Tuesday 10 August 2021 05:37 PM IST : By സ്വന്തം ലേഖകൻ

കംപ്യൂട്ടറിൽ നോക്കിയിരുന്നു കണ്ണുകേടായോ? ആയുർവേദത്തിലുണ്ട് ഉറപ്പായും ഫലംതരും ഔഷധങ്ങൾ

compr43534

കംപ്യൂട്ടർ, ടാബ്‌ലെറ്റ്, ഈ–റീഡർ, െസൽഫോൺ തുടങ്ങിയവയുടെ അശാസ്ത്രീയവും നിരന്തരവുമായ ഉപയോഗം കണ്ണിനേയും കാഴ്ചയേയും ബാധിക്കുന്ന നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു. ഇന്ന്, ഏറ്റവും വിദ്യാസമ്പന്നരായ ആൾക്കാർക്ക് പോലും ഇതിനെക്കുറച്ചുള്ള അവബോധം വളരെ കുറവാണ്. ദിവസത്തിൽ 2 മുതൽ 4 മണിക്കൂറുകൾ വരെയോ അതിൽ കൂടുതലോ തുടർച്ചയായി കംപ്യൂട്ടർ ഉപയോഗിക്കുന്ന ആളുകളിൽ 90% പേരിലും കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന അവസ്ഥ കാണപ്പെടുന്നു. ഓൺലൈൻ ക്ലാസ് മുറികളും, തൊഴിലിടങ്ങളും ഇതിന്റെ ഉറവിടങ്ങളാണ്. ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും കംപ്യൂട്ടറിന്റെ ഉപയോഗം ഒഴിച്ചു കൂട്ടാൻ പറ്റാത്തതാണ് എന്നത് വസ്തുതയാണ്. ശാസ്ത്രീയമായി രീതിയിൽ കഴിയുന്നത്ര നേത്ര–സൗഹൃദപരമായി അതിനെ ഉപയോഗിക്കുക എന്നതാണ് നാം ചെയ്യേണ്ടത്.

കാരണങ്ങൾ:–

കംപ്യൂട്ടറിന്റെ ഉപയോഗത്തിൽ പ്രതികൂലമാകാവുന്ന കാരണങ്ങളാണ്.

∙ അപര്യാപ്തമായ വെളിച്ചം. ∙ കംപ്യൂട്ടർ സ്ക്രീനിലെ ഗ്ലെയർ. ∙ കണ്ണുകളും കംപ്യൂട്ടർ സ്ക്രീനും തമ്മിലുള്ള അകലത്തിന്റെ ഏറ്റക്കുറച്ചിലുകൾ.

∙ ശരിയല്ലാത്ത ഇരിപ്പ്. ∙ പരിഹരിക്കപ്പെടാത്ത കാഴ്ച വൈകല്യങ്ങൾ. ∙ കണ്ണു ചിമ്മുന്നതിലുണ്ടാകുന്ന കുറവ്.

മേൽപ്പറഞ്ഞവയിൽ ബ്ലിങ്കിങ് (blinking –കണ്ണു ചിമ്മുക) –ൽ ഉള്ള കുറവ് പ്രധാനപ്പെട്ട ഒരു കാരണമാണ്. കണ്ണുകളെ ഫ്രഷ് ആയും ശരിയായ ദൃഷ്ടി കേന്ദ്രീകരിക്കാൻ പര്യാപ്തമായും നിലനിർത്താനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗമാണ് കണ്ണു ചിമ്മുക. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കണ്ണു ചിമ്മുക എന്നത് കണ്ണിനെ സംരക്ഷിക്കുന്ന ഒരു റിഫ്ലെക്സ് ആണ്. ഇത് കണ്ണിനെ വൃത്തിയാക്കാനും, ഈർപ്പമുള്ളതാക്കാനും സഹായിക്കുന്നു. കണ്ണിന്റെ പ്രതലത്തിൽ കണ്ണുനീരിന്റെ ഒരു പാളിയെ ഫലപ്രദമായി നിലനിർത്തിക്കൊണ്ടാണ് ബ്ലിക്കിങ് കണ്ണിനെ സംരക്ഷിക്കുന്നത്. കണ്ണുനീരിന്റെ ഈ പാളി കണ്ണിലുള്ള അഴുക്കിനെ നീക്കാനും കാഴ്ചയെ മെച്ചെപ്പടുത്താനും സഹായിക്കുന്നു.

സാധാരണഗതിയിൽ ഒരാൾ മിനുട്ടിൽ 16–20 വണ കണ്ണ് ചിമ്മുന്നു. എന്നാൽ കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ അത് 6–8 തവണയായി കുറയുന്നു. ഈ അവസ്ഥയിൽ കണ്ണിനകത്തെ കണ്ണുനീർ പാളി (Tear film) ഉണങ്ങുകയും കാഴ്ചക്കുറവ് അടക്കമുള്ള ലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. നമ്മൾ ബോധപൂർവം കൂടുതൽ നേരം കംപ്യൂട്ടർ നോക്കുമ്പോൾ, കണ്ണു ചിമ്മാനുള്ള പ്രവണത കുറയുകയാണ് ചെയ്യുന്നത്.

