Monday 20 September 2021 05:36 PM IST : By സ്വന്തം ലേഖകൻ

ഒരു വയസ്സുവരെ വൈറ്റമിൻ ഡി; കാഴ്ചശക്തിക്ക് വൈറ്റമിൻ എ: കുട്ടികൾക്ക് പ്രതിരോധശേഷിക്ക് നൽകാം ഈ വൈറ്റമിനുകൾ

supplkids33

കു ട്ടികളുടെ വളർച്ചയുടെ കാര്യത്തിൽ മാതാപിതാക്കളെല്ലാം ഏറെ ശ്രദ്ധാലുക്കളാണ്. അതു കൊണ്ടു തന്നെ ശാരീരിക Ð മാനസിക വളർച്ചയ്ക്ക് അനുയോജ്യമായ പോഷകങ്ങൾ
കുട്ടിക്കു കിട്ടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. ശരീരത്തിലെ ചില സവിശേഷ പോഷകങ്ങളുടെ
അഭാവം നികത്തുന്നതിനായി ഓരോ ആഹാരത്തിൽ നിന്നും തിരഞ്ഞെടുത്ത പോഷകങ്ങൾ അല്ലെങ്കിൽ ഘടകങ്ങളാണ് സപ്ലിമെന്റുകൾ അഥവാ ഡയറ്ററി സപ്ലിമെന്റുകൾ. കുട്ടിക്കു ഭക്ഷണത്തിൽ കൂടി പോഷകങ്ങൾ കിട്ടുന്നതിൽ കുറവ് വരുമ്പോഴാണ് വൈറ്റമിനുകൾ, ധാതുക്കൾ,
കൊഴുപ്പ് എന്നിവ അടങ്ങിയ സപ്ലിമെന്റുകൾ സാധാരണയായി ആവശ്യം വരാറുള്ളത്.

ശരീരത്തിന്റെ പോഷണ ആവശ്യം നിറവേറ്റുന്നതിന് ഗുളികകൾ, കാപ്സ്യൂളുകൾ, പൊടികൾ, പാനീയങ്ങൾ, ഗമ്മികൾ എന്നിവ ലഭ്യമാണ്. സ്വഭാവിക ഭക്ഷണങ്ങളിൽ നിന്നോ സിന്തറ്റിക് സ്രോതസ്സുകളിൽ നിന്നോ ഇവ വേർതിരിച്ചെടുത്താണ് ഈ സപ്ലിമെന്റുകൾ തയാറാക്കുന്നത്. ഡോക്ടറുടെ നിർദേശപ്രകാരമാണ് ഇവ നൽകേണ്ടത്.

സപ്ലിമെന്റുകൾ ആർക്ക് ?

എല്ലാ കുട്ടികൾക്കും ഒരു വയസ്സ് വരെ വൈറ്റമിൻ ഡി സപ്ലിമെന്റ് നൽകുന്നുണ്ട് . ലാക്ടോസ് ഇൻടോളറൻസ് ഉള്ള കുട്ടികളിലും ചില ആഹാരസാധനങ്ങളോട് അലർജിയുള്ള കുട്ടികളിലും പല തരത്തിലുള്ള പോഷകക്കുറവ് ഉണ്ടാകാം. ഇങ്ങനെയുള്ള
കുട്ടികൾക്ക് വൈറ്റമിനുകൾ, ധാതുക്കൾ അല്ലെങ്കിൽ പോഷക അപര്യാപ്തത ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ കുട്ടികൾക്ക് ആരോഗ്യം ഉറപ്പ് വരുത്താൻ സപ്ലിമെന്റുകൾ ആവശ്യമാണ്.

സപ്ലിമെന്റുകൾ ഏതെല്ലാം?

1 വൈറ്റമിൻ ഡി

ഒരു വയസ്സു വരെ എല്ലാ കുട്ടികൾക്കും വൈറ്റമിൻ ഡി നൽകി വരുന്നു. ഒരു വയസ്സിനു മുകളിൽ ഉള്ള കുട്ടികൾക്ക് കാലിനു വളവോ അല്ലെങ്കിൽ രക്ത പരിശോധനയിൽ വൈറ്റമിൻ ഡി യുടെ അളവ് കുറവ് വരികയോ ചെയ്താൽ മാത്രമേ വൈറ്റമിൻ ഡി നൽകൂ.

2 മൾട്ടി വൈറ്റമിൻ

ഒട്ടേറെ മൾട്ടിവൈറ്റമിനുകളും വിപണിയിൽ ലഭ്യമാണ്. സിറപ്പായും ടാബ്‌‌ലറ്റായും കാപ്സ്യൂളുകളായും ഗമ്മികളായും ഇവ ലഭ്യമാണ്. കുട്ടിയുടെ ശരീരത്തിൽ വെളുത്ത പാടുകൾ കാണുകയോ പ്രായത്തിനനുസരിച്ച് ശരീരഭാരം വയ്ക്കാതിരിക്കുകയോ ചെയ്താൽ ഇവ ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകേണ്ടതാണ്.

