Saturday 15 October 2022 12:06 PM IST

സ്ഥാനം മാറിപ്പോയാൽ അണുബാധ വരാം : കാതും മൂക്കും കുത്താൻ ഡോക്ടർ തന്നെ മതി

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

piercing4534

കാതിൽ മൂന്നും നാലും കമ്മലുകളണിയുക, മൂക്കു തുളച്ച് മൂക്കുത്തി ഇടുക...ഇതൊക്കെ മുൻപത്തെക്കാൾ ഇന്ന് കൂടുതലായി കാണുന്നുണ്ട്. പുതിയ കാലത്തിന്റെ സൗന്ദര്യമന്ത്രമായി ബോഡി പിയേഴ്സിങ് മാറിക്കഴിഞ്ഞു. എന്നാൽ കാതും മൂക്കുമൊക്കെ തുളയ്ക്കുന്നത് ആരോഗ്യകരമായാണോ, പിന്നീടുള്ള പരിചരണം അണുബാധ ഉണ്ടാകാതെ ശ്രദ്ധിച്ചാണോ എന്നതു പ്രത്യേകം പരിഗണിക്കേണ്ട വിഷയമാണ്.

ഡോക്ടർ ചെയ്യുന്നതാണു സുരക്ഷിതം

കാതും മൂക്കും കുത്താൻ ഡോക്ടറുടെ സേവനം തേടുന്നതു തന്നെയാണ് ആരോഗ്യകരം. മറ്റു മാർഗങ്ങൾ അത്ര സുരക്ഷിതമാണ് എന്നു പറയാനാകില്ല. പിയേഴ്സിങ് സുരക്ഷിതമായി ചെയ്തില്ലെങ്കിലുള്ള പ്രധാന സങ്കീർണത അണുബാധയാണ്. മറ്റിടങ്ങളിൽ പിയേഴ്സിങ് ചെയ്യുമ്പോൾ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. അണുവിമുക്തമാക്കുന്നതിനു സഹായകമായ ഒാട്ടോക്ലേവ് പോലുള്ള സംവിധാനങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാകാനിടയില്ല. എന്നാൽ ഡോക്ടർ പിയേഴ്സിങ് ചെയ്യുന്നത് തികച്ചും അണുവിമുക്തമായ രീതികളിലാണ്. മിക്ക ആശുപത്രികളിലും ഇതിനു സൗകര്യവുമുണ്ട്. എസെപ്‌റ്റിക് ടെക്നിക് എന്നറിയപ്പെടുന്ന ഈ പ്രക്രിയ ഏറെ ശുചിത്വത്തോടെ, കരുതലോടെയാണു ചെയ്യുന്നത്.

അണുബാധ

പിയേഴ്സിങിന്റെ ഭാഗമായുണ്ടാകുന്ന അണുബാധകൾ പലതരത്തിലുണ്ട്. ബാക്ടീരിയൽ അണുബാധയും വൈറൽ അണുബാധയും ഉണ്ട്. പഴുപ്പു പോലെ പ്രകടമാകുന്നത് ബാക്ടീരിയൽ അണുബാധയാണ്. കുത്തിയ ഭാഗത്ത് അരിമ്പാറ പോലെ പ്രകടമായി ദ്വാരം അടയുന്നതു വൈറൽ അണുബാധ മൂലമാണ്. അണുവിമുക്തമല്ലാത്ത നീഡിൽ ഉപയോഗിക്കുന്നതിലൂടെ പകരുന്ന രോഗങ്ങളാണ് മറ്റൊരു സങ്കീർണത. എച്ച് െഎ വി, ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങളൊക്കെ കുത്തിവയ്പിലൂടെ സംക്രമിക്കാനിടയുള്ളതാണ്.

