അമീബിക് മെനിൻഗോ എൻസെഫലൈറ്റിസ് എന്ന മസ്‌തിഷ്കജ്വരം ഇപ്പോൾ വലിയ ഭീതി പരത്തുന്നുണ്ട്. െബ്രയ്ൻ ഈറ്റിങ് അമീബ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. നെഗ്ലീറിയ ഫൗളറി എന്ന അമീബയാണു രോഗകാരി. കെട്ടിക്കിടക്കുന്ന വെള്ളത്തിലും വൃത്തിഹീനമായ സ്വിമ്മിങ് പൂളുകളിലും ഇതു കൂടുതലായി കാണുന്നു. ഇവിടെ കുളിക്കുമ്പോൾ മൂക്കിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന അമീബ തലച്ചോറിൽ നീർക്കെട്ടും കേടുപാടുകളും വരുത്തുന്നു. കുട്ടികളിലാണു രോഗസാധ്യത കൂടുതൽ. അതികഠിനമായ തലവേദന, പനി, ബോധക്ഷയം, ഛർദി, സംസാരത്തിൽ അവ്യക്തത, അപസ്മാര ലക്ഷണങ്ങൾ, പെട്ടെന്നു ബോധം നഷ്ടമാകുക എന്നിവയാണു രോഗലക്ഷണങ്ങൾ.
ഉടൻ ചികിത്സ തേടിയില്ലെങ്കിൽ മരണമോ തലച്ചോറിനു ഗണ്യമായ കേടുപാടുകളോ സംഭവിക്കാം. മരുന്നുകളും തീവ്രപരിചരണസംവിധാനവും ഉപയോഗിച്ചു തലച്ചോറിന്റെ പ്രവർത്തനം നിലനിർത്തുന്നതാണു ചികിത്സ.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
∙വൃത്തിഹീനമായ കുളത്തിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളുകളിലോ കുളിക്കാൻ കുട്ടികളെ അനുവദിക്കരുത്. മുതിർന്നവരും ഇത്തരം പൂളുകളിൽ കുളിക്കുന്നത് ഒഴിവാക്കുക ∙ സ്വിമ്മിങ് പൂളുകളിൽ കൃത്യമായി ക്ലോറിനേഷനും ഫിൽട്രേഷനും നടന്നുവെന്ന് ഉറപ്പു വരുത്തണം. ∙ സ്വിമ്മിങ് പൂളുകൾ ഉള്ളവർ വെള്ളം ലാബ് പരിശോധന ചെയ്യണം.
∙ ഒഴുക്കുള്ള വെള്ളത്തിൽ മാത്രം കുളിക്കാൻ ശ്രദ്ധിക്കുക .∙ കുടിവെള്ളത്തിലൂടെ ഈ രോഗം പകരില്ല. അതു പോലെ ഒരാളിൽ നിന്നു മറ്റൊരാളിലേക്കും പകരില്ല. മൂക്കിലൂടെ വൃത്തിഹീനമായ ജലം തലച്ചോറിലെത്തിയാൽ മാത്രമേ രോഗം പടരൂ.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ജിജി കുരുട്ടുകുളം ,കൺസൽറ്റന്റ് ന്യൂറോളജിസ്‌റ്റ്, രാജഗിരി ഹോസ്പിറ്റൽ, ആലുവ