Monday 31 January 2022 04:16 PM IST : By ഡോ. പി. സജീവ് കുമാർ

അലർജി പകരുമോ? വളർച്ച തടസ്സപ്പെടുത്തുമോ? കളികളും യാത്രയും ഒഴിവാക്കണോ? കുട്ടികളുടെ അലർജി സംബന്ധിച്ച് 10 സംശയങ്ങൾക്ക് ഉത്തരം

grgg556d

മുതിർന്നവരിൽ കാണുന്നതുപോലെ കുട്ടികളിലും അലർജി ഉണ്ടാകാറുണ്ട്. പലതരം അലർജികളാൽ സ്കൂളിൽ പോകാനാവാതെയും, പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെയും കഷ്ടപ്പെടുന്ന കുട്ടികൾ ഉണ്ട്. കൃത്യമായ ചികിത്സയും പരിശോധനാ സംവിധാനങ്ങളും നിലവിലുള്ള രോഗമാണ് അലർജി. എന്നാൽ അലർജിയെ സംബന്ധിച്ച് ചില തെറ്റിധാരണകൾ കാരണം ഫലപ്രദമായ പരിഹാരം കിട്ടാതെ പോകുന്ന അവസ്ഥയുണ്ട്.

1 അലർജി ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമോ?

കുട്ടികളുമായി വരുന്ന പല മാതാപിതാക്കളും ഈ ചോദ്യം ഉന്നയിക്കാറുണ്ട്. ഇല്ലെന്ന സ്വന്തം ഉത്തരവുമായാണ് പലരും എത്താറ്. അലർജിയുണ്ടാക്കുന്ന ഘടകങ്ങളുമായി ഉള്ള സമ്പർക്കം ഒഴിവാക്കാൻ ആവശ്യപ്പെടാറുണ്ടെങ്കിലും പല സാഹചര്യങ്ങളിലും പ്രായോഗിക തലത്തിൽ അത് സാധിക്കാറില്ല. അതുകൊണ്ടു തന്നെ, ആന്റിഹിസ്റ്റമിനുകൾ, നേസൽ സ്പ്രേ എന്നിവ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്. പലരും ചികിത്സ കൃത്യമായി തുടരാത്തതിനാൽ, അലർജി നിയന്ത്രണത്തിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടു നേരിടുന്നു. കുട്ടികളിൽ മൂക്കിൽ അടിക്കുന്ന സ്പ്രേ തുടരാൻ മാതാപിതാക്കൾ മടി കാണിക്കാറുണ്ട്. സ്പ്രേ ഉപയോഗിക്കുന്നത് വലിയ കുഴപ്പമാണെന്ന ചിന്തയാണ് പലർക്കും. അതിനാൽ ആ കുട്ടികളിലെ അലർജി തുടരുന്നു. എന്നാൽ കൃത്യമായ ചികിത്സയിലൂെട സ്പ്രേയിലെ മരുന്നിന്റെ ഡോസ് കുറച്ചുകൊണ്ടുവരാം. കാലക്രമേണ സ്പ്രേ ഉപയോഗം നിർത്താനും കഴിയാറുണ്ട്. അതുമാത്രമല്ല, അലർജി ഉണ്ടായാൽ മരുന്നുകൾ കൊണ്ടൊന്നും മാറില്ല എന്ന തെറ്റിധാരണയും ചിലരിലുണ്ട്. കൃത്യമായ നിരീക്ഷണത്തിലൂടെയും, ഡോക്ടറുെട നിർദ്ദേശം അനുസരിച്ച്, മരുന്നുകൾ കഴിക്കുന്നതു വഴിയും അലർജിയെ വലിയൊരളവിൽ നിയന്ത്രിച്ചു കൊണ്ടുവരാൻ സാധിക്കും.

2 കുട്ടിക്കാലത്തെ അലർജി ജീവിതകാലം മുഴുവൻ ?

കുട്ടികളിൽ കാണുന്ന അലർജി ജീവിതകാലം മുഴുവനായി തുടരുകയില്ല. കുട്ടിക്കാലത്തും, കൗമാരകാലത്തും ആണ് അലർജൻസിനോടുള്ള ശരീരത്തിന്റെ പ്രതികരണം കൂടുതലായി കാണുന്നത്. മുതിരുന്നതോടെ ഈ പ്രതികരണം കുറഞ്ഞു വരുന്നു. പ്രത്യേകിച്ചും പൊടിപടലങ്ങളോടുള്ള അലർജി. ഇതു കൊണ്ടുതന്നെ മുതിരുന്നതോടെ അലർജി ലക്ഷണങ്ങൾ കുറയുക തന്നെ െചയ്യും. കുട്ടികളിൽ കൃത്യമായി ചികിത്സ ചെയ്താൽ അലർജി നീണ്ടു നിൽക്കാതിരിക്കാൻ ഇടയാകും.

