Friday 04 February 2022 04:13 PM IST : By ഡോ. രോഹിത് രവീന്ദ്രന്‍

മലബന്ധവും വയറിളക്കവും മാറിമാറി വരാം; മൂലക്കുരുവാണെന്നു തെറ്റിധരിക്കാം: കൊളോറെക്ടൽ കാൻസറിനെക്കുറിച്ചറിയാം

5465gfgthrt

ഉദരകാന്‍സറുകളില്‍ പൊതുവായി കാണുന്ന ഒന്നാണ് കൊളോറെക്ടല്‍ കാന്‍സര്‍ അഥവാ മലാശയ കാന്‍സര്‍. വന്‍കുടലും അതിന്റെ അവസാന ഭാഗമായ ഏനല്‍ കനാല്‍ വരെയുള്ള ഭാഗത്തു വരുന്ന കാന്‍സറാണ് കൊളോറെക്ടല്‍ കാന്‍സര്‍. നമ്മുടെ രാജ്യത്ത് ഓരോ വര്‍ഷവും ഒരു കോടി പേരെ ബാധിക്കുന്ന രോഗമാണിതെന്ന് കണക്കുകള്‍ പറയുന്നു. വന്‍കുടലുമായോ മലാശയവുമായോ ബന്ധപ്പെട്ട രോഗങ്ങളെയെല്ലാം മലയാളികള്‍ പലപ്പോഴും ഗ്യാസ് ട്രബിള്‍ ആയും മൂലക്കുരുവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമായി കാണുന്ന രീതി വ്യാപകമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനത്തില്‍ വരുന്ന ഇത്തരം താളംതെറ്റലുകളെ കൃത്യമായ സമയത്ത് തിരിച്ചറിയുകയും അര്‍ഹിക്കുന്ന ഗൗരവത്തോടെ ചികിത്സ തേടുകയും ചെയ്താല്‍ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്.

പൊരിച്ചതും കരിച്ചതുമായ മാംസം അപകടം

മലാശയ കാന്‍സറുകളിലേക്ക് നയിക്കുന്ന പ്രധാന കാരണം ജീവിതശൈലി തന്നെയാണ്. ജീവിതശൈലിയോടൊപ്പം ഭക്ഷണ രീതിയില്‍ നാം വരുത്തിയ മാറ്റങ്ങളും രോഗത്തിന്റെ വ്യാപ്തി കൂടുന്നതിന് കാരണമാണ്. പോഷണം കുറഞ്ഞതും നാരുകള്‍ കുറഞ്ഞതും ഉയര്‍ന്ന കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍, 'പൊരിച്ചതും കരിച്ചതു'മായ മാംസ വിഭവങ്ങള്‍, അമിത വണ്ണം, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം തുടങ്ങിയവയെല്ലാം മലാശയ കാന്‍സറിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. 

ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസസ്, ക്രോണ്‍സ് ഡിസീസസ് -Crohns Disease - അള്‍സറേറ്റീവ് കൊളൈറ്റിസ് - Ulcerative Colitis -തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കാന്‍സറായി മാറാം. കുടുംബത്തില്‍ നേരത്തെ ഇത്തരം രോഗമുള്ളവര്‍ക്കും മലാശയ കാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട്. ജനിതക ഘടകങ്ങളും രോഗം വരാനുള്ള വലിയൊരു ഘടകമാണ്. ഉദാഹരണത്തിന് എഫ്.എ.പി, -ഫാമിലിയല്‍ അഡിനോമാറ്റസ് പോളിപോസിസ് -Familial adinomatous polyposis -കുടല്‍ മുഴുവനും പോളിപ്‌സ് നിറയുന്ന അവസ്ഥയാണിത്. 40 വയസ്സിനുള്ളിലാണെങ്കില്‍ ഇത്തരം ഘട്ടങ്ങളില്‍ ശസ്ത്രക്രിയയിലൂടെ കുടല്‍ മുറിച്ചുനീക്കി കാന്‍സര്‍ വരുന്നത് തടയാനാകും. മറ്റൊരു അവസ്ഥ എച്ച് എന്‍ പി സി സി- Heriditary non polyposis colorectal cancer - ഹെറിഡിറ്ററി നോണ്‍ പോളിപോസിസ് കൊളോറെക്ടല്‍ കാന്‍സര്‍ ആണ്. 

