Friday 06 August 2021 05:18 PM IST : By സ്വന്തം ലേഖകൻ

കുട്ടികളിലെ തലച്ചോറിനുണ്ടാകുന്ന മുഴകൾ മുതൽ അണുബാധ വരെ: പ്രത്യേകം ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

paedewrr

കുഞ്ഞുങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍, അതെത്ര ചെറുതായാലും വലുതായാലും നമുക്ക് ഏറ്റവും മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. ട്യൂമറുകള്‍, അണുബാധ, ജന്മനാ ഉള്ള രോഗങ്ങള്‍ തുടങ്ങി നാഡീ വ്യൂഹ രോഗങ്ങള്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ കുഞ്ഞുങ്ങളെ ബാധിക്കാറുണ്ട്.

ജന്മനാ ഉണ്ടാവുന്ന രോഗാവസ്ഥകള്‍

ഓരോ വര്‍ഷവും ഇന്ത്യയില്‍ ജനിച്ചു വീഴുന്ന ആയിരത്തില്‍ 61 മുതല്‍ 70 കുഞ്ഞുങ്ങളും ജന്മനാ വൈകല്യങ്ങളോടെയാണ് ജനിക്കുന്നത്. നാഡീവ്യൂഹത്തിന്റെയും ഹൃദയത്തിന്റെ ഘടനാപരമായ അപാകതകളുമാണ് ഇതില്‍ ഏറിയ പങ്കും. ഗര്‍ഭപാത്രത്തിനുള്ളില്‍ 28 ദിവസമാകുമ്പോള്‍ നാഡീവ്യൂഹ വളര്‍ച്ച പൂര്‍ത്തിയാകും. സ്ത്രീകള്‍ പലരും ഗര്‍ഭിണികളാണെന്ന കാര്യം പോലും ഈ സമയത്ത് അറിഞ്ഞു കാണില്ല. ഇത്തരം രോഗങ്ങളില്‍ പലതും മുന്‍കൂട്ടി തടയാനാവില്ലെങ്കിലും ഫോളിക് ആസിഡ് പോലുള്ളവ ഉള്‍പ്പെടുന്ന ഭക്ഷണ രീതിയിലൂടെ ന്യൂറല്‍ ട്യൂബ് ഡിഫെക്റ്റ്‌സ് പോലുള്ള അവസ്ഥകളില്‍ നിന്ന് 85 ശതമാനം വരെ രക്ഷ നേടാന്‍ കഴിയും. ഗര്‍ഭാവസ്ഥയില്‍ നടത്തുന്ന സ്‌കാനിംഗുകളില്‍ നിന്ന് പല രോഗാവസ്ഥകളും കണ്ടെത്താന്‍ കഴിയുമെങ്കിലും ചിലതെല്ലാം ജനനശേഷം മാത്രമേ കണ്ടെത്താനാവൂ. ജന്മനാ ഉള്ള രോഗങ്ങളുടെ കാര്യത്തില്‍ സൂക്ഷ്മ പരിചരണം, നാഡികളുടെ പ്രവര്‍ത്തനം പുന: സ്ഥാപിക്കുന്നതിനുള്ള തെറപി തുടങ്ങി ശസ്ത്രക്രിയ വരെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

ജന്മനാ ഉള്ള രോഗങ്ങളില്‍ സാധാരണയായി കണ്ടു വരാറുള്ളത് സുഷുമ്‌ന നാഡിയെ ബാധിക്കുന്ന ജനിതക വൈകൃതം -സ്‌പൈന ബൈഫിഡ എന്ന രോഗമാണ്. സുഷുമ്‌ന നാഡി ത്വക്കിന് പുറത്തു കാണത്തക്ക വിധത്തിലുള്ളതോ കനം കുറഞ്ഞ ത്വക്കിനു താഴെ വരുന്ന വിധത്തിലോ ആയ അവസ്ഥകള്‍ വന്നേക്കാം. ത്വക്കിന് പുറത്താണുള്ളതെങ്കില്‍ ജനിച്ചയുടനെയും അല്ലെങ്കില്‍ ഒരു വയസ്സിനുള്ളിലുമാണ് ശസ്ത്രക്രിയ ചെയ്യാറുള്ളത്. നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുകയാണെങ്കില്‍ കുറഞ്ഞ പ്രശ്‌നങ്ങളിലൂടെ പരമാവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാന്‍ കഴിയും. -സ്‌പൈന ബൈഫിഡയോട് അനുബന്ധിച്ചുള്ള നിരവധി രോഗലക്ഷണങ്ങളെ ശസ്ത്രക്രിയയിലൂടെയോ മറ്റു തെറപികളിലൂടെയോ ചികിത്സിക്കാം. കുഞ്ഞുങ്ങളായിരിക്കെ ഈ രോഗമുണ്ടായിരുന്നവരില്‍ മികച്ച ചികിത്സ ലഭിച്ച 90 ശതമാനം പേരും സ്വാഭാവിക ജീവിതം നയിക്കുന്നവരാണ്. ഇവരില്‍ 80 ശതമാനം പേര്‍ക്കും സാധാരണഗതിയിലുള്ള ബുദ്ധിവികാസവും മറ്റും സംഭവിച്ചിട്ടുമുണ്ട്.