3 ചികിത്സിച്ചില്ലെങ്കിൽ ആസ്മ ആകും

മൂക്കിനെ ബാധിക്കുന്ന അലർജിയുടെ ലക്ഷണങ്ങൾ തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവയാണ്. ചിലരിൽ തുമ്മലിനോടൊപ്പം ശ്വാസതടസ്സവും അനുഭവപ്പെടാറുണ്ട്. ഗുളികകളും, നേസൽ സ്പ്രേയും തുമ്മൽ നിയന്ത്രിക്കാൻ സഹായകരമാവും. ശ്വാസംമുട്ടൽ ഉള്ളവർക്ക് അതിനുള്ള ഗുളികകളോ, ഇൻഹേലറുകളോ ആവശ്യമായി വന്നേക്കാം. ഇങ്ങനെ കൃത്യമായി ചികിത്സ ചെയ്താൽ മൂക്കൊലിപ്പും ശ്വാസതടസ്സവും നിയന്ത്രിക്കാം. ഈ രൂപത്തിൽ ചികിത്സിക്കാത്ത ചെറിയ ശതമാനം പേരിൽ ഭാവിയിൽ ആസ്മ അധികരിക്കാൻ ഇടവരും. എന്നാൽ സാധാരണ കാണുന്ന അലർജി മൂലമുള്ള തുമ്മൽ ആസ്മാരോഗത്തിലേക്ക് നയിക്കും എന്നത് തെറ്റിധാരണയാണ്. വിദഗ്ധ ഡോക്ടറുടെ അഭിപ്രായ പ്രകാരം ചികിത്സ തുടരുന്നതു വഴി നേസൽ അലർജി, ആസ്മയിലേക്ക് എത്താതെ സൂക്ഷിക്കാം.

4 അലർജി പകർച്ചവ്യാധിയാണ്

പാരമ്പര്യമായി കുടുംബങ്ങളിൽ പലതരം അലർജി കണ്ടുവരുന്നുണ്ടെങ്കിലും ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്കു പകരുന്നില്ല. അതിനാൽ അലർജിയുള്ള കുട്ടികളുടെ ക്ലാസുകൾ മുടക്കേണ്ട ആവശ്യമില്ല. എന്നാൽ പനിയുമായി ബന്ധപ്പെട്ടുള്ള തുമ്മൽ, മൂക്കൊലിപ്പ് എന്നിവ ശ്രദ്ധിക്കേണ്ടതാണ്. സാധാരണ കാണുന്ന ജലദോഷവും അലർജി മൂലമുള്ള തുമ്മലും വ്യത്യസ്തമാണ്. സാധാരണ ജലദോഷം കൊണ്ടുള്ള തുമ്മൽ ഒരാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കില്ല. അലർജി തുമ്മൽ കൂടുതൽ കാലം നീണ്ടുനിൽക്കാം.

5 വ്യായാമം െചയ്യാനും കളിക്കാനും കഴിയില്ല

കളികളിൽ ഏർപ്പെടുമ്പോൾ പൊടിപടലങ്ങൾ ശ്വസിക്കാനും, ശരീരത്തിൽ മണ്ണോ, അലർജിക്ക് കാരണമാകുന്ന മറ്റു വസ്തുക്കളോ പറ്റിപ്പിടിക്കാനും ഇടയുണ്ട് എന്നത് ശരിയാണ്. എന്നാൽ ഇതു പറഞ്ഞ് കുട്ടികളെ വ്യായാമത്തിൽ നിന്നും, കളികളിൽ നിന്നും പാടേ വിലക്കരുത്. ശുചിത്വം പാലിച്ചു കൊണ്ട് അവർക്ക് കളിക്കാം. അവർക്ക് അകത്തളങ്ങളിൽ കളികളിൽ ഏർപ്പെടാം.

6 ടെസ്റ്റ് ചെയ്യുന്നതോടെ അലർജി പരിഹരിക്കാൻ കഴിയുമോ ?

