ചുമയ്ക്കുമ്പോൾ രക്തം വന്നാൽ സൂക്ഷിക്കുക... എല്ലാ ചുമയ്ക്കും കഫ് സിറപ്പ് അല്ല ചികിത്സ
Mail This Article
ചുമ ചെറിയൊരു രോഗമോ സംഭവമോ അല്ല. ശരീരത്തിലേക്കു കടക്കാൻ ശ്രമിക്കുന്ന അന്യവസ്തുക്കൾ, രോഗാണുക്കൾ, പൊടി തുടങ്ങിയവയെ പുറംതള്ളാൻ ശരീരം കണ്ടെത്തുന്ന കുറുക്കുവഴിയാണ് ചുമ. എന്നാൽ ചുമ അധികമായാൽ അപകടമാണ്. കാരണം പലവിധ ശ്വാസകോശങ്ങളുടെ തുടക്ക ലക്ഷണമാണു ചുമ. നമ്മുടെ ശരീരം മനസ്സറിയാതെ ചെയ്തുപോകുന്ന ചില കാര്യങ്ങളുണ്ട്. അവയെ അനൈച്ഛിക പ്രവർത്തനമെന്നു പറയും. ചുമയും അത്തരമൊരു പ്രവർത്തനമാണ്.
ചുമയുണ്ടാകുമ്പോൾ മിക്കവരും വീട്ടിൽ ലഭ്യമായ ചില്ലറ മുത്തശിവൈദ്യം ചെയ്തുനോക്കും. ഫലിക്കാതെ വരുമ്പോൾ പരസ്യങ്ങളിൽ കാണുന്ന ചുമ സിറപ്പുകളോ അല്ലെങ്കിൽ മെഡിക്കൽ ഷോപ്പിൽ ചെന്ന് ഏതെങ്കിലും സിറപ്പുകളോ വാങ്ങി ഉപയോഗിക്കും. ഇതൊക്കെ ചെയ്തിട്ടും ചുമ മാറുന്നില്ലെന്നു പറഞ്ഞാണു മിക്കരോഗികളും ഡോക്ടറെ സമീപിക്കുന്നത്.
ചുമയ്ക്കനുസരിച്ച് ചികിത്സ
ജലദോഷം മുതൽ കാൻസർ വരെ പല ശ്വാസകോശരോഗങ്ങളിലും ചുമയുണ്ടാകാം, കഫം ഉള്ള ചുമയുണ്ട്, കഫം ഇല്ലാത്ത ചുമയുണ്ട്. വലിവോടു കൂടിയ ചുമയുണ്ട്. കിടക്കുമ്പോൾ മാത്രം ഉണ്ടാകുന്ന ചുമയുണ്ട്. ഈ വിവിധതരം ചുമകൾക്ക് ഒരേതരം ചുമസിറപ്പുകളല്ല വേണ്ടത്. ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ അംശം ശ്വാസകോശത്തിൽ പ്രവേശിച്ചാൽ നാം ചുമയ്ക്കാറുണ്ട്. ഈ ചുമയ്ക്ക് ചുമയുടെ സിറപ്പുകൾ നൽകാൻ പാടില്ല. ചുമച്ചു ഭക്ഷണാംശം പുറന്തള്ളിക്കഴിയുമ്പോൾ ചുമയും താനേ നിൽക്കും.
