Thursday 12 August 2021 05:39 PM IST : By സ്വന്തം ലേഖകൻ

കോങ്കണ്ണിന്റെ ശസ്ത്രക്രിയ താമസിപ്പിക്കരുതെന്നു പറയുന്നതിനു പിന്നിൽ? വിദഗ്ധാഭിപ്രായം വായിക്കാം

squint4324

ഒരു കണ്ണിന് ആറ് മസിലുകൾ വീതം 12 മസിലുകളാണ് കണ്ണുകളുടെ ചലനങ്ങൾ ഏകോപിപ്പിക്കുന്നത്. ഈ മസിലുകളിൽ ചിലതിന്റെ ഏകോപനമില്ലായ്മയാണ് കോങ്കണ്ണ്. ഒരേ ദിശയിൽ നോക്കാൻ ശ്രമിക്കുമ്പോൾ കണ്ണ് ആ ദിശയിൽ നിന്ന് അകന്നിരിക്കുന്ന അവസ്ഥയാണിത്.

∙ ജന്മനാ ഉള്ളത്

∙ ഒരു പ്രായത്തിനു ശേഷമോ കണ്ണിന്റെ കാഴ്ചക്കുറവ് മൂലമോ ഉണ്ടാവുന്നവ

∙ കൺവർജന്റ് അഥവാ ഒരു കണ്ണ് ഉള്ളിലേക്കിരിക്കുന്ന അവസ്ഥ

∙ ഡൈവർജന്റ് അഥവാ ഒരു കണ്ണ് പുറത്തേക്കിരിക്കുന്ന അവസ്ഥ

പരിശോധിച്ചറിയാം

∙ ഡീറ്റെയിൽഡ് റിഫ്രാക്‌ഷൻ പരിശോധന

കണ്ണിന്റെ കാഴ്ച ശക്തിയും പവറും നിശ്ചയിക്കുന്ന പരിശോധനയാണിത്. ചില റിഫ്രാക്ടീവ് എറർ ഉണ്ടെങ്കിൽ അതു മൂലം കോങ്കണ്ണ് വരാം. കൃത്യമായ കണ്ണടകൾ ഉപയോഗിച്ചാൽ ഇതു മാറിക്കിട്ടും.

∙ കവർ ടെസ്റ്റ്, കവർ ആൺകവർ ടെസ്റ്റ്, പ്രിസം ബാർ കവർ ടെസ്റ്റ് എന്നീ പരിശോധനകൾ വഴി കോങ്കണ്ണിനെ വിശകലനം ചെയ്യാം. കോങ്കണ്ണിന്റെ എത്രമാത്രമുണ്ടെന്നു (Degree) കണ്ടുപിടിക്കാനും സാധിക്കും.

∙ സൈനോപ്റ്റോഫോർ ടെസ്റ്റ് (Synoptophore Test)– ഈ മെഷീൻ ഉപയോഗിച്ചും കോങ്കണ്ണ് എത്രമാത്രം ഉണ്ടെന്നു നിശ്ചയിക്കാം.

ചികിത്സിക്കുമ്പോൾ

പരമാവധി നേരത്തെ തന്നെ ശസ്ത്രക്രിയ ചെയയ്ുകയാണ് കോങ്കണ്ണിന്റെ പ്രധാനചികിത്സ. രണ്ടു വയസ്സ് ആകുമ്പോഴെങ്കിലും ഇതു ചെയ്യേണ്ടതാണ്. എട്ടു വയസ്സിനു ശേഷം ചെയ്താൽ ഇതു കാഴ്ചയിലെ അഭംഗി ഒഴിവാക്കാൻ മാത്രമേ ഉപകരിക്കൂ.

കുട്ടി രണ്ടു കണ്ണും ഒരുപോലെ ഉപയോഗിച്ച് കാണാനും രണ്ടു കണ്ണിലെയും വിഷ്വൽ സ്റ്റിമുലേഷൻ തലച്ചോറിനു ലഭിച്ച് അതിനാനുപാതികമായി കാഴ്ചാനുഭവം ഉണ്ടാകാനും നാലു വയസ്സിനുള്ളിലെങ്കിലും കോങ്കണ്ണിനുള്ള ശസ്ത്രക്രിയ ചെയ്യണം.

ഡോ. സോണി ജോർജ്

ഹെഡ്, കൺസൽറ്റന്റ് ഒഫ്താൽമോളജിസ്റ്റ്

മെഡി. ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Manorama Arogyam
  • Kids Health Tips