3 വൈറ്റമിൻ എ

ഒമ്പതാം മാസം മുതൽ എല്ലാ ആറു മാസം കൂടുമ്പോഴും അഞ്ചു വയസ്സ് വരെ കുട്ടികൾക്കു വൈറ്റമിൻ എ നൽകാവുന്നതാണ്. കുട്ടികളുടെ കാഴ്ചശക്തി കുറയാതിരിക്കാൻ സഹായകമാണ് വൈറ്റമിൻ എ.

4 അയൺ/ ഇരുമ്പ്

മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് ഒരു വയസ്സുവരെ ഇരുമ്പ് നൽകി വരുന്നു. സിറപ്പായും ഗുളികളായും ലഭിക്കുന്നു. കുട്ടികൾക്ക് വിളർച്ച ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം 3 Ð 6 മാസം വരെ ഇരുമ്പ് നൽകാവുന്നതാണ്. രക്തപരിശോധന നടത്തി ഹീമോഗ്ലാബിന്റെ അളവ് പരിശോധിക്കേണ്ടതുമാണ്.

5 കാൽസ്യം

മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് 3Ð6 മാസം വരെ ഡോക്ടറുടെ നിർദേശപ്രകാരം കാൽസ്യം നൽകാം. സാധാരണ കുട്ടികൾക്ക് കാലുവേദന കൂടുതലായി അനുഭവപ്പെടുകയോ രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുകയോ ചെയ്താൽ ഡോക്റുടെ നിർദ്ദേശപ്രകാരം നൽകാം. സിറപ്പുകളായും ഗുളികകളായും കാൽസ്യം വിപണിയിൽ ലഭ്യമാണ്.

6 പ്രോട്ടീൻ പൗഡറുകൾ

ഒട്ടേറെ പ്രോട്ടീൻ പൗഡറുകളും ഇന്നു വിപണിയിൽ ലഭ്യമാണ്. പനിയോ മറ്റ് രോഗങ്ങളോ വരുന്ന കുട്ടികൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇവ നൽകാം. രണ്ടു വയസ്സിന് ശേഷമാണ് ഇവ നൽകാവുന്നത് എന്നതു ശ്രദ്ധിക്കുക. തൂക്കം കുറവുള്ള കുട്ടികൾക്കും നൽകാം.

7 സിങ്ക്

വയറിളക്കം വരുന്ന കുട്ടികൾക്ക് സിങ്ക് നൽകാം. ആറു മാസം വരെയുള്ള കുട്ടികൾക്ക് 10 മില്ലി ഗ്രാം. ആറു മാസത്തിനു ശേഷം 20 ഗ്രാം. അങ്ങനെ 14 ദിവസം സിങ്ക് നൽകണം.

8 പ്രോബയോട്ടിക്സ്

നമ്മുടെ വയറ്റിൽ കാണപ്പെടുന്നതും ദഹനവ്യവസ്ഥയ്ക്ക് വളരെയേറെ ഗുണം ചെയ്യുന്നതുമായ കുടൽ സൗഹൃദ സജീവ ബാക്ടീരിയകളാണ് പ്രോബയോട്ടിക്സ്. ശരീരത്തിൽ നല്ല ബാക്ടീരിയകളെ നിറയ്ക്കാൻ പ്രോബയോട്ടിക്സ് സഹായിക്കുന്നു. കുട്ടികളിൽ വയറിളക്കം, മല വിസർജന പ്രശ്നങ്ങൾ, അലർജികൾ തുടങ്ങിയ ആരോഗ്യപ്രശ‌്നങ്ങളെ ചികിത്സിക്കുന്നതിൽ അവ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സിറപ്പുകളായും ആംപ്യൂളുകളായും ലഭ്യമാണ്.

9 മീൻ എണ്ണ (കോഡ് ലിവർ ഓയിൽ)

വൈറ്റമിൻ എ, വൈറ്റമിൻ ഡി, ഒമേഗ Ð 3 ഫാറ്റി ആസിഡ് എന്നിവയുടെ ഉറവിടമാണ് ഈ എണ്ണ. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക, കാഴ്ച മെച്ചപ്പെടുത്തുക, തലച്ചോറിന്റെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുക, വിവിധ അണുബാധകൾ തടയുക എന്നിവയ്ക്കും ഇത് സഹായകരമാണ്.

മിക്ക കുട്ടികൾക്കും ആഹാരത്തി ൽ നിന്ന് എല്ലാ ഘടകങ്ങളും ലഭിക്കുമെങ്കിലും എല്ലാ കുട്ടികൾക്കും ഇത് ആഹാരത്തിൽ നിന്നു ലഭിക്കണമെന്നില്ല. കുട്ടികൾക്ക് ആവശ്യമായ വളർച്ച ഇല്ലെങ്കിൽ ശിശുരോഗ വിദഗ്ധനെ സമീപിച്ച് ആവശ്യമായ സപ്ലിമെന്റ് മാത്രം നൽകുക.

ഡോ. ജിസ്സ് തോമസ് പാലൂക്കുന്നേൽ

മാർ സ്ലീവ മെഡിസിറ്റി, പാല

Tags:
  • Manorama Arogyam
  • Health Tips