ജലദോഷവും ചുമയും
സർവസാധാരണമായ ശ്വാസകോശരോഗമാണു ജലദോഷം. മിക്കപ്പോഴും ഇതോടൊന്നിച്ചു ചുമയുണ്ടാകാറില്ല. എന്നാൽ മൂക്കടപ്പു കാരണം ദ്രവം തൊണ്ടയിലേക്ക് ഒലിച്ചിറങ്ങിയും അണുബാധകൂടി ഉണ്ടാകുമ്പോഴും ചുമയുണ്ടാകും. അലർജി കാരണവും ജലദോഷം പോലെ മൂക്കൊലിപ്പും തുടർന്നു ചുമയുണ്ടാകും. ശ്വാസകോശവ്യൂഹത്തിൽ അസുഖമൊന്നുമില്ലാത്തവരിലും ശ്ലേഷമദ്രവം സ്ഥിരം ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. അതു വളരെ ചെറിയ അളവിലായതിനാൽ നാം അറിയാതെ തന്നെ അതു തൊണ്ടയിൽ എത്തി വിഴുങ്ങിപ്പോവുകയാണു പതിവ്. ഇതു സാധാരണയിൽ കവിയുമ്പോഴാണ് നാം കഫക്കെട്ട് ഉണ്ട് എന്നു പറയുന്നത്. ഇതു നാം കാർക്കിച്ചു തുപ്പിക്കളയുന്നു. അലർജി കാരണം ഉണ്ടാകുന്ന അസ്വാസ്ഥ്യവും കഫക്കെട്ട് ഉണ്ടാക്കാം. വായുവില്‍ക്കൂടി പ്രവേശിക്കുന്ന ബാഹ്യവസ്തുക്കളും രോഗാണു ബാധമൂലമുണ്ടാകുന്ന രാസവസ്തുക്കളും അസ്വസ്ഥതയുണ്ടാക്കി ചുമയുണ്ടാക്കും. രോഗാണുബാധയുള്ളവർ ചുമയ്ക്കുമ്പോൾ രോഗാണുക്കൾ അന്തരീക്ഷവായുവിൽ കലരുന്നു. ഇതു കാരണം സമീപത്തു നിൽക്കുന്നവരിലേക്കു രോഗം പകരും. ചുമയ്ക്കു മഞ്ഞനിറമുള്ള കഫം തുപ്പുന്നത് രോഗാണുബാധമൂലമാണ്. ശ്വാസകോശത്തിൽ പഴുപ്പുണ്ടായിട്ടുണ്ടെങ്കിൽ കഫത്തിനു വാടയുമുണ്ടാകും.
അലർജിയും കാരണമാകാം
അലർജി കാരണമുള്ള ചുമ സാധാരണ തുമ്മലിനെ തുടർന്നാണുണ്ടാവുക. ഇതോടൊപ്പം വലിവുകൂടി ഉണ്ടാകുന്നതാണ് ആസ്മ രോഗത്തിന്റെ ലക്ഷണങ്ങൾ. ആസ്മരോഗികൾ ചുമച്ചു തുപ്പുന്ന കഫം സാധാരണയായി വെള്ളനിറത്തിലുള്ളതായിരിക്കും. എന്നാൽ ഇവരിൽ രോഗാണുബാധകൂടി ഉണ്ടാകുമ്പോൾ കഫത്തിനു നിറവ്യത്യാസം ഉണ്ടാകും. ക്രോണിക് ബ്രോങ്കൈറ്റിസ് എന്ന അസുഖത്തിൽ ചുമയും കഫം തുപ്പലും ഒരു വർഷത്തിൽ പല പ്രാവശ്യം ഉണ്ടാവും. തക്ക ചികിത്സ നൽകുമ്പോൾ സുഖപ്പെട്ടാലും വീണ്ടും ഉണ്ടാകാം.
രക്തം കണ്ടാൽ സൂക്ഷിക്കുക
ചുമയോടു കൂടി രക്തം കലർന്ന കഫം തുപ്പുന്നതു വളരെ ഗൗരവമായിത്തന്നെ കണക്കാക്കണം. ന്യുമോണിയ, ക്ഷയം, ശ്വസിനിവികാസം (Bronchiectasis), കാൻസർ എന്നീ രോഗങ്ങളിൽ കഫത്തിൽ രക്തം കാണപ്പെടാം. എന്നാൽ രക്തം നിർബന്ധമായി ഉണ്ടായിക്കൊള്ളണമെന്നില്ല. ധാരാളം പതയുള്ള ഉമിനീരുപോലെ രക്തമില്ലാത്ത കഫം ചിലയിനം ശ്വാസകോശാർബുദത്തിൽ കാണാം. ന്യുമോണിയയിലെ കഫം സാധാരണ മുന്തിരിച്ചാറിന്റെ നിറത്തിലുള്ളതായിരിക്കും. ശ്വാസക്കുഴലുകൾക്കു വീക്കമുണ്ടായി തുടർച്ചയായി ചുമയും കഫം തുപ്പലുമുണ്ടാകുന്ന അസുഖമാണ് ബ്രോങ്കിയക്ടേസിസ്. അസുഖം ബാധിച്ച ഭാഗം മുകൾവശത്തു വരുന്നതുപോലെ ചരിഞ്ഞു കിടന്നു ചുമച്ചാൽ കഫം കൂടുതലായി പുറത്തേക്കു വരും. ഇപ്പറഞ്ഞ രോഗങ്ങളിലെല്ലാം ചുമയും കഫം തുപ്പലും രണ്ടാഴ്ചകളിൽ കൂടുതലായി നീണ്ടു നിൽക്കും. അതിനാൽ രണ്ടാഴ്ചയിൽ കൂടുതലായി ചുമയുള്ളവർ വിശദമായി പരിശോധനകൾക്കു വിധേയമാകാൻ മടിക്കരുത്.
