Wednesday 25 August 2021 04:34 PM IST : By സ്വന്തം ലേഖകൻ

അത്താഴശേഷം നടന്നാൽ ഈ 7 ഗുണങ്ങൾ ഉറപ്പ്.....

ereteryer

വീട്ടിലെയും ഓഫിസിലെയും ജോലിയുമായി നമ്മൾ എല്ലാവരും പലപ്പോഴും തിരക്കിലായിരിക്കും. ഈ തിരക്കിനിടയിൽ വ്യായാമത്തിനായി പ്രത്യേക സമയം കണ്ടെത്താൻ പലർക്കും കഴിഞ്ഞെന്നു വരില്ല. ആരോഗ്യ ജീവിതത്തിന് വ്യായാമം ഒഴിച്ചു കൂടാനാവാത്ത വിഷയം ആണല്ലോ... എന്നാൽ ഇനി സമയം ഇല്ല എന്നു പറഞ്ഞു വിഷമിക്കേണ്ട . രാത്രി അത്താഴത്തിനു ശേഷം നടത്തം ആവാം. അത്താഴം കഴിഞ്ഞുള്ള നടത്തത്തിന് ഒട്ടേറെ ഗുണങ്ങളുണ്ട്.

1. ദഹനം മെച്ചപ്പെടുത്തുന്നു: അത്താഴ ശേഷമുള്ള നടത്തം ഗ്യാസ്ട്രിക് എൻസൈമുകളെ ഉൽപാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നു. ഇതു ദഹനം എളുപ്പമാക്കുകയും മലബന്ധം തടയുകയും ഉദര സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

2. ഉപാപചയം മെച്ചപ്പെടുത്തുന്നു: അത്താഴത്തിനു ശേഷം കിടക്കുന്നതിനു പകരം അൽപ്പം നടക്കുന്നത് നമ്മുടെ ഉപാപചയ പ്രവർത്തനം അഥവാ മെറ്റബോളിസം ചെയ്യപെടുത്താൻ സഹായിക്കുന്നു. നടത്തത്തിലുടെ കൂടുതൽ കാലറി എരിച്ചു കളയാനും അതു വഴി ശരീരഭാരം കൂടാതെ നോക്കാനും സാധിക്കും.

3. പ്രതിരോധശേഷി പരിപോഷിപ്പിക്കുന്നു : ദഹനം മെച്ചപ്പെടുന്നതു വഴി നമ്മുടെ ശരീരത്തിലെ വിഷമയമായ വസ്തുക്കൾ പുറന്തള്ളപ്പെടുന്നു. ഇതുവഴി നമ്മുടെ ആന്തരിക അവയവങ്ങൾ നന്നായി പ്രവർത്തിക്കുകയും പ്രതിരോധ ശക്തി മെച്ചപ്പെടുകയും ചെയ്യുന്നു.

4. ബ്ലഡ് ഷുഗർ നില നിയന്ത്രിക്കുന്നു : ഭക്ഷണ ശേഷം നമ്മുടെ ശരീരത്തിലെ ബ്ലഡ് ഷുഗർ നില വർധിക്കാറുണ്ട്. ആഹാര ശേഷം നടക്കുന്നത് ഈ നിലയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

5. സ്നാക്കിങ് നിയന്ത്രിക്കുന്നു: അത്താഴ ശേഷം പലഹാര പാത്രത്തിലേക്ക് കൈ പോകുന്ന ശീലം പലർക്കും ഒഴിവാക്കാൻ കഴിയറില്ല. ഈ ശീലം മാറ്റാൻ ഏറ്റവും നല്ല മാർഗം രാത്രിയുള്ള നടത്തം തന്നെയാണ്. അത്താഴ ശേഷം പലഹാരങ്ങൾ കഴിക്കുന്നത് അനാരോഗ്യകരവും ശരീരഭാരം കൂടാനും ഇടയാക്കും. നടക്കാൻ പോകുന്നതിലൂടെ കൂടുതൽ കഴിക്കാനുള്ള ആഗ്രഹം ശമിക്കും.

6. നല്ല ഉറക്കത്തിന് : ശാരീരികാരോഗ്യത്തിനു മാത്രമല്ല മാനസികാരോഗ്യത്തിനും നടത്തം നല്ലതാണ്. രാത്രി നല്ല ഉറക്കം ലഭിക്കുന്നില്ലെങ്കിൽ അത്താഴം കഴിഞ്ഞ് കുറച്ചു നേരം നടക്കാൻ പോയി നോക്കൂ. നല്ല ഫലം ലഭിക്കും. വ്യായാമം ശരീരത്തെ റിലാക്സ് ആക്കുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.

7. വിഷാദം അകറ്റും : മാനസിക സമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ അകറ്റാനും ശരീരത്തിൽ എൻഡോർഫിനുകൾ ഉൽപാദിപ്പിക്കാനും നടത്തം സഹായിക്കും. ഇതു നമുക്ക് ഉൻമേഷം തരും . ഭക്ഷണം കഴിഞ്ഞ ശേഷം നടക്കാൻ പോകുന്നത് സന്തോഷം നൽകുകയും വിഷാദം പോലുള്ള പ്രശ്നങ്ങളെ നേരിടാൻ സഹായിക്കുകയും ചെയ്യുന്നു.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനിതാ മോഹൻ

പോഷകാഹാര വിദഗ്ധ

തിരുവനന്തപുരം

Tags:
  • Daily Life
  • Manorama Arogyam