Friday 08 October 2021 05:30 PM IST : By സ്വന്തം ലേഖകൻ

മുട്ടയിൽ കൂടുതൽ അപൂരിത കൊഴുപ്പുകൾ; കൊളസ്ട്രോളിനെ പേടിക്കാതെ കഴിക്കാം

r43rertret

എല്ലാ വർഷവും ഒക്ടോബർ മാസത്തെ രണ്ടാമത്തെ വെള്ളിയാഴ്ച ലോക മുട്ട ദിനമായി അന്താരാഷ്ട്ര എഗ്ഗ് കമ്മീഷൻ ആചരിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു . മുട്ടയുടെ പ്രചാരണവും പ്രോത്സാഹനവുമാണ് ലക്ഷ്യം. ദിവസേന കേരളത്തിലേക്ക് ഒരു കോടിയിലധികം മുട്ടകളാണ് എത്തുന്നത്. ഒരാൾ ഒരു ദിവസം ഒരു മുട്ട കഴിക്കണം എന്നാണ്.

പാവപ്പെട്ടവന്റെ പോഷക ആരോഗ്യ പദാർത്ഥമാണു മുട്ട. വിലക്കുറവുള്ളതുകൊണ്ട് മുട്ടയ്ക്ക് നല്ല ഡിമാൻഡ് ഉണ്ട്. കോഴി, താറാവ്, കാട എന്നിവയുെട മുട്ട പുഴുങ്ങിയും ഓംലറ്റായും ഉപയോഗിക്കുന്നു. മുട്ടയിൽ പ്രോട്ടീൻ ഒമേഗ 3 അമിനോ ആസിഡ് അധികമായി ഉണ്ട്. മഞ്ഞക്കരുവിലാകട്ടെ ബി വൈറ്റമിനുകളും ധാരാളം കാണുന്നു. അതിനാൽ മഞ്ഞക്കരു കഴിക്കുക. പ്രഭാതത്തിൽ ഒരു മുട്ട കഴിച്ചാൽ പ്രവൃത്തിക്കുള്ള ഊർജം കിട്ടും. അതിനാൽ മറ്റ് ഭക്ഷ്യവസ്തുക്കളുടെ അളവ് കുറയ്ക്കാം. തലച്ചോറിന്റെ പ്രവർത്തനത്തിനും ഓർമ്മശക്തിക്കും ഉപകരിക്കുന്ന കോളിൻ മുട്ടയിൽ സമൃദ്ധമാണ്. മുട്ട നല്ല കൊളസ്ട്രോളിനെ കൂട്ടുന്നു. മഞ്ഞക്കരുവാണ് ജീവകങ്ങളുടെ കലവറ. മഞ്ഞ ഒഴിവാക്കി മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നവരുണ്ട്. മുട്ട നൂറു ശതമാനം സുരക്ഷിതമാണെന്നു തന്നെ പറയാം. മഞ്ഞക്കരു മിത്രമാണ് ശത്രുവല്ല.

നാടൻ ഇനം കോഴികളുടെ മുട്ടയുടെ തോടിന് ബ്രൗൺ നിറമാണ്., നാടൻ കോഴിമുട്ടയുടെ മഞ്ഞക്കരുവിന് കടും നിറവും. കേരളത്തിലുള്ളവർ ഇഷ്ടപ്പെടുന്ന ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, കലിംഗ ബ്രൗൺ എന്നിവ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യവും, അവ ഇടുന്ന മുട്ടയ്ക്ക് ബ്രൗൺ നിറവുമാണ്. BV 380 ഇനം പുതിയ മുട്ടക്കോഴി ഇടുന്ന മുട്ടയ്ക്കും തവിട്ടു നിറമാണ്. ഇതിപ്പോൾ ഏറെ പ്രചരിച്ചു വരുന്നു.

