Saturday 02 November 2024 04:17 PM IST

വീട്ടിൽ വച്ചു ബിപി നോക്കിക്കോളൂ, പക്ഷേ, ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Asha Thomas

Senior Sub Editor, Manorama Arogyam

eytyty777

ഇന്നു രക്തസമ്മർദം ഡിജിറ്റൽ ബിപി മീറ്റർ ഉപയോഗിച്ചു വീട്ടിൽ വച്ചു തന്നെ പരിശോധിക്കുന്ന രീതി വ്യാപകമാവുകയാണ്. പ്രായമായവർ തനിച്ചു തമാസിക്കുന്ന സാഹചര്യത്തിലും മറ്റും ഇതു വളരെ സഹായകമാണ്. ബിപി നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്നതും കൃത്യമായി നിയന്ത്രിച്ചു നിർത്തുന്നതും ഹൃദയാരോഗ്യത്തിന് ഉൾപ്പെടെ വളരെ ഫലപ്രദവുമാണ്. പക്ഷേ, ബിപി അളവുകൾ കൃത്യമല്ലെങ്കിൽ തെറ്റായ രോഗനിർണയത്തിനും തെറ്റായ ചികിത്സയ്ക്കും കാരണമാകാം.

നാം കുടിക്കുന്ന കാപ്പി പോലുള്ള പാനീയങ്ങൾ, ഉറക്കം തുടങ്ങി ബിപി നോക്കുമ്പോഴുള്ള ഇരിപ്പിന്റെ രീതി പോലും ഈ അളവിനെ സ്വാധീനിക്കാം. ദിവസം മുഴുവനും ഒരേ ബിപി അളവ് ആയിരിക്കുകയുമില്ല. രാവിലെ അൽപം കൂടാം, വൈകുന്നേരത്തോടെ കുറച്ചു കുറയുന്നതായും കാണുന്നു.

ശാസ്ത്രീയമായി ബിപി പരിശോധന ചെയ്തില്ലെങ്കിൽ അളവിൽ വ്യതിയാനം വരാനും അതു ചികിത്സ സംബന്ധിച്ചുള്ള തീരുമാനങ്ങളെ ബാധിക്കാനുമിടയുണ്ട്. അതുകൊണ്ട് കൃത്യമായ ബിപി റീഡിങ് ലഭിക്കാൻ വീട്ടിൽ വച്ച് ബിപി പരിശോധിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

∙ കൈ വയ്ക്കുന്ന രീതി– ശരിയായ ബിപി റീഡിങ് ലഭിക്കാൻ ഏറ്റവും പ്രധാനമായ കാര്യമാണു കയ്യുടെ നില.

ബിപി നോക്കുന്നത് ഏതു കയ്യിലാണോ ആ കൈ എപ്പോഴും ഒരു മേശയിലോ മറ്റോ വച്ചു പരിശോധിക്കുന്നതാണു നല്ലത്. കൈ തൂക്കിയിടുന്നതും മടിയിൽ വച്ചു നോക്കുന്നതും റീഡിങ് കൂടുതലാകാൻ ഇടയാക്കാം.

ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ കൈ മടിത്തട്ടിൽ വച്ചപ്പോൾ സിസ്റ്റോളിക് ബിപി റീഡിങ് ശരിക്കുമുള്ളതിലും നാലു മി.മീ കൂടുതലായിരുന്നു. വെറുതെ തൂക്കിയിട്ടപ്പോഴാകട്ടെ ഏഴ് മി.മീ കൂടുതലായി കണ്ടു. കൈ ഹൃദയനിരപ്പിലേക്കാളും താഴ്ന്ന് ഇരിക്കുമ്പോൾ റീഡിങ് കൂടുതലാകുന്നു. ഹൃദയനിരപ്പിലേക്കാളും മുകളിലിരുന്നാൽ റീഡിങ് കുറവായി കാണപ്പെടാം. കൈ താങ്ങില്ലാതെ വെറുതെ തൂക്കിയിടുമ്പോൾ കയ്യിലെ പേശികളുടെ ആയാസം കൂടുതലായിരിക്കും. ഇതാണു ബിപി വർധിക്കാൻ കാരണമാകുന്നത്.

∙ നടുവിനു താങ്ങുള്ള രീതിയിൽ, നിവർന്ന് ഇരിക്കണം. പാദങ്ങൾ തറയിൽ പതിച്ചുവയ്ക്കണം. നടുവിനു താങ്ങില്ലാതെ ഇരിക്കുന്നതും കാലുകൾ പിണച്ചു വയ്ക്കുന്നതും ബിപി റീഡിങ് വർധിക്കാൻ ഇടയാക്കാം.

∙ തിരക്കിട്ടോടി വന്നു ബിപി നോക്കരുത്. ഏറ്റവും കുറഞ്ഞത് അര മണിക്കൂറെങ്കിലും ശാന്തമായും സ്വസ്ഥമായും ഇരുന്നിട്ട് ബിപി നോക്കുക.

∙ ബിപി പരിശോധിക്കുന്ന സമയത്തു സംസാരിക്കാതിരിക്കുക.

∙ ബിപി നോക്കുന്നതിന് അര മണിക്കൂർ മുൻപ് കാപ്പി, മദ്യം, പുകയില എന്നിവ പാടില്ല.

∙ രണ്ടു കയ്യിലെയും ബിപി നോക്കുക. ഇടതും വലതും വശങ്ങൾ തമ്മിൽ റീഡിങ്ങിൽ 10 മി.മീ വ്യത്യാസം സ്വാഭാവികമായി തന്നെ ഉണ്ടാകും. ഇതിൽ കൂടിയ അളവ് ഏതാണോ അതു സ്വീകരിക്കുക.

∙ ബിപി മെഷീന്റെ കഫ് നേരാംവണ്ണം കെട്ടേണ്ടതും പ്രധാനമാണ്. വസ്ത്രത്തിനു മുകളിലൂടെ കഫ് കെട്ടരുത്.

∙ ഭക്ഷണം കഴിച്ചയുടനെ ബിപി നോക്കിയാൽ കൃത്യമായ അളവു ലഭിക്കില്ല.

∙ മൂത്രസഞ്ചി നിറഞ്ഞിരുന്നാൽ ബിപി റീഡിങ്ങിൽ 10–15 മി.മീ വരെ വർധിക്കാനിടയുണ്ട്. അതുകൊണ്ട് മൂത്രമൊഴിച്ചു കളഞ്ഞിട്ടു ബിപി നോക്കുന്നതാണ് ഉത്തമം.

∙ ഏതു ബിപി മീറ്ററായാലും റീഡിങ്ങിൽ പിഴവുകൾ വരാം. വീട്ടിൽ ഡിജിറ്റൽ ബിപി മീറ്റർ ഉപയോഗിക്കുന്നവർ മാസത്തിലൊരിക്കലെങ്കിലും മറ്റേതെങ്കിലും ബിപി മീറ്ററിന്റെ അളവുമായി തട്ടിച്ചുനോക്കി (കാലിബ്രേറ്റ് ചെയ്യുക) പ്രവർത്തനം കൃത്യമാണോയെന്ന് ഉറപ്പു വരുത്തണം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ജേക്കബ് കെ. ജേക്കബ്

പ്രഫസർ, ഹെഡ്, ജനറൽ മെഡിസിൻ

, ഗവ. മെഡി. കോളജ്, കളമശ്ശേരി, കൊച്ചി

Tags:
  • Daily Life
  • Manorama Arogyam