഷണ, ചികിത്സാ കേന്ദ്രങ്ങൾ വരുമ്പോൾ തെളിവില്ലാത്ത ശാസ്ത്രം എന്ന ആക്ഷേപങ്ങൾ പോയി മറയുമെന്നും മെഡിക്കൽ ഡേറ്റയുടെയും ഗവേഷണത്തിന്റെയും പേരിലാകും ഇനി ആയുർവേദം അറിയപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാസിയാബാദിലെ ദേശീയ യുനാനി കേന്ദ്രവും ഡൽഹിയിലെ ദേശീയ ഹോമിയോ കേന്ദ്രവും ചടങ്ങിൽ പ്രധാനമന്ത്രി വെർച്വലായി ഉദ്ഘാടനം ചെയ്തു.

ആയുർവേദം ശാരീരിക ആരോഗ്യത്തെക്കുറിച്ചു മാത്രമല്ല മൊത്തത്തിലുള്ള സൗഖ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നു മോദി പറഞ്ഞു. 8 വർഷത്തെ ഭരണത്തിനിടെ ആയുഷ് വ്യവസായം 20,000 കോടി രൂപയിൽ നിന്നു 1.50 ലക്ഷം കോടി രൂപയായി വളർന്നു. കേന്ദ്ര സർക്കാരിന്റെ ആയുഷ് പോർട്ടലിൽ ഇതിനകം 40,000 ഗവേഷണ പഠനങ്ങൾ അപ്‌ലോഡ് ചെയ്തു. രാജ്യത്തു ദേശീയ ആയുഷ് റിസർച് കൺസോർഷ്യം ഉടൻ ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ps3234 ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള സംസാരിക്കുന്നു

ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള , ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ് സോണോവാൾ, ടൂറിസം സഹമന്ത്രി ശ്രീപദ് യശോ നായിക് തുടങ്ങിയവരും പങ്കെടുത്തു. 50 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ആയുർവേദ കോൺഗ്രസ് ഇന്നലെ സമാപിച്ചു.

Tags:
  • Manorama Arogyam
  • Health Tips