Tuesday 29 November 2022 02:51 PM IST : By സ്വന്തം ലേഖകൻ

‘വെറുതേ മൂത്ര പരിശോധന നടത്തുമ്പോഴായിരിക്കും വൃക്ക രോഗിയാണെന്ന് അറിയുന്നത്’: വൃക്കരോഗം, ലക്ഷണം ആദ്യമേ അറിയാം

kidney-problems

‘വെറുതേ മൂത്ര പരിശോധന നടത്തുമ്പോഴായിരിക്കും വൃക്ക രോഗിയാണെന്ന് അറിയുന്നത്’: വൃക്കരോഗം, ലക്ഷണം ആദ്യമേ അറിയാം

മറ്റു ചികിത്സാവശ്യങ്ങൾക്കായി മൂത്രപരിശോധനയോ രക്തപരിശോധനയോ നടത്തുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണു വൃക്കിരോഗിയായിക്കഴിഞ്ഞു എന്നു മിക്കവരും തിരിച്ചറിയുക. ചിലരാകട്ടെ ഡയാലിസിസ് വേണ്ടിവരുന്നതുപോലുള്ള ഗുരുതര വൃക്ക പരാജയത്തിലേക്കു പോലും നീങ്ങിയിട്ടുണ്ടാവും. വൃക്കയുെട ആരോഗ്യം കുറഞ്ഞുവരുമ്പോൾ തുടക്കത്തിലേതന്നെ തിരിച്ചറിയാനായാൽ അതു തടയാനോ ഒരു പക്ഷേ ഡയാലിസിസിലേക്ക് എത്താവുന്ന അവസ്ഥ ചിലപ്പോൾ കാലങ്ങളോളം വൈകിപ്പിക്കാനുമൊക്കെ കഴിഞ്ഞേക്കും.

പ്രായപൂർത്തിയായവരിൽ ഏതാണ്ട് പത്തു ശതമാനത്തോളം പേരിൽ ഏതെങ്കിലും തരം വൃക്കരോഗം ഉണ്ടാകും എന്നാണു കണക്ക്. ലോകമെമ്പാടും 2.2% മരണങ്ങളും വൃക്കരോഗം മാത്രംകൊണ്ട് ഉണ്ടാകുന്നു.

അവയവങ്ങളും വൃക്കയും

ശരീരത്തിലെ മിക്ക അവയവങ്ങളുടെ പ്രവർത്തനവുമായും വൃക്കയ്ക്കു ബന്ധമുണ്ട്. ഒരു അവയവത്തിന്റെ കേടുപാടുകൾ മറ്റൊരു അവയവത്തിന്റെ പ്രവർത്തനത്തിനെ ഗണ്യമായി ബാധിക്കും. ഈ കാരണം കൊണ്ടു ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, മറ്റ് ഉദരരോഗങ്ങൾ, മസ്തിഷ്ക തകരാർ എന്നിവയ്ക്കു പുറമെ പ്രതിരോധ സംവിധാനം, അന്തഃസ്രാവ ഗ്രന്ഥീവ്യൂഹം (Endocrine System), രക്തോൽപാദനം എന്നിവയുെട രോഗങ്ങൾ വൃക്കകളെയും സാരമായി ബാധിക്കാം.

മറിച്ചു വൃക്കരോഗങ്ങൾ ഈ അവയവങ്ങളേയും ബാധിക്കും. ഈ പ്രക്രിയയ്ക്ക് ഓർഗൻ ക്രോസ്ടോക്ക് (Organ Crosstalk) എന്നാണ് പറയുക. അവയവങ്ങളുടെ നോർമൽ ക്രോസ്ടോക് ശരീരത്തിന്റെ സന്തു‌ലിത അവസ്ഥയെ നിലനിർത്താൻ സഹായിക്കുന്നു.