കൊളോറെക്ടല്‍ കാന്‍സറുകള്‍ രൂപം കൊള്ളുന്നത് 'പോളിപി'ല്‍ നിന്നാണ്. വന്‍കുടലിനുള്ളില്‍ മുമ്പോട്ടു തള്ളി വളരുന്ന ഒരു ശ്ലേഷ്മപാളിയാണിത്. വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും പലപ്പോഴും പോളിപ് കാന്‍സര്‍ ആയി മാറുക. അതുകൊണ്ട് കൊളോറെക്ടല്‍ സ്‌ക്രീനിംഗ് എന്ന് ആരോഗ്യവിദഗ്ധര്‍ വിളിക്കുന്ന പരിശോധനകള്‍ നടത്തിയാല്‍ ഈ കാന്‍സറിനെ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കും. കൊളോണോസ്‌കോപി ഉപയോഗിച്ചുള്ള കൊളോറെക്ടല്‍ കാന്‍സര്‍ സ്‌ക്രീനിംഗിലൂടെ കാന്‍സര്‍ ആയി മാറുന്നതിന് മുമ്പു തന്നെ പോളിപ്പുകളെ കണ്ടെത്താന്‍ സാധിക്കും. കാന്‍സറിനെ പ്രതിരോധിക്കാന്‍ ഈ പോളിപ്പുകള്‍ നീക്കം ചെയ്യുക മാത്രമേ നിര്‍വ്വാഹമുള്ളൂ. 

ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളാണ് രോഗപ്രതിരോധത്തിന്റെ പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന്. പഴങ്ങളും പച്ചക്കറികളും അധികമായി ഉള്‍പ്പെടുത്തിയുള്ള ഭക്ഷണം,  നാരുകളേറെയുള്ള ഭക്ഷണങ്ങള്‍, ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം മാംസം ഉള്‍പ്പെടുത്തിയ ഭക്ഷണം, മൃഗക്കൊഴുപ്പ് ഏറ്റവും കുറഞ്ഞ അളവിലുള്ള ഭക്ഷണം, തുടങ്ങിയ രീതികള്‍ ഒരുപരിധി വരെ കൊളോറെക്ടല്‍ കാന്‍സറിനെ പ്രതിരോധിക്കും. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതും കാന്‍സറിനെ നിയന്ത്രിച്ചു നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളാണ്. ഹൃദ്രോഗങ്ങള്‍ക്ക് സാധാരണയായി കഴിക്കാറുള്ള ആസ്പിരിന്‍ അടങ്ങിയ മരുന്നുകളും ഒരു പരിധി വരെ കൊളോറെക്ടല്‍ കാന്‍സര്‍ വരുന്നത് തടയുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

മലവിസർജനത്തിൽ തകരാറുകൾ

കൊളോറെക്ടല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ പ്രധാനമായും മല വിസര്‍ജ്ജനരീതിയില്‍ വരുന്ന മാറ്റങ്ങളായാണ് ആദ്യം പ്രകടമാകുന്നത്. മലം പോകുന്നതിന് തടസ്സം നേരിടുക, ഇടയ്ക്കിടെ വയറിളക്കവും മലബന്ധവും മാറിമാറി ഉണ്ടാകുക, മലസഞ്ചി-റെക്ടം- യിലാണ് കാന്‍സര്‍ ഉള്ളതെങ്കില്‍ മലശോചനയില്‍ സംതൃപ്തി വരാതിരിക്കുക, മുഴുവനായി മലം പോയില്ലെന്ന് തോന്നുക, ആവര്‍ത്തിച്ച് ബാത്ത് റൂമില്‍ പോകുക തുടങ്ങിയവ സംഭവിക്കാറുണ്ട്.

മലത്തിനൊപ്പം രക്തം കലര്‍ന്ന് പോകുന്നതും കാന്‍സറിന്റെ ലക്ഷണമായി കാണാം. ഈ രക്തം, മുഴയുള്ളത് ഏതുഭാഗത്താണ് എന്നതിനെ ആശ്രയിച്ച് കറുപ്പ് നിറമോ കടുത്ത ചുവപ്പു നിറമോ ആവാം. അടിവയര്‍ വേദന, കൊളുത്തിവലിക്കല്‍ എന്നിവയും അനുഭവപ്പെടാം. ഗുരുതര രോഗാവസ്ഥകളുടെ കാര്യത്തില്‍ തുടര്‍ച്ചയായി ഭാരം നഷ്ടപ്പെടുകയും വിളര്‍ച്ച അനുഭവപ്പെടുകയും ചെയ്‌തേക്കാം.