അലർജി ടെസ്റ്റ് ചെയ്യുന്നതു മൂലം, അലർജിക്കു കാരണമാകുന്ന ഘടകങ്ങൾ മനസ്സിലാക്കാമെന്നത് യാഥാർത്ഥ്യമാണ്. ചിലർ കുട്ടികൾക്കായി അലർജി ടെസ്റ്റ് അന്വേഷിച്ചു വരാറുണ്ട്. ടെസ്റ്റ് മുഖേന മനസ്സിലാക്കുന്ന ഘടകങ്ങൾ, ചെറിയ അളവിൽ ഇടവേളകളിൽ ശരീരത്തിൽ കുത്തിവച്ച്, അവയെ ശരീരത്തിനു പരിചിതമാക്കി, പ്രതിരോധശേഷി വർധിപ്പിക്കുന്ന പ്രക്രിയയാണ് ഇമ്യൂണോ തെറപ്പി. ഇത് ഘട്ടം ഘട്ടമായാണ് നടപ്പാക്കുന്നത്. ചിലപ്പോള്‍ വർഷങ്ങളോളം ഇഞ്ചക്ഷനുകൾ എടുക്കേണ്ടതായി വരാറുണ്ട്. ഒരൊറ്റ ഇഞ്ചക്ഷനിലൂടെ അലർജി മാറ്റാനാവുമെന്ന തെറ്റിധാരണയും പലരും വച്ചു പുലർത്തുന്നു. അലർജി ടെസ്റ്റ് ചെയ്യാൻ എത്തുന്നവർ അതിനുശേഷം തുടരേണ്ട ചികിത്സയെക്കുറിച്ചു ബോധവാന്മാരാകണം. കേവലം ടെസ്റ്റ് ചെയ്തതു കൊണ്ടു മാത്രം അലർജി മാറില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

7 അലർജനുകളെ ജീവിതകാലം മുഴുവൻ ഒഴിവാക്കണം

അലർജി ടെസ്റ്റ് ചെയ്യുന്നതു മൂലം അലർജിയുടെ കാരണമാകുന്ന ഘടകങ്ങളെ കണ്ടുപിടിക്കാം. ഒരു കുട്ടിയിൽ തന്നെ പലതരം പദാർത്ഥങ്ങൾ അലർജി ഉണ്ടാക്കുന്നതായി കാണുന്നു. (ഉദാ: ചെടികളുടെ പൂമ്പൊടി, വീട്ടുചെള്ള്, അന്തരീക്ഷത്തിലെ പൊടി, ഫംഗസ്, ഭക്ഷ്യപദാർത്ഥങ്ങൾ)‌. ചില ഭക്ഷണപദാർത്ഥങ്ങൾ അലർജിക്കു ഹേതുവാകുന്നുവെങ്കിലും ഇത് എല്ലാക്കാലത്തും ഒരുപോലെ നിലനിൽക്കുന്നില്ല. എന്നിരിക്കിലും കുട്ടികളിൽ ഗുരുതരമായ അലർജിക്കു കാരണമാകുന്ന ആഹാരങ്ങളെ ഒഴിവാക്കണം. എന്നാൽ ചില മാതാപിതാക്കൾ ഇക്കാരണം പറഞ്ഞ് കുട്ടിക്ക് ആവശ്യം വേണ്ട ആഹാരങ്ങളെയും വളരെയധികം നിയന്ത്രിക്കുന്നതായി കാണാറുണ്ട്. ഉദാ: പാൽ, മുട്ട, മത്സ്യം എന്നിവ. ഇതുമൂലം പല കുട്ടികളിലും പോഷകാഹാരം ഒഴിവാക്കപ്പെടുന്നു. അലർജി ഉണ്ടാക്കാത്ത ഭക്ഷണത്തിലെ ആവശ്യഘടകങ്ങൾ കുട്ടികൾക്കു നൽകുക തന്നെ വേണം. ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കൾ വിദഗ്ധരുടെ അഭിപ്രായം തേടേണ്ടതുണ്ട്. എട്ടുവയസ്സുള്ള ഒരു കുട്ടിക്ക് അലർജി ടെസ്റ്റ് ചെയ്തപ്പോൾ പാലിൽ അലർജി കണ്ടതിനാൽ പിന്നീട് പതിനെട്ടു വയസ്സുവരെ പാലും പാലുൽപ്പന്നങ്ങളും കൊടുക്കാതിരുന്നു.ആ കുട്ടിയിൽ പോഷകാഹാരക്കുറവു കണ്ടെത്തുകയുമുണ്ടായി. പിന്നീട് പാൽ കൊടുത്തപ്പോൾ അലർജിയൊന്നും ഉണ്ടായില്ല.
കുട്ടികൾ മുതിരുമ്പോൾ ചെറുപ്പത്തിൽ അലർജിക്കുകാരണമാകുന്ന പല ഘടകങ്ങളോടുമുള്ള ശക്തമായ പ്രതികരണം കുറഞ്ഞു വരുന്നുണ്ട്.

