Tuesday 15 June 2021 12:19 PM IST : By സ്വന്തം ലേഖകൻ

കുട്ടികളിലെ വിശപ്പു കുറവും ആഹാരത്തോടുള്ള വിരക്തിയും വിഷാദലക്ഷണമാകാം: ലോക്‌ഡൗണിലെ അടച്ചിരുപ്പ് കുട്ടികളെ തകർക്കുമ്പോൾ....

kidsdepwwer325

മുഖ്യമന്ത്രിയുടെ കോവിഡ് പത്രസമ്മേളനത്തിന് കാത്തിരുന്ന ഒരു വൈകുന്നേരം. കൊറോണ രോഗബാധയുടെ കണക്കുകൾക്കൊപ്പം പതിവില്ലാത്ത ഒരു അറിയിപ്പുണ്ടായി. ലോക്ക്ഡൗൺ ആരംഭിച്ചശേഷം ആത്മഹത്യ ചെയ്ത കുട്ടികളുടെ കണക്ക് ആയിരുന്നു അദ്ദേഹം പറഞ്ഞത്. വർദ്ധിച്ച ഈ ആത്മഹത്യകളെക്കുറിച്ച് പഠിക്കാൻ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചു. മാനസിക സംഘർഷമുള്ള കുട്ടികൾക്ക് കൗൺസലിങ് കൊടുക്കാനായി ‘ചിരി’ എന്ന പദ്ധതിയും സർക്കാർ ആവിഷ്കരിച്ചു. വിഷയത്തിന്റെ ഗൗരവം ഇതിൽ നിന്നും മനസ്സിലാകുമല്ലോ...

കുട്ടികൾക്കും വിഷാദം?

മാനസികവും ശാരീരികവും ബൗദ്ധികവുമായ വളർച്ചയെ ബാധിക്കുന്ന വലിയ ആരോഗ്യപ്രശ്നമാണ് കുട്ടികളിലെ വിഷാദം. കേരളത്തിൽ ഏതാണ്ട്, 100ൽ 5 കുട്ടികൾക്ക് വിഷാദരോഗം ഉണ്ട്. കുട്ടികൾക്ക് എങ്ങനെയാണ് വിഷാദം വരുന്നത്? കളിക്കുകയും പഠിക്കുകയും ചെയ്താൽ പോരേ? ജീവിതപ്രശ്നങ്ങളുടെ ഒരു അല്ലലും അവർക്കില്ലല്ലോ? ഇതാണ് പലരുടെയും ധാരണ. കയ്പ്പേറിയ അനുഭവങ്ങളാൽ മാത്രമാണ് വിഷാദരോഗം (ഡിപ്രസീവ് ഡിസോഡർ) കടന്നുവരുന്നത് എന്ന തെറ്റിധാരണയിൽ നിന്നാണ് ഈ ചോദ്യങ്ങൾ വരുന്നത്. എന്നാൽ തികച്ചും ജീവശാസ്ത്രപരമായ (ബയോളജിക്കൽ) കാരണങ്ങളാലും വിഷാദരോഗം ഉണ്ടാകാം.

സങ്കടഭാവമോ ലക്ഷണം?

കുട്ടികളിലെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ മുതിർന്നവരിൽ നിന്നും വ്യത്യസ്തമാണ്. കുട്ടികളിൽ  തന്നെ, ബൗദ്ധിക, ശാരീരിക, മാനസിക വികാസത്തിന്റെ തോത് ഓരോ പ്രായത്തിലും വ്യത്യസ്തമാണ്. കൗമാരപ്രായക്കാരിലെ ലക്ഷണങ്ങൾ പിന്നെയും വ്യത്യാസപ്പെടും. വിഷാദത്തിന്റെ ഏറ്റവും സാധാരണ ലക്ഷണമാണ് സ്ഥായിയായ സങ്കടഭാവം. എന്നാൽ മുതിർന്നവരിൽ കാണുന്ന ഈ തീവ്ര സങ്കടഭാവം കുട്ടികളിൽ അതേപടി പ്രകടമാകണമെന്നില്ല. അകാരണമായ ദേഷ്യം, നിർബന്ധബുദ്ധി തുടങ്ങിയവയായാണ് പലപ്പോഴും പ്രകടമാവുക.

