Tuesday 30 August 2022 02:14 PM IST : By സ്വന്തം ലേഖകൻ

സോപ്പിനു പകരം കടലമാവ്; അഞ്ചു ദിവസം കൂടുമ്പോൾ മുഖരോമം നീക്കാം: അറിയാം ആയുർവേദ വ്യക്തിശുചിത്വ ശീലങ്ങൾ

ayurved323

ആയുർവേദം ഒരു ചികിത്സാശാസ്ത്രമെന്നതിനുപരി ഒരു ജീവനശാസ്ത്രമാകുന്നു. ആയതിനാൽ ചികിത്സയേക്കാൾ രോഗപ്രതിരോധത്തിനാണ് പ്രാധാന്യം. വ്യക്തിശുചിത്വത്തിൽ ആയുർവേദം ആന്തരീകവും ബാഹ്യവുമായ ശാരീരിക ശുചിത്വവും മാനസിക ശുചിത്വവും പാലിക്കുവാൻ വിധിക്കുന്നു.

ശുചിത്വശീലങ്ങൾ ഓരോ ദിവസവും എപ്രകാരം ആയിരിക്കണമെന്നും കാലാവസ്ഥാവ്യതിയാനത്തിനുസരിച്ച് എപ്രകാരമായിരിക്കണമെന്നും ദിനചര്യ, ഋതുചര്യ എന്നീ രണ്ട് ആചാരശീലങ്ങളിലൂടെ ആയുർവേദം വിശദമാക്കുന്നു.

കൈകളുടെ ശുചിത്വം

ഏറ്റവും അനാരോഗ്യകരമായ ചുറ്റുപാടുമായി സമ്പർക്കമുള്ള ശരീരഭാഗമാണു കൈകൾ. രോഗാണുക്കളുടേയും രോഗാണുവാഹകരുടേയും നല്ലൊരു സഞ്ചാരമാർഗമാണ് ഇവ. നഖങ്ങൾ കൃത്യമായി മുറിച്ചു വൃത്തിയായി സൂക്ഷിക്കുക. പ്രത്യേകിച്ചും കുട്ടികൾ.

ആഹാരത്തിനു മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക. ശൗചകർമങ്ങൾക്കുശേഷവും കൈകൾ നന്നായി കഴുകണം. കൈകഴുകൽ ഘട്ടം ഘട്ടമായാണ് ചെയ്യേണ്ടത്. ആദ്യം കൈകളിലുള്ള വാച്ച് മോതിരം ഇവ മാറ്റി നന്നായി അണുനാശക സോപ്പും വെള്ളവും കൊണ്ടു കൈ നനയ്ക്കുക. പിന്നെ ഓരോ വിരലും മണിബന്ധവുമൊക്കെ കഴുകണം. കൈകൾ തുടച്ച് ഉണക്കുകയും വേണം.

നഖവും മുടിയും വെട്ടണം

അഞ്ചു ദിവസം കൂടുമ്പോൾ നഖം, മുഖരോമം, തലയിലെ രോമം എന്നിവ മുറിക്കുകയും വൃത്തിയാക്കുകയും വേണം. അങ്ങനെ ചെയ്യുന്നത് ദേഹപുഷ്ടിയും കാന്തിയും ആയുസ്സും വർധിപ്പിക്കുമത്രേ. മൂക്കിലെ രോമങ്ങൾ പറിച്ചു കളയരുത്. അങ്ങനെ ചെയ്യുന്നത് കണ്ണിനു ദുർബലത വേഗത്തിൽ വരുത്തുമെന്ന് ആയുർവേദശാസ്ത്രം പറയുന്നു. മുടി ചീർപ്പ് കൊണ്ട് വേണ്ടവിധം വൃത്തിയാക്കേണ്ടതും ഇലത്താളി ഉപയോഗിച്ച് ശുചിയാക്കേണ്ടതുമാണ്.

കുളിക്കുന്ന വെള്ളത്തിൽ രാമച്ചം

കുളിക്കാൻ ഉപയോഗിക്കുന്ന തണുത്ത വെള്ളത്തിൽ രാമച്ചം ചെറുനാരങ്ങാനീര്, ഉണക്കനെല്ലിക്ക (ചതച്ചത്) എന്നിവ ഇടുന്നത് ശരീരശുദ്ധി ലഭിക്കാനും ശരീരദുർഗന്ധം അകറ്റാനും സഹായിക്കും. ഉണക്കനെല്ലിക്ക ചെറു ചൂടുവെള്ളത്തിലും ഇടാം. സോപ്പിനു പകരം കടലമാവ്, പയറുപൊടി, ഏലാദിഗണ ചൂർണം എന്നിവ ഉപയോഗിക്കാം.

ദന്താരോഗ്യത്തിന് ത്രിഫലചൂർണം

ഭക്ഷണം കഴിച്ചാൽ വായ കഴുകാൻ പ്രമേഹരോഗികൾക്കും പ്രായമായവർക്കും പച്ചവെള്ളത്തിൽ ത്രിഫലചൂർണം ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം. ദന്താരോഗ്യത്തിന് ഉത്തമമായ മാർഗമാണിത്. മോണപഴുപ്പ് ഉള്ളവർ ഇരട്ടിമധുരം ഇട്ട ചെറു ചൂടുവെള്ളം ഉപയോഗിക്കുന്നത് ഗുണം ചെയ്യും. വായ്നാറ്റം അകറ്റാൻ ഗ്രാമ്പൂ, താന്നിക്ക എന്നിവ ചവയ്ക്കുന്നത് നല്ലതാണ്.

പ്രമേഹരോഗികൾ ദിവസവും പാദത്തിൽ എണ്ണ തേയ്ക്കുന്നത് നല്ലതാണ് (പാദാഭൃംഗം). ഇവർ ത്രിഫല കഷായം കൊണ്ട് പാദം കഴുകി ഉണക്കുന്നതും മുറിവുകളെ പ്രതിരോധിക്കും.

മുറിവുകൾ കഴുകാൻ

മുറിവുകൾ പറ്റിയാൽ പച്ചവെള്ളത്തിൽ കഴുകുന്നതിനു പകരം ആയുർവേദ ഔഷധങ്ങൾ ചേർത്ത വെള്ളം ഉപയോഗിക്കാം. ത്രിഫലക്കഷായം, ഇരട്ടിമധുരം കഷായം എന്നിവ നേർപ്പിച്ച് മുറിവു കഴുകാൻ എടുക്കാം. മഞ്ഞൾ ഇട്ട വെള്ളവും അണുനാശകമാണ്. ഈ വെള്ളത്തിൽ തേനും ചേർത്ത് കഴുകാൻ ഉപയോഗിക്കാം.

തയാറാക്കിയത്

ഡോ. ജി. പി. സിദ്ധി

സീനിയർ മെഡിക്കൽ ഒാഫിസർ

ഗവ. ആയുർവേദ ഡിസ്പെൻസറി, കാട്ടാക്കട

തിരുവനന്തപുരം

Tags:
  • Manorama Arogyam