സ്ഥാനം അതു പ്രധാനമാണ്

അസ്ഥാനത്തു കുത്തുക എന്നൊരു പ്രശ്നമുണ്ട്. കാതായാലും മൂക്കായാലും തുളയ്ക്കുന്നതിന് ഉചിതമായ ഒരു പോയിന്റ് ഉണ്ട്. മൂക്കിലും കാതിലുമൊക്കെ കാർട്ടിലേജ് എന്നറിയപ്പെടുന്ന തരുണാസ്ഥി ഉണ്ട്. അത് ഒഴിവാക്കിയാണു കുത്തേണ്ടത്. ഡോക്ടർക്ക് ഈ സ്ഥാനം കൃത്യമായി അറിയാനാകും. ആ പോയിന്റിൽ നിന്നു മാറി കുത്തുമ്പോൾ അവിടെ ഒരു കല്ലിപ്പ് പോലെ വരും. പിന്നീട് അവിടെ നിന്ന് ആഭരണം ഉൗരാനും ഇടുന്നതിനുമൊക്കെ ബുദ്ധിമുട്ടുണ്ടാകും. അഭംഗിയും വരാം. കുത്തിയ ഉടൻ സ്വർണാഭരണം ഇടുന്നതാണ് സുരക്ഷിതം. സ്വർണമല്ലാത്ത തരം ആഭരണങ്ങളിട്ടാൽ ചിലർക്ക് അലർജി ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അത് പിന്നീട് ചൊറിച്ചിലും അണുബാധയുമൊക്കെയായി മാറാം.

വേദനയില്ലാതെ പിയേഴ്സിങ്

ആദ്യം കുത്തുന്നതിനുള്ള ഭാഗം താത്‌ക്കാലികമായി മരവിപ്പിക്കുന്നതിനുള്ള ഒരു ഇൻജക്ഷൻ എടുക്കുന്നു. ഇൻജക്ഷനു പകരമായി പുരട്ടുന്ന മരുന്നും സ്പ്രേയും ഉണ്ട്. തുടർന്ന് നീഡിൽ ഉപയോഗിച്ച് പിയേഴ്സ് ചെയ്യും. അപ്പോൾ വേദന അറിയില്ല.

ശ്രദ്ധയോടെ ആദ്യ നാളുകൾ

മൂക്കു കുത്തിയ ശേഷം ഒരാഴ്ചത്തേയ്ക്ക് ജലദോഷം വരാതെ നോക്കണം. മൂക്കു ചീറ്റുകയും മറ്റും ചെയ്യുന്നതിലൂടെ കുത്തിയ ഭാഗം പഴുക്കാതെ തടയുന്നതിനാണിത്. മൂക്കാണെങ്കിലും കാതാണെങ്കിലും കുത്തിയ ശേഷം ആദ്യത്തെ ഒരാഴ്ച നേരിയ ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് അഭികാമ്യം. തണുത്തവെള്ളത്തിൽ കുളിക്കുന്നതു ചിലപ്പോൾ അണുബാധയിലേക്കു നയിക്കാം. പുഴ, നീന്തൽക്കുളം ഇവയിലുള്ള മുങ്ങിക്കുളിയും ഒഴിവാക്കണം.

മുറിവ് സ്വയം ഡ്രസ് ചെയ്യാം

കുത്തിയ ഭാഗം വീട്ടിൽ തന്നെ ഡ്രസ് ചെയ്യാം. ബീറ്റാഡിൻ എന്ന ആന്റിസെപ്റ്റിക് സൊല്യൂഷൻ അൽപം മെഡിക്കേറ്റഡ് പഞ്ഞിയിലെടുത്ത് അവിടം മൃദുവായി തുടച്ചു വൃത്തിയാക്കി വയ്ക്കാം. ദിവസം രണ്ടുനേരം രാവിലെയും രാത്രിയിലുമായി ഇങ്ങനെ ചെയ്യാം. അൽപം പൊട്ടാസ്യം പെർമാംഗനേറ്റ് ഒരാഴ്ചയോളം കുളിക്കുന്ന വെള്ളത്തിൽ ചേർക്കുന്നതും നല്ലതാണ്. ഇത് ഉപ്പിനേക്കാളും മികച്ച ഫലം നൽകും. ഇതിന് ചെറിയൊരു ആന്റിസെപ്‌റ്റിക് ഇഫക്റ്റും ഉണ്ട്. ഇതിനൊപ്പം ബീറ്റാഡിൻ കൂടി പുരട്ടുമ്പോൾ മുറിവുണങ്ങിക്കൊള്ളും.

ചിലരൊക്കെ മൂക്കും കാതും കുത്തിയിടത്ത് അമ്മി അരച്ചിടുക, ഉപ്പുവെള്ളം തളിക്കുക പോലുള്ളവ ചെയ്യാറുണ്ട്. ഉപ്പുവെള്ളം തയാറാക്കാൻ ഉപയോഗിക്കുന്ന വെള്ളമൊക്കെ ശുദ്ധമാണോ എന്നതു പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം പോലുള്ള സങ്കീർണതകളൊന്നും ഇല്ലെങ്കിൽ കുത്തിയഭാഗം ഒരാഴ്ച കൊണ്ട് ഉണങ്ങിക്കൊള്ളും. ചിലപ്പോൾ അരിമ്പാറ പോലുള്ള പ്രശ്നങ്ങൾ കുറേ വൈകിയായിരിക്കും പ്രത്യക്ഷപ്പെടുന്നത്.