കൊളോറെക്ടല്‍ കാന്‍സര്‍ ഉണ്ടോ എന്ന് മനസ്സിലാക്കുന്നതിനായി സ്‌ക്രീനിംഗ് മാര്‍ഗ്ഗങ്ങള്‍ നാം സ്വീകരിച്ചു തുടങ്ങേണ്ടത് 45 വയസ്സു മുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. എന്‍ഡോസ്‌കോപ് വന്‍കുടലിലൂടെ കടത്തിവിട്ട് മലസഞ്ചി വരെയുള്ള കുടലിനുള്ളിലെ പോളിപ്പുകള്‍ കണ്ടെത്തുന്ന കൊളോണോസ്‌കോപിയാണ് ഏറ്റവും പ്രധാന രീതി. പിന്നീട് രോഗബാധയുണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ തുടര്‍ന്നും ഓരോ പത്തു വര്‍ഷം കൂടുമ്പോഴും ഇതേ പരിശോധന നടത്തുന്നതാണ് ഉചിതം. അതേസമയം, ഇത്തരത്തിലുള്ള കാന്‍സര്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും നേരത്തെ ഉണ്ടെങ്കിലും ഐബിഎസ് -ഇറിറ്റബ്ള്‍ ബവല്‍ സിന്‍ഡ്രോം - ഉണ്ടെങ്കിലും സ്‌ക്രീനിംഗ് ഇടയ്ക്കിടെ ചെയ്യുന്നതാണ് നല്ലത്. 

രോഗം മുന്‍കൂട്ടി കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്താറുള്ള മറ്റു പരിശോധനകള്‍ ഫീക്കല്‍ ഓക്കള്‍ട് ബ്ലഡ് ടെസ്റ്റ് -Fecal occult blood test-(FOBT) -, ഓരോ അഞ്ചു വര്‍ഷവും കൂടുമ്പോള്‍ സിടി കൊളോണോഗ്രാഫി, സിഗ്മോയ്‌ഡോസ്‌കോപി അഞ്ചുവര്‍ഷം കൂടുമ്പോള്‍ ചെയ്യാവുന്നതാണെങ്കിലും വന്‍കുടലിന്റെ അവസാനഭാഗത്തെ അത് പൂര്‍ണ്ണമായും മരവിപ്പിക്കുന്നതാണ്. മറ്റേതു രോഗത്തെ പോലെ തന്നെയും മലാശയ കാന്‍സറിന്റെ കാര്യത്തില്‍ രോഗനിര്‍ണ്ണയം അതിപ്രധാനമായൊരു ഘട്ടമാണ്. 

രോഗനിര്‍ണ്ണയം കഴിഞ്ഞാല്‍ കാന്‍സര്‍ വ്യാപനത്തിന്റെ ഗതിയും തോതും അറിയാന്‍ വേണ്ടി നടത്തുന്ന സിടി സ്‌കാന്‍ അല്ലെങ്കില്‍ എം ആര്‍ ഐ സ്‌കാനിംഗുകളാണ് നടത്തുക. കാന്‍സര്‍ അത് കണ്ടെത്തിയ ഭാഗത്തു മാത്രം ഒതുങ്ങി നില്‍ക്കുന്നതാണോ അതോ കരളിലേക്കും ശ്വാസകോശത്തിലേക്കും പടര്‍ന്നിട്ടുണ്ടോ എന്നും ഇതിലൂടെ കണ്ടെത്താന്‍ സാധിക്കും.

ശസ്ത്രക്രിയയും കീമോതെറപിയും കഴിഞ്ഞാലും മൂന്നു മാസമോ ആറു മാസമോ കൂടുമ്പോള്‍ ഡോക്ടറെ കണ്ട് ആരോഗ്യാവസ്ഥകള്‍ ചര്‍ച്ച ചെയ്യണം. നീക്കം ചെയ്ത ഭാഗത്തോ മറ്റെവിടെയെങ്കിലുമോ വീണ്ടും മുഴ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വേണ്ടി കൂടിയാണിത്. അത്തരത്തില്‍ മുഴകള്‍ വീണ്ടും കണ്ടെത്തിയാല്‍ അവ കൂടുതല്‍ അപകടമുണ്ടാക്കുന്നതിനു മുമ്പു തന്നെ നീക്കം ചെയ്യാനാവും. കൊളോറെക്ടല്‍ കാന്‍സറിന്റെ ഒരു പ്രത്യേകത കാന്‍സര്‍ ബാധിച്ച ഭാഗം നീക്കം ചെയ്താലും താരതമ്യേന ദീര്‍ഘകാലത്തേക്ക് നല്ല രീതിയില്‍ തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നതാണ്. 