നഷ്ടമാകുന്ന സന്തോഷം

സന്തോഷം അനുഭവിക്കാനുള്ള ശേഷി നഷ്ടമാവുകയാണ് വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണം. ജീവിതത്തെ മുന്നോട്ടു നയിക്കുന്ന പ്രത്യാശയും നഷ്ടപ്പെടുന്നു. സാങ്കേതിക ഭാഷയിൽ ‘ആൻഹെഡോണിയ’ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ അവർക്ക് സ്കൂളിൽ പോകാനുള്ള താൽപര്യം നഷ്ടപ്പെടും. മുൻപ് സന്തോഷത്തോടെ ചെയ്തിരുന്ന പല കാര്യങ്ങളും ചെയ്യുന്നതിൽ മടി കാണിക്കും. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനോ ടിവി കാണുന്നതിനോ ഇഷ്ട വിനോദങ്ങളിൽ ഏർപ്പെടുന്നതിനോ ഒക്കെ താല്പര്യം കാണിച്ചു എന്ന് വരില്ല.

വിശപ്പിലും ഭാരത്തിലും മാറ്റം

വിശപ്പിലും ശരീരഭാരത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് കുട്ടികളിലെ വിഷാദരോഗത്തിന്റെ മറ്റൊരു ലക്ഷണം. ചില കുട്ടികളിൽ വിശപ്പില്ലായ്മയും നേരത്തെ താൽപര്യത്തോടെ കഴിച്ചിരുന്ന ആഹാരങ്ങളോട് താല്പര്യം കുറയുന്ന അവസ്ഥയും ഉണ്ടാകാം. അവരുടെ ശരീരഭാരത്തിന്റെ അഞ്ച്  ശതമാനത്തിൽ കൂടുതൽ ഭാരം ഒരു മാസം കൊണ്ട് കുറയാം. എന്നാൽ വിഷാദം ബാധിച്ചശേഷം വണ്ണം കൂടുന്ന കുട്ടികളുമുണ്ട്. മാനസിക പിരിമുറുക്കം മറികടക്കാനായി അമിതമായി ഭക്ഷണം കഴിക്കുന്നതാണ് (ഇമോഷണൽ ഈറ്റിങ്) ഇതിനു കാരണം.

ഉറക്കമില്ലായ്മ മുതൽ

ഉറക്കത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാ ണ് മറ്റൊരു ലക്ഷണം. ഉറക്കകുറവോ അമിതമായ ഉറക്കമോ ലക്ഷണമായി വരാം. അതുപോലെ, ചെയ്യുന്ന പ്രവൃത്തികളിൽ അസാധാരണമായ മെല്ലെപ്പോക്ക് ഉണ്ടാവാം. പ്രവൃത്തിയുടെയും ചിന്തിക്കുന്നതിന്റെയും ഗതിവേഗം കുറയുന്നതാണ് ഈ പ്രശ്നങ്ങളുടെ കാരണം. പ്രഭാതകർമങ്ങൾ ചെയ്യുമ്പോഴും പഠനപ്രവർത്തനങ്ങൾ തുടരുമ്പോഴും ഈ മെല്ലെപ്പോക്ക് പ്രകടമാകാം.

എന്നാൽ മറ്റൊരു വിഭാഗം കുട്ടികളിൽ ഇതിന് നേർവിപരീതമായ വെപ്രാളമാണ് കാണുക. മാതാപിതാക്കളും അധ്യാപകരും കുട്ടികളിലെ അമിത കുസൃതിയാണിതെന്ന്  തെറ്റിധരിക്കാനും ഇടയുണ്ട്.

