കൊച്ചിയിൽ വച്ച് അഗസ്‌റ്റീനയെ കണ്ടപ്പോൾ നാലു കുഞ്ഞുങ്ങളുടെ അമ്മയാണെന്നു തോന്നിയില്ല. പ്രസരിപ്പോടെ കുസൃതിക്കുടുക്കകളെക്കുറിച്ച് അഗസ്റ്റീന മനസ്സു തുറന്നു. പ്രശസ്ത സിനിമാതാരവും നിർമാതാവുമായ അജു വർഗീസിന്റെ ഭാര്യയാണ് 30കാരിയായ അഗസ്‌റ്റീന അജു വർഗീസ്. രണ്ടുസിസേറിയനിലായി ഇരട്ടക്കുട്ടികളാണ് അഗസ്‌റ്റീനയ്ക്ക്. അഞ്ചുവയസ്സുകാരായ ഇവാനും ജുവാനയും, മൂന്നു വയസ്സുകാരായ ജെയ്ക്കും ലൂക്കും.
ഈ ന്യൂജനറേഷൻ കാലത്ത് മക്കളുടെ എണ്ണം കൂടിയതിൽ സന്തോഷമേ ഉള്ളൂവെന്ന് അഗസ്റ്റീന പറയുന്നതിനു ചില കാരണങ്ങളുണ്ട്. കൂട്ടുകുടുംബ ജീവിതരീതികൾ കണ്ടാണ് അഗസ്‌റ്റീന വളർന്നത്. കുട്ടികളെ ഒരുപാടിഷ്ടമായതിനാൽ ചെറിയ കുട്ടികളെ പരിപാലിക്കുന്നതും അഗസ്‌റ്റീന ഇഷ്ടപ്പെട്ടിരുന്നു. കൂട്ടുകുടുംബത്തിന്റെ ഒരുമയും സ്നേഹവും കണ്ടതിനാൽ അതു പോലൊരു വീട് വേണമെന്ന് അഗസ്‌റ്റീന ആഗ്രഹിച്ചിരുന്നു. കല്യാണം കഴിഞ്ഞപ്പോഴേ ഏറെ മക്കൾ വേണമെന്ന് അജുവും അഗസ്‌റ്റീനയും പ്ലാൻ ചെയ്തു. രണ്ടു വർഷത്തിന്റെ ഇടവേളയിൽ നാലു കുഞ്ഞുങ്ങൾ മടിത്തട്ടിലേക്ക് എത്തിയപ്പോൾ കാത്തുവച്ച മാതൃസ്നേഹം അണ മുറിയാത്ത താരാട്ടായി.
2014ലായിരുന്നു ആദ്യ സിസേറിയൻ. ഇവാനും ജുവാനയും എട്ടാം മാസത്തിൽ എത്തി. ആദ്യ ഒരു മാസം കുഞ്ഞുങ്ങൾ ആവശ്യമായ ശരീരഭാരത്തിലെത്തും വരെ കുറേ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കുറേ നാളുകൾ നിയോനേറ്റൽ െഎസിയുവിലും ആയിരുന്നു. കാക്കനാട്ടെ സ്വന്തം വീട്ടിൽ അമ്മയുടെയും അനുജത്തിയുടെയും സഹായത്തോടെയാണ് ആദ്യ കൺമണികളെ അഗസ്‌റ്റീന പരിപാലിച്ചത്. 2016–ൽ അഗസ്റ്റീന വീണ്ടും അമ്മയായി. ഒരു സർപ്രൈസ് പോലെ ഇത്തവണ എത്തിയത് ജെയ്കും ലൂക്കും ആണ്. മാസം തികയാതെ പിറന്ന കുഞ്ഞുങ്ങളായതു കൊണ്ട് ഏറെ കരുതലോടെയാണ് നാലു പേരെയും വളർത്തിയത്. കണ്ണിലെ കൃഷ്ണമണി പോലെ... കാക്കനാട്ടെ ഫ്ളാറ്റിൽ നാലു കുരുന്നുകളെയും തനിയെ നോക്കുന്നതിൽ തനിക്കു നിറഞ്ഞ സന്തോഷമാണെന്ന് അഗസ്‌റ്റീന പറയുന്നു. അത്യാവശ്യ സഹായത്തിന് സെർവന്റ് ഉണ്ട്. അജു സിനിമയുടെ തിരക്കിലായിരിക്കും.
‘‘കുഞ്ഞുങ്ങളുടെ എല്ലാ കാര്യങ്ങളും ഞാൻ തനിയെ ചെയ്യും. എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്, ഒരാളെ ഏർപ്പാടാക്കിയാലോ എന്നൊക്കെ അജു ചോദിക്കാറുണ്ട്. അമ്മമാരു തന്നെ മക്കളെ വളർത്തിയാലേ ശരിയാകൂ. സ്നേഹവും പരിചരണവും ഏറെ നൽകേണ്ട പ്രായമാണല്ലോ. ഒറ്റയ്ക്കിതൊക്കെ ചെയ്യാൻ പറ്റുമോ എന്നു ചിന്തിച്ചിട്ടുണ്ട്. അതു സാധിക്കുന്നുണ്ട് എന്നതാണു സത്യം’’. കുഞ്ഞുങ്ങളുടെ വളർച്ച അടുത്തറിഞ്ഞുള്ള യാത്ര ഏറെ മനോഹരമാണെന്ന് അഗസ്‌റ്റീന പറയുന്നു. ഇവാനും ജുവാനയും കാക്കനാട് വിദ്യോദയ സ്കൂളിൽ എൽ കെജി വിദ്യാർഥികളാണ്. ജെയ്ക്കും ലൂക്കും പ്ലേ സ്കൂളിലും. ഉച്ചവരെ കുട്ടികൾക്ക് ക്ലാസുണ്ട്.
