Friday 19 August 2022 04:40 PM IST : By സ്വന്തം ലേഖകൻ

ച്യൂയിങ് ഗം ചവയ്ക്കുന്നത് എക്സർസൈസ് സൈക്കിൾ ചവിട്ടുന്നതിനു തുല്യം...

chewinge3244

കുട്ടികളുടെയും സ്ൈറ്റൽമന്നന്മാരായ ചെറുപ്പക്കാരുടെയുമിടയിൽ ച്യൂയിങ് ഗം വായിലിട്ട് ചവയ്ക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. ഇത്തരം ഗമ്മുകളിൽ അടങ്ങിയിരിക്കുന്നതെന്നതൊക്കെയാണെന്നും ഇവ ഉണ്ടാക്കുന്ന ഗുണദോഷങ്ങളും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

പ്രധാനമായും നാലു ഘട്ടങ്ങളാണ് ച്യൂയിങ് ഗമ്മുകളിൽ ഉള്ളത്. ഗംബേസ്, സോഫ്റ്റനറുകള്‍, സ്വീറ്റ്നറുകൾ, ഫ്ലേവറിങ്ങുകൾ (Gum base, Softners, Sweeteners, Flavorings) എന്നിവ. ഇതിൽ ഗം ബേസ് എന്നതു സിന്തറ്റിക് റബ്ബർ അല്ലെങ്കിൽ പ്രകൃതിദത്തമോ കൃത്രിമമോ ആയ പല ഹൈഡ്രോകാർബൺ പോളിമറുകളുടെ സംയുക്തമോ ചേർന്നതാണ്. പല തരത്തിലുള്ള പഴങ്ങളുടെ രുചിയിൽ ച്യൂയിങ് ഗം ലഭിക്കുന്നുണ്ട്. ഇത്തരം പഴങ്ങളുടെ ഫ്ളേവറിനു വേണ്ടി പല രാസപദാർഥങ്ങളും ഉപയോഗിക്കുന്നുണ്ട്.

ച്യൂയിങ് ഗം ചവച്ചാൽ

ച്യൂയിങ് ഗം ചവയ്ക്കുന്നതുകൊണ്ടു തലച്ചോറിന്റെ പ്രവർത്തനം, ഓർമശക്തി എന്നിവ മെച്ചപ്പെടുന്നതായി കണ്ടിട്ടുണ്ട്. ഒരു എക്സർസൈക്കിൾ ചവിട്ടുന്നതിനു തുല്യമായ വ്യായാമം ച്യൂയിങ് ഗം ചവയിക്കുന്നതിലൂടെ ലഭിക്കുമെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. സൈലിറ്റോൾ, കാർബിറ്റോൾ, ആസ്പർടേം (Xylitol, Carbitol, Aspartame) എന്നിവ മധുരത്തിനുവേണ്ടി ഉപയോഗിക്കുന്ന ഷുഗർ ഫ്രീ ഗം ആഹാരശേഷം 20 മിനിറ്റ് ചവയ്ക്കുന്നതു പല്ലു ബ്രഷ് ചെയ്യുന്നതിനും ഫ്വോസിങ് ചെയ്യുന്നതിനും തുല്യമാണത്രേ. പല്ലിൽ പോടുവരുന്നതും പ്ലേക്ക് അടിഞ്ഞു കൂടുന്നതും തടയും. സൈലിറ്റോളിനു സ്ട്രപ്റ്റോ കോക്കസ് (Straptococcus Mutani) എന്ന ബാക്ടിരിയയെ നശിപ്പിച്ചു പല്ലിനു കേടുവരാതെ സംരക്ഷിക്കാനും ഉമിനീർ കൂടുതലായി ഉൽപാദിപ്പിച്ചു വായിനുള്ളിലും പല്ലുകളും വൃത്തിയാക്കാനും കഴിവുണ്ട്. ഫ്ലൂറൈഡ് അടങ്ങിയ ച്യൂയിങ് ഗം പല്ലിന്റെ ഇനാമലിനെ ബലപ്പെടുത്താൻ സഹായിക്കും. യാത്രയ്ക്കിടയിലെ ഛർദി (Motion sickness) ഒഴിവാക്കാൻ സഹായിക്കുന്ന ഘടകമുള്ള ച്യൂയിങ് ഗമ്മും ലഭ്യമാണ്. ഉമിനീർ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നതു വിവിധ തരം ഉദരരോഗങ്ങളും അസിഡിറ്റിയും വഷളാവാതെ സംരക്ഷിക്കും.

സാധാരണ ച്യൂയിങ് ഗം ചവയ്ക്കുന്നവർ ഇതു വിഴുങ്ങാറില്ലല്ലോ. എന്നാൽ വായുടെ ഭിത്തിയിലെ അസംഖ്യം രക്തക്കുഴലുകൾ വഴി ഇതിലെ ഘടകങ്ങൾ ഭക്ഷണപദാർത്ഥങ്ങളെക്കാൾ വേഗത്തിൽ നേരിട്ടു രക്തത്തിലേക്ക് അലിഞ്ഞു ചേരാനിടയുണ്ടെന്നതാണ് സത്യം. അറിയാതെ വിഴുങ്ങിപ്പോകുന്ന ഗമ്മിന്റെ വലുപ്പം ആമാശയത്തിൽ നിന്നു ചെറുകുടലിലേക്കു ഇറങ്ങിപ്പോകാൻ തക്കതാണെങ്കിൽ മലത്തിലൂടെ അതു പുറത്തേക്കു പൊയ്ക്കൊള്ളും. പക്ഷേ, ചവച്ചു തുപ്പേണ്ട സാധനമാണെന്ന് വ്യക്തമായി മനസ്സിലാക്കാൻ പറ്റാത്ത പ്രായത്തിൽ കുട്ടികൾക്ക് ഇത് നൽകാതിരിക്കുന്നതാണ് നല്ലത്. ച്യൂയിങ് ഗമ്മിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ പാർശ്വഫലങ്ങളും പലതരം രോഗാവസ്ഥയിലേക്ക് വഴി തെളിക്കും. ആമാശയത്തിലും പാൻക്രിയാസ് ഗ്രന്ഥിയിലും കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്ന ദഹനരസങ്ങൾ ചിലപ്പോൾ അൾസർ ഉണ്ടാക്കാനിടയാക്കും. ഗമ്മിലെ അസ്പർടേം ജനിതകതകരാറുകൾ, കാൻസർ, ബ്രയിൻ ട്യൂമർ, അമിതവണ്ണം എന്നിവയിലേക്കു നയിക്കാം. നിറം നൽകാന്‍ ഉപയോഗിക്കുന്ന ടൈറ്റാനിയം ഡൈഓക്സൈഡ് കാൻസർ, ആസ്മ എന്നിവയ്ക്ക് കാരണമാകാം. ചുരുക്കം ചില ഉപയോഗങ്ങളും വളരെയേറെ ദോഷഫലങ്ങളുമുള്ള ച്യൂയിങ് ഗമ്മിന്റെ ഉപയോഗം നിയന്ത്രിക്കുന്നതാണു നല്ലത്.

ഡോ. ബി. സുമാദേവി

ഇൻഎൻടി സർജൻ

ഇഎസ്ഐസി ഹോസ്പിറ്റൽ

ഉദ്യോഗമണ്ഡൽ, എറണാകുളം

Tags:
  • Daily Life
  • Manorama Arogyam