ലക്ഷണം വരുന്ന വഴി

പലപ്പോഴും വൃക്കരോഗങ്ങളുടെ ല ക്ഷണങ്ങൾ മറ്റു അവയവങ്ങളിലൂടെയാണു പ്രകടമാകുന്നത്. വൃക്കരോഗങ്ങൾ വിവിധങ്ങളായ ശാരീരിക ലക്ഷണങ്ങളിലൂെട സാന്നിധ്യമറിയിക്കാറുണ്ടെന്നു ചുരുക്കം. എന്നാൽ അവയിൽ പലതും സാധാരണ കാണുന്ന പ്രശ്നങ്ങളായി തോന്നുകയും പരിഗണന കിട്ടാതെ പോവുകയും ചെയ്യാറുണ്ട്. വളരെ സാധാരണമായി കാണുന്ന ലക്ഷണങ്ങളെ ഇനി മനസ്സിലാക്കാം. അവയിലെതെങ്കിലുമൊക്കെ കണ്ടാൽ വൃക്കരോഗസാധ്യത കൂടി സംശയിച്ചു വിദഗ്ധ രോഗനിർണയത്തിനു തയാറാകണം.

∙ മുഖത്തും കാലിലും ദേഹമാസകലവും നീര്

∙ മൂത്രത്തിന്റെ അളവിലുള്ള അസാധാരണ വ്യതിയാനം.

∙ മൂത്രത്തിൽ പഴുപ്പ്, രക്തം, പ്രോട്ടീൻ എന്നിവയുടെ സാന്നിധ്യം.

∙ അമിതമായ രക്തസമ്മർദം

∙. വിളർച്ച, വിശപ്പില്ലായ്മ.

∙ ഓക്കാനം, ഛർദി

∙ മൂത്രതടസ്സം, വയറുവേദന,

∙ അസ്ഥികളുടെ വേദന

∙ ശ്വാസംമുട്ട്

ഈ പറഞ്ഞ രോഗലക്ഷണങ്ങൾ മറ്റ് അസുഖങ്ങൾ കാരണം ഉണ്ടാകുമെങ്കിലും ഇവയുണ്ടെങ്കിൽ വിശദമായ വൃക്കരോഗ പരിശോധന നടത്തേണ്ടതാണ്.

മൂത്രം പരിശോധിക്കാം

തുച്ഛമായ ചെലവേയുള്ളൂ മൂത്ര പരിശോധനയ്ക്ക്. മൂത്രപരിശോധന തക്കസമയത്തു നടത്തി രോഗസാന്നിധ്യമറിഞ്ഞാൽ, ഉടനേ ചികിത്സിച്ചാൽ ഭാവിയിൽ ചെലവേറിയ പരിശോധനകളും രോഗം വഷളായാലുള്ള കഷ്ടപ്പാടുകളും ഒഴിവാക്കാം.

പരിശോധനയിൽ ഒരു തെറ്റായ പ്രവണത ഏറിവരുന്നുണ്ട്. സാധാരണ മൂത്രപരിശോധന (യൂറിൻ റുട്ടീൻ) മാത്രം ഒഴിവാക്കി ആയിരക്കണക്കിനു രൂപ ചെലവു വരുന്ന മൂത്ര– രക്ത പരിശോധനകളും സ്കാനിങ്ങും മറ്റും ചെയ്തുകൊണ്ടാണു രോഗികൾ വരുന്നത്. എന്നാൽ സാധാരണ മൂത്രപരിശോധനയിലൂടെ പല അസുഖങ്ങളും മനസ്സിലാക്കാൻ സാധിക്കും.

മൂത്രത്തിന്റെ അളവ്, നിറം, അമ്ല‌ത, സാന്ദ്രത, സ്വഭാവം (തെളിഞ്ഞതാ ണോ, കലങ്ങിയതാണോ) എന്നിവ വെറുതെ നോക്കിയാൽ തന്നെ മനസ്സിലാക്കാം. കൂടാതെ ലളിതമായ രാസപരിശോധനയിലൂടെ ആൽബുമി ൻ, പഞ്ചസാര, രക്തകലർപ്പ്, ബിലിറുബിൻ (മഞ്ഞപ്പിത്തം) കീറ്റോൺസ് (പ്രമേഹ സങ്കീർണത) എന്നിവ മനസ്സിലാക്കാം.

