Wednesday 24 July 2024 05:28 PM IST : By Manorama Arogyam Research Desk

തൊണ്ടയില്‍ അണുബാധ കാരണം ചെവിയില്‍ വേദന വരാം, ബഡ്സ് കൊണ്ടു കുട്ടികളുടെ ചെവിയില്‍ തോണ്ടുന്നതും പ്രശ്നം..

ear3123

ചെവിയിലെ അണുബാധ മധ്യകർണത്തിലോ ബാഹ്യകർണത്തിലോ ഉണ്ടാകാം. മധ്യകർണത്തിലെ അണുബാധ (acute otitis media) കൂടുതലും കുട്ടികളിൽ ആണ് ഉണ്ടാകുന്നത്. ജലദോഷം ഉള്ളപ്പോൾ മൂക്കിലെ കഫം മൂക്കിനെയും ചെവിയെയും ബന്ധിപ്പിക്കുന്ന യൂസ്റ്റേഷ്യൻ നാളി വഴി മധ്യകർണത്തിൽ അണുബാധ ഉണ്ടാക്കുന്നതാണ് അക്യൂട്ട്
ഒട്ടൈറ്റിസ് മീഡിയ. ടോൺസിലൈറ്റിസ്, ഫാരിൻജൈറ്റിസ് തുടങ്ങി തൊണ്ടയിൽ കുട്ടികൾക്ക് ഉണ്ടാകുന്ന അ ണുബാധ കാരണവും ചെവിയിൽ പഴുപ്പു കെട്ടാം.

വളരെ ചെറിയ കുഞ്ഞുങ്ങൾക്കു കിടന്നു കൊണ്ടു പാലൂട്ടുമ്പോൾ പാൽ മൂക്കിനു പുറകിലേക്കു തികട്ടി കയറാനും മധ്യകർണത്തിൽ എത്തി അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്. അണുബാധ മൂലമുണ്ടാകുന്ന പഴുപ്പ് അവിടെ കെട്ടിക്കിടന്നു വിങ്ങുന്നതാണ് വേദനയായി അനുഭവപ്പെടുന്നത്. കുട്ടികളിൽ യൂസ്റ്റേഷ്യൻ നാളിയുെട പ്രവർത്തനം ശരിയായ രീതിയിൽ നടക്കാത്തതു കൊണ്ട് ഇതു കൂടുതലായി സംഭവിക്കും. യൂസ്റ്റേഷ്യൻ നാളി അടഞ്ഞ് ഇരിക്കുന്നതു കാരണം മിക്കപ്പോഴും വേദന രാത്രിയിൽ ആണ് അനുഭവപ്പെടുക. കുഞ്ഞു കുട്ടികൾ നല്ല ജലദോഷം ഉള്ളപ്പോൾ രാത്രിയിൽ ഉറക്കമായതിനു ശേഷം ഞെട്ടി ഉണർന്നു കരയുന്നതിനു പ്രധാന കാരണം ഇതാണ്. മധ്യകർണത്തിലെ പഴുപ്പു കാരണം ഇതോടൊപ്പം പനി അനുഭവപ്പെടുകയും വേദന കൂടി കർണപടലം പൊട്ടി പഴുപ്പു വെളിയിൽ വരുകയും ചെയ്യാം.

പഴുപ്പിന് ആന്റിബയോട്ടിക് മരുന്നുകളും മൂക്കിലെ കഫം മാറ്റാൻ തുള്ളിമരുന്നും നീർക്കെട്ടിനുള്ള മരുന്നുകളുമാണ് ചികിത്സ.

