കണ്ണും കാഴ്ചയും കൊളസ്ട്രോൾ പരിധിവിട്ടുയരുമ്പോൾ കണ്ണും ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. പ്രകാശത്തെ സ്വീകരിക്കുന്ന റെറ്റിനയിലെ രക്തക്കുഴലുകളിൽ കൊഴുപ്പുണ്ടാക്കുന്ന അടവുകൾ കാഴ്ചയെ ബാധിക്കും. കാഴ്ചയെ സാരമായി ബാധിക്കുന്ന പൂര്‍ണ പരിഹാരമില്ലാത്ത രോഗമാണ് ഗ്ലോക്കോമ. ഒരു തരത്തിൽ ഗ്ലോക്കോമക്കും അമിതമായ കൊഴുപ്പ് കാരണമാകാം. കാഴ്ചക്കുറവും തെളിച്ചമില്ലായ്മയും ഉണ്ടാവാം. റെറ്റിനയിലെ രക്തക്കുഴൽ അടയുന്ന അവസ്ഥയിൽ
കണ്ണ് മറ്റു ചില ലക്ഷണങ്ങൾ കൂടി കാണിക്കാനിടയുണ്ട്. അതിലൊന്നാണ് കണ്ണിലെ കൃഷ്ണമണിയുടെ ചുറ്റാകെ നീലകലര്‍ന്ന ഒരു വലയം പ്രത്യക്ഷപ്പെടുന്നത്. ഇത് കൊളസ്ട്രോൾ നിക്ഷേപത്തിന്റെ സൂചനയാണ്. അപകടകാരിയല്ലെങ്കിലും ഈ ലക്ഷണം കാണുന്നവർ കൊളസ്ട്രോള്‍ അളവ് പരിശോധിപ്പിക്കുകയും നേത്രചികിത്സയ്ക്കൊപ്പം കൊളസ്ട്രോൾ ചികിത്സയും തുടങ്ങേണ്ടതുണ്ടോ എന്നു ഡോക്ടറോട് ആരായണം.
കൺപോളയും ചർമവും അമിത കൊളസ്ട്രോള്‍ ചര്‍മപ്രശ്‌നങ്ങളായും കാണാം. ചര്‍മത്തില്‍ ചൊറിച്ചിലും തടിപ്പുകളും പാടുമെല്ലാം ഉണ്ടാകാം. ചിലരിൽ കൺപോളകളിൽ മഞ്ഞയോ ഇളം വെളുത്ത നിറത്തിലോ ഉള്ള തടിപ്പുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?. ഇവയാണ് കൊഴുപ്പു തടിപ്പുകള്‍ എന്നു പറയാവുന്ന ‘സാന്തോമ’ (Xanthoma). സാന്തോമ കൂടുതലും കണ്ണിനു ചുറ്റാകെയാണ് കാണുന്നതെങ്കിലും മറ്റുഭാഗങ്ങളിലും വരാം. ഇതുപോലെ ചര്‍മത്തിൽ പലഭാഗത്തും കൊഴുപ്പ് നിറഞ്ഞ കുരുക്കളും മറ്റും പ്രത്യക്ഷപ്പെടുന്നതും കൊളസ്ട്രോൾ കൂടുതലാണോ എന്നു സംശയിക്കേണ്ട ലക്ഷണങ്ങളാണ്.
വായ്‌നാറ്റം ആമാശയ പ്രശ്നങ്ങള്‍ മുതൽ മോണരോഗങ്ങൾവരെയുള്ള ഒട്ടേറെ കാരണങ്ങളാൽ വായ്നാറ്റം അനുഭവപ്പെടാം. എന്നാൽ ഉയര്‍ന്ന കൊളസ്ട്രോളുമായി വായ്നാറ്റത്തിനും ബന്ധമുണ്ട്. വൃക്കരോഗം, കരള്‍രോഗം തുടങ്ങി ശരീരത്തിന്റെ ശുചീകരണ പ്രക്രിയക്ക് തടസ്സം വരുന്ന ഏതൊരു രോഗാവസ്ഥയും വായ്നാറ്റം ഉണ്ടാക്കും. അമിതമായ കൊളസ്ട്രോൾ ഉള്ളവരിൽ സാധാരണ കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഫാറ്റിലിവര്‍. കരളിലെ കോശങ്ങളിൽ
കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന രോഗാവസ്ഥയാണ് ഇത്. ഫാറ്റിലിവർ തീവ്രമാകുമ്പോൾ കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു തുടങ്ങും. പക്ഷെ തുടക്കത്തിലൊന്നും ഈ രോഗാവസ്ഥ ഒരു ലക്ഷണവും കാണിക്കില്ല. എന്നാൽ ഫാറ്റിലിവർ തീവ്രമാകുന്ന അവസ്ഥയിൽ ചിലരില്‍ വായ്നാറ്റം അനുഭവപ്പെടും. മാത്രമല്ല കരളിന്റെ ആരോഗ്യക്കുറവു ദഹനത്തെ ബാധിക്കുന്നതും വായ്നാറ്റത്തിനു സാധ്യത കൂട്ടും. ചുരുക്കിപ്പറഞ്ഞാൽ അമിതമായ കൊളസ്ട്രോളിന്റെ ഫലമായുണ്ടാകുന്ന കരൾ പ്രശ്‌നം വായ്നാറ്റമായും പ്രകടമാകാം.