സൂക്ഷ്മദർശിനി പരിശോധനയിലൂെട മൂത്രത്തിലുള്ള രക്താണുക്കൾ, പഴുപ്പ്, രോഗാണുക്കൾ എന്നിവ നേരിൽ കാണാം. വൃക്കരോഗ നിർണ്ണയത്തിന് ഏറെ സഹായകരമായ

കാസ്റ്റുകളും ക്രിസ്റ്റലുകളും

സൂക്ഷ്മദർശിനിയിൽ കാണാൻ ഇടയാകും. ഇതിനു പുറമെ മൂത്രത്തിൽ ഉണ്ടാകുന്ന കല്ലുകളോ പല ജാതി ക്രിസ്റ്റലുകളോ കണ്ടാൽ അതിനുള്ള ചികിത്സ നേരത്തെ തുടങ്ങാം.

24 മണിക്കൂർ മൂത്രപരിശോധന (സമയബന്ധിത പരിശോധന) ചില പ്രത്യേക രോഗങ്ങൾക്ക് ആവശ്യമായി വരും. കൾച്ചർ (രോഗാണു വളർച്ച പരിശോധന) മൂലം മൂത്രനാളീവ്യൂഹത്തിൽ പഴുപ്പ്, ക്ഷയരോഗം, പൂപ്പ ൽ എന്നിവ കൃത്യമായി കണ്ടുപിടിക്കുന്നതിനും അതിനു പറ്റിയ മരുന്നുകൾ നിർണ്ണയിക്കുന്നതിനും സഹായകരമാകും.

kidney-1

യൂറിയ കൂടുമ്പോൾ

‌സാധാരണ ഉപയോഗിക്കുന്ന രക്ത പരിശോധനകൾ ബ്ലഡ് ഷുഗർ, യൂറിയ, യൂറിക്കാസിഡ്, ക്രിയാറ്റിനിൻ ലവണങ്ങൾ, ഹീമോഗ്ലോബിൻ എന്നിവയാണ്. യൂറിയ, ക്രിയാറ്റിനിൻ എന്നിവ കൂടുതലാണെങ്കിൽ, അതു കുറയ്ക്കണം എന്നാവശ്യപ്പെട്ടു പലപ്പോഴും രോഗികൾ സമീപിക്കാറുണ്ട്. ഇ വ രണ്ടും ശരീരത്തിന്റെ വിസർജ്യവസ്തുക്കളാണ്. വൃക്കകളുടെ പ്രവർത്തനം കുറയുമ്പോഴാണ് ഇവ രക്തത്തിൽ തങ്ങിനിൽക്കുന്നത്.

ശരീരത്തിൽ യൂറിയ ഉണ്ടാകുന്നതു പ്രധാനമായി നമ്മൾ കഴിക്കുന്ന മാംസ്യാഹാരത്തിൽ നിന്നുമാണ്.

മാംസ്യാഹാരം കുറച്ചാൽ ഒരു പരിധിവരെ യൂറിയ കുറയാൻ സാധ്യതയുണ്ട്. പക്ഷേ, ശരീരത്തിൽ 0.8gm/കി.ഗ്രാം ശരീരഭാരത്തിനു മാംസ്യാഹാരങ്ങൾ അനിവാര്യമാണ്. ഇതിൽ താഴെ പ്രോട്ടീൻ ഭക്ഷണം കുറയ്ക്കുന്നതു നല്ലതല്ല.

ക്രിയാറ്റിനിൻ കൂടിയാൽ

ക്രിയാറ്റിനിൻ പേശികളിൽ നിന്ന് ഉൽപാദിപ്പിക്കപ്പെട്ടു വൃക്കകളിലൂടെ വിസർജിക്കപ്പെടുന്ന മാലിന്യമാണ്. ര ക്തത്തിൽ ഇതിന്റെ അളവു കൂടുന്നതു വൃക്കയുടെ പ്രവർത്തനശേഷിയെ സൂചിപ്പിക്കുന്നു. പല ലാബറട്ടറികളിൽ പരിശോധിക്കുമ്പോൾ ക്രിയാറ്റിനിന്റെ അളവിൽ ചെറിയ വ്യതിയാനങ്ങൾ കാണുന്നതു സ്വാഭാവികമാണ്. 0.8 മുതൽ 1.2 വരെയാണ് നോർമൽ അളവായി പറയാറ്.

