Saturday 29 October 2022 03:07 PM IST : By സ്വന്തം ലേഖകൻ

സ്‌ട്രോക്കിനു ശേഷം ചലനശേഷി തിരിച്ചുപിടിക്കാം; വ്യായാമങ്ങളും തെറപ്പികളും അറിയാൻ വിഡിയോ കാണാം

strkrehab5667

‘സ്ട്രോക്ക്’ പേരു പോലെ തന്നെ മനുഷ്യജീവിതങ്ങൾക്ക് ഏൽക്കുന്ന പ്രഹരമാണ്. ലോകത്താകമാനം ഏകദേശം 1.5 കോടി ആളുകള്‍ക്ക് ഓരോ വര്‍ഷവും സ്‌ട്രോക്ക് വരികയും അതില്‍ ഏകദേശം 50 ലക്ഷത്തോളം പേര്‍ക്ക് സ്ഥിരമായ വൈകല്യമുണ്ടാവുകയും ചെയ്യുന്നുവെന്നാണ് കണക്ക്. തലച്ചോറിലെ എത്രമാത്രം കോശങ്ങൾക്കു നാശം സംഭവിച്ചിട്ടുണ്ട് എന്നത് അടിസ്ഥാനമാക്കിയാണ് പക്ഷാഘാതം അഥവാ സ്ട്രോക്കിനു ശേഷമുള്ള തിരിച്ചുവരവിരിക്കുന്നത്. സ്ട്രോക്ക് ബാധിച്ച് ആദ്യ ആഴ്ചകളിൽ തന്നെ പക്ഷാഘാതം വന്നയാൾക്ക് സാധാരണ രീതിയിലുള്ള പ്രവർത്തനങ്ങളിലേക്ക് തിരികയെത്തുവാൻ സാധിക്കുമോ എന്നു പറയാൻ സാധിക്കും.

സ്‌ട്രോക്ക് വന്ന രോഗി അത്യാസന്ന നില തരണം ചെയ്താലുടന്‍ 'റീഹാബിലിറ്റേഷന്‍' അഥവാ 'പുനരധിവാസം' ആരംഭിക്കാവുന്നതാണെന്നു പറയുന്നു തിരുവനന്തപുരം എസ് യു റ്റി ഹോസ്പിറ്റലിലെ കൺസൽറ്റന്റ് ഫിസിയാട്രിസ്റ്റ് ഡോ. ആനന്ദ് രാജ.

സ്‌ട്രോക്ക് വന്ന് ആദ്യത്തെ മൂന്നു മുതല്‍ ആറു മാസമാണ് ഏറ്റവും അധികം പുനസ്ഥാപനം സംഭവിക്കുക. ഇതിനെ 'ഗോള്‍ഡന്‍ പിരീഡ്' അഥവാ 'സുവര്‍ണ കാലാവധി' എന്നു പറയുന്നു. അതിനു ശേഷവും 18 മാസത്തോളം കുറഞ്ഞ തോതില്‍ പുനസ്ഥാപനത്തിനുള്ള സാദ്ധ്യതയുണ്ട്. ഇങ്ങനെ പുനസ്ഥാപിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ രോഗിയുടെ ദൈനംദിന ജീവിതത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാന്‍ രോഗിയെ പ്രാപ്തമാക്കുന്ന പ്രക്രിയയാണ് റീഹാബിലിറ്റേഷന്‍.

സ്‌ട്രോക്ക് ബാധിതരിയില്‍ 80% പേരിലും പലതോതില്‍ കാണുന്ന വൈകല്യം ചലനശേഷിക്കുറവാണ്. ആദ്യഘട്ടം മുതല്‍ റേഞ്ച് ഓഫ് മോഷന്‍ കൂട്ടുകയും നിലനിര്‍ത്തുകയും ചെയ്യുന്ന വ്യായാമങ്ങളും പേശീശക്തിക്കുള്ള വ്യായാമങ്ങളും ആരംഭിക്കുന്നു. കൂടാതെ മെച്ചമുണ്ടാകാന്‍ സാദ്ധ്യതയുള്ളവരില്‍ ചലനശേഷി നഷ്ടപ്പെട്ട ഭാഗത്തെ കൂടുതൽ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന 'കണ്‍സ്ട്രെയിന്റ് ഇന്‍ഡ്യുസ്ഡ് മൂവ്‌മെന്റ് തെറാപ്പി (Constraint Induced Movement Therapy)' എന്ന ചികിത്സാ രീതി പരിശീലിപ്പിക്കുന്നു. ഇലക്ട്രോമയോഗ്രാഫിക് ബയോ ഫീഡ്ബാക്ക് തെറാപ്പിയാണ് മറ്റൊരു പരിശീലന രീതി. വെര്‍ച്വല്‍ റീഹാബിലിറ്റേഷന്‍, റോബോട്ടിക് തെറാപ്പി, ഒാർമശക്തി പുനസ്ഥാപിക്കാനുള്ള കൊഗ്നിറ്റീവ് തെറപ്പി എന്നിങ്ങനെ ഒട്ടേറെ പരിശീലന പദ്ധതികളുണ്ടെന്നും ഡോക്ടർ പറയുന്നു.

സ്ട്രോക്കിനു ശേഷം ജീവിതം എങ്ങനെ ചലനാത്മകമാക്കാമെന്നു വിശദമായി അറിയാൻ വിഡിയോ കാണുക.

Tags:
  • Manorama Arogyam