കീലോയ്ഡും വില്ലനാകാം

മറ്റൊരു പ്രശ്നം കീലോയ്ഡ് ആണ്. പിയേഴ്സ് ചെയ്ത ഭാഗം കട്ടിയായി അല്ലെങ്കിൽ കല്ലിപ്പായി വരുന്നതാണിത്. ചെറിയ ശതമാനം ആളുകളിൽ അവരുടെ ചർമത്തിന്റെ പ്രത്യേകതയായി കീലോയ്ഡ് വരാം. കീലോയ്ഡ് പ്രവണത ഉള്ളവരിൽ അണുബാധയ്ക്കുള്ള സാധ്യതയുമുണ്ട്.

സ്വയം ചികിത്സ വേണ്ട

പിയേഴ്സിങ് കഴിഞ്ഞാൽ സാധാരണഗതിയിൽ ആന്റിബയോട്ടിക്കുകൾ പോലെയുള്ള മറ്റു മരുന്നുകളൊന്നും കഴിക്കേണ്ടി വരാറില്ല. പ്രമേഹം പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടർ മരുന്നു നിർദേശിക്കും. പിന്നീട് എന്തെങ്കിലും പഴുപ്പോ പ്രശ്നങ്ങളോ കുത്തിയ ഭാഗത്തുണ്ടായാൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം. സ്വയം ചികിത്സ ചെയ്യരുത്.

കാതും മൂക്കും കുത്തിയവർ തല തുവർത്തുമ്പോഴും മുഖം തുടയ്ക്കുമ്പോഴുമൊക്കെ തോർത്തിന്റെയും മറ്റും നൂലിഴ തട്ടി കുത്തിയ ഭാഗം താങ്ങാതെ ശ്രദ്ധിക്കണം. ഈ ശ്രദ്ധ കുറേ നാളത്തേക്കുണ്ടാകണം.

മൂക്ക് ഏതു വശം കുത്തണം?

മൂക്കു കുത്തുമ്പോൾ ഏതു വശത്ത് കുത്തണം എന്നത് ഒരു പ്രധാന ചോദ്യമാണ്. സാധാരണഗതിയിൽ ഇടതു വശത്താണു കുത്തുന്നതെങ്കിലും ഇന്ന് വലതു വശത്തു മൂക്കുത്തി ധരിക്കുന്നവരും ധാരാളമുണ്ട്. ഒാരോരുത്തരും അവർക്കിഷ്ടമുള്ള വശമാണ് മൂക്കുത്തി അണിയുന്നതിനു തിരഞ്ഞെടുക്കുന്നത്.

പൊക്കിളിൽ ആഭരണമിടുന്നവരും മൂക്കിന്റെ സെപ്റ്റം തുളച്ച് ആഭരണമിടുന്നവരുമൊക്കെ ഇന്നുണ്ട്. അതൊക്കെ ആരോഗ്യകരമായ പ്രവണത അല്ല എന്നു തന്നെ പറയേണ്ടി വരും. സെപ്റ്റത്തിലൊക്കെ അണുബാധ വന്നാൽ മൂക്കിന്റെ ആകൃതി പോലും നഷ്ടമായെന്നു വരാം.

അഴകിലേക്കുള്ള യാത്രയിൽ പലർക്കും ആത്മവിശ്വാസം കൂടി നൽകുന്നുണ്ട് ബോഡി പിയേഴ്സിങ്. എന്നാൽ അത് അനാരോഗ്യകരമാകാതെ ശ്രദ്ധിക്കണം. അതു കൊണ്ടു തന്നെ കൂടുതൽ കരുതൽ നൽകിയേ മതിയാകൂ.

വിവരങ്ങൾക്കു കടപ്പാട്

ഡോ. കുക്കു മത്തായി

കൺസൽറ്റന്റ് ഡെർമറ്റോളജിസ്‌റ്റ്

നെടുംചാലിൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ

Tags:
  • Manorama Arogyam
  • Health Tips