കുഞ്ഞുങ്ങളുടെ തല അസാധാരണമായ രൂപത്തിലാവുന്ന അവസ്ഥയാണ് ക്രാനിയോസിനോസ്‌റ്റോസിസ്. ചിലപ്പോള്‍ ഇത് തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുകയോ ശ്വാസതടസ്സം പോലുള്ള പ്രശ്‌നങ്ങളുണ്ടാവുകയോ ചെയ്‌തേക്കാം. തലയുടെ ആകൃതിയുടെ കാര്യം മാറ്റി നിര്‍ത്തിയാല്‍, ശസ്ത്രക്രിയ തലച്ചോറിന്റെ സ്വാഭാവിക വളര്‍ച്ച ഉറപ്പുവരുത്തുകയും മറ്റു പ്രശ്‌നങ്ങളില്ലാതിരിക്കാനും സഹായിക്കും. തലച്ചോറില്‍ നീര്‍സഞ്ചി (സിസ്റ്റ്) പോലുള്ളവയുടെ സമ്മര്‍ദ്ദം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനവും തടസ്സപ്പെട്ടേക്കാം. താരതമ്യേന സുരക്ഷിതമായ ശസ്ത്രക്രിയാ സംവിധാനങ്ങള്‍ ഈ അവസ്ഥയ്ക്ക് നിലവിലുണ്ട്.

മുഴകള്‍

കുഞ്ഞുങ്ങളില്‍ കണ്ടു വരുന്ന മുഴകളില്‍ 40 മുതല്‍ 50 ശതമാനം വരെയും തലച്ചോറിലുണ്ടാകുന്ന മുഴകളാണ്. ചിലത് ജന്മനാ കണ്ടുവരുന്നതാണ്. ചില മുഴകള്‍ ജനിതകത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ്, എന്നാല്‍ അധികം രോഗികളിലും മുഴകളുടെ യഥാര്‍ത്ഥ കാരണം അജ്ഞാതമായിരിക്കും. തുലനം ഇല്ലായ്മ, ഛര്‍ദ്ദി, കാഴ്ച തകരാറുകള്‍, സ്വാഭാവിക കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള കാലദൈര്‍ഘ്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. രോഗത്തിന്റെ അവസ്ഥയനുസരിച്ച് അധികം മുഴകളും ആദ്യം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും പിന്നീട് ആവശ്യമായ തുടര്‍ചികിത്സകള്‍ ലഭ്യമാക്കുകയുമാണ് പതിവ്.

അണുബാധ

കുഞ്ഞ് ഗര്‍ഭപാത്രത്തിനുള്ളില്‍ തന്നെയുള്ളപ്പോഴും നാഡീ വ്യവസ്ഥയ്ക്ക് അണുബാധ സംഭവിക്കാം. നാഡീ വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന അണുബാധ മൂലം സ്ഥിര ബുദ്ധിക്ക് തകരാറുകള്‍, ഓര്‍മ്മക്കുറവ് പോലുള്ള അവസ്ഥയുണ്ടാകാം. ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യവും ഇതു മൂലം ഉണ്ടാവാം. കുഞ്ഞുങ്ങളില്‍ സ്ഥിരമായി കാണുന്ന പനി, മന്ദത, ഛര്‍ദ്ദി, അപസ്മാരം തുടങ്ങിയവ ശ്രദ്ധിക്കേണ്ടതാണ്. നേരത്തെ രോഗം തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുകയാണ് അഭികാമ്യം.

പരിക്കുകള്‍, പ്രയാസങ്ങള്‍

കുഞ്ഞുങ്ങള്‍ വീഴാനും പരിക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ്. മിക്കപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ പോകുന്ന പ്രശ്‌നങ്ങളാകും ഇവ. നിര്‍ത്താതെയുള്ള കരച്ചില്‍, ഛര്‍ദ്ദി, തളര്‍ച്ച, അപസ്മാരം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ കുഞ്ഞുങ്ങളില്‍ കണ്ടു വരാറുണ്ട്. മുറിവു പറ്റിയാല്‍ സംഭവിക്കാവുന്ന പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് മുന്‍കൂട്ടിയുള്ള ചികിത്സയാണ് ഇത്തരക്കാര്‍ക്ക് ആവശ്യം.

ആധുനിക ചികിത്സാ സൗകര്യങ്ങള്‍:

കഴിഞ്ഞ ചില ദശകങ്ങള്‍ക്കുള്ളില്‍ ആധുനികസാങ്കേതികതയുടെ വളര്‍ച്ചയിലൂടെ കുഞ്ഞുങ്ങള്‍ക്കായുള്ള ന്യൂറോ സര്‍ജറിയുടെ ഫലപ്രാപ്തി പുതിയ ഉയരങ്ങള്‍ തേടിയതു നമുക്ക് കാണാം. തലച്ചോറിന്റെയും തലയോട്ടിയുടെയും വളര്‍ച്ച സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചതോടെ തലയോട്ടിയുടെ രൂപവ്യത്യാസം - ക്രാനിയോസിനോസ്‌റ്റോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയുടെ ഫലപ്രാപ്തി വര്‍ധിച്ചു.