ഒരാളുടെ ക്രിയാറ്റിനിൻ അളവ് മണിക്കൂറുകളോ, ദിവസങ്ങളോ കൊണ്ടു കൂടുകയാണെങ്കിൽ ഇതിന്റെ അക്യൂട്ട് കി‍ഡ്നി ഇൻജുറി (AKI) എന്നു പറയും. നേരെ മറിച്ചു മാസങ്ങൾ കൊണ്ടോ അല്ലെങ്കിൽ വർഷങ്ങൾ കൊണ്ടോ കൂടുകയാണെങ്കിൽ അതിനെ ക്രോണിക് കിഡ‍്നി ഡിസീസ് (CKD) എന്നു പറയും. രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് 8-10 മില്ലിഗ്രാം കൂടുന്നതോടെ രോഗിക്ക് ഡ യാലിസിസ് ആവശ്യമായി വരാം.

ക്രിയാറ്റിനിന്റെ അളവ് ഇരട്ടിക്കുമ്പോൾ വൃക്കയുടെ പ്രവർത്തനം ഏ കദേശം പകുതിയാകും എന്നാണ് കണക്കുകൂട്ടൽ. അതായത് ഒരു മില്ലിഗ്രാമിൽ നിന്ന് 2 മില്ലിഗ്രാം ആകുമ്പോൾ വൃക്കയുടെ പ്രവർത്തനം 100-ല്‍ നിന്ന് 50% ആവുകയും 2 മില്ലിഗ്രാം–4 മില്ലിഗ്രാം ആകുമ്പോൾ അത് 25% ആവുകയും 4 മില്ലിഗ്രാം–8 മില്ലിഗ്രാം ആകുമ്പോൾ അത് 12.5% ആവുകയും ചെയ്യും. കൃത്യമായി ചികിത്സ ച്ചാൽ ഇതു നിയന്ത്രിക്കാൻ പറ്റും. ‌

വൃക്കസ്തംഭനം

വൃക്കസ്തംഭനം പ്രധാനമായും ര ണ്ടു തരത്തിലാണു പ്രകടമാകുന്നത്. ഒന്ന്, അക്യൂട്ട് കി‍ഡ്നി ഇൻജുറി (AKI) അതായത് പെട്ടെന്ന് ഉണ്ടാകുന്ന വൃക്കസ്തംഭനം. രണ്ട്, ക്രോണിക് കി‍ഡ്നി ഡിസീസ് (CKD) അതായത് കാലക്രമേണ വൃക്കയുടെ പ്രവർത്തനം മന്ദഗതിയിലാവുകയും അവസാന സ്റ്റേജിൽ എത്തുകയും ചെയ്യും

അക്യൂട്ട് കിഡ്നി ഇൻജുറി

വൃക്കകളുടെ പെട്ടെന്നുണ്ടാകുന്ന സ്തംഭനാവസ്ഥ (അക്യൂട്ട് കിഡ്നി ഇൻജുറി –AKI) പല കാരണം കൊണ്ട് ഉണ്ടാകാം. വൃക്കയിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയാണെങ്കിൽ പെട്ടെന്നു സ്തംഭനാവസ്ഥ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്. പലതരം രോഗാണു ബാധകളും വൃക്കകളെ നേരിട്ടു ബാധിച്ചു വൃക്കസ്തംഭനം ഉണ്ടാകാം. ഗുരുതരമായ വയറിളക്കം, രോഗാണുബാധ, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി എന്നിവ ചില ഉദാഹരണങ്ങളാണ്.

വിഷാംശങ്ങൾ, ചിലതരം ഔഷധങ്ങൾ എന്നിവയും പെട്ടെന്ന് ഉണ്ടാകുന്ന വൃക്കസ്തംഭനത്തിനു കാരണമാണ്. അണലിവിഷബാധ ഒരു പ്രധാന കാരണമാണ്. ചിലതരം വേദനസംഹാരികൾ, ആന്റിബയോട്ടിക്ക് മരുന്നുകളോടുള്ള അലർജി, രാസവസ്തുക്കൾ അടങ്ങിയ ചില പദാർത്ഥങ്ങള്‍ തുടങ്ങിയവ വൃക്കസ്തംഭനം ഉണ്ടാകാൻ കാരണമാകുന്നു.