കുട്ടികളിലെ ചുമ
കുട്ടികളിൽ കാണപ്പെടുന്ന ഒരു ഗൗരവമുള്ള രോഗമാണ് വില്ലൻ ചുമ (Whooping cough). തുടർച്ചയായി പല പ്രാവശ്യം ചുമയ്ക്കുകയും ഒരു പ്രത്യേക വിസിൽ ശബ്ദത്തോടുകൂടി ശ്വാസം ഉള്ളിലേക്കു വലിച്ചെടുക്കുകയും ചെയ്യുന്നതാണിതിന്റെ ലക്ഷണം. ഇങ്ങനെ ദിവസത്തിൽ പല പ്രാവശ്യം ആവർത്തിച്ചുകൊണ്ടിരിക്കും.
ഈസ്നോഫീലിയ (Tropical pulmonary eosinophilia) ആണു ചുമയുണ്ടാക്കുന്ന മറ്റൊരു രോഗം. രക്തത്തിലെ ഒരു ഘടകമായ ഈസ്നോഫിൽ ഈ രോഗികളിൽ വർധിച്ചതോതിൽ കാണും.
രാത്രിയിൽ ഉറങ്ങുമ്പോൾ മാത്രം കുട്ടികളിൽ കാണുന്ന ചുമ വിരശല്യം കാരണമാകാം. അപൂർവമായി ഉയർന്ന രക്തസമ്മർദം ചിലരിൽ ചുമയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതു കണ്ടിട്ടുണ്ട്. കിടക്കുമ്പോള്‍ മാത്രം അപൂർവമായി ചുമയുണ്ടാകുന്നത് ഗ്യാസ്ട്രോ ഈസോഫാഗല്‍ റിഫ്ളെക്സ് ഡിസീസ് എന്ന രോഗമുള്ളവരിലാണ്. കിടക്കുമ്പോൾ വയറ്റിലെ ആസിഡും മറ്റും മുകളിലേക്കു കടന്നു കയറുന്നതാണിതിനു കാരണം.
ചുമയുണ്ടാകുമ്പോൾ പരസ്യങ്ങളിൽ കാണുന്നതും മെഡിക്കൽ ഷോപ്പിൽ ചെന്നു ഡോക്ടറുടെ കുറിപ്പില്ലാതെ വാങ്ങുന്നതുമായ മരുന്നുകൾ കഴിക്കുന്നതു കാരണം രോഗം വഷളാകുമെന്നു മാത്രമല്ല ചിലപ്പോൾ രോഗം തിരിച്ചറിയാതെ പോകുകയും ചെയ്യും.
പൊതുവായി ശ്രദ്ധിക്കാം
∙ ചുമയുള്ളവർ വായ് പൊത്തിക്കൊണ്ടു വേണം ചുമയ്ക്കാൻ, അടുത്തുനിൽക്കുന്നവരുമായി ഒരടിയെങ്കിലും അകലം പാലിക്കണം.
∙ തുറസ്സായ സ്ഥലത്തു ചുമച്ചു തുപ്പരുത്. വാഷ്ബോസിനിൽ തുപ്പി കഴുകി കളയണം.
∙ ചുമയുള്ളവർ രോഗികളെ സന്ദർശിക്കുന്നതും കുഞ്ഞുങ്ങളെ എടുക്കുന്നതും ഒഴിവാക്കുക.
∙ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നു കഴിക്കാം.
∙ മൂന്നാഴ്ചയിൽ കൂടുതൽ ചുമ നീണ്ടു നിന്നാൽ ഡോക്ടറുടെ സേവനം നിർബന്ധമായും തേടണം.
∙ ഡോക്ടറുടെ നിർദേശമില്ലാതെ കഫ് സിറപ്പ് കുടിക്കുന്നത് രോഗം വഷളാക്കും
ആരോഗ്യം ആർക്കൈവ്സ്