വിഷാദം ഉള്ള കുട്ടികളിൽ പലപ്പോഴും അമിത ക്ഷീണവും പ്രകടമാകാം. പഠിക്കാനിരിക്കുന്ന കുട്ടി ക്ഷീണം കാരണം തലവേദനയെന്നോ ഉറക്കം വരുന്നെന്നോ പറഞ്ഞ് പഠനത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതും സാധാരണമാണ്. വളരെ വേഗം ക്ഷീണിച്ചുപോകുന്ന ഇവർ കട്ടിലിൽ ഉറങ്ങാതെ ദീർഘനേരം കിടക്കുന്ന പ്രവണതയും കാണാം.

ചില കുട്ടികളിലെങ്കിലും ശാരീരികരോഗമായും വിഷാദം പ്രകടമാകാറുണ്ട്. വിട്ടുമാറാത്ത തലവേദന, നെഞ്ചുവേദന, ശ്വാസംമുട്ടൽ എന്നുതുടങ്ങി വിചിത്രമായ രോഗലക്ഷണങ്ങൾ വരെ കുട്ടികൾ പ്രകടിപ്പിച്ചെന്നു വരാം. വിദഗ്ധ പരിശോധനകളിൽ കാര്യമായ പ്രശ്നങ്ങളുണ്ടാവില്ല. രോഗം ശമിപ്പിക്കാനുള്ള മരുന്നുകളും കാര്യമായി ഫലിക്കില്ല.

ആത്മഹത്യാ പ്രവണത

ചിലപ്പോൾ കടുത്ത കുറ്റബോധവും നിരാശയും വിഷാദം ബാധിച്ച കുട്ടികളെ വേട്ടയാടാറുണ്ട്. താൻ ലോകത്തിനു ഭാരമാണെന്നും മാതാപിതാക്കളും കൂട്ടുകാരും അവഗണിക്കുകയാണെന്നും കുട്ടിക്ക് തോന്നി തുടങ്ങാം. വിഷാദത്തിന്റെ തീവ്രാവസ്ഥയിൽ ഈ കുറ്റബോധവും നിരാശാബോധവും സ്വയംവരിച്ച ഏകാന്തതയുമൊക്കെ ആത്മഹത്യാപ്രവണതയിലേക്കു വഴിമാറിയേക്കാം. വിഷാദത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണ് ആത്മഹത്യാ പ്രവണത.

വിഷാദം ഒരു സാധാരണ ഘട്ടം കഴിയുമ്പോൾ  ചിത്തഭ്രമം (സൈക്കോസിസ്) എന്ന ഗുരുതര മനോരോഗലക്ഷണങ്ങൾ പ്രകടമാകുന്നവരുമുണ്ട്. ഡെലൂഷൻസ് അഥവാ മിഥ്യാധാരണ, ഹാലൂസിനേഷൻസ് അഥവാ മിഥ്യാനുഭവങ്ങൾ എന്നിവ ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. ചിത്തഭ്രമം ബാധിക്കുന്നതോടെ യാഥാർത്ഥ്യ ലോകത്തുനിന്നും അകന്നു പോകുന്ന കുട്ടികൾ ആത്മഹത്യയിൽ അഭയം തേടുന്നതും അപൂർവമല്ല.

വിഷാദ കാരണങ്ങൾ

ജീവശാസ്ത്രപരമോ മനശ്ശാസ്ത്രപരമോ സാമൂഹികമോ ആയ കാരണങ്ങളാൽ വിഷാദം ഉടലെടുക്കാം. വിഷാദത്തിനുള്ള ജനിതക കാരണങ്ങളോടെയാണ് പല കുട്ടികളും ജനിക്കുന്നത്. ഒപ്പം പാരിസ്ഥിതിക ഘടകങ്ങൾ കൂടി ചേരുമ്പോൾ വിഷാദം പ്രകടമാകും. തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്ററുകളുെട അസന്തുലനം, ഹോർമോൺ വ്യതിയാനങ്ങൾ, എഡിഎച്ച്ഡി, മൂന്നു വയസ്സിനും അഞ്ചു വയസ്സിനും ഇടയ്ക്കു ബാധിക്കുന്ന ആസ്മയും പ്രമേഹരോഗവും പോലുള്ള രോഗാവസ്ഥകൾ തുടങ്ങി വിവിധ കാരണങ്ങളാൽ വിഷാദം വരാം.