വൃക്കകളുടെ സ്തംഭനാവസ്ഥ തുടർന്നാൽ ശരീരത്തിൽ നീര്, ശ്വാസംമുട്ടൽ ഛർദി, ജന്നി, അബോധാവസ്ഥ എന്നുവേണ്ട മരണംവരെ സംഭവിക്കാം. ഇത്തരം സ്തംഭനാവസ്ഥ കൃത്യമായ ചികിത്സ നൽകിയാൽ കുറച്ചു നാളുകളോ ആഴ്ചകളോ കൊണ്ടു മാറാം. ക്രമേണ രക്തസമ്മർദം നോർമൽ ആവുകയും മൂത്രത്തിന്റെ അളവു ഗണ്യമായി കൂടുകയും രക്തത്തിൽ അടിഞ്ഞിരിക്കുന്ന മാലിന്യങ്ങൾ വിസർജിക്കപ്പെടുകയും ചെയ്യും. എന്തെങ്കിലും കാരണവശാൽ അതിജീവനത്തിനു താമസം ഉണ്ടായാൽ ഡ‍യാലിസിസ് പോലെയുള്ള ചികിത്സാമാർഗ്ഗങ്ങൾ ഉപയോഗിച്ച് വൃക്കയുടെ പ്രവർത്തനം ഏറ്റെടുക്കേണ്ടതാണ്.

ക്രോണിക് കിഡ്നി ഡിസീസ്

വൃക്കകളുടെ പ്രവർത്തനം നീണ്ട കാലയളവിൽ (മാസങ്ങളോ വർഷങ്ങളോ കൊണ്ട്) ക്രമേണ നഷ്ടപ്പെട്ടു വരുന്ന തീരാവ്യാധിയാണു ക്രോണിക് കിഡ്നി ഡിസീസ് (CKD). ഇവ നേരത്തെ മനസ്സിലാക്കി നിയന്ത്രിച്ചാൽ രോഗിക്കു ഭേദപ്പെട്ട ആരോഗ്യം നിലനിർത്താൻ കഴിയും. സ്ഥിതിവിവര കണക്കുകൾ പ്രകാരം സ്ഥായിയായി വൃക്കസ്തംഭനത്തിന്റെ ഏറ്റവും പ്രധാന കാരണം പ്രമേഹമാണ്.

പ്രമേഹത്തെ സൂക്ഷിക്കൂ...

പ്രമേഹരോഗികളിൽ പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോൾ പലർക്കും ഡ‍യബറ്റിക് നെഫ്രോപതി എന്ന അസുഖം ആരംഭിക്കുന്നതായി കാണുന്നു. ഇവരിൽ പലപ്പോഴും രക്തസമ്മർദവും കൂടുതലായിരിക്കും. ഡയബറ്റിക്ക് നെഫ്രോപതി പോലെ വൃക്കകൾക്ക് അസുഖമുള്ളൊരാൾക്ക് വൃക്കകളുടെ പ്രവർത്തനശേഷി, പ്രതിവർഷം 10% വീതം കുറയാൻ സാധ്യത‌യുണ്ട്. അപ്രകാരം നോക്കിയാൽ പ്രമേഹം തുടങ്ങി 25-30 വർഷത്തിനകം വൃക്കയുടെ പ്രവർത്തനം 10% ആയി കുറയാം.