ശസ്ത്രക്രിയയ്ക്ക് മുൻപ്

ശസ്ത്രക്രിയക്ക് മുമ്പ്  മൂന്നോ നാലോ ദിവസത്തെ ആശുപത്രി വാസം ആവശ്യമാണ്. മുഴയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചുകഴിഞ്ഞാല്‍ കാന്‍സര്‍ ബാധ ഏതു സ്‌റ്റേജിലാണുള്ളതെന്ന് കണ്ടെത്താന്‍ കഴിയും. അതിനു ശേഷം കീമോ തെറപിയാണോ മറ്റേതെങ്കിലും തെറപിയാണോ വേണ്ടെതെന്ന് തീരുമാനിക്കാന്‍ കഴിയും. സാധാരണ ഗതിയിലുള്ള ശസ്ത്രക്രിയകള്‍ കൂടാതെ താക്കോല്‍ദ്വാര ശസ്ത്രക്രിയയും റോബോട്ടിക് സര്‍ജറിയുമെല്ലാം ചെയ്യാറുണ്ട്. എല്ലാ രീതിയും നല്ല ഫലമാണ് നല്‍കാറുള്ളതെങ്കിലും താക്കോല്‍ദ്വാര, റോബോട്ടിക് ശസ്ത്രക്രിയകള്‍ ആദ്യഘട്ടത്തില്‍ തന്നെ രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസം പകരുന്നതാണ്. കാരണം ചെറിയ മുറിപ്പാടുകളും അതുകൊണ്ടു തന്നെ ശസ്ത്രക്രിയയുടെ പ്രയാസങ്ങളില്‍ നിന്ന് വേഗം മോചനം നേടാനും സാധിക്കുമെന്നതുകൊണ്ടാണിത്. റെക്ടല്‍ -മലസഞ്ചി -കാന്‍സറുകളില്‍ ഏറ്റവും നല്ല ഫലം ലഭിക്കാന്‍ ആദ്യം റേഡിയേഷനോടു കൂടി കീമോതെറപി ചെയ്യുകയും അതിനു ശേഷം ശസ്ത്രക്രിയ നടത്തുകയുമാണ് നല്ലത്. കാന്‍സര്‍ വ്യാപ്തി മനസ്സിലാക്കിയ ശേഷം വന്‍കുടലില്‍ വരുന്ന ഏതു കാന്‍സറിനും (റെക്ടം ഒഴികെ) ആദ്യം ചെയ്യുക ശസ്ത്രക്രിയയാണ്. രോഗ ബാധയുള്ള ഭാഗം ലിംഫ് നോഡ്‌സ് ഉള്‍പ്പെടെ എടുത്തു നീക്കുകയാണ് ചെയ്യുന്നത്.

രോഗലക്ഷണങ്ങളെ ഗൗരവത്തോടെ കണ്ട്  കുറഞ്ഞ ചെലവിലുള്ള പരിശോധനകള്‍ നടത്തി രോഗം മുന്‍കൂട്ടി കണ്ടെത്താനായാല്‍ കൂടുതല്‍ ചെലവിട്ടാലും ജീവിതം തിരിച്ചുപിടിക്കാന്‍ കഴിയാത്ത അവസ്ഥകള്‍ വരാതെ നോക്കാന്‍ സാധിക്കും. മുന്‍കൂട്ടി കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സകളിലൂടെ ജീവിതം കൈവിട്ടു പോകാതെ നോക്കാനുള്ള സാധ്യതയും കൂടുമെന്നതാണ് കൊളോറെക്ടല്‍ അഥവാ മലാശയ കാന്‍സറിന്റെ പ്രത്യേകത.

ഡോ. രോഹിത് രവീന്ദ്രന്‍

സീനിയര്‍ കണ്‍സല്‍ട്ടന്റ് ജിഐ സര്‍ജറി, ജിഐ ഓണ്‍കോസര്‍ജറി, അഡ്വാന്‍സ്ഡ് ലാപ്രോസ്‌കോപിക് & ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍

മേയ്ത്ര ഹോസ്പിറ്റല്‍, 

കോഴിക്കോട്

Tags:
  • Daily Life
  • Manorama Arogyam