ലക്ഷണങ്ങൾ:

∙ കണ്ണിന് ആയാസം, ∙ കണ്ണിന് ഉണങ്ങിയിരിക്കുക, ∙ വേദന, ∙ അടുത്തോ അകലെയോ ഉള്ള കാഴ്ചക്കുറവ്, ∙ ചൊറിച്ചിൽ

∙ കരട് പോയ അവസ്ഥ ∙ പല അകലങ്ങളിലേക്ക് മാറി മാറി ഫോക്കസ് ചെയ്യാൻ ബുദ്ധിമുട്ട്. ∙ എരിച്ചിൽ

∙ തലവേദന . കഴുത്തിലോ തോളിലോ വേദന

∙ കണ്ണിന് ക്ഷീണം ∙ തീവ്രമായ പ്രകാശം നോക്കാൻ ബുദ്ധിമുട്ട്

ചികിത്സ:–

∙ കാരണങ്ങൾ ഒഴിവാക്കുക.

∙ ലക്ഷണങ്ങളെ ചികിത്സിക്കുക.

∙ കണ്ണിനകത്ത്, കണ്ണുനീർ പാളിയെ സംരക്ഷിക്കുക.

കണ്ണിന്റെ ആയാസം കുറയ്ക്കാനുള്ള മാർഗങ്ങളും ചികിത്സയും:–

∙ കംപ്യൂട്ടർ സ്ക്രീനിൽ നിന്ന് കൈയ്യകലത്തിൽ / 25 ഇഞ്ച് അകലത്തിൽ ഇരിക്കുക.

∙ സ്ക്രീനിലേക്ക് ശരിയായ വെളിച്ചം കിട്ടുന്ന തരത്തിൽ റൂമിലെ പ്രകാശ സംവിധാനം ക്രമീകരിക്കുക.

∙ കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെ ലഘുവായ നേത്രവ്യായാമങ്ങൾ ചെയ്യുക.

∙ ത്രിഫല കഷായം കൊണ്ട് കണ്ണ് കഴുകുക.

∙ ശിരസ്സിലും, കണ്ണിലും മസ്സാജ് ചെയ്യുക.

∙ ഉള്ളം കൈ ഉരസി ചൂടാക്കി ഇടയ്ക്കിടെ കണ്ണിനു മുകളിൽ വയ്ക്കുക.

കണ്ണിന്റെ വരൾച്ചയ്ക്കുള്ള (ഡ്രൈനസ്സ്) പരിഹാരങ്ങൾ:–

∙ ധാരാളം വെള്ളം കുടിക്കുക.

∙ ബോധപൂർവം കണ്ണു ചിമ്മുക

∙ കണ്ണിനെ ഈർപ്പമുള്ളതാക്കാൻ ഉതകുന്ന ഐ ഡ്രോപ്സ് ഉപയോഗിക്കുക.

∙ കണ്ണിന് മതിയായ വിശ്രമം കൊടുക്കുക.

∙ വരൾച്ചയ്ക്കു കാരണമായി മറ്റേതെങ്കിലും രോഗങ്ങളുണ്ടെങ്കിൽ അവയെ ചികിത്സിക്കുക.

കണ്ണിന്റെ വേദനയ്ക്ക് ചെയ്യേണ്ടവ:–

∙ കണ്ണിന് പുറമെ മൃദുവായി ചൂടു പിടിക്കുക.

∙ മുരിങ്ങയിലെ അരച്ച് കണ്ണിനു പുറമെ വച്ച് കെട്ടുക.

∙ ത്രിഫല കഷായം കൊണ്ട് ധാര കോരുക.

∙ അജ്ഞനമെഴുതുക.

∙ സൈനസിൽ കഫം കെട്ടിയിട്ടുണ്ടെങ്കിൽ അതിനെ പുറത്തേക്ക് കളയുക.

കാഴ്ചക്കുറവുള്ള അവസ്ഥയിൽ:–

∙ ഉചിതമായ പരിശോധന നടത്തുക.

∙ നേത്രവ്യായാമം

∙ കാഴ്ചയെ മെച്ചപ്പെടുത്തുന്ന ആഹാരം.

∙ കണ്ണിൽ തർപ്പണം മുതലായ ചികിത്സകൾ ചെയ്യുക.

ചില പ്രതിരോധ മാർഗങ്ങൾ

∙ ഇടയ്ക്കിടെ ഉള്ളം കൈകൾ തമ്മിലുരസി ചൂടാക്കി കണ്ണിനു മീതെ വയ്ക്കുക.

∙ കണ്ണ് കഴുകുക.

∙ വായിൽ ശുദ്ധജലം നിറച്ചു പിടിക്കുക.

∙ ത്രിഫല തേനോ നെയ്യോ ചേർത്ത് പതിവായി കഴിക്കുക.

∙ ദിവസവും ലഘുവായ നേത്രവ്യായാമങ്ങൾ ചെയ്യുക.

∙ ദിവസവും ശിരസ്സിനും പാദത്തിലും തൈലം ഉപയോഗിച്ച് മസ്സാജ് ചെയ്യുക.

സർവ്വാന്മനാ നേത്രബലായ യന്‌നം കുർവീത സസ്യാഞ്ജന തർപ്പണാദൈ

ദൃഷ്ടിശ്ച നഷ്ടാ വിവിധം ജഗശ്ച തമോമയം ജായത ഏക രൂപം”

കാഴ്ച നഷ്ടപ്പെട്ടാൽ ഈ ലോകത്തിലെ വർണ്ണാഭമായ കാഴ്ചകളെല്ലാം ഇരുണ്ടതായിത്തീരും. അതിനാൽ കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടി സാധ്യമായ എല്ലാ പരിശ്രമങ്ങളും ചെയ്യേണ്ടതാണ്.

തയാറാക്കിയത്

ഡോ. ശ്രീകല എൻ.പി. , ഡെപ്യൂട്ടി ചീഫ് ഫിസിഷൻ, ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ

കൂത്താട്ടുകുളം, എറണാകുളം

Tags:
  • Daily Life
  • Manorama Arogyam