രോഗം നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യത്തിൽ വൃക്കയുെട പ്രവർത്തനവേഗം കുറയുകയും 4-5 വർഷംകൊണ്ട് അവസാന ഘട്ടത്തിൽ എത്തുകയും ചെയ്യും. ഇത്തരം രോഗികൾക്കു പെട്ടെന്നുണ്ടാകുന്ന സ്തംഭനാവസ്ഥ (AKI) ഉണ്ടായാൽ ആഴ്ചകളോ മാസങ്ങളോ കൊണ്ട് വൃക്കയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കാം. വൃക്കകളിലെ പ്രവർത്തനം കുറഞ്ഞ് 15 ശതമാനത്തിൽ എത്തുമ്പോൾ തുടർ ചികിത്സാരീതികളായ ഡയാലിസിസ്, ട്രാൻസ്പ്ലാന്റേഷൻ എന്നിവയ്ക്കു തയാറെടുക്കുകയാണ് ഉത്തമം. വൃക്കയുെട പ്രവർത്തനം ഏകദേശം അഞ്ച് ശതമാനം ആകുമ്പോൾ എങ്കിലും മേൽപ്പറഞ്ഞ ചികിത്സ രീതികൾ അനിവാര്യമായി തീരും

പ്രായമേറുമ്പോൾ

30 വയസ്സിനു ശേഷം ആരോഗ്യവാനായ ഒരു വ്യക്തിക്കു പോലും വൃക്കയുടെ പ്രവർത്തനം ഏകദേശം 0.5 മുതൽ 1% വരെ പ്രതിവർഷം കുറയും. അങ്ങനെയാണെങ്കിൽ 90 വയസ്സാകുമ്പോൾ ഏകദേശം 40% പ്രവർത്തനമേ ശേഷിക്കുകയുള്ളൂ. സാധാരണ ജീവിതത്തിന് ഈ പ്രവർത്തനം മതിയാകും. അതേസമയം അസുഖങ്ങളോ അമിതമായ മരുന്നുകളുടെ ഉപയോഗങ്ങളോ, മറ്റു കാരണങ്ങളോ ഉണ്ടെങ്കിൽ പ്രവർത്തനം പെട്ടെന്നു കുറയാം. പ്രായമായവരിൽ പല മരുന്നുകളുടെയും ഡോസ് (അളവ്) കുറയ്ക്കേണ്ടത് അത്യാവശ്യമാകുന്നതു അതുകൊണ്ടാണ്.

വൃക്കകളുടെ പ്രവർത്തനം

ഉദരാശയത്തിനുള്ളിൽ നട്ടെല്ലിന്റെ പുറകിലായി പയറുമണിയുടെ ആകൃതിയിലാണ് രണ്ടു വൃക്കകളും സ്ഥിതി ചെയ്യുന്നത്. ഓരോ വൃക്കയും ഏകദേശം 12cm X 6cm X 3cm വലുപ്പവും 120-170gm തൂക്കവും ഉണ്ടാകും. വാരിയെല്ലുകളും ചുറ്റുമുള്ള അവയവങ്ങളും കൂടിച്ചേർന്നു വൃക്കകളെ ആഘാതങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ഓരോ വൃക്കയിലും ഏകദേശം പത്തുലക്ഷം നെഫ്രോണുകൾ ഉണ്ടാകും. ഇവയിലൂടെ ചലിക്കുന്ന രക്തം അരിച്ചെടുത്ത് ശരീരത്തിനാവശ്യമായ ഘടകങ്ങളായ ജലം, സോഡിയം, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ബൈകാർബണേറ്റ് എന്നിവ വലിച്ചെടുക്കുകയും വിസർജ്യ വസ്തുക്കളായ യൂറിയ, ക്രിയാറ്റിനിൻ തുടങ്ങിയ മാലിന്യങ്ങളേയും പുറംതള്ളുന്നു. രക്തത്തിലുള്ള സോഡിയം, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ബൈകാർബണേറ്റ് തുടങ്ങിയ ധാതുക്കൾ അപകടകരമല്ലാത്ത പരിധിയിൽ നിലനിർത്തുന്നതും വൃക്കകളാണ്.

കടപ്പാട്:

ഡോ. കാശി വിശ്വേശ്വരൻ ആർ

നെഫ്രോളജി കൺസൽട്ടന്റ് അനന്തപുരി ഹോസ്പിറ്റൽ.
മുൻ വൈസ്  പ്രിൻസിപ്പൽ  
&  പ്രഫ. ഓഫ് നെഫ്രോളജി
ഗവ. മെ‍ഡിക്കൽ കോളജ് തിരുവനന്തപുരം