പുതുതലമുറ ഇംപ്ലാന്റ്‌സ് -ശസ്ത്രക്രിയയുടെ സഹായത്തോടെ ശരീരത്തിനകത്ത് സ്ഥാപിക്കാവുന്ന യന്ത്രസംവിധാനങ്ങള്‍ വന്നതോടെ വീണ്ടും ശസ്ത്രക്രിയ നടത്തുക പോലുള്ളതിന്റെ ആവശ്യം ഇല്ലാതായി. എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയില്‍ നൂതന സങ്കേതങ്ങളുടെ കടന്നുവരവോടെ തലച്ചോറില്‍ കാണുന്ന നീര്‍സഞ്ചി (സിസ്റ്റ്), ഹൈഡ്രോസെഫലസ് (തലച്ചോറില്‍ നീരുവരുന്ന അവസ്ഥ) അപകടകരമല്ലാത്ത ചെറിയ മുഴകള്‍ തുടങ്ങിയ രോഗാവസ്ഥകളെല്ലാം കൈകാര്യം ചെയ്യാവുന്ന അവസ്ഥ വന്നു. ചില രോഗികളുടെ കാര്യത്തില്‍ സ്ഥിരമായി ഇംപ്ലാന്റുകള്‍ വയ്ക്കുന്ന സ്ഥിതിയും ഒഴിവാക്കാന്‍ കഴിഞ്ഞു.

മോളിക്യുലാര്‍, ജനിതക പഠന മേഖലകളിലുണ്ടായ പുരോഗതി കൊണ്ട് കുഞ്ഞുങ്ങളില്‍ കാണുന്ന തലച്ചോറിലെ മുഴകളുടെ ചികിത്സയില്‍ വിപ്ലവകരമായ മാറ്റമാണുണ്ടായത്. തലച്ചോര്‍, നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയ നടത്തിക്കൊണ്ടിരിക്കെ തന്നെ നാഡീ പ്രവര്‍ത്തനവും നിരീക്ഷിക്കാന്‍ കഴിയുന്നതു മൂലം ചികിത്സ കൂടുതല്‍ ഫലവത്തായി.

ജീവിത സാഹചര്യങ്ങള്‍ തീര്‍ക്കുന്ന വെല്ലുവിളികളിലൂടെ രൂപപ്പെട്ടുവരുന്നതാണ് ഓരോരുത്തരുടെയും സവിശേഷ വ്യക്തിത്വം. തലച്ചോറിനും നട്ടെല്ലിനും സംഭവിക്കുന്ന രോഗാവസ്ഥകള്‍ എല്ലായ്‌പ്പോഴും പൂര്‍ണ്ണമായി മാറ്റിയെടുക്കാനാവുന്നതല്ലെങ്കിലും മികച്ച പരിചരണവും ചികിത്സയും കൊണ്ട് ഭേദപ്പെടുത്തിയെടുക്കാനാകും. തലച്ചോറിന്റെ സമ്പൂര്‍ണവളര്‍ച്ച സാധ്യമാകുന്നത് ആദ്യ വര്‍ഷങ്ങളിലാണെന്നിരിക്കെ നേരത്തെ തന്നെ രോഗങ്ങള്‍ തിരിച്ചറിയുകയും ഏറ്റവും ഫലപ്രദമായ ചികിത്സ തേടുകയുമാണ് ഉത്തമം. രോഗം നേരത്തെ കണ്ടെത്തി, മികച്ച ചികിത്സാ സംവിധാനങ്ങളുടെ സഹായത്തോടെ സമഗ്രമായ ഏകോപനത്തോടെ ചികിത്സിക്കാനായാല്‍ സങ്കീര്‍ണ്ണതകളില്ലാതെ, സുഖകരമായ ജീവിതം കുഞ്ഞിനു നല്‍കാന്‍ സാധിക്കുക തന്നെ ചെയ്യും. ഇത്തരം ജീവിത സാഹചര്യങ്ങളിലൂടെ കടന്നുവന്നവര്‍ പിന്നീട് സമൂഹത്തിന് വലിയ സംഭാവനകള്‍ അര്‍പ്പിച്ച നിരവധി അനുഭവങ്ങളുണ്ട് നമുക്ക്.

ഡോ. ടിസിനി ജോസഫ്

അസോസിയേറ്റ് കൺസൽറ്റന്റ് 

ഡിപ്പാർട്ട്മെന്റ് ഒഫ് ബ്രെയിൻ ആൻഡ് സ്പൈൻ സർജറി

മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്

Tags:
  • Manorama Arogyam
  • Health Tips