 നമ്മുടെ ചുറ്റുപാടുകൾ വിഷാദത്തിലേക്കു നയിക്കാമെന്നതിനു കോവിഡു ബാധ പോലെ മറ്റൊരു ഉദാഹരണമില്ല. ഈ രോഗകാലം നമ്മുടെ കുട്ടികൾക്ക് പകർന്നു നൽകിയത് കടുത്ത മാനസിക സംഘർഷങ്ങളാണ്. അതാണ് ഈ കോവിഡ് കാലത്ത് കുട്ടികളിൽ വിഷാദപ്രശ്നങ്ങൾ കൂടുതൽ പ്രകടമാകാനിടയായത്.

ചികിത്സാ മാർഗങ്ങൾ

കൃത്യമായ ഔഷധചികിത്സയും സൈക്കോതെറപ്പികളും മനശ്ശാസ്ത്രപരവും സാമൂഹ്യപരവുമായ കരുതലുകളും കൊണ്ട് വിഷാദരോഗത്തെ ഫലപ്രദമായി ചികിത്സിക്കാം. തലച്ചോറിലെ സെറട്ടോണിൻ എന്ന രാസതൻമാത്രയുടെ അളവു മെച്ചപ്പെടുത്തുന്ന SSRI വിഭാഗം മരുന്നുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. കുട്ടികളുെട പ്രായത്തിനനുസരിച്ച് കോഗ്നിറ്റീവ് ബിഹേവിയറൽ തെറപ്പി (CBT), ഇന്റർപേഴ്സണൽ സൈക്കോതെറപ്പി (IPT), പേരന്റ്–ചൈൽഡ് ഇന്ററാക്‌ഷൻ തെറപ്പി തുടങ്ങിയ മനശ്ശാസ്ത്ര ചികിത്സകളും ഫലപ്രദമാണ്.

പരിശീലനം നൽകാം, പരിഹരിക്കാം

കുട്ടികളുടെ സ്വഭാവത്തിൽ മാറ്റം കണ്ടാൽ അവർക്ക് തുറന്നു സംസാരിക്കാനുള്ള അവസരം ഒരുക്കുക. അത്മഹത്യാ ചിന്തകൾ പ്രകടിപ്പിച്ചാൽ, അതൊക്കെ വെറുതേ പേടിപ്പിക്കാൻ പറയുന്നതാണെന്നു കരുതി നിസ്സാരമാക്കരുത്. തീർച്ചയായും ഉടൻ സൈക്യാട്രിസ്റ്റിന്റെ സേവനം തേടുക. വിഷാദം നീണ്ടുനിന്നാലും ചികിത്സ തേടണം.വിഷാദം വരാതെ നോക്കാനായി ഇവ ശ്രദ്ധിക്കാം.

∙ കുട്ടികളെ ചെറുപ്പം മുതൽ ടൈം മാനേജ്മെൻറ് ശീലിപ്പിക്കുക.സമയത്തിന്റെ കൃത്യമായ ഉപയോഗം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിലെത്തിക്കും.

∙ദേഷ്യം നിയന്ത്രിക്കാൻ പരിശീലിപ്പിക്കുക.

∙ കാര്യങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നൽകുക.

∙ കുട്ടികളുടെ നേട്ടങ്ങളിൽ അവരെ അഭിനന്ദിക്കുകയും അവരുടെ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കുകയും ചെയ്യുക.

∙പോഷകാഹാരവും കൃത്യമായ ഉറക്കവും ഉറപ്പുവരുത്തുക.

ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്

കൺസൽറ്റന്റ്

സൈക്യാട്രിസ്റ്റ്,

ജനറൽ ആശുപത്രി കൽപറ്റ

Tags:
  • Manorama Arogyam
  • Health Tips