8 യാത്ര പാടില്ലേ?

ഉയർന്ന പ്രദേശങ്ങളിലും, മറ്റു തണുപ്പേറിയ വിനോദ കേന്ദ്രങ്ങളിലും എത്തുമ്പോൾ ചിലരിൽ സാധാരണയായി തന്നെ തുമ്മലും, ശ്വാസംമുട്ടലും അനുഭവപ്പെടാറുണ്ട്. അലർജിയുള്ളവരിൽ ഇത് അധികരിച്ചു കാണാറുമുണ്ട്. അതിനാൽ അലർജിയുള്ള കുട്ടികള്‍ ഇത്തരം സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. മുൻകരുതലായി ആന്റി
ഹിസ്റ്റമിനുകളും, ഇൻഹേലറുകളും, നെബുലൈസറുകളും കൈയിൽ കരുതുന്നത് നല്ലതാണ്. അല്ലാതെ യാത്ര പാടില്ല എന്നില്ല.

9 വളർച്ച തടസ്സപ്പെടുത്തും

പല മാതാപിതാക്കളും ഈ ചോദ്യം ചോദിക്കാറുണ്ട്. അലർജി രോഗം പല കുട്ടികളിലും ദൈനംദിന കർത്തവ്യങ്ങളെ ബാധിക്കുമെന്നതു ശരിയാണെങ്കിലും, അത് അവരുടെ വളർച്ചയ്ക്കു തടസ്സമാകാറില്ല. കൃത്യമായ ഭക്ഷണത്തിലൂടെയും, ആവശ്യമായ ചികിത്സയിലൂടെയും കുട്ടികൾക്ക് സാധാരണ വളർച്ച കൈവരിക്കാനാകും. അതുപോലെ അലർജി ലക്ഷണങ്ങൾ മൂലം പഠനത്തിൽ ശ്രദ്ധിക്കാനാവുന്നില്ലെന്നും ചില മാതാപിതാക്കൾ ചൂണ്ടിക്കാട്ടാറുണ്ട്. വിദഗ്ധ ചികിത്സ വഴി ഇതിന് പരിഹാരമുണ്ടാക്കാവുന്നതേയുള്ളൂ.

10 മാറി താമസിച്ചാൽ ലക്ഷണങ്ങൾ കുറയുമോ?

അലർജിക്കു കാരണമാകുന്ന അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ എല്ലായിടത്തും ഒരുപോലെയായിരിക്കും. അതേസമയം ചില ചെടികൾ, വൃക്ഷങ്ങളുടെ പൂമ്പൊടി എന്നിവ ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രമേ കാണാറുള്ളൂ. ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണമാണ്. അതുകൊണ്ട് സ്ഥലം മാറി താമസിച്ചാൽ അലർജി കുറയ്ക്കാനാകുമോ എന്ന് പലരും ചോദിക്കാറുണ്ട്. വ്യക്തിയുടെ ശരീരത്തിന്റെ പ്രതികരണം കൂടുമ്പോഴാണല്ലോ അലർജിയുടെ ലക്ഷണങ്ങൾ പ്രകടമാകുക. അതിനാൽ വ്യക്തിപരമായ പ്രതിരോധശേഷി പ്രധാനമാണ്. സ്ഥലം മാറുന്നത് പലപ്പോഴും പ്രായോഗികമായി എളുപ്പമല്ലെങ്കിലും ചിലർ ഇതിന് തുനിയാറുണ്ട്. ചിലരിൽ രോഗലക്ഷണങ്ങൾക്കു കുറവുണ്ടാകാറുണ്ട്. എങ്കിലും സ്ഥലം മാറി താമസിക്കുന്നതു പൂർണമായ പരിഹാരം നൽകില്ല.

ഡോ. പി. സജീവ് കുമാർ

കൺസൽറ്റന്റ് ഇൻ പൾമണറി മെഡിസിൻ
ജില്ലാ ടിബി സെന്റർ
തൃശൂർ