താറാമുട്ടയ്ക്ക് കോഴിമുട്ടയേക്കാൾ വലിപ്പമുണ്ട്. രുചിയും കൂടും. താറാമുട്ടയിൽ അടങ്ങിയിരിക്കുന്ന അരാക്കിഡോണിക്ക് അമ്ലവും , ഒമേഗ 3 ഫാറ്റി ആസിഡും ഹൃദ്രോഗത്തിനെതിരെ പ്രവർത്തിക്കുന്ന ഘടകമാണെന്ന് ഓർമിക്കുക. കാടമുട്ടയുടെ വലുപ്പം ചെറുതാണെങ്കിലും കാടമുട്ട കഴിക്കുന്നതിലൂടെ ആസ്മാരോഗത്തിനു തടയിടാനാകുമെന്ന് അനുഭവസ്ഥർ പറയുന്നു. മുട്ട ദിനത്തിൽ മുട്ടയിലെ പോഷകങ്ങളെ അറിയാം. മുട്ടയുടെ അകത്ത് മഞ്ഞക്കരുവും പുറമെ വെള്ളക്കരുവും. വെള്ളക്കരുവിൽ പ്രധാനമായും പ്രോട്ടീൻ മാത്രം. മുട്ടയിലെ പ്രോട്ടീൻ എളുപ്പം ദഹിച്ച് ആഗിരണം ചെയ്യപ്പെടുന്നു. ഇക്കാരണത്താൽ കീമോ തെറപ്പി കഴിഞ്ഞവർക്കും രോഗാവസ്ഥയിലുള്ളവർക്കും പ്രതിരോധശേഷി നൽകുന്ന ഇമ്മ്യൂണോഗ്ലോബുലിൻ ലഭിക്കാൻ രണ്ടു മുട്ടയുടെ മഞ്ഞക്കരു മാറ്റി വെള്ളക്കരു മാത്രം ദിവസേന കഴിക്കാൻ ശുപാർശ ചെയ്യുന്നു. മുട്ടയിലെ പ്രോട്ടീനിൽ ശരീരത്തിനാവശ്യമായ എല്ലാ അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. (Amino Acids)

മുട്ടയിലെ കൊഴുപ്പ് ചെറിയ കണിക രൂപത്തിലായതിനാൽ ആഗിരണം എളുപ്പമാണ്. പ്രായമായവർക്കും കുട്ടികൾക്കും രോഗികൾക്കും മുട്ട ശുപാർശ ചെയ്യുന്നതിലെ രസതന്ത്രം ഇതാണ്. മുട്ടയിലെ കൊളസ്ട്രോളിനെയാണ് വില്ലനായി ചിത്രീകരിക്കുന്നത്. ഒരു കോഴിമുട്ടയിൽ 200 മുതൽ 300 മില്ലിഗ്രാം കൊളസ്ട്രോളും 90 കലോറി ഊർജ്ജവും ഉണ്ട്. മുട്ടയിൽ കൂടുതലും അടങ്ങിയിരിക്കുന്നത് അപൂരിത കൊഴുപ്പമ്ലങ്ങളാണ്. (Unsaturated fatty acids) ഇത് രക്തത്തിലെ കോളസ്ട്രോൾ ഗണ്യമായി കൂട്ടില്ല. ശരീരത്തിലെ പ്രവർത്തനങ്ങൾ ഹോർമോണുകൾ വഴിയാണ് നടത്തുന്നത്. ഇവയുടെ നിർമ്മാണത്തിനാവശ്യമായ വസ്തു കൊളസ്ട്രോളാണെന്ന് ഓർക്കുക. മുട്ടയിലെ മഞ്ഞക്കരുവിൽ വൈറ്റമിൻ എ സമൃദ്ധമായുണ്ട്. കൂടാതെ ബി വൈറ്റമിനുകൾ – നിയാസിൻ , പാന്റോത്തിനിക് ആസിഡ്, ഇനോസിറ്റോൾ, ഫോളിക് ആസിഡ‍്, വൈറ്റമിൻ ഡി ഒക്കെ മുട്ടയിൽ ഉണ്ട്. പക്ഷെ വൈറ്റമിൻ സി മുട്ടയിലില്ല എന്നും ഓർക്കുക. മുട്ടയിൽ നിന്നും നമുക്കാവശ്യമായ മിക്ക ധാതുക്കളും ലഭിക്കുന്നുണ്ട്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയാൽ സമൃദ്ധമാണ് മുട്ട.

ഇങ്ങനെയൊക്കെയാണെങ്കിലും പച്ചമുട്ട കഴിച്ചാൽ അതിലെ അവിഡിൻ എന്ന പ്രോട്ടീൻ ബയോട്ടിൻ എന്ന വൈറ്റമിന്റെ ലഭ്യതയെ ഇല്ലാതാക്കുന്നു. അതിനാൽ മുട്ട പുഴുങ്ങി കഴിക്കുകയാണ് ഉചിതം. ചൂടാക്കൽ പ്രക്രിയയിൽ അവി‍ഡിൻ നശിക്കപ്പെടുന്നു. മുട്ടയിൽ മായം ചേർക്കൽ സാധ്യമല്ല. ഇനി ചിന്തിക്കുക മുട്ട നായകനോ? വില്ലനോ?

തയാറാക്കിയത്

ഡോ. സി.കെ. ഷാജു

(മൃഗസംരക്ഷണ വകുപ്പ് മുൻ സ്‌റ്റേറ്റ് എപ്പിഡമിയോളജിസ്‌റ്റായിരുന്നു ലേഖകൻ. ഇപ്പോൾ കേരള സംസ്ഥാന ജൈവ വൈവിധ്യബോർഡ് സബ്ജക്‌റ്റ് എക്സ്പെർട്ട് ആയി സേവനമനുഷ്ഠിക്കുന്നു)

Tags:
  • Manorama Arogyam
  • Diet Tips