Wednesday 18 August 2021 03:42 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡെസ്ക്

നാവ് അമർത്തിവടിച്ചില്ലെങ്കിൽ കുട്ടികളുടെ ഉച്ചാരണം ശരിയാകില്ല; നിരതെറ്റിയ പല്ലുകൾ ശരിയാക്കാൻ കൈവിരലുകൾ കൊണ്ടു മോണയും പല്ലും തേച്ചാൽ മതി...ഈ ധാരണകൾ ശരിയോ?

kidsdent312

കുഞ്ഞരിപ്പല്ലുകളുടെ കാര്യം വരുമ്പോൾ മാതാപിതാക്കൾ വലിയ ആശങ്കയിലാകും. ഏതാണ് ശരി  ഏത് തെറ്റ് എന്ന്  തിരിച്ചറിയുക വലിയ പ്രയാസമാണ്. ഇതാ കുട്ടികളുടെ പ്ലലിന്റെ ആരോഗ്യം സംബന്ധിച്ച് 3 തെറ്റിധാരണകളും മറുപടികളും.....

കുട്ടികളുടെ നാവ് അമർത്തിവടിക്കണം....

നാവിനുള്ളിൽ അഴുക്ക് അടിഞ്ഞു പൂപ്പൽബാധയും വായ്നാറ്റവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ പല്ല് വൃത്തിയാക്കുന്നതോടൊപ്പം നാവും വൃത്തിയാക്കണം. എന്നാൽ ശക്തിയായി നാവിലെ രസമുകുളങ്ങളെ മുറിവേൽപിക്കുന്ന തരം സ്റ്റീൽ ടങ് ക്ലീനറുകൾ ഉപയോഗിക്കേണ്ട. പ്ലാസ്റ്റിക് ടങ് ക്ലീനറുകളാണ് അഭികാമ്യം. ബ്രഷിന്റെ പുറകിൽ തന്നെ നാവു വൃത്തിയാക്കാൻ വേണ്ട വികസിപ്പിച്ചെടുത്തതരം ബ്രഷുകളും വിപണിയിൽ ലഭ്യമാണ്. അവയും ഉപയോഗിക്കാം. ആറു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ രസമുകുളങ്ങൾ വളരെ മൃദുവായിരിക്കും. അതുവരെ വൃത്തിയുള്ള ഒരു പഞ്ഞി ചെറുചൂടുവെള്ളത്തിൽ മുക്കി നാവ് തുടയ്ക്കുന്നതാണു നല്ലത്. പതുക്കെ പ്ലാസ്റ്റിക് ടങ് ക്ലീനറുകൾ ഉപയോഗിക്കണം.

നിരതെറ്റിയ പല്ലുകൾ ശരിയാക്കാൻ കൈവിരലുകൾ കൊണ്ടു മോണയും പല്ലും തേച്ചാൽ മതി...

അതു മിഥ്യാധാരണയാണ്. നിര തെറ്റിയ പല്ലുകൾക്കു ദന്തക്രമീകരണ ചികിത്സ വേണ്ടിവരും. എന്നാൽ സ്ഥിരമായ കോമ്പല്ലുകൾ വരുന്നതുവരെ (ഏതാണ്ട് 11 വയസ്സുവരെ) എല്ലാ കുട്ടികളിലും ചിരിയിൽ ഒരു അഭംഗി കാണാറുണ്ട്. ഇതു സാധാരണയാണ്. കോമ്പല്ലുകൾ വന്നിട്ടും ഇതു മാറാതെയിരുന്നാൽ ദന്തരോഗവിദഗ്ധനെ സമീപിക്കേണ്ടതാണ്. എന്നാൽ 11 വയസ്സിനു മുമ്പും കീഴ്ത്താടിയിലെ പല്ലുകൾ മേൽത്താടിയിലെ പല്ലിനെക്കാൾ മുൻപോട്ടു വന്നിരിക്കുന്ന രീതിയിലാണ് കുട്ടി കടിക്കുന്നതെങ്കിൽ (Cross bite) അപ്പോഴും ഉടൻ ചികിത്സ തേടേണ്ടതാണ്.

ടൂത്ത്പേസ്റ്റ് കഴിച്ചാൽ...

ഫ്ലൂെെറഡ് അടങ്ങിയ ടൂത്ത്പേസ്റ്റുകൾ അളവിൽ കൂടുതൽ ഉള്ളിലെത്തിയാൽ അതു ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. മനംപുരട്ടൽ, ഛർദി, പനി, വയറുവേദന തുടങ്ങി തീവ്രത ഏറുമ്പോൾ ബോധക്ഷയം വരെ ഉണ്ടാകാം. അതുകൊണ്ടുതന്നെ പേസ്റ്റ് ഉള്ളിൽ പോകാതെ ശ്രദ്ധിക്കണം. ഒരൽപം പോയി എന്നു വച്ചു പരിഭ്രമിക്കേണ്ടതുമില്ല.

Tags:
  • Manorama Arogyam