ബാഹ്യ കർണത്തിലെ നീര് (External otitis) കുട്ടികളെ പോലെ തന്നെ മുതിർന്നവരിലും കാണപ്പെടുന്നു. ഇവിടെ ചെവിയിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളാണ് കാരണം. ഉദാഹരണത്തിന്, കൈ നഖം കൊണ്ട് ചെവി തോണ്ടുമ്പോൾ നഖത്തിനടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കൾ ബാഹ്യകർണത്തിൽ നീരുണ്ടാക്കാം. അല്ലെങ്കിൽ ചെവിത്തോണ്ടി, ഇയർ ബഡ്സ് എന്നിവ ഉപയോഗിച്ചുള്ള ചെവി വൃത്തിയാക്കൽ. മുങ്ങിക്കുളിച്ചു കഴിഞ്ഞു ചെവിയിൽ വെള്ളം കയറി വൃത്തിയാക്കേണ്ടി വരുന്നവരിൽ കണ്ടതു കാരണം ഈ അവസ്ഥയ്ക്കു സ്വിമ്മേഴ്സ് ഇയർ എന്ന് പേര് വന്നു. ചെവിയിൽ ഫംഗസ് ബാധ (otomycosis) ഉണ്ടായാൽ നല്ല ചൊറിച്ചിൽ അനുഭവപ്പെടും. കൂടാതെ ചെവിഅടപ്പും അനുഭവപ്പെടും. ചൊറിച്ചിൽ ഉള്ളതു ചെവിയിൽ തോണ്ടാൻ പ്രേരിപ്പിക്കും. ഇതു നീര് വരുന്നതിനു കാരണമാകും.

ബാഹ്യകർണത്തിലെ നീർക്കെട്ട് ആന്റിബയോട്ടിക് തുള്ളിമരുന്നുകൾ ഉ പയോഗിച്ച് ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ. ഫംഗസ് ബാധ ഉണ്ടെങ്കിൽ ഇ എൻടി ഡോക്ടറെ സമീപിച്ചു ചെവി വൃത്തിയാക്കണം.

ബാഹ്യകർണത്തിലെ സെറുമിനിയസ് (ceruminous) ഗ്രന്ഥികളുടെ സ്രവങ്ങളും തൊലിപ്പുറത്ത് നിന്ന് വിട്ടുപോരുന്ന കോശങ്ങളും മറ്റും ചേർന്നാണു ചെവിക്കായം രൂപപ്പെടുന്നത്. ബാഹ്യകർണത്തിലെ എക്സ്റ്റേണൽ ഒാഡിറ്ററി കനാലിന്റെ (external auditory canal) ഏറ്റവും പുറംഭാഗത്താണ് ഇത് ഉണ്ടാകുന്നത്. ഉണ്ടായിക്കഴിഞ്ഞു ചെവിക്കായം വെളിയിലേക്കു തള്ളപ്പെടുകയാണ് ചെയ്യുന്നത്. അതായതു സാധാരണ ഗതിയിൽ ഒരിക്കലും ചെവിക്കായം നീക്കം െചയ്യേണ്ട കാര്യമില്ല. എന്നാൽ ചെവിയിൽ തോണ്ടി അൽപം ചെവിക്കായം കണ്ടു കഴിഞ്ഞാൽ ഇതേപ്പറ്റി അസ്വസ്ഥരായി കൂടുതൽ തോണ്ടുമ്പോഴാണ് ചെവിക്കായം ചെവിയുടെ ഉള്ളിലേക്ക് ഇറങ്ങിപ്പോകുന്നത്. ഇതിന് ഇംപാക്റ്റഡ് വാക്സ് (impacted wax) എന്നു പറയുന്നു.

കൊച്ചുകുട്ടികളുടെ ചെവിയിൽ ഏറ്റവും കൂടുതൽ ഇത്തരത്തിൽ തോണ്ടുന്നത് അമ്മമാരുടെ അനാവശ്യ ഉൽകണ്ഠയാണ് എന്നതു പ്രത്യേകിച്ച് ഓർക്കേണ്ടതുണ്ട്. ഇയർ ബഡ്സ് കൊണ്ട് പ്രത്യേക പ്രയോജനം ഇല്ല എന്നും മറക്കരുത്.

ഇങ്ങനെ അടിഞ്ഞു കൂടിയ ചെവിക്കായം എടുക്കാൻ ചെവിത്തോണ്ടി, സേഫ്ടി പിൻ, സ്ലൈഡ്, ബഡ്സ് എന്നിവ കൊണ്ടു സ്വയം തോണ്ടുമ്പോൾ ചെവിയുടെ ഭിത്തിയിൽ നീരുവച്ച് എക്സ്റ്റേണൽ ഒട്ടൈറ്റിസ് ഉണ്ടാകാം. അങ്ങനെയാണ് ചെവിക്കായം വേദനയ്ക്കു കാരണം ആകുന്നത്.

ഡോ. ഷിബു ജോർജ്

പ്രഫസർ, ഇഎൻടി വിഭാഗം

ഗവ. മെഡിക്കൽ കോളജ്, കോട്ടയം

Tags:
  • Manorama Arogyam