അഗസ്‌റ്റീന അതിരാവിലെ ഉണർന്ന് കുട്ടികൾക്കു വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്യും. ആരോഗ്യകരമായ ആഹാരമേ നൽകൂ. ഉച്ചയ്ക്ക് കുട്ടികൾ വീട്ടിലെത്തും. അവരെ ആഹാരം കഴിപ്പിക്കും. കഥ പറഞ്ഞും പാട്ടുപാടിയും ഹൈഡ് ആൻഡ് സീക്കും കട്ടുറുമ്പും കളിച്ചും കുഞ്ഞോമനകൾ അമ്മച്ചിറകിനുള്ളിൽ സന്തോഷമായിരിക്കും. ഇടയ്ക്ക് പുറത്തുകളിക്കാൻ കൊണ്ടു പോകും. യാത്രകളും ചെയ്യാറുണ്ട്. മൊബൈൽ ഫോൺ കളിക്കാൻ നൽകാറില്ല. അമ്മയോടു ചേർന്നുറങ്ങാൻ വലിയ ഇഷ്ടമാണ് നാലുപേർക്കും. രണ്ടു പേർ അമ്മയുടെ കയ്യിലും രണ്ടു പേർ കാലിലും, അങ്ങനെയാണ് ഉറക്കം. ബൈബിൾ കഥകളും ഫെയ്റി കഥകളും പറഞ്ഞു ചേർത്തുറക്കും. രാവിലെയും വൈകിട്ടും പ്രാർഥിപ്പിക്കും.
ഒരു കുട്ടിയെ വളർത്താൻ പലരും പാടു പെടുമ്പോൾ ഇതെങ്ങനെ സാധിക്കുന്നു എന്നു ചോദിച്ചപ്പോൾ അഗസ്‌റ്റീന പുഞ്ചിരിച്ചു ‘‘ മക്കളു കൂടും തോറും വളർത്താൻ എളുപ്പമാണ്. കുട്ടികൾ സഹോദരങ്ങളുമായി പെട്ടെന്ന് ഇണങ്ങും. സഹോദരങ്ങളുണ്ടെങ്കിൽ കളിക്കാൻ കൂട്ടുണ്ട്. അവരുടെ ലോകം അവരു കണ്ടെത്തും. ഒരു കുട്ടി മാത്രമായാൽ എപ്പോഴും നമ്മെ ചുറ്റിയായിരിക്കും അവരുടെ ജീവിതം’’. കുട്ടികൾ തമ്മിൽ ചെറിയ വഴക്കുണ്ടാകും. ടൈം ഒൗട്ടാണ് പ്രധാന ശിക്ഷ. സ്കൂളിൽ ടീച്ചർമാർ പറയും, നല്ല സന്തോഷമുള്ള കുട്ടികളാണ്, എല്ലാം ഷെയർ ചെയ്യും എന്നൊക്കെ. നല്ല പേരന്റിങ് ആണല്ലോ എന്ന് പലരും പറയാറുണ്ട്.
സിനിമയിലേതിനേക്കാൾ കൂടെ കളിക്കുന്ന അപ്പനെയാണ് മക്കൾക്കു കൂടുതലിഷ്ടം– അഗസ്‌റ്റീന പറയുന്നു. ‘‘കുഞ്ഞുങ്ങളെ കാണുന്നതു തന്നെ എനിക്കു സന്തോഷമാണ്. അവരെ വെറുതെ നോക്കിയിരുന്നാൽ മതി, സ്ട്രെസ്സ് താനേ പൊയ്ക്കൊള്ളും, മക്കൾ വലുതാകുമ്പോൾ അമ്മ നൽകിയ സ്നേഹമൊക്കെ തിരികെ നൽകുമോ എന്നൊക്കെ ചിലപ്പോൾ ആലോചിക്കാറുണ്ട്. അഗസ്റ്റീനയുടെ കണ്ണുകളിൽ സഫലമാതൃത്വത്തിന്റെ നനവ്. കുഞ്ഞുങ്ങൾ സ്കൂളിൽ പോകുമ്പോൾ ഏകാന്തത മാറ്റാനാണ് കലൂരിൽ ടൂല ലൂല എന്ന കിഡ്സ് ഡിസൈനർ ബുട്ടിക് ആരംഭിച്ചത്.
മക്കളെക്കുറിച്ച് എല്ലാ അമ്മമാരെയും പോലെ അഗസ്‌റ്റീനയ്ക്കും ഒരുസ്വപ്നമുണ്ട്.‘‘നല്ല മക്കളായി വളരണം. വിദ്യാഭ്യാസമുണ്ടെങ്കിലും സ്വഭാവം നല്ലതല്ലെങ്കിൽ കാര്യമില്ലല്ലോ... ഞങ്ങളുടെ ഫ്ളാറ്റ് ഒരു പ്ലേ സ്കൂൾ പോലെയാണ്. ഭിത്തി നിറയെ ക്രയോണിന്റെ നിറങ്ങൾ. എല്ലായിടത്തും കളിപ്പാട്ടങ്ങൾ... ഒന്നിച്ചിരുന്ന് നിറം നൽകിയും വീട്ടിലാകെ വണ്ടിയോടിച്ചും മക്കളങ്ങനെ നടക്കും... ഞാനൊന്നു വിഷമിച്ചിരുന്നാലോ ‘അമ്മാ എന്തു പറ്റി’യെന്നു ചോദിച്ച് അരികിലെത്തി ചിരിപ്പിക്കും’’... മക്കളെപ്പറ്റി പറഞ്ഞു മതിയാകുന്നില്ല അഗസ്‌റ്റീനയ്ക്ക്.